≡ ജൂലൈ 2016
പുസ്തക പരിചയം

ഒലിവിൻ പൂക്കളിലൂടെ മാനവന്‍

സിരാജ് നായർ, മനോജിന്‍റെ ജീവിതത്തിലൂടെ സഞ്ചരിച്ചെഴുതിയ ഒലിവിൻ പൂക്കളെന്ന ഈ നോവലിലുടനീളം ക്യാൻസറെന്ന രോഗം മനോജിന്‍റെയും അൻസിയുടേയും ജീവിതത്തിൽ വിളിക്കാതെ വിരുന്നിനെത്തിയ വില്ലനാണ്. പണ്ടൊക്കെ ക്യാൻസർ എന്നു പറയുന്നത് മനുഷ്യൻ അവന്റെ ജീവിത ശൈലികളിലൂടെ ക്ഷണിച്ചു വരുത്തുന്ന ഒരു രോഗമായാണ് പറയപ്പെട്ടിരുന്നത് എന്നാൽ ഇന്ന് അങ്ങനെയാണോ? ഒരിക്കലുമല്ല .

ക്യാൻസറെന്ന അവസ്ഥ ഇന്ന് നമ്മളെ വളരെയധികം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇരുപതു കൊല്ലങ്ങൾക്കു മുമ്പ് എന്‍റെ അമ്മൂമ്മ കറിവേപ്പില കറിയിലിടുന്നത് കണ്ടിട്ടു ഞാനൊരു തവണ ചോദിച്ചിരുന്നു, എന്തിനാ ഈ സാധനം കറിയിലിടുന്നതെന്ന്? അന്ന് അമ്മൂമ്മ പറഞ്ഞു ‘മോനേ, കറിവേപ്പില കറിയിലിടുമ്പോൾ കറിയിലുള്ള വിഷാംശങ്ങൾ കറിവേപ്പില വലിച്ചെടുക്കും'. ഇന്ന് അതാണോ അവസ്ഥ? കടയിൽ നിന്നു നമ്മൾ വാങ്ങുന്ന കറിവേപ്പിലയിൽ പോലും മാരകമായ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അപ്പോൾപ്പിന്നെ ബാക്കി കാര്യങ്ങൾ പറയേണ്ടതില്ലല്ലോ.

അഞ്ചു കൊല്ലങ്ങൾക്കു മുമ്പൊരു ലീവ് നാളിൽ, എന്റെ കുട്ടിക്കാലത്തെ പരിചയത്തിലുള്ളൊരു ഫ്രൂട്ട്സ് കടയിൽ ചെന്നു. ഒരുപാട് കച്ചവടമുള്ളൊരു കടയാണ്. കടയുടെ പുറത്ത് നിന്നാൽ അകത്തുള്ളവരെയൊന്നും കാണുവാൻ കഴിയില്ല.അത്രക്ക് നേന്ത്രക്കുലകളും, ആപ്പിളും, ഓറഞ്ചും, മുന്തിരിങ്ങയും ഒക്കെ അതിമനോഹരമായി കയറിൽ കെട്ടിത്തൂക്കി നിർത്തിയിരിക്കുകയാണവിടെ. നല്ല തിരക്കുണ്ട്, അതുകൊണ്ടു തന്നെ ഞാൻ കടയുടെ അകത്ത് കയറി. നല്ല പരിചയമുള്ളവർക്ക് മാത്രമേ കടയ്ക്കകത്ത് പ്രവേശനമുള്ളൂ. ആ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് തന്നെ കയറി പറഞ്ഞു. “മുതലാളി രണ്ടു കിലോ മുന്തിരി വേണം”. അണ്ണനെന്നെ കാണുന്നത് തന്നെ അപ്പോഴാണ്. പിന്നെ വിശേഷങ്ങൾ ചോദിക്കലായി, പറയലായി..

തിരക്കുകളൊക്കെ ഒരു വിധം കഴിഞ്ഞപ്പോൾ അണ്ണൻ മുന്തിരിയെടുക്കുവാനൊരു പാത്രവുമായി കടക്കു പുറത്തിറങ്ങി. ഞാനും കാര്യങ്ങൾ പറഞ്ഞു കൊണ്ട് അണ്ണനൊപ്പം പുറത്തിറങ്ങി. അണ്ണന്‍റെ കൈയിലിരുന്ന പാത്രം നേരെ അണ്ണനൊപ്പം പോയ്‌ നിന്നതു ഈച്ച പറ്റി, പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന മുന്തിരിക്കൂടയുടെ മുന്നിലാണ്. ഇതു കണ്ടപാടെ ഞാൻ ചോദിച്ചു

“അണ്ണാ എന്നോട് തന്നെ വേണോ ഈ ചതി?”

അണ്ണൻ പെട്ടെന്ന് മുന്തിരി എടുക്കുവാൻ ഇരുന്നിടത്തുനിന്നു തല തിരിച്ചെന്നെ നോക്കി. ഞാൻ വിശദീകരിച്ചു, മൂന്നു കൂട നല്ല തരം മുന്തിരികളിവിടെ ഇരിപ്പുണ്ട്. എന്നിട്ടും, അണ്ണന്‍റെ കൈ എനിക്കായ് ഈ നാറിയ ഈച്ച പറ്റിയ മുന്തിരികൾക്ക് മുന്നിൽ തന്നെ എത്തിയല്ലോ.

അണ്ണൻ ചിരിച്ചുകൊണ്ട് ഇരുന്നിടത്തുനിന്നു എണീറ്റു എന്റെ അടുക്കൽ വന്നു നിന്നു ചോദിച്ചു, ''നിനക്കു ഇതിൽ ഏതു കൂടയിലെ മുന്തിരിയാണ് വേണ്ടത് പറ.''

ഞാൻ എന്‍റെ മുന്നിലുള്ള നല്ലൊരു കൂട മുന്തിരികൾ കാണിച്ചിട്ട് പറഞ്ഞു

“എനിക്കതിൽ നിന്നു തന്നാൽ മതി.”

അണ്ണനപ്പോഴും മുഖത്തെ ചിരി മായാതെ എന്നോട് ചോദിച്ചു.

''നിനക്കതിഷ്ടപ്പെടാനെന്താണ് കാരണം ?''

“അതോ... അതു കാണാൻ നല്ല ഭംഗിയുണ്ട്. മാത്രമല്ല പൊട്ടിപ്പൊളിഞ്ഞിട്ടില്ലാ. പിന്നെ ഈച്ചയും പറ്റിയിട്ടില്ല. അതു തന്നെ കാരണം.”

അണ്ണൻ തിരിഞ്ഞു നോക്കി അടുത്തു ആരുമില്ലെന്ന് ഉറപ്പിച്ചു എന്നോട് ചോദിച്ചു.

“അതിലെന്താടാ ഈച്ച പറ്റാത്തെ ?''

സത്യത്തിൽ അന്നെനിക്കതിനൊരു മറുപടി ഇല്ലായിരുന്നിട്ടും ഞാൻ പറഞ്ഞു,

“അതണ്ണാ... വൃത്തിയുള്ള സാധനങ്ങളിൽ ഈച്ച ഇരിക്കില്ലെന്ന്...!”

ഇതു കേട്ടതും ചിരി നിർത്തി അല്‍പ്പം ഗൗരവത്തിലെന്നോടു പറഞ്ഞു.

''അതേടാ... വ്യത്തിയായിരിക്കാനും, കേടാവാതിരിക്കുവാനും വേണ്ടി നല്ല കീടനാശിനിയിൽ മുക്കിയെടുത്തതാ... പിന്നെ പറഞ്ഞല്ലോ ഈ മുന്തിരി ഈച്ച പറ്റിയതെന്ന്. കണ്ണു തുറന്നൊന്നു നോക്ക്. അതു വെറുമൊരു ഈച്ചയാണോ അതോ തേനീച്ചയാണോന്ന് ''

ഞാനാ ഈച്ചകളെയൊന്നു സൂ ക്ഷിച്ച് നോക്കി. ശരിയാണ് അതു തേനീച്ച തന്നെയാണ്.

അണ്ണൻ ആ പൊട്ടി പൊളിഞ്ഞ മുന്തിരികൾ ആ പാത്രം നിറയെ എടുത്തിട്ടു തൂക്കാതെ തന്നെ ഒരു കവറിലാക്കി തന്നുകൊണ്ടു പറഞ്ഞു.

''മോൻ ഇതു കൊണ്ടു പോയിട്ടു കഴുകുക പോലും ചെയ്യണ്ട, കഴിച്ചോളൂ” .

കൊല്ലം പിന്നെയും മൂന്നു കഴിഞ്ഞു ഞാൻ നാട്ടിലെത്തിയപ്പോഴും പോയിരുന്നു അണ്ണന്റെ കടയിൽ. കടയിലെത്തി ആദ്യം എന്താണ് നോക്കുന്നതെന്നു പറയണ്ടല്ലോ. അതു തന്നെ നോക്കി. എല്ലാം നല്ല മുന്തിരികൾ. പൊട്ടിപ്പൊളിഞ്ഞിട്ടൊന്നുമില്ല. പക്ഷേ എല്ലാത്തിന്റെയും മുകളിൽ തേനീച്ചയുണ്ട്. എന്നെ പുറത്ത് കണ്ട ഉടനെതന്നെ അണ്ണൻ കടയ്ക്കകത്ത് നിന്നും പുറത്തിറങ്ങി വന്നു പതിവ് പോലെ വിശേഷങ്ങളൊക്കെ തിരക്കി. അപ്പോഴും എന്‍റെ ശ്രദ്ധ മുന്തിരിക്കൂടകളിൽ തന്നെയെന്നു മനസ്സിലാക്കിയ അണ്ണൻ പറഞ്ഞു.

“മോനേ, നോക്കണ്ട. ഈച്ച പറ്റാത്ത കാര്യങ്ങളൊക്കെ ആളുകൾ മനസ്സിലാക്കിയതറിഞ്ഞവർ ഈച്ച പറ്റാനും ഇപ്പോൾ സ്പ്രേ അടിക്കുന്നുണ്ട്!”.

ഇതു വെറുമൊരു മുന്തിരിയുടെ കാര്യം. ഇതുപോലെ എഴുതുവാനാണെങ്കില്‍ ഒരുപാടുണ്ട്. ഇതൊക്കെത്തന്നെ അവസാനം നമ്മളിൽ എത്തിപ്പെടുന്നത് ക്യാൻസറിന്‍റെ രൂപത്തിലാണ്.

ഇന്ന് ക്യാൻസറെന്ന രോഗം ആരിൽ എപ്പോൾ എന്നു പറയാൻ കഴിയാത്ത വിധം പടർന്നിരിക്കുന്നു. ഒലിവിന്‍ പൂക്കള്‍ പ്രസക്തമാക്കുന്നത് അവിടെയാണ്. മനോജിന്‍റെ ജീവിതം സിരാജ് നായർ ‘ഒലിവിൻ പൂക്കളെ’ന്നെ തന്‍റെ ആദ്യ നോവലിലൂടെ പകർത്തിയത്, ക്യാൻസർ രോഗികളെ സംബന്ധിച്ചിടത്തോളം ഉണങ്ങി വരണ്ട ആൽമരത്തിൻ ചോട്ടിലതിനു ആശ്വാസമേകാൻ ലഭിച്ച കുറച്ചു ജലം പോലെയാണ് .

ഇവിടെ കാൻസറിനെ ഭക്തിയുടെ നിറവിൽ മനസ്സിന്‍റെ ശക്തിയിൽ തോല്‍പ്പിച്ച മനോജെന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് എഴുത്തുകാരൻ. ഈ യാത്രയിലുട നീളം ആൻസി വർഗീസെന്ന മനോജിന്‍റെ ഭാര്യയെ, മാലാഖയുടെ രൂപത്തിൽ ഊണിലും ഉറക്കത്തിലും നമുക്ക് മനോജിന്‍റെ കൂടെ കാണുവാൻ കഴിയും .

മനോജിന്‍റെ തിരിച്ചു വരവിൽ സന്തോഷിക്കുമ്പോഴും അദ്ദേഹത്തിന്‍റെ പപ്പയുടെ വിയോഗം കുറച്ചൊന്നുമല്ല എന്നെ വിഷമിപ്പിച്ചതെന്നു കൂടി പറഞ്ഞു നിർത്തട്ടെ.

ഈ നോവൽ എഴുതിയ സിരാജിനെക്കുറിച്ചു പറയുമ്പോൾ ഒരു പ്രവാസിയായ് ദുബായിൽ ജോലിചെയ്യുമ്പോഴും എല്ലാ വ്യഴാഴ്ച്ചയുമുള്ള കൃഷ്‌ണ ദർശനവും, എല്ലാക്കൊല്ലവുമുള്ള നോമ്പു നോക്കലും മുടങ്ങാതെ ചെയ്യാറുള്ള സിരാജ് ബൈബിളിലൂടെ സഞ്ചരിച്ച് ഒലിവിൻ പൂക്കൾ നമ്മൾക്ക് സമ്മാനിക്കുമ്പോൾ അത് വായനക്കാർക്കു വേറിട്ടൊരു വായനാനുഭവം കൂടിയാണ്. അതുകൊണ്ടുതന്നെ സിരാജ്, മനോജിലൂടെ ജീവിച്ചെഴുതിയ ഈ ചെറു നോവൽ എല്ലാവരും വാങ്ങിക്കണം, വായിക്കണം. ഒലിവിൻ പൂക്കൾക്ക് ഒരുപാട് പേർക്ക് ആശ്വാസം പകരുവാൻ സാധിക്കും എന്നാണ് വായനക്കാരന്‍ എന്ന നിലയില്‍ എന്‍റെ അനുഭവം. എന്‍റെ എല്ലാവിധ ആശംസകളും ഒലിവിൻ പൂക്കൾക്കും സിരാജിനും നേരുന്നു.

↑ top