≡ ജൂലൈ 2016
കഥ

താലിച്ചരടുകള്‍

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ്. ഒരു പരീക്ഷ എഴുതാന്‍ വേണ്ടി വന്നതാണ്‌ ഞാന്‍. ഉച്ചയ്ക്ക് ഒരു മണിയുടെ എക്സാമിനുവേണ്ടി നേരം വെളുക്കുന്നതിനു മുമ്പുതന്നെ ഇറങ്ങിയതായിരുന്നു. എങ്കിലും ആ കോളേജും അതിന്‍റെ ചുറ്റുപാടും എന്നെ വല്ലാതെ ആകര്‍ഷിച്ചു. പൂത്ത വാകമരങ്ങള്‍, അവിടവിടങ്ങളിലായി ഊഞ്ഞാലുകള്‍, പ്രണയ സന്ദേശങ്ങള്‍ കോറിയിട്ട ക്ലാസ്സ്‌ മുറികള്‍! അതെ, ഇവിടെ ഓരോ മണല്‍ത്തരിക്കും പറയാനുണ്ടായിരിക്കും പലതും! പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ, കോളേജ് രാഷ്ട്രീയത്തിന്‍റെ ത്രസിപ്പിക്കുന്ന കഥകള്‍!

ബോര്‍ഡില്‍ ആര്‍ക്കോ വേണ്ടി എഴുതിയിട്ട പിറന്നാള്‍ ആശംസ! ഇതുപോലെയൊന്ന് ജീവിതത്തില്‍ ആരും ആഗ്രഹിച്ചിട്ടുണ്ടാകും. ഒരു ജന്മാന്തര ബന്ധം ആ കോളേജിനോട് എനിക്ക് തോന്നി. ഏതോ സങ്കല്പ്പ ലോകത്തില്‍ ആയിരുന്ന ഞാന്‍

“എവിടെയാ വീട്?”

എന്ന അടുത്തിരുന്നയാളുടെ ചോദ്യം കേട്ടുണര്‍ന്നു.

“ഞാന്‍ കുറേ ദൂരത്തു നിന്നാ.”

എന്നു മാത്രമായി മറുപടി ഒതുക്കി. എന്‍റെ സ്വകാര്യതയില്‍ നിന്ന് ഉണര്‍ത്തിയത് കൊണ്ട് ആദ്യം കുറച്ച് നീരസം തോന്നിയെങ്കിലും ഒറ്റയ്ക്കുള്ള ലഞ്ച്, എക്സാം ഹാള്‍ അന്വേഷിക്കല്‍ ഒക്കെ ഓര്‍ത്തപ്പോള്‍ ഞാനും പതുക്കെ സംസാരിച്ചു തുടങ്ങി. അവര്‍ക്ക് ഏതാണ്ട് മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്നതുകൊണ്ട് ചേച്ചി എന്ന ഇടയ്ക്കുള്ള വിളി എന്നെ കുറച്ച് ചൊടിപ്പിച്ചു എന്നു തന്നെ പറയണമല്ലോ. പെണ്‍കുട്ടികള്‍ക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം വികാരം! ഞാന്‍ ഒതുക്കത്തില്‍ ചോദിച്ചു.

“ഇയാള്‍ക്ക് എത്ര പ്രായം ഉണ്ട്?”

ഉടന്‍മറുപടിവന്നു,

“22, ചേച്ചി പി ജി ഒക്കെ കഴിഞ്ഞതല്ലേ അതാ ഞാന്‍...”

ഒരു തമാശ എന്നോണം ഞാന്‍ പറഞ്ഞു.

“ആഹാ അപ്പോളേക്കും പിടിച്ചു കെട്ടിച്ചോ?”

പെട്ടെന്ന്‍ അവളുടെ മുഖം വാടി, ഞങ്ങള്‍ക്കിടയില്‍ പെട്ടെന്ന്‍ ഒരു നിശബ്ദത നിഴലിച്ച പോലെ! ദൈവമേ ഞാന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞോ!? ഞാന്‍ പതുക്കെ ചോദിച്ചു,

“എന്താ മാരീഡല്ലേ? താലി കണ്ടതുകൊണ്ട് ചോദിച്ചതാ, സോറി”.

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ മറുപടി പറഞ്ഞു,

“അതെ മാരീഡാണ്, പതിനെട്ടാം വയസ്സില്‍ത്തന്നെ കല്യാണം കഴിഞ്ഞു പക്ഷെ ഇപ്പോള്‍ ഡിവോഴ്സ് കേസ് നടക്കുന്നു.”

ഒരു മിന്നല്‍ പോലെയാണ് ആ വാക്കുകള്‍ എന്‍റെ മനസ്സില്‍ കൊണ്ടത് ഇരുപത്തി രണ്ടാംവയസ്സില്‍ ഡിവോഴ്സ് എന്തൊരു കാലമാണ്! എന്‍റെ ചോദ്യത്തിന് കാത്തുനില്ക്കാതെ അവള്‍ തുടര്‍ന്നു.

“മുറച്ചെറുക്കന്‍ ആണ് കല്യാണം കഴിച്ചത്. ചെറുപ്പത്തിലേ അറിയാവുന്ന ആള്‍. പ്ലസ് ടു കഴിഞ്ഞ് വിവാഹം. അതോടെ പഠിപ്പ് അവസാനിച്ചു. അപ്പച്ചിക്ക് ഇഷ്ടമല്ല പഠിക്കുന്നത് പിന്നെ പക്വത ഇല്ല എന്ന കുറ്റപ്പെടുത്തല്‍ ആയി. പ്രശ്നങ്ങളുടെ അവസാനം അവര്‍ തന്നെ എന്നെ വീട്ടില്‍ കൊണ്ടാക്കി”

“എന്നിട്ട്?” ഞാന്‍ അറിയാതെ ചോദിച്ചു പോയി!

“വിളിച്ചില്ലേ ചേട്ടനെ?”

“വിളിച്ചു, മൂന്നു വട്ടം, നാലാമത്തെത്തവണ ഫോണ്‍ കട്ടാക്കി, പിന്നെ ഞാന്‍ വിളിച്ചില്ല. പിന്നെ അവസാനമായി കോണ്ടാക്ട് ചെയ്തത് ഒരു ഡിവോഴ്സ് നോട്ടീസിന്‍റെ രൂപത്തിലാ”.

അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, അതു മറയ്ക്കാന്‍ വേണ്ടി പാടു പെട്ട് ഒന്ന് ചിരിച്ചു.

“വീടിനു മുന്‍പില്‍ കൂടി പോയാല്‍ പോലും ഒന്നു നോക്കുക കൂടിയില്ല!”

അത് പറഞ്ഞു കൊണ്ട് കൈയിലുള്ള പൌച്ചില്‍ നിന്നും അവള്‍ ഒരു കല്യാണ ഫോട്ടോ എടുത്ത് കാണിച്ചു. തകര്‍ന്നു വീണ ചീട്ടുകൊട്ടരത്തിന്‍റെ അവസാന ഓര്‍മ്മയെന്നോണം അവള്‍ അത് സൂക്ഷിച്ചു വെച്ചിരിക്കുന്നു. എന്‍റെ കൈയില്‍ നിന്ന് അത് അറിയാതെ താഴേയ്ക്ക് വീണു.

“എന്‍റെ ചേട്ടനെ താഴെ ഇട്ടോ ദുഷ്ടേ” എന്നു കളിയായിപ്പറഞ്ഞ് അവള്‍ തിടുക്കത്തില്‍ ഫോട്ടോ എടുത്ത് പൌച്ചില്‍ ഭദ്രമാക്കി വെച്ചു. ഞാന്‍ മുഖത്ത് ഒരു ചിരി വരുത്തി. എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക? അറിയില്ല, വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് ഞാന്‍ ഒരു മൌനത്തിലൊതുക്കി.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോളും അവളുടെ മുഖമായിരുന്നു മനസ്സില്‍. പുറകിലേക്ക് നോക്കി കാത്തിരിക്കുന്ന അവളും മുമ്പോട്ട് നടന്നു നീങ്ങിയ അയാളുടെയും ചിത്രം! എത്ര ജീവിതങ്ങളാണ് എനിക്കു ചുറ്റും. എന്നാലും അയാള്‍ എന്താണ് അങ്ങനെ ചെയ്തത്? ഞാന്‍ വീണ്ടും ആലോചിച്ചു.

മനുഷ്യന്‍റെ ഒരോ മാറ്റങ്ങള്‍ അല്ലേ! മറക്കാനും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനും അവനല്ലാതെ ആര്‍ക്കാണ് കഴിയുക!

↑ top