≡ ജനുവരി 2016 ലക്കം

നാൻസി

കഥ
പ്രവാഹിനി തോന്നയ്ക്കൽ

ഇത് അവളുടെ കഥയാണ്‌ – അവളുടെ ജീവിതത്തിന്റെ,സ്വപ്നങ്ങളുടെ കഥ. അവൾ നാൻസി. കുര്യാക്കോസിന്‍റേയും മറിയാമ്മയുടേയും അഞ്ചു മക്കളില്‍ മൂന്നാമത്തെ കുട്ടിയാണ് പഠിക്കാന്‍ മിടുക്കിയായ നാന്‍സി. രണ്ടു ചേട്ടന്മാരും, ഒരു അനിയനും, ഒരു അനിയത്തിയുമാണ് അവള്‍ക്കുള്ളത്. അച്ഛനും അമ്മയ്ക്കും കയര്‍ ഫാക്ടറിയിലാണ് ജോലി. വളരെ കഷ്ടപ്പെട്ടാണ്‌ കുര്യാക്കോസും മറിയാമ്മയും മക്കളെ വളർത്തുന്നത്.പഠിക്കാൻ മിടുക്കിയായ നാൻസി എല്ലാ കഴിവുകളും ഉള്ളവളായിരുന്നു. ആ സന്തുഷ്ട കുടുംബമങ്ങനെ ജീവിച്ചു വരവേയാണ് നിനച്ചിരിക്കാതെ ആ അത്യാഹിതം സംഭവിക്കുന്നത്‌. നാന്‍സിയുടെ തൊട്ടു താഴെയുള്ള അനിയൻ ഒരപകടത്തിൽ മരണമടഞ്ഞു . ആ കുടുംബത്തിനെ ഒരുപാടുലച്ച സംഭവമായിരുന്നത്. എല്ലാ ദുഃഖവും കാലം മായ്ച്ചുകളയുമെന്നാണല്ലോ. മകന്റെ മരണം വല്ലാതെയുലച്ചുവെങ്കിലും കുര്യാക്കോസും കുടുംബവും പതിയെ പതിയെ അതില്‍ നിന്നും മോചിതമായി.നന്നായി പഠിക്കുമായിരുന്ന നാന്‍സിയെ വളരെ ബുദ്ധിമുട്ടിയെങ്കിലും കുര്യാക്കോസ് പഠിപ്പിക്കുകയും അവൾ ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്തു.

സന്തോഷത്തിന്റെ ദിനങ്ങള്‍ക്ക് അസ്തമനമെന്നോണം ആ കുടുംബത്തിലേയ്ക്ക് അടുത്ത ദുരന്തം കടന്നുവന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരുന്ന വഴിയില്‍ വച്ച് അമിതവേഗതയില്‍ വന്ന ഒരു വാഹനം നാന്‍സിയെ ഇടിച്ചു തെറിപ്പിച്ചു. ചോരയില്‍ കുളിച്ചുകിടന്ന അവളെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ വാഹനത്തിലുള്ളവര്‍ സ്ഥലം കാലിയാക്കി. ഒടുവില്‍ ആരെല്ലാമോ അവളെ ആശുപത്രിയിലാക്കിയെങ്കിലും അപകടത്തിന്റെ തീവ്രത മൂലം നാന്‍സിയുടെ അരയ്ക്ക് താഴ്പ്പോട്ടുള്ള ചലന ശേഷി നഷ്ടപ്പെട്ടു. പ്രാരാബ്ധക്കാരനായിരുന്ന കുര്യാക്കോസിനു താങ്ങാനാവാത്തതായിരുന്നു നാന്‍സിയുടെ ചികിത്സാ ചിലവുകള്‍. സ്വന്തം അവസ്ഥയില്‍ പരിതപിച്ചു കഴിഞ്ഞു കൂടുകയല്ലാതെ മറ്റൊന്നും അവള്‍ക്കാവുമായിരുന്നില്ല. ഉൾനാടൻ ഗ്രാമ പ്രദേശത്തെ സ്വന്തം വീട്ടിലെ ചായ്പ്പ് മുറിയില്‍ അവള്‍ ഒതുങ്ങിക്കൂടി. ചിലര്‍ക്ക് സങ്കടങ്ങള്‍ എന്നത് ആയുഷ്ക്കാലത്തേയ്ക്ക് പതിച്ചു കിട്ടിയിരിക്കുന്നതാണ്. പതുക്കെപ്പതുക്കെ അവളാ സാഹചര്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി.

തൊട്ടടുത്തുള്ള വായനശാലയില്‍ നിന്നും അനുജത്തി എടുത്തുകൊണ്ട് നല്‍കുന്ന പുസ്തകങ്ങളായി സമയം പോകുവാന്‍ അവള്‍ക്കാകെയുള്ള മാര്‍ഗ്ഗം. അവൾ പുസ്തകങ്ങളെ സ്നേഹിക്കുവാൻ തുടങ്ങി. ആ ലോകം അവൾക്ക് എന്തെന്നില്ലാത്ത മാനസിക സംതൃപ്തി നേടിക്കൊടുത്തു. പണ്ടുനാളുകളില്‍ വല്ലപ്പോഴും പെന്‍സിലുപയോഗിച്ച് നോട്ടുബുക്കുകളില്‍ വരച്ചു കൂട്ടിയിരുന്നതിന്റെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്ത് വീണ്ടുമവള്‍ ചിത്രങ്ങള്‍ വരയ്ക്കാനാരംഭിച്ചു. പതിയെപ്പതിയെ വരകളുടേയും, വാക്കുകളുടേയും ലോകത്തവളൊരു കൊച്ചു പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കുവാന്‍ തുടങ്ങി.

വളരെ അവിചാരിതമായാണവള്‍ ഇന്റർനെറ്റിന്റെ വിശാലമായ ലോകത്ത് എത്തിപ്പെട്ടത്. പുതിയ ചങ്ങാത്തങ്ങള്‍ ,കൂടുതല്‍ അറിവുകള്‍, മാനസികോല്ലാസങ്ങള്‍. തന്റെ എല്ലാ സങ്കടവുമവള്‍ മറന്നു. അവളുടെ കഥയറിയാനിടയായ നല്ലവരായ കൂട്ടുകാര്‍ അവള്‍ക്കൊരു കമ്പ്യൂട്ടർ വാങ്ങി സമ്മാനിച്ചു. തന്റെ മനസ്സിലുള്ള കൊച്ചു കൊച്ചു നുറുങ്ങുകളും, ചിന്തകളും, അനുഭവങ്ങളുമൊക്കെയവള്‍ കൂട്ടുകാരുമായി പങ്കുവച്ചു. കൂട്ടുകാരുടെ സഹായഫലമായി അവള്‍ക്ക് പുറത്തേയ്ക്കും മറ്റും സഞ്ചരിക്കുവാന്‍ പറ്റിയ തരത്തിലുള്ള ഒരു ചെറിയ വാഹനം തരമായി. എന്നാല്‍ ആ വാഹനവുമായി യഥേഷ്ടം സഞ്ചരിക്കാവുന്നത്ര വീതിയുള്ള വഴിയായിരുന്നില്ല അവര്‍ക്കുണ്ടായിരുന്നത്. റോഡില്‍ നിന്നല്‍പ്പം ദൂരെയുള്ള വീട്ടില്‍ നിന്നുമാ വണ്ടിയില്‍ പുറത്തേയ്ക്കിറങ്ങണമെങ്കില്‍ വഴിക്ക് വീതി വേണ്ടത് ആവശ്യമായിരുന്നു. തൊട്ടടുത്ത പുരയിടക്കാരന്‍ മനുഷ്യപ്പറ്റില്ലാത്ത ഒരാളായിരുന്നു. ശാരീരികാവശതയനുഭവിക്കുന്ന തനിക്ക് പുറത്തു പോകുന്നതിനും മറ്റും ഒരല്‍പ്പം വീതിയുള്ള വഴി കിട്ടുന്നതിനായവള്‍ പോരാടാൻ തന്നെ തീരുമാനിച്ചു. അതിനായവളാദ്യം നാട്ടുകാരേയും പിന്നെ നിയമപാലകരെയും അധികാരികളെയും സമീപിച്ചു. അവൾക്കു ഒത്തിരി അപമാനം അതിന്റെ പേരില്‍ സഹിക്കേണ്ടി വന്നെങ്കിലും ആ പോരാട്ടത്തിനൊടുവിലവൾ വിജയം കണ്ടു . ഒപ്പം നിന്നവർ അവസാന നിമിഷം കാലുമാറി മറുകണ്ടം ചാടിയെങ്കിലുമവളുടെ നിശ്ചയദാര്‍ഢ്യം വിജയം നേടിക്കൊടുത്തു. വഴി ശരിയായതോടെ ആ ചെറുവണ്ടിയില്‍ അവള്‍ വല്ലപ്പോഴും പുറത്തേയ്ക്കിറങ്ങുവാന്‍ തുടങ്ങി. തനിക്ക് നടന്നു തീര്‍ക്കാനാവാത്ത വഴിയിലൂടെ അവള്‍ കൊതിയോടെയെന്നവണ്ണം മത്സരിച്ചു നീങ്ങി.

സമയം പോക്കിനെന്നവണ്ണം വരച്ചു തുടങ്ങിയ വരകളുടെ ബാക്കി അവളിടയ്ക്കൊക്കെ തന്റെ ചങ്ങാതിമാര്‍ക്കയച്ചു കൊടുക്കുകയും അവരത് സൗഹൃദക്കൂട്ടായ്മകളിലും സോഷ്യല്‍ സൈറ്റുകളിലുമൊക്കെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അവളെഴുതിക്കൂട്ടിയ ചെറുകവിതകളും, കുറിപ്പുകളും, കഥകളും നൂറുകണക്കിനു പേര്‍ കാണുവാനും ആസ്വദിക്കുവാനും തുടങ്ങി. നാന്‍സിയുടെ കഥയറിഞ്ഞ ധാരാളം പേര്‍ അവളെ സഹായിക്കുവാനായി മുന്നോട്ട് വന്നു. അവള്‍ വരച്ച ചിത്രങ്ങളൊക്കെയും ചേര്‍ത്ത് ഒരു എക്സിബിഷന്‍ നടത്തുവാനവര്‍ ശ്രമമാരംഭിച്ചു. ഈ സമയത്തുതന്നെ നാന്‍സിയുടെ പത്തോളം കവിതകള്‍ ഒരു പുസ്തക രൂപത്തിലിറക്കുവാനും അവളുടെ കൂട്ടുകാര്‍ തയ്യാറായി. പുസ്തക പ്രകാശനവേളയില്‍ പ്രാസംഗികര്‍ പറഞ്ഞന്നതൊന്നുമവളുടെ കാതില്‍ വീണില്ല. ഒരു മായാലോകത്തിലെന്ന വണ്ണമവളുടെ മനസ് സഞ്ചരിക്കുകയായിരുന്നപ്പോള്‍. എക്സിബിഷന്‍ കഴിഞ്ഞപ്പോള്‍ ചിത്രങ്ങള്‍ വിറ്റ വകയായ് നല്ലൊരു തുക നാന്‍സിയുടെ കൈവശം വന്നുചേര്‍ന്നു. അനുജത്തിയ്ക്കായ് അവള്‍ ആ തുക അമ്മയെ ഏല്‍പ്പിച്ചു. തന്റെ കിടക്കയില്‍ ഉറക്കത്തെ വരവേല്‍‍ക്കുവാനൊരുങ്ങി കിടക്കവേ അവളുടെ മനോമുകുരത്തില്‍ തന്നെ അതിശയഭാവത്തോടെ നോക്കിനിന്ന അയല്‍ക്കാരുടെ മുഖഭാവങ്ങള്‍ തെളിഞ്ഞു വന്നു. അല്‍പ്പമൊരു അഹങ്കാരത്തോടെയും ഒരു ചെറു മന്ദസ്മിതത്തോടെയും അവള്‍ തന്റെ മിഴികള്‍ പൂട്ടി. അവളുടെ ജീവിതത്തില്‍ പുഷ്പങ്ങള്‍ മധു പൊഴിക്കുവാനാരംഭിച്ചിരുന്നു.

← ഉള്ളടക്കം