≡ ജനുവരി 2016 ലക്കം

ക്രിസ്റ്റിന; ഒരു പെണ്‍ചരിതം

കഥ
കുഞ്ഞൂസ്

സ്ക്വയർ വണ്ണിലെ ഫുഡ്‌ കോർട്ടിൽ നിന്നും പുറത്തു കടക്കുമ്പോൾ ക്രിസ്റ്റീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തുളുമ്പിവീഴാതിരിക്കാൻ വളരെയേറെ പാടുപെടേണ്ടി വന്നെങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെടാതെ പാർക്കിംഗ് ലോട്ടിൽ എത്തിപ്പെടാൻ കഴിഞ്ഞതിൽ ആശ്വസിക്കുകയായിരുന്നു . പക്ഷേ, തന്റെ കാർ എവിടെയെന്ന് കണ്ടുപിടിക്കാൻ കഴിയാതെ, ബേസ്മെന്റ് പാർക്കിങ്ങിന്റെ നാലാം നിലയിൽ കുറേ നേരം ചുറ്റിത്തിരിഞ്ഞ ശേഷമാണ് തന്റെ കാർ മൂന്നാം നിലയിലാണല്ലോ എന്നോർമ്മ വന്നത്. വീണ്ടും ലിഫ്റ്റിലൂടെ മൂന്നാം നിലയിൽ എത്തി, കാർ കണ്ടുപിടിച്ചു അകത്തു കടന്നതും ആകെ തളർന്നു പോയി, സീറ്റിലേക്ക് ചാരിക്കിടന്നു കണ്ണടച്ചു.

കഴിഞ്ഞു പോയ നിമിഷങ്ങൾ ഒരു തിരശീലയിലെന്ന പോലെ ഉൾക്കണ്ണിൽ തെളിഞ്ഞു ..... !

വിവാഹത്തെപ്പറ്റി സംസാരിക്കണം എന്നുറപ്പിച്ചാണ് പീറ്ററെ കാണാൻ സ്ക്വയർ വൺ മാളിൽ എത്തിയത്. തന്നെയും കാത്തിരിക്കുന്ന അയാളെ കണ്ടപ്പോൾ മനസ്സും ശരീരവും പ്രണയത്താൽ തരളിതമാകുന്നത് അടക്കിപ്പിടിക്കാൻ ശ്രമിച്ച് മെല്ലെ പീറ്ററിനടുത്തേക്ക് നടന്നു.....

കഴിഞ്ഞ ഏഴെട്ടു മാസങ്ങളിലെ പരിചയവും അടുപ്പവും കൊണ്ടാവണം, പീറ്റർ ഇപ്പോൾ ആലിംഗനം ചെയ്യാൻ മുതിരാറില്ല. പകരം കയ്യിൽ മെല്ലെ പിടിച്ചാണ് സ്വാഗതം ചെയ്തത്. തന്നെ പീറ്റർ മനസിലാക്കുന്നുവെന്ന തോന്നലിലാണ് വിവാഹത്തെപ്പറ്റി സംസാരിക്കാൻ വന്നത്.

"കോഫി? " പീറ്ററിന്റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിൽ നൽകി മനസ്സിനെ വീണ്ടും ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു.

ടിംസിൽ നിന്നും രണ്ടു കപ്പ്‌ കോഫിയുമായി എത്തിയ പീറ്റർ തന്നെ സംഭാഷണവും തുടങ്ങി വെച്ചു.

"എന്തിനാണ് അത്യാവശ്യമായി കാണണം എന്നു പറഞ്ഞത്....? "

"അതു പിന്നെ, ഒന്നുമില്ല പീറ്റർ, വെറുതെ കാണണമെന്ന് തോന്നി...."

അല്ലല്ല, എന്തോ ഉണ്ട്, ധൈര്യമായി പറഞ്ഞോളൂ, ...."

"അത്, നമുക്ക് വിവാഹം കഴിച്ചാലോ പീറ്റർ?"

വാട്ട്? വിവാഹം? നമ്മൾ ഇതുവരെ ഡേറ്റിംഗ് തുടങ്ങിയിട്ടില്ല, ഒരുമിച്ച് ഉറങ്ങിയിട്ടില്ല, പിന്നെ, എങ്ങിനെ വിവാഹത്തെപ്പറ്റി ആലോചിക്കും, തന്റെ കൂടെയുള്ള സെക്സ് എങ്ങിനെയെന്നു പോലും അറിയാതെ..... എനിക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല. "

"പീറ്റർ, ഞാൻ പറഞ്ഞതല്ലേ, ഒരു വിവാഹത്തിലൂടെ മാത്രമേ സെക്സിന് എന്റെ മനസ്സും ശരീരവും തയ്യാറാവൂ എന്ന്...! നീ എന്നെ മനസിലാക്കിയിട്ടുണ്ടാവും എന്നോർത്താണ് ഇപ്പോൾ വിവാഹക്കാര്യം പറഞ്ഞത്. ദയവായി ക്ഷമിക്കുക."

കൂടുതൽ പറയാനോ അവിടെ ഇരിക്കാനോ തോന്നിയില്ല. യാത്ര പോലും പറയാതെ വേഗം എഴുന്നേറ്റു പോന്നു.....

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച്, സൈഡ് വ്യൂ മിററിലൂടെ കണ്ട തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... നിറഞ്ഞ മിഴികൾക്കപ്പുറം അമ്മയുടെ മുഖമാണ് അപ്പോൾ അവിടെ തെളിഞ്ഞു വന്നത്.

അമ്മ...! എന്തു ചെയ്യുകയായിരിക്കും അവരിപ്പോൾ....? തന്റെ മക്കൾക്ക് ഭക്ഷണം ഉണ്ടാക്കുകയോ അവരുടെ തുണികൾ കഴുകുകയോ ആവാം. അല്ലെങ്കിൽ തല്ലു കൂടുന്ന അവരെ സ്നേഹത്തോടെ ശാസിക്കുകയാവും ...

എന്തൊക്കെ സ്വപ്നങ്ങളോടെയാണ് നൈജീരിയയിൽ നിന്നും അമ്മയെ തേടി എത്തിയത് .തനിക്ക് മൂന്നു വയസുള്ളപ്പോഴാണ് അച്ഛനിൽ നിന്നും പിരിഞ്ഞു അമ്മ പോയത്. രണ്ടു വർഷങ്ങൾക്കുള്ളിൽ അച്ഛനും വേറൊരു കുടുംബമായപ്പോൾ അനാഥമായത്‌ കുഞ്ഞു ക്രിസ്റ്റിനയാണ്. അച്ഛന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ തന്നോട് രണ്ടാനമ്മ കാണിക്കുന്ന ക്രൂരതകൾ.... വിശന്നു കരഞ്ഞുറങ്ങിയ നാളുകളെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയുന്നല്ലോ.... അച്ഛനും മർദ്ദനം തുടങ്ങിയതോടെയാണ്‌ തന്നെ സ്വന്തം കുഞ്ഞുങ്ങളോടൊപ്പം വളർത്താൻ അമ്മായി കൊണ്ടു പോയത്. അവിടെ ഭക്ഷണത്തിന് കുറവുണ്ടായിരുന്നെങ്കിലും പേടിക്കാതെ കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നു. രാപ്പകൽ ജോലി ചെയ്താലും അമ്മായിയും അഞ്ചു മക്കളും താനും അടങ്ങുന്ന വലിയ കുടുംബത്തെ പോറ്റാൻ അമ്മായി കഷ്ടപ്പെട്ടു. അതിനാൽ കുട്ടികളെ ആരെയും സ്കൂളിൽ പോലും അയക്കാൻ അമ്മായിക്ക് കഴിഞ്ഞില്ല. ഇതിനിടെ അമ്മായി വയ്യാതെ കിടപ്പിലാവുകയും ചെയ്തു. അമ്മായിയുടെ മൂത്ത മകൻ പന്ത്രണ്ടു വയസുകാരൻ ആൽഫ്രെഡ് ചുമടെടുക്കാൻ പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കഴിഞ്ഞു പോയ ആ നാളുകളുടെ തളർന്ന മുഖം ഇപ്പോഴും വിങ്ങലായി ഹൃദയത്തിൽ പടരുന്നു. ആ കുടുംബം എങ്ങിനെയൊക്കെയോ മുന്നോട്ടു പോയി. ആൽഫ്രഡ്‌ പണിയെടുക്കാൻ പോയ സ്ഥലത്തെ ഒരു നല്ല മനുഷ്യൻ അവനെ പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങിനെ ആൽഫ്രെഡ് സ്കൂളിൽ പോകാതെ തന്നെ അദ്ദേഹത്തിൽ നിന്നും പഠനം ആരംഭിച്ചു.

താൻ പഠിക്കുന്നത്, ആൽഫ്രെഡ് വീട്ടിൽ വന്നു സഹോദരങ്ങളേയും പഠിപ്പിക്കും. അങ്ങിനെ ദാരിദ്ര്യത്തിനിടയിലും ഒരു മാതിരിയൊക്കെ എഴുതാനും വായിക്കാനും പഠിച്ചു. പറയുന്ന പോലെ എളുപ്പമല്ലായിരുന്നെങ്കിലും എഴുതാനും വായിക്കാനും കഴിയുക എന്നത് വളരെ വലിയൊരു കാര്യം തന്നെയായിരുന്നു.

തനിക്ക് ഏതാണ്ട് പതിനാലു വയസുള്ളപ്പോഴാണ് അമ്മായിയുടെ മരണം. അതിനു മുൻപേ എപ്പോഴോ ഒരിക്കൽ അവളുടെ അമ്മ കാനഡയിൽ ഉണ്ടെന്നു അമ്മായി പറഞ്ഞിരുന്നു. എന്നാൽ വിശദ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. അമ്മായിയുടെ മരണത്തിൽ കുടുംബമാകെ പകച്ചു പോയെങ്കിലും ആൽഫ്രെഡിന്റെ ധൈര്യത്തിൽ അവർ മുന്നോട്ടു പോകുന്നതിനിടയിലാണ് തന്നോട് കാനഡയിൽ പോയി രക്ഷപ്പെടാൻ അവൻ ഉപദേശിക്കുന്നത്. ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ . എവിടെയൊക്കെയോ ഓടി നടന്ന് അമ്മയുടെ വിലാസം കണ്ടുപിടിച്ചു കൊണ്ടു വന്നു അവൻ. അമ്മക്ക് കത്തെഴുതി കാത്തിരുന്ന കാലത്തെ ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം വിങ്ങുകയാണ്....

അമ്മയുടെ ആദ്യ മറുപടി വന്നപ്പോൾ , തനിക്ക് അമ്മയുണ്ടെന്ന സത്യം അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം ഇപ്പോഴും മധുരിക്കുന്ന ഓർമ്മ . കുറെ നേരത്തേക്ക് കത്ത് തുറക്കാൻ പോലുമുള്ള ധൈര്യമില്ലായിരുന്നു. ഒടുവിൽ ആൽഫ്രെഡാണ് ആ കത്തു തുറന്നത്.

എന്നാൽ, കത്തിൽ അമ്മയ്ക്കും വേറൊരു കുടുംബം ഉണ്ടെന്നും അതിനാൽ കൂടെ കൊണ്ടു പോകാൻ കഴിയില്ലെന്നും അമ്മ എഴുതിയത് വായിച്ചു കേട്ടപ്പോൾ ഹൃദയം നിന്നു പോയ പോലെയാണ് അനുഭവപ്പെട്ടതെന്ന് ഓർത്തപ്പോൾ അറിയാതെ തേങ്ങിപ്പോയി. എങ്കിലും ക്രിസ്റ്റിനയെ സ്പോണ്‍സർ ചെയ്യാം എന്ന്‍ അമ്മ എഴുതിയിരുന്നു. പോയി രക്ഷപ്പെടാൻ ആൽഫ്രെഡ് അടക്കമുള്ളവർ ഉപദേശിച്ചിട്ടും മനസ്സ് ശാഠ്യത്തോടെ പിന്തിരിഞ്ഞു നിന്നു. നിർബന്ധം സഹിക്കാതെ വന്നപ്പോഴാണ് അർദ്ധസമ്മതം മൂളിയത്. അങ്ങിനെ, അമ്മയുടെ സ്പോണ്‍സർഷിപ്പിൽ പതിനേഴാം വയസ്സിൽ അമ്മയുടെ അടുത്തേക്ക് വീണ്ടും ...

അമ്മയുടെ വീട്ടിൽ താമസിച്ച ദിവസങ്ങളും കണ്ണീരിന്റെ ഉപ്പു രസത്തിൽ മുങ്ങിത്തീർന്നവയായിരുന്നു. അമ്മക്ക് മറ്റു മൂന്നു മക്കളോടായിരുന്നു സ്നേഹം മുഴുവൻ. അമ്മയുടെ ഒരു ആലിംഗനത്തിനായി ഒരു പാടു കൊതിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അന്നൊക്കെ തന്റെ അർദ്ധസഹോദരങ്ങളോട് അസൂയയും ദേഷ്യവുമാണുണ്ടായിരുന്നത്. അമ്മായി പോലും ഇതിൽ കൂടുതൽ തന്നെ സ്നേഹിച്ചിരുന്നല്ലോ എന്നോർത്ത് ആരും കാണാതെ എത്ര കരഞ്ഞിരിക്കുന്നു ആ ദിവസങ്ങളിൽ ... .!

ഏതോ ഒരാളോടെന്ന പോലെയുള്ള അമ്മയുടെ പെരുമാറ്റം ഹൃദയത്തെ കുത്തി നോവിക്കുമ്പോഴും വീട്ടു ജോലികളിൽ സഹായിക്കാൻ ചെന്ന തന്നെ അവർ മാറ്റി നിർത്തിയപ്പോഴും സ്നേഹത്തിനായി കൊതിച്ചു പിടയുകയായിരുന്നുവെന്ന് അവർ അറിഞ്ഞതേയില്ലല്ലോ ....!

ഒരാഴ്ച കഴിഞ്ഞു, വേറൊരു അപ്പാർട്ട്മെന്റിലേക്ക് അമ്മ തന്നെ മാറ്റിപ്പാർപ്പിച്ചു. ഏതോ ഗുഹയിൽ തനിച്ചകപ്പെട്ട പോലെ ആ അപ്പാർട്ട്മെന്റിൽ കിടന്നു കരഞ്ഞു തീർത്തു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ആരുമില്ലാതെ, ആർക്കും വേണ്ടാതെ എന്തിന് ഇങ്ങിനെയൊരു ജന്മം... ? തന്നെ വേണ്ടായിരുന്നെങ്കിൽ ജനിച്ചപ്പോഴേ ഇല്ലാതാക്കാമായിരുന്നില്ലെ ...? നൂറു നൂറു ഉത്തരമില്ലാത്ത ചോദ്യങ്ങൾ ...!

എന്നാൽ, ആൽഫ്രെഡിന്റെ കത്ത് ജീവിക്കണം എന്ന പ്രേരണയുണ്ടാക്കി. അങ്ങിനെ നാളുകൾക്കു ശേഷം പുറത്തിറങ്ങി, ജോലി അന്വേഷിക്കാൻ തുടങ്ങി. സിൻ കാർഡ്‌ കിട്ടുന്നതു വരെ കാഷ് ജോബ്സ് ചെയ്തു. അത്യാവശ്യത്തിനുള്ളത് മാത്രം എടുത്ത് ബാക്കി പണം ചേർത്തു വെച്ചു. അതിനിടയിൽ കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും കേട്ടറിഞ്ഞ് അഡൽറ്റ് സ്കൂളിൽ പഠിക്കാൻ ചേർന്നു. സ്വപ്രയത്നത്താൽ ഇന്നൊരു പേർസണൽ സപ്പോർട്ട് വർക്കർ ആയിത്തീരുകയും നൈജീരിയയിലുള്ള അമ്മായിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നുണ്ട്....

അതേ, കരഞ്ഞു തീർക്കേണ്ടതല്ല തന്റെ ജീവിതം... ! പീറ്റർ പോയതിൽ സങ്കടമുണ്ടെങ്കിലും താൻ ജീവിക്കും.

തന്റെ കുഞ്ഞുങ്ങൾ പിറക്കുന്നത് വെറും സെക്സിൽ നിന്നാവില്ല, സ്നേഹത്തിൽ നിന്ന്.... അച്ഛനും അമ്മയും ചേർന്ന കുടുംബത്തിൽ നിന്നാവണം .... കെട്ടുറപ്പുള്ള ഒരു കുടുംബജീവിതത്തിൽ നിന്നല്ലാതെ ഒരു കുഞ്ഞ് തനിക്കുണ്ടാവില്ല എന്നത് വീണ്ടും വീണ്ടും മനസ്സിൽ ഉറപ്പിച്ച് ക്രിസ്റ്റീന കാർ സ്റ്റാർട്ട്‌ ചെയ്തു. കാറിന്റെ വേഗത അവൾ അറിഞ്ഞില്ല, മനസ്സിൽ ആർജ്ജിച്ചെടുത്ത തന്റേടത്തോടൊപ്പം കാറും വേഗതയോടെ ചരിക്കുകയായിരുന്നു.....

← ഉള്ളടക്കം