≡ ജൂലൈ 2016

എഡിറ്റോറിയല്‍

പ്രിയരേ,

ജീവിതത്താളുകള്‍ കടന്നുപോകുന്നത് ഓര്‍മകളായും, പുഞ്ചിരിയായും, കണ്ണുനീരായുമാണ്‌ എന്നത് അന്വര്‍ത്ഥമാക്കും വിധം നമ്മള്‍ മറ്റൊരു കര്‍ക്കിടകത്തിലേക്ക് കടക്കുകയാണ്...

പഞ്ഞമാസങ്ങളുടെ കഥ പണ്ട് കേട്ടത് പോലെയല്ലയെങ്കിലും വരാനിരിക്കുന്ന കര്‍ക്കിടകപ്പെയ്ത്തില്‍ സ്വന്തം ആരോഗ്യത്തിനെക്കുറിച്ച് കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ഡിഫ്ത്തീരിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ സാക്ഷരകേരളത്തിനോട്‌ ചിന്തിക്കാന്‍ ഉറക്കെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും കണ്മൂടപ്പെടുന്ന മഞ്ഞപ്പിത്തം കാവിയായും, മഞ്ഞയായും, ചുവപ്പായും, പച്ചയായുമൊക്കെ പലരേയും ബാധിച്ചിരിക്കുകയാണ്. ആശയങ്ങളും, വിശ്വാസങ്ങളും തമ്മില്‍ത്തമ്മില്‍ പോരടിക്കാതെയും അന്യോന്യം കുത്തിച്ചാവാതെയും മാനുഷികമൂല്യങ്ങള്‍ക്ക് വില നല്‍കിക്കൊണ്ട്, സാധാരണ മനുഷ്യരുടെ ജീവിതത്തിനെ സുഗമമാക്കുന്ന ഒരു ആരോഗ്യകര്‍ക്കിടകം എന്നതാകട്ടെ ഇത്തവണത്തെ മുദ്രാവാക്യം.

വരാനിരിക്കുന്ന നാളെകളില്‍ കേരളം അടയാളപ്പെടേണ്ടത് എങ്ങനെയെന്നു തീരുമാനിക്കുന്നത് നമ്മളാണ്. ഹരിതകേരളം — സാക്ഷരകേരളം — സുന്ദരകേരളം — ശാന്തകേരളം — സഹൃദയകേരളം — അങ്ങനെ എന്തുമാകട്ടെ, ആ അടയാളപ്പെടുത്തല്‍ നല്ല മഷികൊണ്ടാകാന്‍ നമ്മുടെ ഭാഗം നമുക്ക് ചെയ്യാം.

ഇ-മഷിയുടെ ഈ ലക്കവും നിങ്ങളുടെ ആസ്വാദനത്തിനു പാല്‍പ്പായസമാകും എന്ന പ്രതീക്ഷയില്‍,

സ്നേഹപൂര്‍വ്വം,
ഇ-മഷി എഡിറ്റോറിയല്‍ ടീം.

↑ top