≡ ജൂലൈ 2016
ഓര്‍മ്മക്കുറിപ്പ്

അവളുടെ കണ്ണുകള്‍ എന്നോട് പറഞ്ഞത്

നല്ലപ്രായത്തിലൊരിക്കല്‍ ഒരാഴ്ചക്കാലത്തേക്ക് അച്ഛന്‍റെ പെങ്ങളുടെ വീട്ടില്‍ വിരുന്നുപോയ ഓര്‍മ്മയാണിത്തവണ. മിക്കവാറും ഇടവേളകളില്‍ അവിടേയ്ക്കു പോകാറുള്ളതാണ്. അത് കൊണ്ട് തന്നെ അവിടുത്തെ അയല്‍പക്കക്കാരോടൊക്കെ നാട്ടിലേതുപോലെതന്നെ നല്ല അടുപ്പമുണ്ടായിരുന്നു. പ്രകൃതിക്കും കാലാവസ്ഥയ്ക്കും മാത്രമായിരുന്നു വ്യത്യാസം തോന്നിയിരുന്നത്. ചുറ്റിനും ഏലക്കാടുകള്‍ കണ്ടു ശീലിച്ചതിന് പകരം റബ്ബര്‍ത്തോട്ടങ്ങളും തണുപ്പിനു പകരം ചൂട് എന്നതുമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം തോന്നിയ വ്യത്യാസങ്ങള്‍.

ചെന്ന് ഒന്നുരണ്ടു ദിവസത്തെ കുടില്‍വാസത്തിനുശേഷം ഒരു വൈകുന്നേരം നേരം പോക്കാന്‍ കവലയിലൊന്നു പോയി. തൊണ്ടുകാപ്പിപ്പൊടിയിട്ട ഒരു കടുംകാപ്പിയൊക്കെ അടിച്ച് ഒരു പാര്‍ട്ടി വടയും കഴിച്ച് റബര്‍തോട്ടത്തിലെ ഇടവഴിയിലൂടെ മടങ്ങി വരുന്ന നേരം. സന്ധ്യകഴിഞ്ഞിരുന്നു, നല്ല ഇരുട്ടു വീണ ആ സമയത്താണ് അതുവരെ അല്‍പം പമ്മിനിന്ന മഴ നാണമില്ലാതെ പിന്നേം കോരിച്ചൊരിഞ്ഞു പെയ്തുതുടങ്ങിയത്. തണുത്ത കാറ്റിനോട് യുദ്ധം ചെയ്യാന്‍ പാകത്തില്‍ കുട ഒരു വശത്തേക്ക് ചെരിച്ചുപിടിച്ച് കൈലി ഉയര്‍ത്തിക്കുത്തിത്തപ്പിത്തപ്പി നടന്നു.

പേക്രോം പേക്രോം ചൊറിത്തവളകളും ചോര കുടിയന്‍ അട്ടകളും പതിയിരിക്കുന്ന റബര്‍ത്തോട്ടം കഷ്ടപ്പെട്ട് കടന്നു വരുന്നതിനിടയിലാണ് തലയില്‍ മയമുള്ള എന്തോ വന്നു വീണത്‌. കൂട്ടത്തില്‍ ചുറ്റുപാടും എന്തൊക്കെയോ ചിതറി വീഴുന്ന ശബ്ദവും. നിലത്തേക്കു ലൈറ്റ് അടിച്ചുപിടിച്ചു, കണ്ണുതെളിച്ചു, സൂക്ഷിച്ചു ആകാംക്ഷയോടെ പരതി. അപ്പോള്‍ ദാ കിടക്കുന്നു തുറിച്ച കണ്ണുമായി തിളങ്ങുന്ന ഒരു കൊച്ചു മത്തി!. കുറച്ചപ്പുറത്ത്‌ മാറി അതാ വേറൊരെണ്ണം. അതിനടുത്ത് ഇനിയുമൊരെണ്ണം....! ആലോചിച്ചു നില്‍ക്കുന്നതിനിടയില്‍ ദാ വീണ്ടും ചറപറാ പറന്നു വരുന്നു നല്ല ചുങ്കന്‍ മത്തികള്‍. കുടയില്‍ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ അതും ചുറ്റുപാടും വീണു ചിതറി. മത്തി കടലിലല്ലേ ജീവിക്കുന്നത്...? ഇതെങ്ങനെ ആകാശത്ത് നിന്നും പറന്നു വരുന്നു...? അതോ മത്തി മഴയോ...? ഇനി അഥവാ കലിപ്പ് കയറി കടല്‍ ആകാശത്തേക്ക് പോയി കാണുമോ...? അതോ മത്തികള്‍ ഫാമിലിയായി ആകാശത്തേക്ക് പിക്നിക്കിനു പോയതോ...? അത്ഭുത പരതന്ത്രനായി കുറച്ചു നേരം നിന്ന ശേഷം വെളിവ് വന്നപ്പോഴാണ് കുറച്ചകലെ മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരി വലിയ വെട്ടം കണ്ടത്. കാറ്റിലും മഴയിലും ആടിയുലയുന്ന വിളക്കുതിരി കെടാതെ കാത്തുകൊണ്ട് വരുകയാണ് തൊട്ടടുത്ത വീട്ടിലെ ചിന്നമ്മച്ചേടത്തി. മൂത്തവള്‍ ജാന്‍സിയും ഇളയവള്‍ റോസിയും ഒപ്പമുണ്ട്. എന്‍റെ ലൈറ്റ് വെട്ടം കണ്ടു മൂവരും ആദ്യം ഒന്ന് പകച്ചു എന്ന് തോന്നി.

"ആര്ടാത്...?"

ചിന്നമ്മച്ചേടത്തി ശ്വാസം ആഞ്ഞുതള്ളി, മുക്ക്രയിട്ടു. എന്നാ പണിയാ, ശ്വാസമടിച്ച് വിളക്കിപ്പോ കെട്ടേനെ, ഞാന്‍ മനസ്സിലോര്‍ത്തു. മണ്ണെണ്ണ വിളക്കുവെട്ടത്തില്‍ ചിന്നമ്മച്ചേടത്തിയുടെ മോന്ത പ്രേതത്തെപോലെ തോന്നിപ്പിച്ചു. പണ്ടേ മുടിഞ്ഞ സൌന്ദര്യമാണ്. പ്രായം ചെന്നപ്പോ പറയാനും വയ്യാത്ത അവസ്ഥ.

"ഞാനാ ചേട്ടത്തീ....അന്നൂസ്. ഇവിടെന്താ ചേട്ടത്തീ പതിവില്ലാത്ത ഒരു മത്തിമഴ?"

"ഓ! ഒന്നും പറയേണ്ടാടാ ഉവ്വേ, അതിയാന്‍ ചട്ടിയില്‍ നിന്ന് രണ്ടു കൈ വാരിഎറിഞ്ഞതാ!"

അവര്‍ക്ക് ചുറ്റും പറന്നുകളിക്കുന്ന ചമ്മല്‍ ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു.

"അതെന്തോന്നിന്? ഇന്ന് വര്‍ഗീസ്‌ചേട്ടന് വെള്ളമാണോ?" ഞാന്‍ സന്ദേഹിച്ചു.

"അമ്മച്ചീടെ വായിലെ നാക്ക് ദോഷം....", റോസി ഇടയ്ക്ക് കയറിക്കൂടി.

"കേട്ടോ അന്നൂസേട്ടാ, അപ്പച്ചനാണെങ്കി ഈ പെരുംമഴയത്ത് പകലന്തിയോളം തടിയറപ്പും കഴിഞ്ഞു രണ്ടു കിലോമീറ്റര്‍ നടന്നു പോയി പച്ചമീനും വാങ്ങി പിന്നേം മൂന്നു കിലോമീറ്റര്‍ നടന്നു ദെണ്ണിച്ചു മീനുമായി വീട്ടില്‍ വന്നുകയറുമ്പോള്‍ അമ്മച്ചിക്ക് വല്ലാത്ത ഏനക്കേടാ..! 'പാതിരാത്രിക്കാണോ മനുഷ്യനെ പച്ചമീന്‍ വാങ്ങികൊണ്ട് വരുന്നത്? അതും പണ്ടാരടങ്ങാനെകൊണ്ട് ഈ ചുണ്ണിക്കാ പോലത്തെ മത്തി? പോരാത്തതിന് രണ്ടു കിലോ...!'. വെട്ടാന്‍ കഴിയുകേലാത്തതിനു അമ്മച്ചി ചുമ്മാ കിടന്നുതുള്ളും. അമ്മച്ചീടെ ഈ എഴുന്നെള്ളിപ്പ് കേള്‍ക്കുമ്പോള്‍ അപ്പച്ചന് കലി കയറും. പിന്നെ അപ്പച്ചന്‍ തെറി തുടങ്ങും. സാധാരണ തെറിയഭിഷേകത്തില്‍ തീരുന്നതാ. ഇത്തവണയെന്താണെന്നറിയില്ല അമ്മച്ചിയുടെ കൈയ്യില്‍ ഇരുന്ന മീന്‍ കുടഞ്ഞിട്ട ചട്ടി പിടിച്ചു വാങ്ങി എറിയാന്‍ നോക്കി. അമ്മച്ചി വിട്ടുകൊടുക്കാത്തകൊണ്ട് രണ്ടു കൈവാരി എറിഞ്ഞതാ മത്തിമഴയായി അന്നൂസേട്ടന് ചുറ്റും വന്നു വീണത്‌."

അവള്‍ പതിവ് താളത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. പറയുന്നതിനിടയില്‍ റോസി ചെറുതായി ചിരിച്ചോ എന്ന് സംശയം. ജാന്‍സിയോടും റോസിയോടും കുശലം പറയുന്നതിനിടയില്‍ ലൈറ്റ് വെട്ടത്തില്‍ കണ്ടുകിട്ടിയ മത്തിയൊക്കെ പെറുക്കിയെടുത്ത് ഒരു ചേമ്പിലയില്‍ അടുക്കി വയ്ക്കാന്‍ സഹായിച്ചു.

"എടീ ചിന്നമ്മേ &%#*% മോളെ.. റബ്ബര്‍ തോട്ടത്തില്‍ പോയി നീ എന്നാ ഒലത്തുവാടീ..."

റോസിയുടെ അപ്പച്ചന്‍ അലറികൊണ്ട് റബര്‍ത്തോട്ടത്തിലേക്ക് പാഞ്ഞു വരുകയാണ്.

".....ന്നാ വര്‍ഗീസ്‌ ചേട്ടാ ഒരു ബഹളം...?"

എനിക്കായി കിട്ടുന്ന തെറി പാര്‍സലായി വീട്ടില്‍ കൊണ്ടുപോകാം എന്നുറച്ച് ഞാന്‍ ഇടയ്ക്കുകയറി ചോദിച്ചു.

"ങാ... നിയ്യോ....! തടിയറപ്പ് എന്ന് പറഞ്ഞാല്‍ പാത്രം മോറുന്ന പോലെയാണെന്നാ ഈ പണ്ടാറക്കാലിയുടെ വിചാരം. എന്തെങ്കിലും തിന്നുകുടിച്ചു കിടന്നില്ലെങ്കില്‍ രാവിലെ എഴുന്നേല്ക്കാനുള്ള ഊരുകാണില്ല. കോരേം വറ്റേം ഒക്കെ മേടിക്കാനുള്ള കാശുണ്ടോ നമ്മുടെ കൈയ്യില്‍, അതോണ്ട് മത്തി വാങ്ങുന്നു! ഇതൊക്കെ ആരോട് പറയാന്‍?"

വര്‍ഗീസ്‌ ചേട്ടന്‍ നിന്ന് വിറച്ചു.

"ആ പോട്ടെ ചേട്ടാ... ദാ മത്തിയൊക്കെ പെറുക്കി വച്ചിട്ടുണ്ട്. കൊണ്ടുപോയി കറിവെക്ക്."

ഞാന്‍ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍, ലൈറ്റ് വെട്ടം ചേമ്പിലയിലേക്ക് അടിച്ചു കാണിച്ചു.

"ആഹാ....! നീ ഇവിടെ വന്നിരുന്നു പെറുക്കി കൂട്ടുവാരുന്നോടീ മൂതേവീ? മത്തി കാണുമ്പോള്‍ നിനക്ക് ഭയങ്കര ഓക്കാനമല്ലേ, നിന്നെ ഞാന്‍ തീറ്റിക്കാം."

ചേമ്പിലയോടെ മത്തികള്‍ ഒന്നടങ്കം ട്രിപ്പിള്‍ ജമ്പിന്‍റെ രണ്ടാംഘട്ടം പിന്നിടുന്നത് കണ്ടു. വര്‍ഗീസുചേട്ടന്‍ കടുത്തദേഷ്യത്തില്‍ ആയിരുന്നു. ഞാന്‍ പിന്നെ നിന്നില്ല, 'അച്ഛന്‍പെങ്ങള്‍ വിളക്കു വച്ചു കാണും. പ്രാര്‍ത്ഥന ചൊല്ലണം' എന്ന മട്ടില്‍ ഉള്ള വെട്ടത്തില്‍ റോസിയെ ഇടംകണ്ണിട്ടുനോക്കി അവിടുന്ന്‍ മുങ്ങി. രാത്രി പതിനൊന്നുമണിവരെ വര്‍ഗീസുചേട്ടന്‍റെ തെറിവിളി കേള്‍ക്കാമായിരുന്നു. പതിനൊന്നു മണിയോടടുത്ത് എന്‍റെ ഫ്യൂസടിച്ചു പോയതുകൊണ്ട് അന്നു ബാക്കി ഭാഗങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന് മഴ അല്‍പം അച്ചടക്കംകാട്ടി. നാണിച്ചു നില്ക്കുന്ന മഴയെ നോക്കി പത്തുമിനിറ്റോളം കോക്രി കാട്ടാന്‍ ഞാനും മറന്നില്ല. കാരണം ഞാന്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തില്‍പ്പെടുന്നതു കാരണം മഴ എനിക്ക് പണ്ടേ ഇഷ്ടമല്ല. കവികള്‍ക്കും ഒരു പണിയുമില്ലാത്തവര്‍ക്കും മഴ ഒരു വീക്ക്നസ് ആണെന്ന് റോസി ഇടയ്ക്കിടെ പറയാറുള്ളത് ഓര്‍ത്തു കുറേനേരം അങ്ങനെ നിന്നു. അതല്ലെങ്കിലും നേരാ... !ചുമ്മാ ജനലഴിയിലൂടെ നോക്കി ഇരിക്കുമ്പോള്‍ മഴ പവര്‍ഫുള്ളും സിംപിളും ആണെന്ന് തോന്നുന്നതില്‍ യാതൊരു അത്ഭുതവുമില്ല! റോസിയുടെ വീട്ടില്‍ നിന്ന് ഒച്ചയും അനക്കവും ഒന്നും കേള്‍ക്കുന്നില്ല. ഞാന്‍ പതുക്കെ അവിടെ വരെ ഒന്ന് ചെന്ന് നോക്കി, അല്ലാ നോക്കണ്ടേ...? അച്ഛന്‍പെങ്ങളുടെ അയല്പക്കമല്ലേ. തെറീം വഴക്കുമൊക്കെ ഉണ്ടെങ്കിലും നാലുപേരും നല്ല സ്നേഹമുള്ളവരാണ് എന്നാണു എന്‍റെ ഒരു ഇത്...

"റോസീ... ഇവിടാരുമില്ലേ..?"

റോസി തല നീട്ടി.

"ങാ... അന്നൂസേട്ടനോ...? ഇന്നലെ പോയ വഴിക്ക് പുല്ലുപോലും മുളച്ചില്ലല്ലോ?"

അവള്‍ താല്പ്പര്യമില്ലാതെ കോമഡി പറഞ്ഞു.

"ഇവിടെയും ആ മത്തികള്‍ പോയ വഴിയും പുല്ലുമുളയ്ക്കാന്‍ സാധ്യത ഇല്ലല്ലോ..."

ഞാനും വിട്ടു കൊടുത്തില്ല.

"അത് പോട്ടെ, എവിടെ എല്ലാവരും....?"

"ഒന്നും പറയണ്ട... ഇന്നലെ രാത്രി പത്തുപന്ത്രണ്ടു മണി വരെ തെറീം ബഹളവും ആയിരുന്നു. അപ്പച്ചന്‍ തല്ലത്തില്ലാത്ത കൊണ്ട് അമ്മച്ചി ജീവനോട്‌ ഇരിക്കുന്നു എന്ന് പറയാം. പക്ഷേ അപ്പച്ചന്‍ രാവിലെ അമ്മച്ചിക്കിട്ടു ചെറിയൊരു പണി കൊടുത്തു. കൂട്ടത്തില്‍ തടിയറക്കുന്ന കുമാരന്‍ ചേട്ടനോട് ഇന്ന് വരണ്ട എന്ന് ഓര്‍ഡറിട്ട് പകരം അമ്മച്ചിയേയും ജാന്‍സിചേച്ചിയെയും കൂട്ടിയാ ഇന്ന് തടിയറക്കാന്‍ പോയിരിക്കുന്നത്. എന്താവുമോ എന്തോ...?"

'ഹെന്ത്... മത്തി വെട്ടാന്‍ മടിക്കുന്ന കൈയ്യിലേക്ക് ഈര്‍ച്ചവാളോ...?' ഞാന്‍ കുളിരടിച്ചു നിന്നു.

നീണ്ട കത്തി കൊണ്ട് മത്തി വെട്ടുന്ന ചിന്നമ്മച്ചേടത്തി. കാവാരത്തില്‍ ഉയര്‍ത്തിവച്ചിരിക്കുന്ന വലിയ ഉരുളന്‍ തടിയുടെ അടിയില്‍ കുന്തിച്ചിരുന്ന്‍ ഈര്‍ച്ചവാള്‍ പിടിക്കുന്ന ചിന്നമ്മച്ചേടത്തി. മാറി മാറി സങ്കല്പ്പിച്ചു നോക്കി. റോസിയെ നോക്കി കളിയാക്കി ചിരിക്കണം എന്നുണ്ടായിരുന്നു എനിക്ക്, പാവം വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ അതിനു മനസുവന്നില്ല.

"അന്നൂസേട്ടാ......." ഇടയ്ക്ക് റോസി വിളിക്കും.

"എന്താ റോസി....?"

"അമ്മച്ചി വാള് പിടിച്ച് മടുത്തു കാണുമോ...? ഇന്നലെ ഒരു വക കഴിക്കാന്‍ അപ്പച്ചന്‍ സമ്മതിച്ചില്ല. രാവിലെ ഒരു കടുംകാപ്പി കുടിച്ചപടി പോയതാ..."

"അമ്മച്ചി മടുക്കുന്നതില്‍ മാത്രമല്ലേ റോസ്സിക്ക് സങ്കടമുള്ളൂ! വര്‍ഗീസുചേട്ടന്‍ ഈ പരിപാടി തുടങ്ങിയിട്ട് വര്‍ഷം നാല്പ്പതായി, അത് മറന്നോ...?"

"അത് നേരാ, പാവം അപ്പച്ചന്‍...!"

റോസി രണ്ടു വള്ളത്തിലും കാല് ചവുട്ടിനിന്നു.

"ചേട്ടാ........" കുറെ കഴിഞ്ഞു റോസി പിന്നെയും വിളിച്ചു.

"റോസീ... നീയിങ്ങനെ തെരുതെരെ വിളിക്കരുതേ! എനിക്കെന്തോ പോലെ തോന്നുന്നു."

"എന്താ തോന്നുന്നത്...?"

ആ ചോദ്യം അല്‍പം അപ്രതീക്ഷിതമായിരുന്നു.

"വിളിക്കുന്നതുപോലെ തോന്നുന്നു....അത്രന്നെ..!"

ഞാന്‍ തന്ത്രത്തില്‍ ആ ചോദ്യത്തില്‍ നിന്നും ഉണ്ടയിട്ടു.

"അതല്ല ചേട്ടാ... എന്നെ കെട്ടാന്‍ വരുന്നയാളും അപ്പച്ചനെപ്പോലെ ആയാല്‍ മതിയാരുന്നു എന്നൊരു ആഗ്രഹം. നല്ലൊരു അദ്ധ്വാനി. എന്ത് വേണേലും ഞാന്‍ വെച്ചുണ്ടാക്കി കൊടുക്കും, പകരം അപ്പച്ചന്‍ ഞങ്ങളെ സ്നേഹിക്കുന്നത് പോലെ സ്നേഹിച്ചാല്‍ മാത്രം മതി..."

"അതെ ചുറ്റുമുള്ള സ്നേഹം കാണാതെ പോകാതിരുന്നാല്‍ മതി."

ഞാന്‍ തക്കം നോക്കി നാക്കില്‍ സ്വരസ്വതി കൊണ്ട് വന്നശേഷം, പലതും പ്രതീക്ഷിച്ചു ഒന്നിളകിയിരുന്നു. അവളാകട്ടെ സ്വതവേ വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍ വിടര്‍ത്തി എന്നെ ഒന്ന് അമര്‍ത്തിനോക്കിയശേഷം ഷാള്‍ തലയിലൂടെയിട്ട് മെല്ലെ അകത്തേക്ക് പാളി മാറുന്നത് കണ്ടു. അല്ലെങ്കിലും ഈ ക്രിസ്ത്യാനിപ്പെമ്പിള്ളേര്‍ പണ്ടേ അങ്ങനാ, എന്തെങ്കിലും ഒന്ന് പറയാന്‍ അടുത്തുകൂടിയാല്‍ ഉടനെ ഷാള്‍ തലയിലൂടെയിട്ട്‌ ‘പോടാചെക്കാ.. ഞാന്‍ നല്ല ചൊല്ലുവിളി ഉള്ള കൂട്ടത്തിലാ...’ എന്ന മട്ടില്‍ നില്ക്കും. എന്തായാലും അവളെപ്പിന്നെ കുറെനേരത്തേക്ക് പുറത്തേക്ക് കണ്ടില്ല.

"നിനക്ക് തിന്നാനും കുടിക്കാനും ഒന്നും വേണ്ടെടാ ചെക്കാ, നേരം ഉച്ച കഴിഞ്ഞല്ലോ?”

സമയം കടന്നുപോകുന്നത് ഓര്‍മ്മപ്പെടുത്തികൊണ്ട് റബ്ബര്‍ത്തോട്ടത്തില്‍ നിന്ന് അച്ഛന്‍പെങ്ങളുടെ ശബ്ദമെത്തി. മറുപടി പറയാന്‍ ഞാന്‍ വാ തുറക്കുന്നതിനു മുമ്പ് റോസി വരാന്തയില്‍ എത്തി.

"ഞാനിവിടെ ഒറ്റയ്ക്കല്ലേ ചേച്ചീ, ചേട്ടന്‍ എനിക്ക് കൂട്ടിരിക്കുവാ. ചോറും കൂട്ടാനും ഇവിടുണ്ട്. ഞാന്‍ കൊടുത്തോളാം, പോരേ..? "

"ഓഓ.... ആകട്ടെയോ..."

അച്ഛന്‍പെങ്ങള്‍ അര്‍ത്ഥവത്തായി ഓരിയിട്ടു പിന്‍വലിഞ്ഞു.

"ചുറ്റുമുള്ള സ്നേഹം കാണാതിരിക്കാന്‍ പറ്റ്വോ.....?"

റോസി അകത്തേക്ക് പോകുന്നതിനിടയില്‍ മുനവച്ച് പൊട്ടിച്ചിരിച്ചപ്പോള്‍ എന്‍റെയുള്ളില്‍ എന്തൊ ക്കെയോ ഉരുണ്ടുകൂടി നെഞ്ചിടിപ്പുകൂടി. 'ചുമ്മാതിരിയെടാ.... ഒരു കുറുമ്പന്‍ വന്നിരിക്കുന്നു.' ഞാന്‍ റോസി കാണാതെ എന്നെ കളിയായി തല്ലിഒതുക്കി. ആഹാ അത്രയ്ക്കായോ..?!!

അങ്ങനെ റോസിയോടതുമിതുമൊക്കെ പറഞ്ഞിരുന്ന് സമയം പൊയ്ക്കോണ്ടിരുന്നു. വൈകും തോറും വൈകുന്നേരമായിക്കൊണ്ടിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇരുവശവും ഉരുളന്‍ പാറക്കല്ലുകള്‍ അനുസരണം കെട്ടു നില്ക്കുന്ന ഊടുവഴിയില്‍ വര്‍ഗീസ്‌ചേട്ടന്‍റെ ചാണത്തലയാണ് ആദ്യം കണ്ടത്. ഊര്‍ജസ്വലനായി അങ്ങേര്‍ വീട്ടിലേക്കുള്ള കയറ്റം കയറി വരുന്ന പതിവ് കാഴ്ച. എളിക്ക് കൈകള്‍ ഊന്നിയും ഊന്നാതെയും, നിന്നും നില്ക്കാതെയും, ശ്വാസം ഉച്ചത്തില്‍ വിട്ടും വിടാതെയും പുറകെ രണ്ടാത്മാക്കള്‍ ഊരിപ്പിഴിഞ്ഞതുപോലെ കയറിവരുന്നുണ്ടായിരുന്നു.

"യ്യോ...! അമ്മച്ചിയും ജാന്‍സിചേച്ചിയും...."

ആഹ്ലാദത്തോടെ റോസി അവരെ വരവേല്ക്കാന്‍ മുറ്റത്തേക്ക്‌ എടുത്തു ചാടി. റോസിയുടെ ചാട്ടവും ഓട്ടവും കണ്ടപ്പോള്‍ അവര്‍ ഗള്‍ഫില്‍നിന്ന് ആദ്യഅവധിക്കു വരുന്നത് പോലെ തോന്നിച്ചു. വര്‍ഗീസ്‌ ചേട്ടന്‍ പതിവുപോലെ വന്നെത്തി റോസിയുടെ തലയില്‍ വാത്സല്യത്തോടെ തൊട്ടു തലോടി വരാന്തയില്‍ ഇരിപ്പുറപ്പിച്ചു.

"നിയ്യിവിടെഉണ്ടായിരുന്നോ...?" എന്ന് എന്നോടായി ഒരു ചോദ്യവുമെറിഞ്ഞു.

ജാന്‍സിയാകട്ടെ മുറ്റം വരെ ഏന്തിവലിഞ്ഞെത്തിയ ശേഷം കൊടുങ്കാറ്റുപോലെ വീട്ടിനുള്ളിലേക്ക് പാഞ്ഞ്, ഹൂങ്കാരശബ്ദത്തോടെ കട്ടിലില്‍ അഭയം കണ്ടെത്തി. ഉരുള്‍പൊട്ടല്‍ വന്നാലും ശരി ഈ കിടപ്പില്‍ നിന്ന് എഴുന്നേല്ക്കില്ല എന്നതായിരുന്നു അവളുടെ അപ്പോഴത്തെ ഭാവം. അടുത്തത് ചേട്ടത്തിയുടെ ഊഴമായിരുന്നു. കൈയ്യില്‍ തൂക്കിപ്പിടിച്ച സഞ്ചിയുമായി മുറ്റത്തെത്തി, വയ്യാഴിക പുറത്ത് കാണിക്കാതെ കുറെ നേരം കിതച്ചു നില്ക്കുന്നത് കണ്ടു.

"അമ്മച്ചീ, മടുത്തോ...?"

റോസി സംശയിച്ച് അടുത്തെത്തി, ചേട്ടത്തിയോട് ചേര്‍ന്നുനിന്ന് സഹതപിച്ചു.

"ഇല്ലെടീ മോളേ "

മെല്ലെ നീങ്ങി വര്‍ഗീസ്‌ ചേട്ടനരുകിലായി ഇരിപ്പുറപ്പിച്ചു കൊണ്ട് ചേട്ടത്തി വിമ്മിഷ്ടപ്പെട്ടു തുടര്‍ന്നു.

"ശരീരം മടുത്തെങ്കിലും മനസ് നിറഞ്ഞൊരു ദിവസമാണിന്ന്. സത്യം പറഞ്ഞാല്‍ അച്ചായന്റെ കഷ്ടപ്പാടിനെപ്പറ്റി നാളിതുവരെ എനിക്കൊന്നുമറിയില്ലായിരുന്നു. നാല്പ്പതുവര്‍ഷം ഇച്ചായന്‍ കൊണ്ടുനടന്ന വിയര്‍പ്പിറ്റുവീഴുന്ന ഈര്‍ച്ചവാളും, മടികൂടാതെ ചുമന്നു നടന്ന കഷ്ടപ്പാടുകളും കാണാനും മനസ്സിലാക്കാനും ഞാന്‍ ഏറെ വൈകി എന്ന് തോന്നുന്നു. ഇനി ഒരു വറ്റുപോലും ഞാന്‍ പാഴാക്കില്ല. മാത്രമല്ല ഇനി ഇച്ചായനെ തനിച്ചു വിടുകയുമില്ല. ആവുന്നിടത്തോളം കാലം ഞാനും ഇച്ചായനൊപ്പം ഈ പണിക്കു പോകും."

വര്‍ഗീസുചേട്ടന്‍റെ കരള്‍ ഒന്ന് പിടഞ്ഞതുപോലെ തോന്നി. തെല്ലുനേരം അത്ഭുതത്തോടെ ചേട്ടത്തിയെ നോക്കിയിരിക്കുന്നതും കണ്ടു.

"അതൊന്നും വേണ്ടാടിയെ! നീയ്യിവിടെ വച്ചുണ്ടാക്കി എന്നെ നോക്കിയിരിക്കുന്നതല്ലേ എനിക്ക് സന്തോഷം...മാത്രമല്ല ആ പാവം കുമാരന്‍റെ പണി നീയായിട്ട് ഇല്ലെന്നാക്കരുത്."

വര്‍ഗീസുചേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും അദ്ദേഹം ആഹ്ലാദവാനായിരുന്നു.

"കുമാരനും പോന്നോട്ടെ. ഞാന്‍ എന്തായാലും ഇനി പിന്നോട്ടില്ല!"

ചേട്ടത്തിയുടെ സ്വരം ദൃഢമായിരുന്നു. കൈയ്യിലിരുന്ന സഞ്ചി അവര്‍ റോസിക്ക് നേരെ നീട്ടി.

"എന്നതാ അമ്മച്ചീ ഇത്..?"

"മത്തിയാ. മൂന്നു കിലോയുണ്ട്. നല്ല വൃത്തിയായി വെട്ടിയെടുക്കണം."

"മഴയ്ക്കുള്ള ഒരുകിലോ മത്തി മാറ്റിവച്ചാലും പിന്നേം രണ്ടു കിലോ മിച്ചമുണ്ട്", ഞാന്‍ ചാടിവീണു പൊന്നുരുക്കി.

ചേട്ടത്തി പ്രയാസപ്പെട്ടു ചിരിച്ചു. ഒപ്പം ഞാനും വര്‍ഗീസു ചേട്ടനും ചിരിച്ചു. അതിനിടയില്‍ റോസി ഒളികണ്ണിട്ടു എന്നെ നോക്കുന്നത് കണ്ടു.

ചുറ്റുമുള്ള സ്നേഹം പലരും കാണാന്‍ തുടങ്ങിയിരിക്കുന്നു....അവളുടെ കണ്ണുകള്‍ അതാണ്‌ എന്നോട് ഞൊടിയിടയില്‍ പറഞ്ഞത്..!

↑ top