≡ ജൂലൈ 2016
അനുഭവക്കുറിപ്പ്

അദ്ധ്വാനത്തിന്റെ മയിൽവർണ്ണം

കോയമ്പത്തൂരിനടുത്താണ് എന്റെ വാപ്പയുടെ ചെറുകിട വ്യവസായ യൂണിറ്റ്. ഈ തവണ വിസ മാറ്റത്തിനായി ദുബായ് വിടേണ്ട ആവശ്യം വന്നപ്പോൾ നേരെ കോയമ്പത്തൂരിന് ടിക്കറ്റ് എടുത്തു. വാപ്പ അവിടെയുണ്ട്. നോമ്പു കാലമായതിനാൽ ഫ്ലൈറ്റ് ഇറങ്ങി സിറ്റിയിൽ തന്നെ മുറി എടുത്തു. ഉറക്കമൊക്കെ കഴിഞ്ഞു ഫ്രഷ് ആയിട്ടു വാപ്പയുടെ അടുത്തേക്ക് തിരിച്ചു. കാങ്കയം എന്ന പട്ടണത്തിൽ നിന്നും വളരെ കുറച്ചു കിലോമീറ്ററുകൾ കഴിഞ്ഞാൽ യൂണിറ്റിൽ എത്താം. മനോഹരമായ ഒരു തെങ്ങിൻ തോപ്പിനു നടുവിലാണ് ആ തേങ്ങ ഉത്പന്നങ്ങളുടെ യൂണിറ്റ്. കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അവിടെ പോകുന്നത്. കാർ ഗേറ്റിനുള്ളിലേക്കു കടന്നപ്പോൾ തന്നെ കുറച്ചു മാറ്റങ്ങളൊക്കെ വന്നത് കണ്ണിൽപ്പെട്ടു. ചെറുതെങ്ങുകൾ കൊണ്ടു തണൽ വിരിച്ച ആ പച്ചപ്പന്തലിനു അല്പം കൂടി ഭംഗി തോന്നി. വഴികളും വേലികളും ഒക്കെ കൃത്യമായി പരിപാലിച്ചിരിക്കുന്നു. ഒരു ചെറിയ ഔട്ട്ഹൗസ് ഉണ്ട് ഇപ്പോൾ. മുമ്പ് കണ്ടിട്ടില്ലാത്ത കുറെ അതിഥികളെ കണ്ടു, അൻപതോളം മയിലുകൾ. വർണ്ണമയിലുകളും,വെള്ളമയിലുകളും, ഒപ്പം ഒട്ടേറെ കാട്ടുകോഴികൾ, പച്ചത്തത്തകൾ. നാലഞ്ചു പൈക്കിടാവുകളും കറവയുള്ള പശുക്കളും അവിടവിടെ മേയുന്നു. മയിലുകളും പക്ഷികളു മൊക്കെ തീറ്റക്കുള്ള വകയുള്ളതു കൊണ്ടു സ്വയം അവിടുത്തെ സ്ഥിരം സന്ദർശകരായതാണ്. യൂണിറ്റിൽ നിന്നു ബാക്കി വരുന്ന ചെറു തേങ്ങകഷണങ്ങളാണ് മുഖ്യ ആകർഷണം. ഒട്ടേറെ പച്ചക്കറികൾ കൃഷിചെയ്തിരിക്കുന്നു. സുഖകരമായ കാലാവസ്ഥ കൂടി ആയപ്പോൾ മൊത്തത്തിൽ ഒരു ഫാമിന്‍റെ അന്തരീക്ഷം.

ഇപ്പോൾ അവിടെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ഒരു ഗൗണ്ടർ കുടുംബം ഉണ്ട് എന്നു എന്നോട് നേരത്തേ പറഞ്ഞിരുന്നു. അവരുടെ മേല്‍നോട്ടത്തിന്‍റെ ഗുണം കാണാനുണ്ട്. ഉത്തർപ്രദേശ്, ബീഹാർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ തൊഴിലാളികളും. നോമ്പു തുറക്കാനുള്ള സമയം ആയപ്പോഴേക്കും രണ്ടു ചെറിയ പെൺകുട്ടികൾ അവിടെയുള്ള ചെറിയ അടുക്കളയിൽ നിന്നും സ്റ്റീൽ അടുക്കു പാത്രങ്ങളുമായിപുഞ്ചിരിയോടെ ഞങ്ങളിരുന്നയിടത്തെത്തി , പാത്രങ്ങൾ തുറന്നു മേശപ്പുറത്തു നിരത്തി. ഒന്നാന്തരം വടകളുടെ മണം, പല തരം വടകള്‍! ഒപ്പം കഞ്ഞിയും ചായയുമെല്ലാം ഉണ്ട്. വാപ്പയോടു തമിഴിൽ കാര്യമായ കുശലാന്വേഷണം നടത്തി അവർ തിരിച്ചോടി. ഗൗണ്ടറുടെ മക്കളാണ്. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു. അല്പസമയം കഴിഞ്ഞപ്പോൾ മുത്തു ഗൗണ്ടറും ഭാര്യ വനിതയും ആതിഥേയ ഭാവത്തോടെ ഓടി എത്തി. അവർ ഏതോ ബന്ധുവിന്‍റെ മരണവീട്ടിൽ പോയിട്ടെത്തിയതേയുള്ളൂ. രണ്ടാള്‍ക്കും കുലീനത്വമുള്ള രൂപവും പെരുമാറ്റവും. ഭക്ഷണം വിളമ്പിത്തന്നതിന് ശേഷം അവർ ശരവേഗത്തിൽ പോയി. പിന്നെ അവിടെ കണ്ടത് തലങ്ങും വിലങ്ങും ഓടി നടന്നു കാര്യങ്ങൾ ചെയ്തു തീർക്കുന്ന നാലംഗ കുടുംബത്തെ ആയിരുന്നു. പിണ്ണാക്കുവെള്ളം വെച്ച ശേഷം അവരുടെ വിളി കേട്ട് കയർ കെട്ടാത്ത പശുക്കളെല്ലാം ഒരു ഹോസ്റ്റൽ മെസ്സിനെ അനുസ്മരിപ്പിച്ചു വരിവരിയായി ഓടി എത്തിയത് കണ്ട പ്പോൾ കൗതുകം തോന്നി. എല്ലാവരെയും സ്നേഹത്തോടെ തലോടി വയർ നിറച്ചു വിട്ടു.

നാലു വർഷം മുമ്പ് രണ്ട്‌ ചെറിയ പശുക്കിടാങ്ങളെ വാങ്ങിയതാണ്. കഴിഞ്ഞ രണ്ടു വർഷമായി രണ്ടു ലക്ഷത്തോളം രൂപയ്ക്കു കറവയുള്ള പശുക്കളെ വില്ക്കുന്നു. ആ തുക മൂന്നായി വീതിക്കും. അമ്പതിനായിരം രൂപയ്ക്ക് അപ്പോൾ തന്നെ പുതിയ കിടാങ്ങളെ വാങ്ങും. ഒരു ലക്ഷം രൂപ വാപ്പക്ക് കൊടുക്കും. ബാക്കി അമ്പതിനായിരം രൂപക്ക് കുട്ടികളുടെ വാർഷിക ഫീസ് അടക്കും. പിണ്ണാക്കും പുല്ലും വെള്ളവും എല്ലാം അവിടെ ലഭ്യം. എല്ലാം ഗൗണ്ടറുടെ ആശയം തന്നെ ആണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനുള്ള ആ പ്ലാനിങ് കേട്ടപ്പോൾ അവരോടു കുറച്ചു മതിപ്പു തോന്നി. ഗൗണ്ടറും ഭാര്യയും രാവിലെ അഞ്ചു മണിക്ക് കമ്പനിയിൽ ജോലി തുടങ്ങും. അന്നന്നത്തേക്കുള്ള ഉത്പാദനത്തിനുള്ള എല്ലാ കാര്യങ്ങളും തയാർ ചെയ്തു, മറ്റുള്ള ജോലിക്കാർക്കൊപ്പം വൈകുന്നേരം വരെ ജോലി ചെയ്യും. കഠിനാദ്ധ്വാനികളാണ്. ഇതിനിടയിൽ വീട്ടുകാര്യങ്ങളും കുട്ടികളെ സ്കൂളിൽ വിടുന്നതുമൊക്കെ നടക്കും. അവിടെയുള്ള ഉത്തരേന്ത്യക്കാർക്കെല്ലാം വനിതയെ അല്പം ഭയമാണ്. നന്നായി വഴക്കു പറയും. മാത്രമല്ല കരാർ അനുസരി ച്ചുള്ള ജോലി തീർന്നില്ലെങ്കിൽ അളന്നു തൂക്കി ശമ്പളം കുറയ്ക്കും. അങ്ങനെ രാവോളം പണിയെടുത്ത ഒരു ദിവസം തന്നെയാണ് ഇന്നും. ഞങ്ങൾക്കുള്ള സ്വയം-കൃഷി പച്ചക്കറി അത്താഴവും വിളമ്പി പന്ത്രണ്ട് മണിയോളമായി അവർ വിശ്രമിക്കാൻ പോയപ്പോൾ. ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സു നിറയെ ആ കുടുംബമായിരുന്നു.

വെളുപ്പിന് മൂന്നു മണി ആയപ്പോഴേക്കും ചായയുമായി അവർ വീണ്ടും എത്തി. അവരുടെ ദിവസം തുടങ്ങിയിരിക്കുന്നു. എനിക്കു പെട്ടെന്ന് തിരികെ പോകേണ്ടതിനാൽ അന്ന് വെളുപ്പിന് തന്നെ ഞങ്ങൾ വീട്ടിലേക്കു തിരിക്കാൻ തീരുമാനിച്ചു. പോകുന്നതിനു മുമ്പ് യാത്ര പറയാൻ അവരുടെ വിശാലമായ ഒറ്റമുറി ഓല വീട്ടിലേക്കു ഞാൻ പ്രവേശിച്ചു. ഒരു മരുഭൂമി മജ്‌ലിസ് പോലെ അടുക്കും ചിട്ടയുമുള്ള മനോഹരമായ ഉൾവശം. അവരോടു വീണ്ടും വരാമെന്നു പറഞ്ഞു കാറിൽകയറി. അല്പനേരത്തെ മൗനത്തിനു ശേഷം ഞാൻ വാപ്പയോടു ചോദിച്ചു, ഇവർക്ക് സ്വന്തമായി വീടൊന്നും ഇല്ലേ എന്ന്. വാപ്പയുടെ മറുപടി ഒരു വലിയ ചിരി ആയിരുന്നു. സ്വന്തമായി അദ്ധ്വാനിച്ചതും കുടുംബ സ്വത്തും വീടും കൃഷിയിടവുമൊക്കെ ആയി പത്തു ഏക്കറിൽ കൂടുതൽ സ്വത്തുണ്ടത്രേ. ഒരല്പം ജാള്യതയോടെ ഞാൻ കണക്കു കൂട്ടി, അവിടുത്തെ വിലവെച്ചു നോക്കിയാൽ പത്ത് കോടിയോളം ആസ്തി. എന്‍റെ മനസ്സിൽ അവിടവിടെ ഉണ്ടായിരുന്ന അഹങ്കാരത്തിന്റെ ചെറു കുമിളകൾ പൊട്ടിപ്പോകുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. എത്ര നീക്കിയിരുപ്പുണ്ടെങ്കിലും കഠിനാദ്ധ്വാനം ചെയ്തു ജീവിക്കുന്ന ഗൗണ്ടർ എനിക്കു തന്നത് ഒരു ചെറിയ പാഠം തന്നെ ആയിരുന്നു.

ജീവിതത്തിൽ പരിശ്രമത്തിലൂടെയും പ്ലാനിങ്ങിലൂടെയുമാണ് മയിൽ വർണ്ണങ്ങളുണ്ടാകുന്നത് എന്ന ഏറെ കേട്ട സന്ദേശത്തിന്‍റെ കണ്ടറിഞ്ഞ പാഠം.

↑ top