≡ ജൂലൈ 2016
കുട്ടിക്കവിത

മഴപ്പാട്ട്


മഴ വന്നല്ലോ മഴ വന്നല്ലോ
തെരുതെരെപ്പെയ്യും മഴ വന്നല്ലോ
മഴവില്‍ക്കുടയും ചൂടിനടക്കും
അഴകിലൊരുങ്ങിയ മഴ വന്നല്ലോ

ചാലു മുറിച്ചും തോട് കവിച്ചും
പുഴയരുവികളില്‍ നീരു നിറച്ചും
പാട വരമ്പുകള്‍ തള്ളി മറിച്ചും
കുളിര് നിറയ്ക്കാന്‍ മഴ വന്നല്ലോ

പച്ചപ്പുല്‍കളെ മെല്ലെയുണര്‍ത്താന്‍
മീനുകള്‍ തോട്ടില്‍ പെറ്റ് നിറയ്ക്കാന്‍
വിണ്ടു കിടന്നൊരു ഭൂവിന്‍ വായില്‍
അമൃതായ് നിറയാന്‍ മഴ വന്നല്ലോ

ചറപറ പെയ്തും ചാറിയൊഴിഞ്ഞും
ഇടയില്‍ വെള്ളിടി മിന്നലെറിഞ്ഞും
മുറ്റം നിറയെ കടലായ് മാറ്റി
തോണിയിറക്കാന്‍ മഴ വന്നല്ലോ

പള്ളിക്കൂടം വിട്ടു കഴിഞ്ഞാല്‍
ബഹുവര്‍ണ്ണക്കുട ചൂടിനടക്കെ
കൂട്ടരോടൊപ്പം വീടുവരേക്കും
കൂട്ട് വരാനായ്‌ മഴ വന്നല്ലോ

മഴ വന്നല്ലോ മഴ വന്നല്ലോ
തെരുതെരെപ്പെയ്യും മഴ വന്നല്ലോ
മഴവില്‍ കുടയും ചൂടി നടക്കും
അഴകിലൊരുങ്ങിയ മഴ വന്നല്ലോ

↑ top