≡ ജനുവരി 2016 ലക്കം

കളവു പോയ വേനല്‍ക്കാലം

കുട്ടിക്കഥ
ഫാത്തിമ മുബീൻ

വിന്‍റെര്‍ കഴിഞ്ഞു സ്പ്രിംഗായി.എന്നിട്ടും തണുപ്പിനു ഒരു കുറവുമില്ല. ഇപ്പോഴും വലിയ ജാക്കെറ്റ്‌ ഇട്ടിട്ട് വേണംസ്കൂളില്‍ പോകാന്‍. ഇന്നലെ വൈകുന്നേരം കാലാവസ്ഥാചാനല്‍ കണ്ടിരിക്കുമ്പോള്‍ ഉമ്മപറയുന്നുണ്ടായിരുന്നു,

"ഇതിപ്പോ പണ്ട് കരടി വേനല്‍ കട്ട് കൊണ്ട് പോയപോലെയായീ" ന്ന്.

ഉറക്കം വന്നതോണ്ട് അതെന്താണെന്ന് ഉമ്മാനോട് ചോദിച്ചില്ല. രാവിലെത്തെ തിരക്കില്‍ മറന്നെങ്കിലും സ്കൂളിലെ വരാന്തയില്‍ ചാര്‍ട്ടില്‍ കരടിയുടെ ചിത്രം കണ്ടപ്പോഴാണ് രാത്രിയിലെ കാര്യം ചക്കരക്ക് ഓര്‍മ്മ വന്നത്. തേനും ബെറിയുമല്ലേ കരടിക്കിഷ്ടം. കാലാവസ്ഥയും കരടി കൊണ്ടു പോകുമോ? ഇതെല്ലാം ഓര്‍ത്തിട്ട് ചക്കരക്ക് സ്കൂളില്‍ ഇരുന്നിട്ട് ഇരിപ്പ് ഉറച്ചില്ല. സ്കൂള്‍ വിട്ട് പുറത്ത് എത്തിയപ്പോഴേ ഉമ്മാനെ കണ്ടു. മാര്‍ട്ടിന്റെഅമ്മയോട് വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയാണ്. ഓടി ചെന്ന് കൈയില്‍ പിടിച്ചു. ക്ലാസ്സില്‍ മൈക്കിള്‍ റെഡ് കളര്‍ പെന്‍സില്‍ ‍ഒടിച്ചതും, ലിന ബ്രേക്ക്‌ ടൈമില്‍ കരഞ്ഞതും, പുതിയ കുട്ടി വന്നതുമൊന്നും ഉമ്മാനോട് പറയാന്‍ നില്‍ക്കാതെ,

"എന്തിനാ ഉമ്മാ കരടി സമ്മര്‍ കൊണ്ടുപോയത്" എന്നുള്ള ചോദ്യം കേട്ട് ഉമ്മ അന്തം വിട്ടുപോയി.

"ഇന്നലെ രാത്രിയല്ലേ ഉമ്മ പറഞ്ഞത് കരടി സമ്മര്‍കൊണ്ട് പോയീന്ന്...."

"ആ അതോ, അതൊരു കഥയല്ലേ? പക്ഷേ ആദ്യം ഉമ്മാടെ ചക്കര സ്കൂളിലെ വിശേഷങ്ങള്‍ പറയണം എന്നാലേ വീട്ടിലെത്തിയാല്‍ കഥ പറഞ്ഞു തരൂ... എന്താ സമ്മതിച്ചോ?"

കഥ കേള്‍ക്കാന്‍ വേണ്ടി ചക്കര ഉമ്മ പറഞ്ഞതൊക്കെ മോന്ത കൂര്‍പ്പിക്കാതെ തലയുംകുലുക്കി സമ്മതിച്ചു. പ്ലാസയുടെ പിന്നിലെ വഴിയിലൂടെ നടന്ന് വീട്ടിലെത്തുമ്പോഴേക്കും സ്കൂളിലെ വിശേഷങ്ങള്‍ മുഴുവനും നല്ലകുട്ടിയായി ഉമ്മാനോട് പറഞ്ഞു കഴിഞ്ഞിരുന്നു.

വീട്ടിലെത്തിയ ഉടനെ ഉമ്മ ചക്കരക്ക് കരടിക്കഥ പറഞ്ഞു കൊടുത്തു.

അതേയ്, നല്ല രസമുണ്ടായിരുന്നു കേള്‍ക്കാന്‍. എന്താന്നോ,പണ്ട് പണ്ട് കാനഡയിലെ പേരറിയാത്ത സ്ഥലത്തൊരു വലിയ കാടുണ്ടായിരുന്നുത്രേ. മൃഗങ്ങളെല്ലാം വഴക്കൊന്നും കൂടാതെ വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ഈകാട്ടില്‍ ജീവിച്ചിരുന്നത്. റേവൻ എന്ന് പേരുള്ള പക്ഷിയായിരുന്നു നേതാവ്. കാക്കയെ പോലെയുള്ള റേവനാണ് ദൈവത്തിന്‍റെ കാട്ടിലെ വലംകൈ. മൂസ്, കുറുക്കന്‍, മാന്‍, കരടി,ബീവര്‍, കയോട്ടി, ചെന്നായ്, മുള്ളന്‍പന്നി, കാട്ടുപോത്ത്, കൗഗര്‍ എന്നീ മൃഗങ്ങളും പല തരം പക്ഷികളും ആ കാട്ടിലുണ്ടായിരുന്നു. കൂടാതെ തൊട്ടടുത്ത തടാകത്തില്‍ ഇഷ്ടം പോലെ മീനുകളും,അരയന്നങ്ങളും കളിച്ച് തിമര്‍ത്ത് നടന്നു. കയോട്ടിയും ബീവറും കുസൃതികള്‍ ഒ‍പ്പിക്കുമെങ്കിലും അതൊന്നും ആര്‍ക്കും ശല്യമായിരുന്നില്ല.അതിനാല്‍ ആരെ കുറിച്ചും റേവന് പരാതിയില്ലായിരുന്നു. വേനലും, മഞ്ഞും മാറി മാറി കാട്ടില്‍ വന്നു. ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ലാ. ഒരു ദിവസം കാട്ടിലെ കാര്യങ്ങളൊക്കെ റേവനെ ഏല്‍പ്പിച്ച് ദൈവം എങ്ങോട്ടോ പോയി.

കുറേ കാലമങ്ങിനെ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ മഞ്ഞുകാലം വന്നു. ആറു മാസം തണുപ്പില്‍ കഴിഞ്ഞു കൂടാനുള്ള തയ്യാറെടുപ്പൊക്കെ കാട്ടിലെല്ലാവരും ചെയ്തിരുന്നു. ശൈത്യകാലം തീര്‍ന്നു കിട്ടാന്‍ മൃഗങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. ആറുമാസം കഴിഞ്ഞിട്ടും മഞ്ഞും തണുപ്പും മാറിയില്ല. ചൂടും വെളിച്ചവും ഇല്ലാതെ കാട്ടില്‍ എപ്പോഴും തണുപ്പും ഇരുട്ടുമായി. മരങ്ങള്‍ ഉണങ്ങി. ഭക്ഷണവുമില്ല.പാവം ചെറിയ മൃഗങ്ങള്‍ തണുപ്പ് സഹിക്കാനാവാതെ തളര്‍ന്നു പോയി. ഇത്രയും കാലം മുടങ്ങാതെ വന്നിരുന്ന വേനല്‍ എവിടെപ്പോയി എന്നറിയാതെ റേവനും കുഴങ്ങി. ആലോചിച്ച് ആലോചിച്ച് ഒടുവില്‍ ഒരു ദിവസം എല്ലാവരെയും റേവൻ താന്‍ താമസിക്കുന്ന മേപ്പിള്‍ മരത്തിന്റെ കീഴിലേക്ക് വിളിച്ചു കൂട്ടി.

മൃഗങ്ങള്‍ ഓരോരുത്തരായി പറഞ്ഞ സമയത്ത് തന്നെ എത്തി. പതിവ് കളി ചിരികള്‍ ഒന്നുമില്ലാതെ എല്ലാവരും നിശബ്ദരായിരുന്നു.എന്നാല്‍ കുറെ നേരം കാത്തിരുന്നിട്ടും കരടികള്‍ ആരും എത്തിയില്ല.ഇനിയെന്തുചെയ്യും? അവര്‍ക്ക് എന്തെങ്കിലും അപകടം പറ്റിയിരിക്കുമോ എന്നൊക്കെയോര്‍ത്ത് റേവനു വിഷമമായി. മഞ്ഞത്ത് കരടികളെ തിരഞ്ഞ് ആര് പോകുമെന്നായിരുന്നു റേവന്‍റെ മനസ്സില്‍. കരടിയെ തിരഞ്ഞു പോകാന്‍ ചെന്നായ, മാന്‍,കൗഗര്‍, മുള്ളന്‍പന്നി, കയോട്ടി, ബീവര്‍ തുടങ്ങിയവര്‍ മടി കൂടാതെ തയ്യാറായി.ഇവരെല്ലാം തിരിച്ചു വന്നിട്ട് വീണ്ടും കൂടാമെന്ന് റേവന്‍ പറഞ്ഞപ്പോള്‍ ബാക്കിയെല്ലാവരും സങ്കടത്തോടെ തിരിച്ച് പോയി.

ചെന്നായയും ബീവറും പണ്ടൊരിക്കല്‍ കരടിയുടെ മാളത്തില്‍ പോയിട്ടുണ്ട്. അതാണെങ്കില്‍ കുറെ ദൂരെ മേലേ കാട്ടിലുമാണ്.വയ്യെങ്കിലും എല്ലാവരും ഇരുട്ടത്ത്‌ മഞ്ഞിലൂടെ നടക്കാന്‍ തുടങ്ങി. എത്ര ദൂരം നടന്നൂന്നോ, രാത്രിയാണോ, പകലാണോ എന്നൊന്നും പാവങ്ങള്‍ക്ക് അറിയാണ്ടെയായി. എപ്പോഴും തല്ല് കൂടിയിരുന്ന കയോട്ടി പോലും മിണ്ടാതെയാണ് നടന്നിരുന്നത്. അത് കണ്ടിട്ടാണ് ബീവറിന് സങ്കടം വന്നത്. അങ്ങിനെ കുറെ നടന്നപ്പോള്‍ കൗഗറാണ് വലിയൊരു മരത്തിനടുത്തുള്ള മഞ്ഞില്‍ ആരോ നടന്നു പോയ പാടുകള്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുത്തത്. മറ്റുള്ളവരെ അതിനടുത്ത് നിര്‍ത്തിയിട്ട് ബീവറും, മുള്ളന്‍പന്നിയും മുന്നോട്ട് പോയി. ആ അടയാളങ്ങള്‍ അവസാനിച്ചത്‌ ഒരു ഗുഹയുടെ മുന്നിലായിരുന്നു.മുള്ളന്‍പന്നി മുള്ളുകള്‍ ഒതുക്കി പാത്തും പതുങ്ങിയും ഗുഹക്കുള്ളില്‍ കയറി.

അയ്യടാ.. അതിനുള്ളില്‍ മൂന്ന് കരടിക്കുഞ്ഞുങ്ങള്‍ ഇരുന്നു സന്തോഷത്തോടെകളിക്കുന്നു. മുള്ളന്‍പന്നി തിരികെ ഓടി വന്നു ബീവറിനോട് അവിടെ കണ്ടത് പറഞ്ഞു.രണ്ടുപേരും കൂടെ മറ്റു കൂട്ടുകാരുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞപ്പോള്‍ ചെന്നായ മാത്രം ഇതൊന്നും വിശ്വസിച്ചില്ല. എന്തോ കുഴപ്പമുണ്ടെന്ന് ചെന്നായക്ക് തോന്നി. അത് എന്താണെന്ന് അറിഞ്ഞിട്ടു തിരിച്ചു പോയാല്‍ മതിയെന്ന് കൂട്ടുകാരോട് പറയുകയും ചെയ്തു. അതുവരെ മിണ്ടാതെ നടന്നിരുന്ന കയോട്ടിയാണ് കരടിക്കുട്ടികളോട് വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മാനിനോട് ഗുഹയിലേക്ക് പോകാന്‍ പറഞ്ഞത്.പാവം മാന്‍ ഇത് കേട്ട് പേടിച്ചുപോയി. മാനിന് കൂട്ടായി ബീവറും പോകാമെന്ന് പറഞ്ഞപ്പോഴാണ് പാവത്തിന് സമാധാനായത്. രണ്ടാളും പതുക്കെ പതുക്കെ ഗുഹക്കുള്ളില്‍ കയറി. തള്ളക്കരടി അവിടെയില്ലെന്ന് കുട്ടികളുടെ കളി കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി. മൂന്ന് ചാക്ക് കെട്ടുകള്‍ക്കിടയില്‍ തല കുത്തി മറിഞ്ഞു കളിക്കുകയായിരുന്നു കുട്ടികള്‍. ഗുഹക്കുള്ളില്‍ മാനിനേയും ബീവറിനെയും കണ്ടപ്പോള്‍ കുട്ടികള്‍ കളി നിര്‍ത്തി. മാന്‍ അവരുടെ അടുത്ത് ചെന്ന് സ്നേഹത്തോടെ നിങ്ങളെ ഒറ്റക്കാക്കി അമ്മയെവിടെ പോയീന്നു ചോദിച്ചു.

കുട്ടികളല്ലേ, അവർ സത്യംപറഞ്ഞു.

"ഞങ്ങളെ ഈ ചാക്കുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് അമ്മ പുറത്തു പോയല്ലോ.ഇനി കുറച്ചു കഴിഞ്ഞേ വരൂ..."

ചാക്കിലെന്താണെന്ന് ബീവര്‍ നീണ്ടു പരന്ന വാലൊക്കെ പൊക്കി, മീശയൊന്ന് വിറപ്പിച്ച് ചോദിച്ചു നോക്കി. കുട്ടികള്‍ ആ ചാക്ക് കെട്ടുകള്‍ മുറുക്കി പിടിച്ച് മിണ്ടാതെ നിക്കുന്നത് കണ്ടപ്പോള്‍ മാനാണ് വീണ്ടും മയത്തില്‍ അവരോടു ചോദിച്ചത്. ഏറ്റവും ചെറിയ കരടിക്കുട്ടിയാണ് മാനിനോട്

"എന്‍റെയീ ചാക്കിലാണ് അമ്മ കാറ്റിനെ പിടിച്ചു വെച്ചിരിക്കുന്നത്"

എന്ന് പറഞ്ഞത്. അവനത് പറഞ്ഞപ്പോള്‍ രണ്ടാമന്‍ മടിക്കാതെ,

"എന്‍റെയീ ചാക്കിലാണല്ലോ മഴയുള്ളത്‌.."

എന്നും പറഞ്ഞു ചേട്ടനെ നോക്കി. മൂത്തവന്‍ ഇതെല്ലാം കേട്ടിട്ടും ഒന്നും പറഞ്ഞില്ല. കുറെ പ്രാവശ്യം ചോദിച്ചപ്പോള്‍ മാനിന്‍റെ ചെവിയില്‍ അവന്‍റെ ചാക്കില്‍ വേനലാണെന്നും ആരോടും പറയരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.

ബീവര്‍ പതുക്കെ പുറത്ത് പോയി കൂട്ടുകാരോട് കാര്യങ്ങളൊക്കെ പറഞ്ഞു. കൗശലക്കാരനായ ചെന്നായ മാനിനോടും ബീവറിനോടും കരടിക്കുട്ടികളുടെ കൂടെ കുറച്ചു നേരം കളിച്ച് നില്‍ക്കാനും അതിനിടയില്‍ ഓരോ ചാക്കുകള്‍പുറത്തേക്ക് വലിച്ചെറിയണമെന്നും ബീവറിനോട് പറഞ്ഞു കൊടുത്തു. ചെന്നായ പറഞ്ഞത് പോലെ ബീവറും മാനും കരടി കുട്ടികളുമായി കളിക്കാന്‍ തുടങ്ങി. കണ്ണ് പൊത്തി കളിക്കിടയില്‍ ‍മഴച്ചാക്ക് മാന്‍ കാലു കൊണ്ട് തട്ടി ആദ്യം ഗുഹയുടെ പുറത്തേക്കിട്ടു. അത് കഴിഞ്ഞു കാറ്റിന്‍റെ ചാക്ക് കിട്ടിയപ്പോള്‍ അതും പുറത്തേക്ക് എറിഞ്ഞു കൊടുത്തു. കരടിക്കുട്ടികളില്‍ കേമനായവന്‍റെ കൈയിലാണ് വേനലിന്‍റെ ചാക്ക്. വീണ്ടും കണ്ണ് പൊത്തി കളിതുടങ്ങി.. കുറെ നേരം കഴിഞ്ഞിട്ടാണ് മാനിനു ചാക്ക് കിട്ടിയത്. ചാക്കുകള്‍ പോയപ്പോള്‍ കരടിക്കുട്ടികള്‍ കരയാന്‍ തുടങ്ങി. വേഗം പുറത്ത് പോയി ചാക്കുകളുമായി വരാന്നും പറഞ്ഞ് മാനും ബീവറും ഗുഹയില്‍ നിന്ന് പുറത്തു ചാടി.

എല്ലാ ചാക്കുകളുടെയും കെട്ടുകള്‍ മറ്റുള്ളവര്‍ കടിച്ചു പൊട്ടിച്ച് വേനലിനെയും മഴയേയും കാറ്റിനെയും രക്ഷിച്ചു...കരടിയെ തേടി പോയവരുടെ വിവരങ്ങള്‍ അറിയാന്‍ റേവന്‍ അപ്പോഴേക്കും അവിടെ പറന്നെത്തിയിരുന്നു. വേനലിനോട് വേഗം പോയി കാട്ടിലെ മഞ്ഞൊക്കെ ഉരുക്കി മരങ്ങളെയും മൃഗങ്ങളെയും രക്ഷിക്കാനാണ് റേവന്‍ ആദ്യം പറഞ്ഞത്. ചെന്നായയാണ് റേവനോട് അവിടെയുണ്ടായതെല്ലാം പറഞ്ഞു കൊടുത്തത്. റേവനും മറ്റു മൃഗങ്ങളും കുറേക്കാലം കരടികളോട് കൂട്ട് കൂടിയില്ല.. ഒരിക്കലും ഇനിയങ്ങിനെയൊന്നും ചെയ്യില്ലെന്ന് കാട്ടിലെല്ലാവരോടും തള്ളക്കരടി കരഞ്ഞ് പറഞ്ഞപ്പോഴാണ് വീണ്ടും മൃഗങ്ങളൊക്കെ കരടിയോടും കുട്ടികളോടും കൂട്ടായത്. പിന്നീടൊരിക്കലും കരടി ഇത് പോലെയുള്ള വികൃതികള്‍ ഒന്നും ചെയ്തില്ല. മഞ്ഞുകാലം കഴിഞ്ഞാല്‍ മുടങ്ങാതെ വേനലും മഴയും കാട്ടിലേക്ക് സന്തോഷത്തോടെ വന്നു....

(കുറിപ്പ്: കനേഡിയന്‍ നാടോടി കഥയെആസ്പദമാക്കി കുട്ടികള്‍ക്ക് വേണ്ടി എഴുതിയത്. കയോട്ടി, ബീവര്‍, മൂസ്, കൗഗര്‍ വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന മൃഗങ്ങള്‍)

← ഉള്ളടക്കം