≡ ജനുവരി 2017

എഡിറ്റോറിയല്‍

പ്രിയപ്പെട്ടവരേ,

ജീവിതങ്ങൾ കർമ്മസാക്ഷിയായ സൂര്യന് ചുറ്റും ഒരിക്കൽ കൂടി പ്രദക്ഷിണം വയ്ച്ചിരിക്കുന്നു. കാലം കടന്നുപോകുന്നതായി നാമളക്കുന്നത് അങ്ങനെയാണ്. ഓർമ്മകളിലെ കാലത്തെ പുനർവിചിന്തനം ചെയ്യാനും പ്രതീക്ഷകളെ അവയുമായി തട്ടിക്കിഴിച്ച് ലാഭനഷ്ടങ്ങൾ കണക്കെടുക്കാനും പുത്തൻ പ്രതീക്ഷകളിൽ പുന:സമർപ്പിക്കാനും ചിന്താശേഷി കൊണ്ട് മനുഷ്യന് മാത്രമേ ആവതുള്ളൂ.

രണ്ടായിരത്തിപതിനാറ് ബ്ലോഗ് രംഗത്ത് നിരാശയാണ് നൽകിയതെന്ന് കാണുന്നു. പല ബ്ലോഗുകളിലും മൗനമാണ് കുടിയിരുപ്പ്. പല നല്ല ബ്ലോഗ് എഴുത്തുകാരും മുഖപുസ്തകത്തിന്റെ അൽപായുസ്സായ കൂട്ട അനുമോദനങ്ങളിൽ ആകൃഷ്ടരായി അതിന്റെ മോഹവലയത്തിൽ അഗ്നിശലഭങ്ങളായി കഴിയുന്നതായും കണ്ടു. ഒരു പുത്തൻ ഉണർവ് ബ്ലോഗ് രംഗത്തുണ്ടായില്ലെങ്കിൽ ഹാ! കഷ്ടം എന്നേ പറയേണ്ടതുള്ളൂ.

എന്നാൽ ഇ-മഷി അതിന്റെ വളർച്ചയുടെ പടികൾ താണ്ടിക്കയറി ഓൺ ലൈൻ വായനാലോകത്തെ നിഷേധിക്കാനാകാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ബ്ലോഗ് രംഗത്തെ ഒരു കൂട്ടം എഴുത്താളൻമാരുടെയും വായനക്കാരുടെയും പ്രതീക്ഷകൾക്കൊപ്പം ഉയരാനാണ്‌ ഇ-മഷിയുടെ ശ്രമം. അത് വിജയത്തിൽ എത്തുക തന്നെ ചെയ്യും.

രാജ്യം ചിന്താവിഷ്ടമായ ഒരു കാലഘട്ടത്തിലൂടെയാണ് രണ്ടായിരത്തിപ്പതിനേഴിലേക്കു പടികൾ കയറുന്നത്. സാമ്പത്തികരംഗത്ത് ഭരണാധികാരികൾ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഒരു അമ്ലപരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. മാറ്റങ്ങള്‍ എല്ലാക്കാലത്തും ആവശ്യമാണ്‌. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാകുമ്പോള്‍ എല്ലാം നല്ലതിനാകട്ടെ എന്ന് പ്രതീക്ഷിക്കാൻ മാത്രമേ ഇ-മഷിയ്ക്ക് ഇപ്പോൾ ചെയ്യാൻ കഴിയൂ.

പുതുവർഷത്തിലേയ്ക്ക് ഇ-മഷിയുടെ എല്ലാ വായനക്കാർക്കും നിറഞ്ഞ സ്വാഗതം. പതിവുപോലെതന്നെ ഇ-മഷിയുടെ പുതുവത്സരപ്പതിപ്പും നിങ്ങൾ സ്നേഹത്തോടെ ഏറ്റുവാങ്ങുമെന്ന് കരുതുന്നു.

എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.

വായിക്കുക, വിമർശിക്കുക,വളർത്തുക.

സസ്നേഹം
ഇ-മഷി ടീം

ഇ-മഷിയിലേക്ക് നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം: editor@@@@###emashi.###in

↑ top