≡ ജനുവരി 2017
2016 - ബ്ലോഗിലൂടെ

രംഗഭേദം

ബ്ലോഗ്‌ ലിങ്ക്: ഗുല്‍മോഹര്‍

രംഗം 1 : മെട്രോ ട്രെയിൻ

മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെക്കുറിച്ചല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ കുറിച്ചു ആളുകൾ ബോധവാന്മാരാണ്. എയർ കണ്ടീഷൻഡ് ആയതിനാൽ ഉള്ളിൽ ചൂടറിയില്ല. പക്ഷെ അടഞ്ഞു കിടക്കുന്ന കമ്പാർട്മെന്റിനുള്ളിൽ അയാളെ പോലെ സുഗന്ധം പരത്തുന്ന മാന്യവസ്ത്രധാരികൾ മാത്രമല്ല, മറിച്ചു സമൂഹത്തിൻറെ എല്ലാ തട്ടിലുമുള്ളവരുമുണ്ട്. അവരുടെ വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ അയാൾക്ക്‌ ശ്വാസം മുട്ടി. ഇതു കൊണ്ടാണ്, ഒരു ബോർഡ് മീറ്റിംഗിൽ, മെട്രോ ട്രെയിനിൽ ഒരു ഫസ്റ് ക്‌ളാസ് കമ്പാർമെന്റ് ഉൾപ്പെടുത്തുന്നതിനായി അയാൾ വാദിച്ചത്. ആ ആവശ്യം നിരാകരിക്കപ്പെട്ട ശേഷം അയാൾ കഴിവതും മെട്രോ ഉപയോഗിക്കാറില്ല, ആഴ്ചയിലൊരിക്കലത്തെ ഈ യാത്രക്കൊഴിച്ച്. അവിടേക്കുള്ള ഇടുങ്ങിയ റോഡുകൾ മാത്രമല്ല, പാർക്കിങ് ഇല്ലാത്തതും മെട്രോ ഉപയോഗിക്കാൻ അയാളെ നിർബന്ധിതനാക്കി.

അലാറം മുഴക്കി അടഞ്ഞു തുടങ്ങുന്ന വാതിലിലൂടെ, ആ മുഷിഞ്ഞ വസ്ത്രധാരി ഉള്ളിലേക്ക് ചാടിക്കടന്നു. കയ്യിൽ തൂക്കി പിടിച്ച നിറഞ്ഞ സഞ്ചിയുടെ ഭാരത്താൽ, അയാൾ ബാലൻസ് തെറ്റി മാന്യവസ്‌ത്രധാരിയുടെ ദേഹത്തു ചെന്നിടിച്ചു. ഒരു നോട്ടത്തിലൂടെ ക്ഷമ യാചിച്ച അയാളെ തള്ളി മാറ്റി മാന്യവസ്‌ത്രധാരി വാതിലിനടുത്തേക്കു മാറി നിന്നു.


രംഗം 2 : കടയുടെ മുൻവശം

പച്ചക്കറികൾ ഇനം തിരിച്ചു തിരഞ്ഞെടുക്കുന്ന മാന്യ വസ്ത്രധാരി.

" വില പിന്നേം കൂട്ടിയോ ?? ഇങ്ങനെ പോയാൽ ഞങ്ങളൊക്കെ വായു ഭക്ഷണമാക്കേണ്ടി വരുമല്ലോ!!"

അയാൾ സെയിൽസ്മാനോട് പരാതിപ്പെട്ടു.

"എന്തു ചെയ്യാനാ സാറേ? സാധനം കിട്ടാനില്ല. പുറത്തെ മാർക്കറ്റിലെ കയറ്റം നോക്ക്യാ ഇതിന്നുമല്ല. പിന്നെ സാറിനറിയാല്ലോ. ഈ ജൈവ കൃഷിക്കാരൊക്കെ ഇപ്പൊ നല്ല കാശാ ചോദിക്കുന്നെ. അല്ല..അവരേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല...തീപറക്കണ ഈ വെയിലിൽ ഇതൊക്കെ വിളയിച്ചെടുക്കണ്ടേ. പിന്നെ, അറിയാലോ, രാസവളോം കീടനാശിനിയുമൊന്നും അടുപ്പിക്കത്തു പോലുമില്ല.."

"ആ ഒരുറപ്പിലാ ഇത്രേം ദൂരം വന്നു, ചോദിക്കണ കാശും തന്നിതു മേടിച്ചോണ്ട് പോകുന്നെ."

"അത്രേള്ളൂ സാറേ… ഇവിടെ കൊറച്ചധികം മൊടക്കിയാലും, ആസ്പത്രി ചെലവില് ലാഭിക്കാം.."

മഞ്ഞപ്പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടിയുള്ള അയാളുടെ ചിരി മാന്യവസ്‌ത്രധാരിക്ക് അത്ര പിടിച്ചില്ല. അതു മനസിലാക്കിയെന്നോണം ആ സെയിൽസ്മാൻ പതുക്കെ അകത്തേക്ക് പോയി.


രംഗം 3 : കടയുടെ പുറകു വശം

"എൻ്റെ സാറേ ഇതു കഷ്ടമാ...പുറത്തൊക്കെ എന്താ വില..! കഴിഞ്ഞാഴ്ച കിലോക്ക് നൂറു വരെയായി.അതിന്റെ പകുതിയേലും താ സാറേ"

"എടോ, പിന്നേ നൂറു രൂപ..!! അതൊക്കെ നല്ല രാസവളമിട്ടു കീടനാശിനിയൊക്കെ തളിച്ചു ചുമന്നു തുടുത്തിരിക്കണ തക്കാളിക്കാ... അല്ലാതെ താൻ വല്ല ചാണകപ്പൊടീമിട്ടുണ്ടാക്കുന്ന ഈ പുഴുക്കുത്തുള്ള സാധനത്തിനല്ല. മുപ്പതു രൂപേന്നു ഒരു പൈസ കൂട്ടി തരില്ല. വേണ്ടെങ്കി എടുത്തോണ്ട് പൊയ്ക്കോ.."


രംഗം 4 : വീണ്ടും കടയുടെ മുൻവശം

"ഇതു കണ്ടോ സാറേ..." കയ്യിൽ പൊക്കിപിടിച്ച തക്കാളികൂടയുമായി സെയിൽസ്മാൻ പുറത്തേക്കു വന്നു.

"നല്ല ഫ്രഷ് സാധനാ..ഇപ്പൊ കൊണ്ടോന്നെള്ളു. സാറിന് വേണ്ടി ഞാനിങ്ങെടുത്തോണ്ട് പോന്നതാ."

മാന്യവസ്‌ത്രധാരി തക്കാളിയെടുത്തു തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അയാൾ തുടർന്നു:

"ഇതാ സാറേ തക്കാളിടൊക്കെ ശെരിക്കുള്ള നെറം.രാസവളോമിട്ടു മെഴുകും പുരട്ടി ചൊകപ്പിച്ചു തുടുപ്പിച്ചെടുക്കുവല്ലേ. ആ പുഴുക്കുത്തൊക്കെ കണ്ടോ സാറേ, കീടനാശിനിയൊന്നും മണപ്പിച്ചിട്ടും കൂടിയില്ല.."


രംഗം 5 : വീണ്ടും മെട്രോ ട്രെയിൻ

അലാറം മുഴക്കി അടഞ്ഞു തുടങ്ങുന്ന വാതിലിലൂടെ മാന്യവസ്‌ത്രധാരി അകത്തേക്കു കയറി. കയ്യിലെ സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റി അയാൾ മുന്നിലെ സീറ്റിലിരുന്ന മുഷിഞ്ഞ വസ്ത്രധാരിയെ ചെന്നു മുട്ടി. ഒരു ചെറു ചിരിയോടെ സീറ്റൊഴിഞ്ഞു കൊടുത്ത അയാളുടെ കയ്യിലെ സഞ്ചി കാലിയായിരുന്നു. അപ്പോഴേക്കും മാന്യവസ്‌ത്രധാരിയുടെ സഞ്ചിയിലെ തക്കാളികൾക്ക് വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ ശ്വാസം മുട്ടിത്തുടങ്ങി.

↑ top