≡ ജനുവരി 2017
കവിത

സീത

മുന്നിലായ് രാമായണം പൊഴിച്ച കണ്ണുനീർത്തുള്ളി
സീതെയെന്നഭിധാനം ഉറ്റവരില്ലാരത്നം
ശൈവചാപത്തെ സ്വന്തം മുതുകിൽ ചുമന്നവൾ
ഗാർഗിയിൽ നിന്നും വേദശാസ്ത്രങ്ങൾ പഠിച്ചവൾ
യോഗവിത്താകും സാക്ഷാൽ രാമന്റെ പ്രിയപത്നി
രാവണനവളുടെ ജീവനിലേതുഭാവം.

ശത്രുവെന്നോതുന്നുവോ?
യതിയായ് വന്നു തന്റെ
പതിയെപ്പിരിച്ചതാം
വിധിയെന്നോതുന്നുവോ?
നേടിയ സാമ്രാജ്യവും പ്രിയരും പ്രാണൻ പോലും
തിരുമുൽകാഴ്ചയ്ക്കായിട്ടർപ്പിച്ച കമിതാവോ?

നിശ്ചലസരോവരശാന്തമാം മുഖത്തിലെ
സുന്ദരനീലോല്പലം പതിയെ പിടഞ്ഞുവോ
ഇതൾനനയാതൂറി മുത്തുപോൽ പ്രകാശിക്കും
തെളിനീർത്തുള്ളി കണ്ണിൽ കണ്ടുവോ മറഞ്ഞുവോ.

പേരതിൽ പല പല ബന്ധങ്ങളുണ്ടാകിലും
പാരിൽ ഞാനേറ്റമേകയെന്നുതാനറിയിച്ചു
ഉരുവിട്ടുറച്ചതാം വേദാന്തപ്പൊരുളെന്നെ
ശരിയായ് പഠിപ്പിച്ച ഗുരുവെന്നോതീ മെല്ലെ.

↑ top