≡ ജൂലൈ 2016
കഥ

ആന്‍റോയുടെ 5 പ്രമാണങ്ങള്‍

ഇടയ്ക്കൊക്കെ ഒരു പരീക്ഷയെങ്കിലും ഒന്ന് തോറ്റ്, പിന്നീട് കഷ്ടപ്പെട്ട് എങ്ങനെയെങ്കിലുമൊക്കെ തട്ടിമുട്ടി ജയിക്കുന്നവർ ആണ് ക്ലാസ് മുറികളിലെ യഥാർത്ഥ താരങ്ങൾ എന്നതാണ്, നമ്മുടെ മാർക്കധിഷ്‌ഠിത വിദ്യാഭ്യാസ സംസ്ക്കാരം പലപ്പോഴും അംഗീകരിക്കാൻ മടിക്കുന്ന ഒരു വലിയ ലോക സത്യം!

മിക്കപ്പോഴും എല്ലാ അദ്ധ്യാപകരാലും, വീട്ടുകാരാലും , സമൂഹത്താലും അവഗണിക്കപ്പെടുന്ന, ബാക്ക് ബെഞ്ചേഴ്സ്സ് എന്ന ക്ലാസ്സ് മുറികളിലെ അടിച്ചമർത്തപ്പെട്ട ഈ അമൂല്യ വിദ്യാർത്ഥി വർഗവുമായി എനിക്ക് ക്ലാസ്സിലിരുന്നു പഠിക്കാൻ വീണു കിട്ടിയ അപൂർവമായ സുവർണാവസരങ്ങളിൽ ഞാൻ പഠിച്ച, സിലബസ്സിലില്ലാത്ത ചില ഭീകരന്‍ ജീവിത ഫിലോസഫികളെക്കുറിച്ചാണ് ഈ കുറിപ്പ്.

വലിയ അവധി കഴിഞ്ഞു സ്കൂൾ തുറന്ന ആദ്യ ദിവസം, ക്ലാസ്സൊക്കെ ഡിവിഷൻ മാറ്റിയും തിരിച്ചും മറിച്ചും, രാവിലത്തെ സ്കൂൾ അസ്സംബ്ലിയിൽ എല്ലാവരെയും അവരുടെ പൊക്കം അനുസരിച്ച് വരിവരിയായി നിർത്തി. ഓരോരുത്തരെയും പുതിയ ക്ലാസ്സിലെ ബെഞ്ചുകളിൽ നിരത്തി ഇരുത്തിയപ്പോഴാണ്‌ അന്നാദ്യമായി ഞാൻ കണ്ടുമുട്ടിയ എന്‍റെ സഹ പൊക്കൻ ഇങ്ങോട്ട് കയറി പരിചയപ്പെട്ടത്‌;

"ഹല്ല ... ഞാൻ ആന്റോ, എട്ടാം ക്ലാസ്സു സെക്കന്റ്‌ ഇയർ, കലുപ്പൻ ആന്റോ ' എന്ന് കൂട്ടുകാര് വിളിക്കും. 'ആന്‍റണി തോമസ്‌' എന്നാണു അറ്റൻഡൻസ് ബുക്കിലെ ശാസ്ത്ര നാമം,ഞാൻ കുറച്ചു സിനിയർ ആണ് കേട്ടാ. നീ ആരാണ്, എന്താണ് , എങ്ങനെയാണ് ? "

ആ ആദ്യ പരിചയപ്പെടൽ ഡയലോഗിൽ തന്നെ, ഒരു വർഷം എന്‍റെ അടുത്തിരിക്കാൻ പോകുന്നത് ഒരു സാധാരണ വ്യക്തിയല്ലെന്നും, ഒരു പ്രസ്ഥാനമാണെന്നും ഞാൻ തിരിച്ചറിഞ്ഞു! ആ വർഷം എന്നെ വല്ലാതെ ആകർഷിച്ച, കലുപ്പൻ ആന്റോയെന്ന ലോകമറിയാതെ പോയ ആ വലിയ തത്വചിന്തന്‍റെ ഒരുപാട് വലിയ ജീവിതദർശനങ്ങളിൽ നിന്നും എന്‍റെ മനസ്സിൽ പതിഞ്ഞ, പിന്നെയൊരു വെയിലത്തും മഴയത്തും മറയാത്ത, അഞ്ചു തിരുവചനങ്ങൾ...!

വചനം 1 ::

നമ്മളോട് പലരും പറയും 'നല്ലോണം പഠിച്ചു നല്ല ഒരു ജോലിവാങ്ങണം' എന്ന്, അവരൊക്കെ നല്ലോണം പഠിക്കട്ടെ , നമുക്ക് ആ സമയം കൊണ്ട് കുറച്ചു മാത്രം പഠിച്ച്, അവർക്കൊക്കെ ഭാവിയിൽ ജോലി ചെയ്യാനുള്ള ഒരു വലിയ സ്ഥാപനം തുടങ്ങിയാൽ പോരേ? അതുകൊണ്ട് ഇപ്പോള്‍ ക്ലാസ്സിലിരുന്ന് ഇവർ പണ്ടേക്കും പണ്ടത്തെ കാര്യങ്ങൾ കാണാതെ പഠിക്കുമ്പോൾ നമുക്ക് ഈ സമയം കൊണ്ട്, ശോഭനമായ ഒരു ഭാവി ലോകം കെട്ടുപ്പടുക്കുന്നതിനെ പറ്റി വ്യത്യസ്തമായി ചിന്തിക്കാം!

വചനം 2 ::

നമ്മളെന്തിനാണ് ഈ വാരിവലിച്ചു എല്ലാം പഠിച്ചു മിനക്കെടുന്നത്? ആദ്യം നമ്മൾ ലക്ഷ്യം എന്താണ് എന്ന് തീരുമാനിക്കണം! എനിക്ക് വലുതാകുമ്പോൾ ഒരു വലിയ ബോട്ട് മുതലാളിയാവണം എന്നതാണ് ലക്ഷ്യം, പിന്നെ ഞാൻ എന്തിനു വെറുതെ പാനിപ്പട്ട് യുദ്ധം പഠിക്കണം! ഞാൻ എന്തിനു മുഗൾ ഭരണം പഠിക്കണം!! ഞാൻ കണക്കും, സയൻസും, ഭൂമിശാസ്ത്രവും പിന്നെ അത്യാവശ്യം വേണ്ട ഇംഗ്ലീഷും ഒക്കെ പഠിച്ച് , ഉപകാര വിഷയങ്ങളായ ബോട്ടും, കടലും, സമുദ്ര സമ്പത്തും, സമുദ്ര മത്സ്യങ്ങളും ഒക്കെ കൂടുതൽ ചിന്തിച്ചു പഠിച്ചാൽ പോരേ! അല്ലാ, പോരെന്ന്?

വചനം 3 ::

നിനക്ക് ഈ പണക്കാരുടെ മക്കൾ പണക്കാരും, പാവപ്പെട്ടവരുടെ മക്കൾ പാവങ്ങളും ആകുന്നതു എന്ത് കൊണ്ടാണെന്ന് അറിയാമോ? കാരണം, ഇവിടെ സ്കൂളിൽ നമ്മളെ ഭാവിയിൽ കുറച്ചു കാശ് ഉണ്ടാക്കാൻ വേണ്ടി ഒരു ജോലി കിട്ടാനുള്ള കാര്യങ്ങളെ പഠിപ്പിക്കൂ...( ഫീലിംഗ് പുച്ഛം) പക്ഷേ, അങ്ങനെയൊരു ജോലി കിട്ടിയാൽ, പിന്നെ എങ്ങനെ ആ കാശ് കൈകാര്യം ചെയ്യണം എന്ന് ആരും പഠിപ്പിക്കില്ല! പണക്കാരുടെ മക്കൾ അവരുടെ അച്ഛന്മാരെ കണ്ടു കാശ് കൈകാര്യം ചെയ്യാൻ പഠിച്ചു പണക്കാരാകും, പാവപ്പെട്ടവരുടെ മക്കൾ അവരുടെ അച്ഛന്മാരെ കണ്ടു കാശ് കൈകാര്യം ചെയ്യാൻ പഠിച്ചു പാവപ്പെട്ടവരാകും!!!

വചനം 4 ::

പല സാറന്മാരും എന്നോട് 'നീ ഒരിക്കലും നന്നാവില്ല 'എന്ന് പറയും , പക്ഷേ , ഞാൻ നന്നാവുമെന്നും രക്ഷപ്പെടുമെന്നും എനിക്ക് സംശയം ഇല്ലാത്തിടത്തോളം, നമ്മള് വെറുതെ അവരോടു തർക്കിച്ചു സമയം കളയരുത്! കാരണം, നമ്മൾ സംസാരിച്ചു കാര്യങ്ങൾ തെളിയിക്കുന്നതിനേക്കാൾ, ചെയ്തു കാണിക്കുന്നതാണ് കൂടുതൽ തെളിവുള്ള സ്റ്റൈലൻ വിജയം, എപ്പടി പുരിഞ്ചിതാ?

വചനം 5 ::

പിന്നെ , അനിയാ.., ഈ പാഠപുസ്തകത്തിൽ ലവന്മാരു അച്ചടിച്ച്‌ വെച്ചതൊക്കെ സത്യമാവണമെന്നില്ല! ഈ ലോകവും, ഇവിടത്തെ പാഠങ്ങളും, അച്ചടിച്ച വാക്കുകളേക്കാൾ ഒക്കെ വളരെ വലുതാണ്‌... ആ പരീക്ഷ തോല്ക്കാതെ ജീവിച്ചു പോകുന്നവനാണ് യഥാർത്ഥ വിജയി!വാല്‍ക്കഷ്ണം

ആ മഹാനായ ആന്റോ ഗുരുക്കളുടെ ശിഷ്യത്വം സ്വീകരിച്ച്, എന്‍റെ ശിഷ്ട്ട കാലം അദ്ദേഹത്തിന്‍റെ കൂടെ അതേ ബെഞ്ചിൽ ഇരുന്നു പഠനം തുടരണം എന്നാണു ഞാൻ ആഗ്രഹിച്ചതെങ്കിലും, ഇനി വരുന്ന തലമുറയ്ക്കും തന്‍റെ അറിവ് പകർന്നു നല്കണമെന്ന നിസ്വാര്‍ത്ഥമായ ദൌത്യവുമായി, എന്‍റെ ആന്റോ ഗുരുക്കൾ, എന്നെ ഒമ്പതിലേക്ക് കൈപിടിച്ച് യാത്രയാക്കി. എട്ടാംക്ലാസ്സു തേർഡ് ഇയർ ആയി, അതേ ബെഞ്ചിൽ അദ്ദേഹം യാത്ര തുടർന്നു......!

↑ top