≡ ജനുവരി 2017
കവിത

പഞ്ചരോധാസ്ത്രങ്ങൾ!

ഭാവിബാധ്യതകളോർത്ത്‌
ലേബർവാർഡുകളിൽ
മുറിച്ചുമാറ്റപ്പെടുന്ന
ഒന്നാം രോധം ഭ്രൂണഹത്യകൾ !

ബാല്യം,കൗമാരം,യൗവനം,
വാർദ്ധക്യമെന്നീ
വ്യത്യാസങ്ങളില്ലാതെ ചാരിത്ര്യം
പിച്ചിച്ചീന്തുന്നവരുടെ
രണ്ടാം രോധം പീഡനങ്ങൾ !

വിവാഹക്കമ്പോളങ്ങളിലെ
സ്വർണ്ണത്തൂക്കക്കുറവുകളാലും
ആർത്തവചക്രദിനങ്ങളാലും
നഷ്ടമാകുന്ന
സ്വാതന്ത്ര്യത്തിന്റെ
മൂന്നാം രോധം ആചാരങ്ങൾ !

തിമിരാന്ധരായ്‌
മാനുഷികമൂല്യബന്ധങ്ങളിൽ
കലർത്തുന്ന സംശയത്തിന്റെ
നാലാം രോധം
സദാചാരസമൂഹം!

പ്രച്ഛന്ന വേഷങ്ങളിൽ അവതരിച്ച്‌,
അക്ഷരങ്ങളിലൂടെ,
ബട്ടൺക്ലിക്കുകളിലൂടെ
തൊടുത്തുവിടുന്ന
അസത്യങ്ങളുടെ
അഞ്ചാം രോധം

പൊതുമാധ്യമങ്ങൾ!
അന്നും ഇന്നുമീ
രോധാസ്ത്രങ്ങളാൽ
അരക്ഷിതരായ്‌
സ്ത്രീമനസ്സും കാലവും !

↑ top