≡ ജനുവരി 2016 ലക്കം

ചെറുകിട വിപ്ലവങ്ങളും ചെറിയ മനുഷ്യരും

കഥ
ഡോ. മനോജ്‌ വെള്ളനാട്

സ്വന്തം അധികാരപരിധി അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒരു തെരുവുനായ, മുപ്പതുവര്‍ഷം മുമ്പ് തുടങ്ങുകയും പത്തുവര്‍ഷം മുമ്പടച്ചു പൂട്ടുകയും ചെയ്ത വെള്ളിമല കര്‍ഷകസംഘത്തിന്‍റെ ഇളകിവീണ നെയിംബോര്‍ഡിലേക്ക് ആരെയും കൂസാതെ നിന്ന് മൂത്രമൊഴിച്ച് ഒന്ന് മണത്തുനോക്കി ഉറപ്പുവരുത്തിയ ശേഷം വലത്തേയ്ക്കുള്ള ഇടവഴിയേ ഗൗരവത്തില്‍ നടന്നുപോയി. പട്ടി പെടുക്കുന്നത് നേരില്‍ കണ്ടാല്‍ അന്നത്തെ ദിവസം പോക്കാണെന്ന് പള്ളിക്കൂടത്തില്‍ പോകുന്ന കാലം മുതലേയുള്ള അടിയുറച്ച വിശ്വാസത്താല്‍ 'ശ്ശേ..!' എന്നുറക്കെപ്പറഞ്ഞു അറിയാതെ കണ്ണുപൊത്തിപ്പോയി സതീഷും ദീപക്കും.

ഗൃഹപാഠം ചെയ്യാത്തതിന് സ്കൂളില്‍ നിന്നും അടി, ഉടുപ്പില്‍ മഷി പുരണ്ടതിനു വീട്ടില്‍ നിന്നും വഴക്ക്, തുടങ്ങി നിരവധി ദുരനുഭവങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെങ്കിലും, പട്ടികള്‍ക്കുള്ള ഈ വിചിത്രമായ കഴിവില്‍, മനുഷ്യരുടെ വിധിയെ നിയന്ത്രിക്കുന്നതില്‍ അത് വഹിക്കുന്ന നിര്‍ണ്ണായകമായ പങ്കില്‍ മുമ്പൊരിക്കലും അത്ഭുതം തോന്നാത്തതില്‍ ഇരുവര്‍ക്കും അത്ഭുതം തോന്നി. ഇനിയൊരു മഴകൂടി പെയ്താല്‍ മൂത്രം കൊണ്ടുള്ള ആ അടയാളം മാഞ്ഞുപോകില്ലേ എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും, ഇനി ഇതുകാരണമെങ്ങാനും ഇന്നത്തെ വിപ്ലവാത്മകപരിപാടി കുളമാകുമോ എന്നൊരുള്‍ഭയം ഇരുവരുടേയും നെഞ്ചില്‍നിന്നും പുറപ്പെട്ട് തലവഴി മേലെ ആകാശത്തുപോയി മേഘങ്ങളായി നിഴലിച്ചു നിന്നു.

റോഡരികത്തെ കുഴിയില്‍ കെട്ടിക്കിടന്ന ചെളിവെള്ളത്തിലും ചുറ്റിലും പരന്നുകിടന്ന ചെമന്ന ചെളിയിലും ചവിട്ടാതെ പ്രത്യേകം ശ്രദ്ധിച്ച്, പട്ടിപോയ വഴിയേതന്നെ വാസുദേവന്‍ സാറിന്‍റെ വീട്ടിലേക്ക് തിരിഞ്ഞു. ഇന്നത്തെ പരിപാടിക്കായി പ്രത്യേകം അലക്കിത്തേച്ച മുണ്ടാണ്. നനഞ്ഞമതിലില്‍ ദേഹംചാരാതെ ശ്രദ്ധിച്ചുനിന്ന് പട്ടിക്കൂടിരിക്കുന്ന ഭാഗത്തേക്ക് എത്തിനോക്കിയശേഷം, ഗേറ്റ് തുറന്നകത്ത് കടന്നു. കൂട്ടില്‍ കിടന്ന പൈതഗോറസ് ഒന്നു മുരണ്ട ശേഷം സ്വന്തം ചൂടിലേക്ക് ചുരുണ്ടുകൂടി. നാട്ടില്‍ പ്രവാസികള്‍ ധാരാളമെങ്കിലും ഒരു വിദേശിനായയെ കൂട്ടിലിട്ടു വളര്‍ത്തിയ വെള്ളിമലയിലെ ആദ്യവ്യക്തിയാണ് വാസുദേവന്‍‌ സാര്‍. രണ്ടാമന്‍ അയല്‍വാസിയും ആജന്മശത്രുവുമായ പീറ്ററും. ജിഞ്ചര്‍ മോന്‍ഗ്രല്‍ ഇനത്തില്‍പെട്ട നായയെ ഗ്രീസില്‍ നിന്നും കപ്പല്‍മാര്‍ഗ്ഗം ശ്രീലങ്ക, ചെന്നൈ, തിരുവനന്തപുരം വഴി വെള്ളിമലയില്‍ എത്തിച്ചതും, അതിനു ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍റെ പേരിട്ടതും വാസുദേവന്‍‌ സാറാണ്. ഇതൊരു സാധാരണ നായല്ല, ഇവന്‍റെ അടുത്ത ബന്ധുക്കള്‍ ഗ്രീസില്‍ നിരവധി ആഭ്യന്തരകലാപങ്ങളില്‍ സര്‍ക്കാരിനെതിരെ പൊരുതിയ വിപ്ലവകാരികളാണെന്നും ഇവന്‍റച്ഛന്‍റെ പടം ടൈം മാഗസിനില്‍ അച്ചടിച്ചുവന്നിട്ടുണ്ടെന്നുമൊക്കെ വാസുദേവന്‍‌ സാര്‍ ലൈബ്രറിയില്‍ നേരംകൊല്ലാന്‍ വന്നിരിക്കുന്നവര്‍ക്ക് മുടങ്ങാതെയും ഒട്ടുംതന്നെ മടുപ്പില്ലാതെയും എന്നും ക്ലാസ്സ്‌ എടുക്കും.

"'ഇതമ്മുടെ പൈതഗോറസിന്‍റച്ഛനാ" എന്നുപറഞ്ഞു തോക്കുധാരികളായ പട്ടാളക്കാരുടെ മുന്നില്‍ നിര്‍ഭയം നില്‍ക്കുന്ന മറ്റൊരു ജിഞ്ചര്‍ മോന്‍ഗ്രലിന്‍റെ പടം കാണിച്ചുകൊടുക്കും.

"ഇതോ?! ഇതു നമ്മുടെ നാടന്‍ പട്ടിയല്ലേ?"

എന്നറിയാതെ ചോദിച്ചുപോയവരുടെയെല്ലാം പൂര്‍വികരെ പ്രായലിംഗഭേദമന്യേ ശ്വാനനാമത്തില്‍ വാഴ്ത്തപ്പെടുത്തും. എന്തായാലും പൈതഗോറസിന് വെള്ളിമലയിലെ താരമായിമാറാന്‍ സ്വന്തമായൊന്നു കുരയ്ക്കുകപോലും വേണ്ടിവന്നില്ല. 'വിദേശിനായയും സ്വദേശി നായരും' , 'അടിക്കുന്ന സാറിന്‍റെ പട്ടി കടിക്കില്ല' തുടങ്ങിയ പ്രാദേശികമായി പ്രചാരമുള്ള നിരവധി പ്രയോഗങ്ങള്‍ സ്നേഹക്കൂടുതലുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ സാറിനെയും പൈതഗോറസിനെയും ചേര്‍ത്ത് മെനഞ്ഞെടുത്തിട്ടുമുണ്ട്.

ചുമരിലെ വിളിമണിയുടെ സ്വിച്ചില്‍ വിരലമര്‍ത്തി കാത്തുനിന്നു, ദീപക്. സതീഷ്‌, "സാര്‍.. സാര്‍.. " എന്ന് എത്തിവലിഞ്ഞുള്ളിലേക്ക് വിളിച്ചു. മുറ്റത്തിരുന്ന മൂന്നു ചെടിച്ചട്ടികളില്‍ കാശിത്തുമ്പ, യൂഫോര്‍ബിയ, പിന്നെ പേരറിയാത്ത ഒരിനം പൂച്ചെടി എന്നിവ ഈറനണിഞ്ഞു നിന്നു.

"സാറില്ലേ ടീച്ചര്‍..?"

അകത്തെ ഇരുട്ടില്‍നിന്നും വാതം ബാധിച്ചു വീങ്ങിയ പാദങ്ങളുടെ ഭാരവും പേറി പ്രത്യക്ഷയായ ഡെയിസി ടീച്ചറോട് സതീഷ് വിനയത്തില്‍ ചോദിച്ചു. ദീപക്കിന്‍റെ മുഖപേശികളും വിനയഭാവത്തിലേക്ക് മന്ദമന്ദം ക്രമീകരിക്കപ്പെട്ടു. വാസുദേവന്‍‌ സാറും ഡെയിസി ടീച്ചറും പെന്‍ഷന്‍ പറ്റി വിശ്രമജീവിതത്തിലാണെങ്കിലും, ടീച്ചര്‍ മാത്രമാണ് ശരിക്കും വിശ്രമിക്കുന്നത്. സാര്‍ തോട്ടത്തിലെ റബ്ബര്‍ കൃഷി, ടെറസിലെ പച്ചക്കറികൃഷി, വായനശാലയുടെ ചുമതലയൊക്കെയായി എപ്പോഴും തിരക്കിലാണ്. രണ്ടുമാസം കൂടുമ്പോള്‍ കാപ്പിക്കാടുള്ള മകളുടെ ഭവനസന്ദര്‍ശനവും ഇടയ്ക്കിടയ്ക്ക് കാലിലെ നീരിനു ഡോക്ടര്‍മാരെയും നാട്ടുവൈദ്യന്മാരെയും മാറിമാറി കാണാനുള്ള പോക്കുമാണ് ടീച്ചര്‍ക്ക് വീടിനു പുറത്തേയ്ക്കുള്ള യാത്രകള്‍.

"എന്താണ് സതീഷേ.. ഓണാഘോഷോന്നും ഇനീം തീര്‍ന്നില്ലേ.. മാസം രണ്ടായില്ലേ.."

ചോദ്യത്തിനൊപ്പം ചെറുതല്ലാത്തൊരുചിരി ടീച്ചറിന്‍റെ മുഖത്തേക്ക് ഇരച്ചുവന്നെങ്കിലും കാലിലെ വേദന അതിന്‍റെ പ്രവേഗത്തെ തടഞ്ഞത് സതീഷ്‌ ശ്രദ്ധിച്ചു. രണ്ടുമാസം മുമ്പൊരു കാര്യമുണ്ടായി. ഓണാഘോഷത്തിന്‌ സംഭാവന പിരിക്കാന്‍ വന്ന സതീഷിനുനേരെ, പ്രാഥമിക കൃത്യങ്ങള്‍ക്കായി ലഭിക്കുന്ന താല്‍കാലിക സ്വാതന്ത്ര്യത്തില്‍ അഭിരമിക്കുകയായിരുന്ന പൈതഗോറസ് കുരച്ചുകൊണ്ടു ഒറ്റചാട്ടം. അപ്രതീക്ഷിതമായ ആക്രമണത്തില്‍ വിരണ്ടുപോയ സതീഷ്‌, നിലവിളിക്കുന്നതിനൊപ്പം കറ്റാര്‍വാഴ നട്ടിരുന്ന ചെടിച്ചട്ടി ചവിട്ടിപ്പൊട്ടിച്ചുകൊണ്ട് മതിലും ചാടി ഓടി അടുത്തവീട്ടിലെ മറപ്പുരയില്‍ ഒളിച്ചു. മതിലു ചാടാനാകാതെ പകച്ചുനിന്ന ഗ്രീക്ക് വിപ്ലവകാരി കുറച്ചുനേരം കൂടി കുരച്ചു രംഗം കൂടുതല്‍ വഷളാക്കി. പുറത്തറിഞ്ഞാല്‍ തകരുന്ന പ്രതിച്ഛായയോര്‍ത്ത് സതീഷ്‌ ആരെയുമറിയിക്കാത വച്ചിരുന്ന ആ മഹാരഹസ്യം,

"അവനന്ന് തിരിഞ്ഞോടിയ വഴീലിനീം പുല്ലുമൊളച്ചിട്ടില്ല"

എന്നൊരു അതിശയോക്തിയും ഘടിപ്പിച്ചു ഡെയിസി ടീച്ചര്‍ കാണുന്നവരോടെല്ലാം പറഞ്ഞു. 'പൈതഗോറസ് നിയമം- മട്ടകോണ്‍ മുതല്‍ മറപ്പുര വരെ' എന്ന തലക്കെട്ടോടെ പഴയസഹപാഠി അനു സക്കറിയ അതിനെയൊരു തമാശക്കഥയാക്കി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതോടെ സതീഷിന് നാട്ടിലും ഫേസ്ബുക്കിലും വലിയ മാനക്കേടായി. ആ സംഭവമോര്‍ത്തുള്ള ചിരിയാണിതെന്നറിയാമെങ്കിലും ഉള്ളിലെ ജാള്യത മുഖത്തുപടരാതെ ശ്രദ്ധിച്ച് സതീഷ്‌ പറഞ്ഞു,

"ഇതുവേറെ പരിപാടിയാ ടീച്ചര്‍.. നമ്മുടെ ഫേസ്ബുക്ക്‌ കൂട്ടായ്മേടെ.. സാറില്ലേ ..?"

"ഒണ്ടൊണ്ട്.. വെളേല് പെണ്ണുങ്ങള് പണിക്ക് നിപ്പോണ്ട്.. അതിന്‍റെ പുറകേയാ.. ഇപ്പോവരും. കേറി ഇരി.."

രണ്ടാളും നനഞ്ഞ ചെരുപ്പഴിച്ചു കൂടുതല്‍ നനയാത്ത വിധത്തില്‍ വരാന്തയില്‍ വച്ചു. കുറെ പഴയ പുസ്തകങ്ങള്‍ പൊടിപിടിച്ച അലമാരയ്ക്കുള്ളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചരിഞ്ഞു കിടന്നു. സതീഷ് സ്വിച്ച്ബോര്‍ഡിലെ ബട്ടണുകള്‍ മാറിമാറിക്കുത്തി ട്യൂബ് ലൈറ്റിന്‍റെ സ്വിച്ച് കണ്ടെത്തി. മേശപ്പുറത്ത് കിടന്ന മാസികയില്‍ ഉരുളക്കിഴങ്ങ് തിന്നാല്‍ ഗ്യാസ് കൂടുമോ എന്നൊരു മധ്യവയസ്കയുടെ ചോദ്യത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി വായിച്ചു അറിവു ശേഖരിക്കാനിരുന്നു ദീപക്.

"സാറാണിവിടെ ചായേക്കെ ഒണ്ടാക്കണത്.. എനിക്കാണെങ്കിലൊരു രണ്ടുമിനിറ്റിക്കൂടുതല്‍ നിക്കാന്‍ പറ്റൂല്ല.. നീരുവന്നു വീങ്ങും കാല്.. "

വലതുകാലിന്‍റെ മുട്ട് തടവിക്കൊണ്ട് ടീച്ചര്‍ സങ്കടപ്പെടുകയാണ്.

"എന്താണിന്ന് പരിപാടി? സാറിനെ മാത്രേ വിളിക്കണൊള്ളാ? എന്നെ വിളിച്ചാലും, വരാന്‍ പാടാണ്.. വയ്യ നടക്കാന്‍.."

ദീപക് മാസികാപഠനം നിര്‍ത്തി സതീഷിനെ നോക്കി. സതീഷ് തിരിച്ചും. രണ്ടാളും ടീച്ചറിനെയും തുടര്‍ന്ന് മൂന്നാളും നീരുവന്ന കാലുകളിലേക്കും നോക്കി. നല്ല നീരുണ്ട്.

"ഞങ്ങള്‍ ലൈബ്രറിഹാളിന്‍റെ കീ വാങ്ങാനാണ് ടീച്ചറെ വന്നത്.. അത് കിട്ടീലങ്കി ഇന്നത്തെ പരിപാടി മൊത്തം കൊളാവും.."

ദീപക് മാഗസിന്‍ കയ്യിലൊതുക്കിപ്പിടിച്ച് മുന്നോട്ടാഞ്ഞിരുന്നു.

പത്തോ അതിലധികമോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, സതീഷും ദീപക്കും വാസുദേവന്‍ സാറിന്‍റെയും ഡെയിസി ടീച്ചറിന്‍റെയും വിദ്യാര്‍ത്ഥികളായി അത്യാവശ്യത്തിനു അടിയൊക്കെക്കൊണ്ട് നടക്കുന്ന കാലത്ത്,വെള്ളിമലയില്‍ മുക്കിലുംമൂലയിലും നിരവധി കലാ-കായിക ക്ലബ്ബുകള്‍ സജീവമായിട്ടുണ്ടായിരുന്നു. ചേട്ടന്മാര്‍ ക്ലബ്‌ മത്സരങ്ങള്‍ക്ക് പ്രാക്ടീസ് നടത്തുമ്പോള്‍ ദൂരേയ്ക്ക് പോകുന്ന പന്ത് തിരികെ എടുത്തുകൊണ്ടുവരുക, കുളത്തില്‍ മുങ്ങാംകുഴിയിടുമ്പോള്‍ കരയിലിരുന്ന് നേരമെണ്ണുക, ഇതൊക്കെയായിരുന്നു ഇരുവരുടെയും പ്രധാന പ്രവര്‍ത്തനങ്ങള്‍. അവര്‍ വളര്‍ന്നപ്പോള്‍ ചെറുപ്പക്കാര്‍ ഫേസ്ബുക്കില്‍ കുടിയേറി അവനവനെ സ്വയം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രവൃത്തികളിലേക്കും ക്ലബ്ബുകള്‍ പതിയെപ്പതിയെ അടച്ചുപൂട്ടല്‍ പ്രക്രിയയിലേക്കും മുഴുകിയൊതുങ്ങി.

ഫേസ്ബുക്കില്‍ ചിതറിക്കിടക്കുന്ന സ്വന്തം നാടിന്‍റെ യുവരക്തത്തെ നാടിന്‍റെ നന്മയ്ക്കും നവഭാരത സൃഷ്ടിക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സ്വന്തം ഗ്രാമത്തിന്‍റെ ഗൃഹാതുരസ്മരണകളുമായി സതീഷ്, 'സില്‍വര്‍ ഹില്‍; ഔര്‍ ഗോള്‍ഡന്‍ വില്ലേജ്' എന്നപേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയത്. ഇതിനുപുറമേ 'എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി' എന്ന മുദ്രാവാക്യവുമായി സതീഷും ദീപക്കുമുള്‍പ്പെടുന്ന മറ്റൊരു യുവജനസംഘടന സൗജന്യമായി പി.എസ്.സി. പരീക്ഷാപരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. ബാലരാമപുരത്തുനിന്നും വരുന്ന വര്‍മ്മസാറാണ് സൗജന്യ പി.എസ്.സി.ക്ലാസുകളുടെ ഉപജ്ഞാതാവും സ്ഥിരം അധ്യാപകനും. സൗജന്യമായതിനാല്‍ വിദ്യാര്‍ത്ഥികളും ധാരാളം.

സ്വന്തം നാടിന്‍റെ പേരിലുള്ള മുഖപുസ്തകക്കൂട്ടായ്മയുടെ മുതലാളിയായതില്‍ സതീഷിന് ആദ്യകാലത്ത് ചെറിയ അഭിമാനമൊക്കെ തോന്നിയിരുന്നു. എന്നാല്‍ കേരളകോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പുണ്ടാകാതെ നോക്കുന്നതിനേക്കാള്‍ പ്രയാസമാണ് ഈ ഗ്രൂപ്പിലെ സ്വന്തം നാട്ടുകാരെ ഒരുമിച്ചുനിര്‍ത്തുകയെന്നു മനസിലായതോടെ അതൊരല്‍പം അടങ്ങിയിട്ടുണ്ട്. ഗ്രൂപ്പംഗങ്ങളധികവും പ്രവാസികളായിരുന്നു. ലോകത്തിന്‍റെ അങ്ങറ്റം ഇങ്ങറ്റം ചിതറിക്കിടന്ന വെള്ളിമലക്കാരെ ഫേസ്ബുക്ക്‌ ഒരു വിരല്‍ത്തുമ്പില്‍ തളച്ചു. ചെറുപ്പത്തില്‍ നാടുവിട്ടുപോയ ശ്രീബുദ്ധനെ അര്‍മേനിയയില്‍ നിന്നും കണ്ടെത്തി. നേരത്തെതന്നെ ശത്രുതയിലായിരുന്ന അനു സക്കറിയയും സതീഷും കൂടുതല്‍ ശത്രുക്കളാകുകയും അക്കാര്യം ലോകം മുഴുവനറിയുകയും ചെയ്തു. വാസുദേവന്‍‌ സാറിന്‍റെ അയല്‍വാസി പീറ്ററിന്‍റെ മകന്‍ അലോഷിയുടെ ഭാര്യ എല്‍സി പെറ്റു മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്‍റെ പേരില്‍ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുറന്ന് പുതിയചരിത്രം തന്നെയെഴുതി, പുരോഗമനവാദിയും ഫേസ്ബുക്ക്‌ കവിയുമായ വെള്ളിമല അലോഷി. ഇങ്ങനെ ഫേസ്ബുക്ക് വിപ്ലവം വെള്ളിമലക്കാരുടെ നിത്യജീവിതത്തിലേക്ക് പച്ചക്കറിയില്‍ കീടനാശിനിയെന്നപോലെ നിശബ്ദം അലിഞ്ഞുചേരുകയായിരുന്നു.

രാഷ്ട്രീയം, മതപരമായ എഴുത്തുകള്‍, വ്യക്തിഹത്യാപരമായ കുറിപ്പുകള്‍, ലൈംഗിക ചുവയുള്ളതോ അശ്ലീലമോ ആയ പോസ്റ്റുകള്‍ ഇവയ്ക്കൊക്കെ സതീഷിന്‍റെ ഫേസ്ബുക്ക്‌ ഗ്രൂപ്പിനുള്ളില്‍ നിരോധനം ഉള്ളതാണ്. അത് ലംഘിക്കുന്നവരെ സതീഷ്‌ ആദ്യം രഹസ്യമായും പിന്നെ പരസ്യമായും താക്കീത് ചെയ്യുകയും തുടര്‍ന്ന് ഗ്രൂപ്പിന് പുറത്താക്കുകയും ചെയ്തു. 'ഞങ്ങള്‍ യുക്തിവാദികള്‍' എന്ന് പേരുള്ള ഒരു കൂട്ടം യുവാക്കള്‍ പ്രത്യേകിച്ച് ഏതെങ്കിലും മതത്തെയോ ദൈവങ്ങളെയോ പേരെടുത്ത് പറയാതെ ചില കുറിപ്പുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തിരുന്നത് ആരോടും ആലോചിക്കാതെ നീക്കം ചെയ്തതിനെതിരെ സംഘടിതമായ ഒരു ഓണ്‍ലൈന്‍ ആക്രമണം സതീഷ് ഈയടുത്തു തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. യുക്തിവാദം കലര്‍പ്പില്ലാത്ത ശാസ്ത്രമാണെന്നും അതിനു ഏതെങ്കിലും മതവുമായോ ദൈവങ്ങളുമായോ ബന്ധമില്ലെന്നും യുക്തിവാദികള്‍ വാദിച്ചു. ഇക്കാര്യം പറഞ്ഞു രണ്ടമേരിക്കക്കാരും ഒരു ഫ്രെഞ്ചുകാരനും നാട്ടില്‍ അല്‍പസ്വല്പം പേരുദോഷം കേള്‍പ്പിച്ചശേഷം ഷാര്‍ജയില്‍ സെറ്റില്‍ ചെയ്ത ആന്‍സി എന്ന ഹോംനേഴ്സും നിരവധി നാട്ടുകാരും സ്വന്തം കിടപ്പറകളിലിരുന്ന് ഏറ്റുമുട്ടി. ദൈവമുണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരുകൂട്ടം, ദീപക്കിന്‍റെ നേതൃത്വത്തില്‍ മൗനം ഭജിച്ചു. സ്വന്തം അയല്‍ക്കാരനും ചെന്നൈയില്‍ ഗ്രാഫിക് ഡിസൈനറും ക്ഷേത്രോത്സവത്തിന് സ്ഥിരമായി വെടിക്കെട്ട് സംഭാവന ചെയ്യുന്നവനുമായ അനിലേട്ടന്‍, ഗ്രൂപ്പിനുള്ളില്‍ യുക്തിവാദികള്‍ക്ക് വേണ്ടി വാദിച്ചത് സതീഷിനെ സാരമായി തളര്‍ത്തി.

"തന്‍റെ ഭാര്യയ്ക്ക് നാളെ മുതല്‍ കൂവളത്തിലയും മുരിങ്ങക്കായും പറിക്കാന്‍ എന്നെ നോക്കണ്ട"

എന്ന് സതീഷ് അല്പം വൈകാരികമായിത്തന്നെ പ്രതികരിച്ചു. വ്യാജനാമങ്ങളില്‍ ചര്‍ച്ചക്ക് വന്ന പലരും അനിലിനെ ഒളിഞ്ഞും തെളിഞ്ഞും ചൊറിഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ കോയമ്പത്തൂര്‍ വഴിയുള്ള ചെന്നൈമെയിലില്‍ അനില്‍ നാട്ടിലെത്തുകയും രണ്ടുവീട്ടുകാരും തമ്മിലുള്ള ഗംഭീരമായ തെറിവിളികള്‍ക്ക് ശേഷം വൈകുന്നേരം തിരുനെല്‍വേലി വഴിയുള്ള ചെന്നൈമെയിലില്‍ ഭാര്യയേം കൂട്ടി തിരികെപ്പോകുകയും ചെയ്തു. ഇത്തരം ശക്തമായ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ അനുവദിക്കാതെ എങ്ങനെയാണ് നാട്ടില്‍ മാറ്റങ്ങള്‍ വരുന്നതെന്ന് ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അശോകന്‍ ഓണ്‍ലൈനില്‍ ചോദിക്കുകയും കടയില്‍ മുടിയും താടിയും കളയാന്‍ വന്നവരുമായി വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്തു.

'സമാധാനപരമായി ഒരു വിപ്ലവവും ലോകത്തൊരിടത്തും ഇന്നുവരെയും ഉണ്ടായിട്ടില്ല'

എന്ന ചരിത്രസത്യം പഴയകാല നക്സലൈറ്റ് രാമന്‍ മാഷ് അശോകന്‍റെ കത്രികയുടെ കിച്.. കിച്.. താളത്തിനൊപ്പം സതീഷിനെ നേരിട്ടറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം സ്വാധീനമുള്ള തങ്ങള്‍ ഫേസ്ബുക്കിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടവരല്ലെന്ന ചിന്ത ആദ്യം ഉടലെടുത്തത് സതീഷിന്‍റെ തലയിലാണ്.

"ഫേസ്ബുക്കില്‍ ഒത്തുകൂടി നാടിനുവേണ്ടി മുറവിളികൂട്ടിയാല്‍ വിപ്ലവം സംഭവിക്കില്ലെന്നും അതിനു നാം ഒത്തൊരുമിച്ചു നാട്ടിലേക്ക് ഇറങ്ങണമെന്നും"

എല്‍.പി.സ്കൂളിന്‍റെ ടൈല്‍സ് പാകി കടഞ്ഞെടുത്ത മുറ്റത്ത് കൂടിയ ആദ്യ ഓഫ്‌ലൈന്‍ ചര്‍ച്ചയില്‍ സതീഷ് ഉദ്ഘോഷിച്ചു. ദീപക്കിന്‍റെ നേതൃത്വത്തില്‍ ബാക്കിയുള്ള മുപ്പതോളം വരുന്ന ചെറുപ്പക്കാര്‍ കയ്യടിച്ചു. ആളും തുണയും ഇല്ലാതെ തെരുവില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം കൊടുത്തുകൊണ്ട് ജന നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചാലെന്തെന്ന ആശയം ആദ്യം മുന്നോട്ട് വച്ചത് ദീപക്കാണ്.

"അതിനുമാത്രം ആരാടെ ഇവിടെ അലഞ്ഞുതിരിയുന്നത് ? "

എന്ന് ചോദിച്ചുകൊണ്ട് തലമുതിര്‍ന്ന ഫേസ്ബുക്കന്‍ രമേശന്‍ പ്രതിബന്ധസാദ്ധ്യതകള്‍ തുറന്നുവിട്ടതോടെ പുത്തരിയില്‍ത്തന്നെ കല്ലുകടിച്ചെന്ന് പറഞ്ഞപോലായി കാര്യങ്ങള്‍. ഓണത്തിനുമുമ്പായിരുന്നെങ്കില്‍ കൂട്ടായ്മയുടെ നാമത്തില്‍ ജംഗ്ഷനില്‍ പൂക്കളമിട്ട്, വടംവലിയൊക്കെ നടത്താമായിരുന്നെന്നു വൈകിത്തോന്നിയ നല്ലബുദ്ധിയോര്‍ത്തു പത്തിലധികം പേര്‍ നെടുവീര്‍പ്പെട്ടു. നാടിനു വേണ്ടി ഒന്നും ചെയ്യാനില്ലാത്തതില്‍ ഉണ്ടായ സങ്കടം, അവിച്ച മരിച്ചീനിയില്‍ തേങ്ങ തിരുകിയിട്ട് ഉള്ളിയും ഉപ്പും ചേര്‍ത്തുചതച്ച കാന്താരിമുളകും കട്ടന്‍ ചായയും കൂട്ടി കഴിച്ചപ്പോള്‍ തെല്ലൊന്നടങ്ങി . ഗ്രൂപ്പ് ഫോട്ടോ എടുത്ത് 'നൊസ്റ്റാള്‍ജിക് മൊമെന്റ്സ്' എന്ന തലക്കുറിപ്പോടെ ഫേസ്ബുക്ക്‌ ഗ്രൂപ്പിന്‍റെ കവര്‍ഫോട്ടോ ആക്കി.

തുടര്‍ന്ന്‍ ഓണ്‍ലൈനില്‍ ഗംഭീരചര്‍ച്ചകള്‍ നടന്നു. അമേരിക്ക, റഷ്യ, സിംഗപ്പൂര്‍, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നും വെള്ളിമലയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാറ്റത്തിന്‍റെ കാറ്റുവീശിത്തുടങ്ങിയെന്നും, ലോകം മൊത്തം നമുക്കൊപ്പം ഉണ്ടെന്നും സതീഷും ദീപക്കും അഭിമാനം കൊണ്ടു. രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുകള്‍ മുതല്‍ സ്കൂള്‍ പുതുക്കിപ്പണിയുന്നതുവരെയുള്ള കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. നൂറ്റിപ്പത്തുവര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂള്‍കെട്ടിടം ഇടിച്ചുപൊളിച്ചു പുതിയതൊരെണ്ണം പണിഞ്ഞു കൊടുത്താലോ എന്നുവരെ ചോദിച്ചു ഒരു അമേരിക്കക്കാരന്‍. പൊളിക്കുന്ന സമയത്ത് കുട്ടികളെ ഇരുത്താന്‍ വേറെ സ്ഥലമില്ലല്ലോ എന്ന ഒറ്റക്കാരണത്താല്‍ ആ ഉദ്യമം പെന്‍ഡിങ്ങില്‍ വച്ചു. 'സമൂസ അഥവാ സമ്പൂര്‍ണ്ണ മുഖപുസ്തക സാക്ഷരത' എന്ന പ്രയോഗം മലയാളഭാഷയ്ക്ക് സംഭാവന ചെയ്തുകൊണ്ട്, പലവഴി പിരിഞ്ഞുപോയ ചര്‍ച്ചയെ സര്‍ഗാത്മകമാക്കുകയും അവസാനം ഒരു ലക്ഷ്യത്തില്‍ തളയ്ക്കുകയും ചെയ്തത് ദീപക്കാണ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും അന്നേരം മുഴങ്ങിയ കയ്യടിയില്‍ പുളകിതനായിരുന്ന ദീപക്, അത്താഴം കഴിക്കാന്‍ ക്ഷണിച്ച പ്രിയമാതാവിനെ പലവട്ടം ഒരു നോട്ടംകൊണ്ട് വിരട്ടിയോടിക്കുകയും ചെയ്തു. തന്‍റെ ചിന്തശേഷിയില്‍ ദീപക്കിന് അത്ഭുതവും അഭിമാനവും തോന്നിയെങ്കിലും, ടാഗ് ചെയ്തുവിളിച്ചിട്ടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരാത്ത സൗജന്യ പി.എസ്.സി. ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനികളെ ഓര്‍ത്തപ്പോള്‍ സങ്കടവും വന്നു.

വെള്ളിമലയിലെ ഓരോ സാധാരണക്കാരനും കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുകയും ഫേസ്ബുക്കില്‍ അക്കൗണ്ട്‌ തുറന്നുകൊടുക്കുകയും ചെയ്യുന്ന 'സമൂസ' എന്ന വിപ്ലവാത്മകപരിപാടിക്ക് അങ്ങനെ അന്നുരാത്രിയില്‍ തീരുമാനമായി. 'സമൂസ'വിപ്ലവത്തിന്‍റെ ഉത്ഘാടനത്തിനായി മില്‍ക്ക് സൊസൈറ്റിക്ക് മുകളിലെ ടെറസ്സ്, അലുമിനിയം ഷീറ്റ് മേല്‍ക്കൂരയിട്ട് ഹാളാക്കിയ സ്ഥലമാണ്‌ നിശ്ചയിച്ചിരുന്നത്. തലേന്ന് രാത്രി മഴപെയ്തു ഹാളില്‍ വെള്ളം നിറഞ്ഞതിനാല്‍ പുതിയ സ്ഥലം തേടി ഇറങ്ങിയതാണ് സതീഷും ദീപക്കും രാവിലെ. വാസുദേവന്‍‌ സാറിന്‍റെ കയ്യില്‍ ലൈബ്രറി ഹാളിന്‍റെ താക്കോലുണ്ടാകുമെന്നു ആദ്യം പറഞ്ഞതും ദീപക്കാണ്.

"ഇവിടൊരു കമ്പ്യൂട്ടറൊണ്ട്.. മോള്‍ടെയാ .. ഒരു ഇന്റര്‍നെറ്റ് കണക്ഷനെടുത്തുതരാമെന്നു അനില് കുറേനാളായി പറയണ്. എനിക്കാണേല്‍ ഇതൊന്നും ഓണാക്കാന്‍ കൂടി അറിഞ്ഞൂടാ.."

ഡെയിസി ടീച്ചര്‍ തന്‍റെ കമ്പ്യൂട്ടര്‍ നിരക്ഷരത പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ജാള്യമേതുമില്ലാതെ പരസ്യപ്പെടുത്തി. പൈതഗോറസ് പുറത്താരെയോ കണ്ടിട്ടെന്നപോലെ ശബ്ദം താഴ്ത്തി കുരച്ചു. ടീച്ചര്‍ തലചരിച്ചു പുറത്തേക്ക്നോക്കി,

'അത് പാണ്ഡവന്മാര്‍ ഫാര്യമാര്‍ക്ക് പത്തുമണിക്കുള്ള പലഹാരവും കൊണ്ടുള്ള പോക്കാ'

എന്ന് പ്രാസമൊപ്പിച്ചു പറഞ്ഞുകൊടുത്തു. പാണ്ഡവരില്‍ ഒരുവനെ പൈതഗോറസ് ഈയടുത്തകാലത്ത് ഓടിച്ചിട്ട്‌ കടിച്ച കാര്യം ചോദിക്കാനായി, ദീപക്കിന്‍റെ തലച്ചോറില്‍ നിന്നും തൊണ്ടവഴി നാവിലേക്ക് ഇരച്ചുവന്നെങ്കിലും സതീഷിനെ ഓര്‍ത്തപ്പോള്‍ ഇരട്ടി വേഗത്തില്‍ വന്ന വഴി തന്നെ തിരികെപ്പോയി.

വെള്ളിമലയില്‍ കിളയ്ക്കാന്‍ പോകുന്ന കൂലിപ്പണിക്കാര്‍ ആകെ അഞ്ചുപേരേ ഉണ്ടായിരുന്നൊള്ളൂ. ഒരമ്മ പെറ്റ അഞ്ചുപേര്‍. അവരെയാണ് വെള്ളിമലക്കാര്‍ പാണ്ഡവരെന്ന് വിളിച്ചിരുന്നത്. അവിടവിടെ ചെറിയ അസാദൃശ്യങ്ങളും സര്‍വകാരകനായ കാലം വരുത്തിവച്ച അല്ലറ ചില്ലറ മാറ്റങ്ങളും അല്ലാതെ കാണാനഞ്ചും ഏതാണ്ട് ഒരേപോലിരുന്നു. അഞ്ചും ഒറ്റപ്രസവത്തില്‍ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നവരും അങ്ങനെയല്ലേ എന്ന് മേലനങ്ങാതിരുന്നു സംശയിക്കുന്നവരും വെള്ളിമലയില്‍ ധാരാളം. ഒരാളെ ജോലിക്ക് വിളിച്ചാല്‍, അഞ്ചാളും കൂടിയേ പോകൂ. അഞ്ചാള്‍ക്കും കാശ് കൊടുക്കണം. മത്സരിക്കാന്‍ മറ്റൊരു കൂട്ടര്‍ ഇല്ലാത്തതിന്‍റെ എല്ലാവിധ ചൊരുക്കുകളും പാണ്ഡവര്‍ കാട്ടി. അഞ്ചാളും ഒരു ഷാപ്പീന്ന് മാത്രം ഒരേ അളവില്‍ കള്ളുമോന്തി. ഒരേ ബീഡി വലിച്ചു. കിളയ്ക്കാന്‍ പോകുന്ന വീട്ടിലെ പെണ്ണുങ്ങളെ ഒരേ അര്‍ത്ഥംവച്ച് നോക്കി. വൈകുന്നേരം കീറത്തോര്‍ത്തുമുടുത്ത് തെങ്ങോളക്കുളത്തില്‍ മുങ്ങി. പക്ഷെ അഞ്ചാള്‍ക്കും പ്രത്യേകം പ്രത്യേകം തൂമ്പയും ഭാര്യമാരും അവരില്‍ മാത്രം കുട്ടികളും ഉണ്ടായിരുന്നു.

ബന്ധുക്കള്‍ ഗ്രീസിലെ വലിയ വിപ്ലവകാരികള്‍ ആയിരുന്നെങ്കിലും പൈതഗോറസ് സ്വതവേ ശാന്തശീലനായിരുന്നു. ഒരു വര്‍ഷത്തോളം വെള്ളിമലയില്‍ പ്രത്യേകിച്ചൊരു ചലനവും ഉണ്ടാക്കാതെ ജീവിച്ചുവരുന്നതിനിടയിലാണ് അത് സംഭവിക്കുന്നത്. രാവിലെ വെളിക്കിറങ്ങാന്‍ പറമ്പിലേക്ക് പോയ പൈതഗോറസ് അതേ ആവശ്യത്തിനായി പറമ്പിലെത്തിയ അയല്‍ക്കാരിയും, ദേഹംനിറയെ വെളുത്തപൂടയുമുള്ള ജൂലി എന്ന പോമറേനിയന്‍ വംശജയെ ആദ്യമായി കാണുകയും, നിമിഷനേരത്തിനുള്ളില്‍ പരസ്പരധാരണയോടെ ബന്ധപ്പെടുകയും ചെയ്തു. നായ്ക്കളുടെ സദാചാരവിരുദ്ധപ്രവൃത്തി നേരില്‍ക്കണ്ട ജൂലിയുടെ വളര്‍ത്തച്ഛന്‍ പീറ്റര്‍, പൈതഗോറസിനെ കല്ലെറിഞ്ഞോടിച്ചു ജൂലിയെ സുരക്ഷിതയാക്കിയ ശേഷം, വാസുദേവന്‍‌ സാറിനോട് അന്നോളമുണ്ടായിരുന്ന ദേഷ്യം മുഴുവന്‍ തെറിവിളിച്ചു തീര്‍ത്തു. അടുത്തദിവസംതന്നെ വാസുദേവന്‍‌ സാര്‍ പാണ്ഡവരെ വരുത്തി പറമ്പ് കിളപ്പിച്ച്, അതിരില്‍ കൊന്നക്കമ്പും ഓലയുംകൊണ്ട് വേലികെട്ടി. വേലികെട്ടിക്കൊണ്ടുനിന്ന പാണ്ഡവരില്‍ ഇളയവനെ പൈതഗോറസ് ഓടിച്ചിട്ടുകടിച്ച വിവരം പീറ്ററിന്‍റെ മകന്‍ അലോഷി ഫേസ്ബുക്ക്‌ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതോടെ പൈതഗോറസും പാണ്ഡവരും ലോകപ്രശസ്തരായി.

വെള്ളിമലയില്‍ പാണ്ഡവര്‍ക്കുണ്ടായിരുന്ന സര്‍വാധികാരത്തിനുമേല്‍ ഇന്ത്യന്‍ഭരണകൂടം കാട്ടിയ ഏറ്റവും വലിയ ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് അത് തുടങ്ങിയ കാലത്ത് അവരറിഞ്ഞിരുന്നില്ല. പാണ്ഡവ പത്നിമാരുള്‍പ്പെടെയുള്ള പെണ്ണുങ്ങള്‍ തൊഴിലുറപ്പ് കാര്‍ഡുമായി സര്‍ക്കാര്‍ വക കിളയക്കാരായി. തോടും പൊതുവഴികളും പായല്‍ മൂടിക്കിടന്ന ചിറകളും ഭരണകൂടതാല്‍പര്യാര്‍ത്ഥം വൃത്തിയാക്കപ്പെട്ടു. അപ്പോഴും തൂമ്പാതാഴ്ത്തിക്കിളയ്ക്കണമെങ്കില്‍ പാണ്ഡവരെ ഉണ്ടായിരുന്നൊള്ളൂ. രാത്രിയില്‍ ഭര്‍ത്താക്കന്മാരുടെ നെഞ്ചത്തും ബാക്കിനേരം അയല്‍പക്കങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും അടികൂടിനടന്ന പെണ്ണുങ്ങള്‍ പതിയെപ്പതിയെ പാണ്ഡവരെ വെല്ലുന്ന പണിക്കാരായി. മരിച്ചീനിക്കും വാഴയ്ക്കും കിളക്കാനും റബ്ബറിന് തടം വെട്ടാനും ചാലുകോരാനും പെണ്ണുങ്ങള്‍ പ്രത്യേകം പ്രത്യേകം കഴിവ് തെളിയിച്ചു. ദുര്‍മേദസ് കൂടിയ ചന്ദ്രികേം ഉഷേം ഒഴികെ ഉള്ളവരെ പണിക്ക് കിട്ടിയാല്‍ കൊള്ളാമെന്നു പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. കൂലി പാണ്ഡവരുടെതിനേക്കാള്‍ പകുതി. അതില്‍ പെണ്ണുങ്ങള്‍ക്കോ അവരുടെ കുടിയന്മാരായ ആണുങ്ങള്‍ക്കോ പരാതി ഉണ്ടായില്ല. പെണ്ണുങ്ങള്‍ ഒന്നോ രണ്ടോ ദിവസം കൂടുതല്‍ പണിഞ്ഞാലും മൊത്തത്തില്‍ അത് ലാഭമാണെന്ന് വാസുദേവന്‍ സാര്‍, താന്‍ പണ്ട് പഠിപ്പിച്ച ബീജഗണിതസമവാക്യങ്ങള്‍ വഴി തെളിയിക്കുകയും ചെയ്തു.

സ്വയംഭോഗതൃഷ്ണയും ആരോഗ്യപ്രശ്നങ്ങളും എന്ന ലേഖനം ദീപക് ഒരു കൈ കൊണ്ട് മറച്ചു പിടിച്ചു വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വാസുദേവന്‍ സാറിന്‍റെ വരവ്. സതീഷ് ദേശാഭിമാനിപത്രത്തിലെ ചരമക്കോളത്തില്‍ നായന്മാരുടെ സെന്‍സസ് എടുക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ ഉള്ള പ്രധാനവിനോദമാണത്. ഓരോ ദിവസവും ചരമക്കോളത്തില്‍ ഫസ്റ്റും ലാസ്റ്റും അടിക്കുന്നവരുടെ പേരും വയസ്സും ഡയറിയില്‍ കുറിച്ച് വയ്ക്കും. പിന്നീടവയെ താരതമ്യപഠനം നടത്തും. ഏറ്റവുമധികം ആയുസ്സുള്ളത് നായന്മാര്‍ക്കാണെന്നും, അവരുടെ ശരാശരി ആയുസ് 70 വയസ്സാണെന്നും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പ്രബന്ധം തന്നെ കൈവശമുണ്ട്. ബാലകൃഷ്ണപിള്ള എന്ന് പേരുള്ളവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്.

'മേലനങ്ങി പണി ചെയ്യാന്‍ ഒറ്റൊന്നിനും വയ്യാ.. കുറച്ചു ബംഗാളികളെ സംഘടിപ്പിച്ച് ഇവറ്റകളെ ഒരു പാഠം പഠിപ്പിക്കണം.."

സാര്‍ കലിപ്പിലാണ്‌. വരാന്തയില്‍ നിന്നുതന്നെ ഉടുത്തിരുന്ന കൈലി അഴിച്ചു, തോളില്‍ കിടന്ന തോര്‍ത്തരയില്‍ചുറ്റി. താന്‍ പല കാലങ്ങളിലായി എഞ്ചുവടി മുതല്‍ സ്റ്റാറ്റിസ്റ്റിക്സ് വരെ തല്ലിപ്പഠിപ്പിച്ച കൌമാരക്കാരികളാണ് ഇന്നത്തെ തൊഴിലുറപ്പ് പെണ്ണുങ്ങള്‍ എന്നദ്ദേഹം മനപ്പൂര്‍വം മറന്നു.

"തൊഴിലുറപ്പല്ലാ, തൊഴിലുഴപ്പാണ് ശവങ്ങള് പഠിച്ചേക്കണ പണി.."

പറഞ്ഞുകൊണ്ട് അകത്തേക്ക് വരുമ്പോഴാണ് അവിടെ മറ്റൊരു പൂര്‍വ അധ്യാപക - വിദ്യാര്‍ത്ഥി സംഗമം നടക്കുന്നത് കാണുന്നത്. അധ്യാപകന് ചേരാത്ത പദപ്രയോഗങ്ങള്‍ നടത്തിയതില്‍ അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ അതിശയമുണ്ടായില്ല. സതീഷും ദീപക്കും മുഖത്തു വീണ്ടും വിനയം വലിച്ചൊട്ടിച്ചു കൊണ്ടെണീറ്റുനിന്നു. സാര്‍ പണ്ടും ഇങ്ങനാണ്. നടപ്പിലും പ്രവൃത്തിയിലും സംസാരത്തിലും സൗകുമാര്യം തീരെയില്ല.

"എന്താടാ രണ്ടാളും രാവിലേ..?" സാര്‍ തോര്‍ത്തിന് പുറത്തൂടെ ഇടത്തേത്തുട എന്തോ കടിച്ചിട്ടെന്നപോലെ ചൊറിഞ്ഞുകൊണ്ടിരുന്നു.

സതീഷും ദീപക്കും മാറിമാറി സംസാരിച്ചു കാര്യങ്ങള്‍ വ്യക്തമാക്കി. 'ഓ.. നിന്‍റെയൊക്കെ ഒരു ഫേസ്ബുക്ക്‌' എന്ന് ആദ്യമേ രണ്ടുകഷ്ണം പുച്ഛം വിളമ്പി. ഇപ്പോഴെങ്കിലും ഇവിടൊരു ലൈബ്രറി ഉള്ളകാര്യം ഓര്‍ത്തല്ലോ എന്ന് പരിതപിച്ചു. ഫേസ്ബുക്ക്‌ ഒരു സമാന്തര ജനാധിപത്യമാണെന്നും ഇനിയുള്ള കാലത്ത് വിപ്ലവങ്ങളും ലോകയുദ്ധങ്ങളും അതിലൂടെയായിരിക്കുമെന്നും യുവാക്കള്‍ തിരിച്ചടിച്ചു. ടീച്ചര്‍ പിന്നെയും അകത്തെ ഇരുട്ടില്‍ ലയിച്ചു. വായിച്ചുമുഴുവിക്കപ്പെടാത്ത സങ്കടത്തില്‍ ഒരു ആരോഗ്യലേഖനം ടീപ്പോയില്‍ മലര്‍ന്നുകിടന്നു. 'ആദ്യം ടെറസ്സിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കട്ടെ, എന്നിട്ട് വന്നു തുറന്നുതരാ' മെന്നൊടുവില്‍ സാര്‍ സമ്മതിച്ചു.

"ഞാനൊരു ബുക്കെഴുതുന്നുണ്ട്.. ടെറസ്സിലെ കൃഷിപാഠങ്ങള്‍ എന്ന പേരില്‍.. "

അയകെട്ടി ആകാശത്തേക്ക് പടര്‍ത്തിയ വള്ളിപ്പയറിനു വെള്ളമൊഴിക്കുന്നതിനിടയില്‍ വാസുദേവന്‍ സാര്‍ പറഞ്ഞു. സതീഷും ദീപക്കും മുണ്ട് മടക്കിക്കുത്തി ബക്കറ്റുകളില്‍ വെള്ളവുമായി പലതവണ പടികയറി. ചീര, വഴുതന, വെണ്ട, തക്കാളി, കാബേജ്, കത്തിരി, പയര്‍, കാന്താരി മുളക്, പാവല്‍, കറിവേപ്പ് തുടങ്ങി ഒരുവിധം പച്ചക്കറികള്‍ ടെറസ്സ് നിറഞ്ഞു നിന്നു. ചെടികള്‍ക്ക് നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ വലിച്ചു കെട്ടിയിരുന്ന നീല ടാര്‍പാളിന്‍ ടെറസ്സിനു മുകളിലെ മേഘാവൃതമായ ആകാശത്തിനു കീഴെ ഒരു നീലാകാശം മെനഞ്ഞെടുത്തു. മഴക്കാലത്തെങ്കിലും ഇതൊന്നഴിച്ചുവച്ചാല്‍ ഈ കെളവന് ഈ പണി ഒഴിവാക്കിക്കൂടായിരുന്നോ എന്ന ചോദ്യം നാവിന്‍തുമ്പിലേക്ക് പലപ്രാവശ്യം തികട്ടി വന്നെങ്കിലും ദീപക് അത് തുപ്പിക്കളഞ്ഞു.

''നിനക്കൊക്കെ ജോലി ആയോടാ..?"

"പി.എസ്.സി.ലിസ്റ്റില്‍ ഉണ്ട് സാര്‍.. ''

"വെറുതെ നിക്കുന്ന സമയത്ത് ഇതുപോലെന്തെങ്കിലും തൊഴില് ചെയ്തൂടെ.. ഫേസ്ബുക്കും കോപ്പെന്നും പറഞ്ഞു നടക്കാതെ.."

''എന്‍റെ വീടിനു ടെറസ്സില്ല സാര്‍.. ഓടാണ്.."

"ഓ.. നിന്നേന്നും പറഞ്ഞിട്ട് ഒരു കാര്യോല്ലാ.. "

ഇടയ്ക്ക് വര്‍മ്മ സാര്‍ മൊബൈലില്‍ വിളിച്ചപ്പോള്‍ സതീഷ് വിശ്രമിച്ചു. താനും ഭാര്യയും വീട്ടില്‍നിന്നും പുറപ്പെട്ടു, ഇവിടുത്തെ ഒരുക്കങ്ങള്‍ എന്തായി എന്നൊക്കെ അറിയിക്കാനും അറിയാനുമുള്ള വിളിയായിരുന്നു. ഇന്നത്തെ സമൂസ പരിപാടിയുടെ ഉദ്ഘാടകന്‍ വര്‍മ്മ സാറാണല്ലോ. കഴിഞ്ഞ ദിവസം പി.എസ്.സി.ക്ലാസ് എടുക്കാന്‍ വന്ന വര്‍മ്മ സാറിനോട്, ഇന്നിങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്ന വിവരം ഇദ്ദേഹം കൂടി അറിഞ്ഞിരിക്കട്ടെ എന്നുകരുതി മാത്രമാണ് സതീഷ് പറഞ്ഞത്.

"സമൂസ.. സമ്പൂര്‍ണ മുഖപുസ്തക സാക്ഷരത.. പ്രയോഗം കൊള്ളാം.. നല്ല ഭാവനേം.. ഭാവീല് പി.എസ്.സി.പരീക്ഷക്കൊക്കെ ചോദിയ്ക്കാന്‍ സ്കോപ്പൊണ്ട്.. എന്നാലും ഇതുമാത്രേ ഉള്ളല്ലേ പരിപാടി? ഉദ്ഘാടിക്കാന്‍ ആളുവേണ്ടേടെ..? " എന്നിങ്ങോട്ടു ചോദിച്ചപ്പോള്‍ സതീഷിനു സ്വതവേയുള്ള നല്ലമനസ്സുകാരണം എതിരുപറയാന്‍ കഴിഞ്ഞില്ല. അന്നുവൈകുന്നേരം ഫോണില്‍ വിളിച്ചഞ്ചു മിനിറ്റോളം സംസാരിച്ച ശേഷമാണു,

"ഒരു കാര്യം ചെയ്യ്‌.. നിങ്ങളെന്നെ ആ വേദിയില്‍ വച്ച് ആദരിക്കുന്ന ചടങ്ങ് കൂടി വച്ചേക്ക്.. പരിപാടി ഒന്ന് കൊഴുക്കട്ടെ.." എന്നൊരു അമിട്ട് കൂടി പൊട്ടിച്ചത്.

"വിഷമിക്കണ്ടാ.. നൂറുരൂപയ്ക്കകത്തെ ആകൂ.. ഒരു പൊന്നാട വാങ്ങി എന്നെയങ്ങ് അണിയിച്ചാ മതി.."

എല്ലാം വര്‍മ്മ സാര്‍ തന്നെയാണ് തീരുമാനിച്ചത്. ഫോണ്‍ വയ്ക്കും മുമ്പോര്‍മ്മിപ്പിക്കുകേം ചെയ്തു,

"ഇനി മാറ്റരുത് കേട്ടാ.. ഞാനെന്‍റെ ഭാര്യയോടൊക്കെ പറഞ്ഞു പോയി.."

വാസുദേവന്‍‌ സാര്‍, ചെടികളോരോന്നിനെയും അതീവ ശ്രദ്ധയോടെ പരിചരിച്ചു കൊണ്ടിരുന്നു. കുരുടണിഞ്ഞു നിന്ന മുളകിന്‍റെ മണ്ടയ്ക്ക് കുപ്പിയില്‍ കരുതിയിരുന്ന പുകയിലക്കഷായം സ്പ്രേ ചെയ്തു. ചിലതിന്‍റെ മൂട്ടിലെ മണ്ണിളക്കി വേപ്പിന്‍പിണ്ണാക്ക് തൂകി വെള്ളം തളിച്ചു. ചാഞ്ഞുനിന്ന തക്കാളിച്ചെടിക്ക് ഒരു കമ്പെടുത്ത് ഊന്നുനല്‍കി. സതീഷിന്‍റെയും ദീപക്കിന്‍റെയും മുഖത്ത് പടര്‍ന്നിരുന്ന അക്ഷമ ടാര്‍പാളിന്‍റെ നീലയില്‍ കൂടുതല്‍ കരുവാളിച്ചു കാണപ്പെട്ടു.

"അവളെപ്പഴും കെടപ്പാണ്.. നടക്കാന്‍ വയ്യ.. നീര്.. യൂറിക്കാസിഡ് ഹൈയാ.. എനിക്കാണേല്‍ യൂറിയേം.. രണ്ടാളും മൂത്രത്തില്‍ക്കൂടി കളയണ വളം തന്നെമതി ഇവറ്റകള്‍ക്കൊക്കെ തഴച്ചങ്ങുവളരാന്‍.."

വെള്ളം ചുമക്കുകയും വാസുദേവന്‍‌ സാറിന്‍റെ അസാമാന്യ തമാശ കേള്‍ക്കുകയും ചെയ്ത് തളര്‍ന്നു പോയിരുന്നു രണ്ടാളും. ഇതൊക്കെയായിരിക്കും കൃഷിപാഠത്തില്‍ എഴുതാന്‍ വച്ചിരിക്കുന്നതെന്ന് ദീപക് സതീഷിന്‍റെ ചെവിയില്‍ പറഞ്ഞു.

"റബ്ബറിന് രാസവളം തന്നെ വേണം.. എന്നാലെ നേരാംവണ്ണം പാല് വരൂ.. ചില പെണ്ണുങ്ങക്ക് മുലചുരത്തണോങ്കി സ്വല്പം ബിയറകത്ത് ചെല്ലണോന്ന് പറയുമ്പോലെ.."

സാര്‍ കൃഷിപാഠം തുടരുവാണ്. സതീഷ് അറിയാതെ ചുമച്ചുപോയി. ദീപക്കും ഒരുനിമിഷത്തേക്ക് അന്തംവിട്ടുനിന്നു.

"എന്താടാ .. മുലയെന്നു കേട്ടിട്ടില്ലേ.. ഉവ്വുവ്വ്.. നീയൊക്കെയല്ലേ.. കണ്ടിട്ടുവൊണ്ടാവും.. എന്നിട്ടാണ്.. "

നിലവിലൊരു കാമുകി സ്വന്തമായുള്ള സതീഷിനു ആ തമാശ തീരെ രസിച്ചില്ല. ദീപക് പക്ഷേ അവസാനം വായിച്ച ലേഖനവും അവസാനം കണ്ട തുണ്ടുപടവും മനസിലോര്‍ത്തു.

"അവിടേക്കേണ് വിപ്ലവം ആദ്യം വരേണ്ടത്.. സ്വന്തം പെണ്ണ്, സ്വന്തം കുടുംബത്തില്‍ അല്‍പസ്വല്‍പം കൈപ്പണികള്‍. അതൊക്കെ കഴിഞ്ഞുവേണം ഫേസ്ബുക്ക്‌ വഴി ലോകയുദ്ധം സംഘടിപ്പിക്കുന്നത്"

സതീഷ് ഓറഞ്ചുനിറത്തില്‍ പാതിപഴുത്തുനിന്ന തക്കാളിപ്പഴത്തിന്‍റെ തൊലിയില്‍ നഖം കൊണ്ടമര്‍ത്തി നോക്കി. നല്ല കട്ടി. നല്ല മിനുപ്പ്‌.

താക്കോലുമായി സാര്‍ മുമ്പിലും പുറകെ പുതിയ പാഠങ്ങള്‍ പഠിച്ച ക്ഷീണത്തില്‍ പൂര്‍വവിദ്യാര്‍ത്ഥികളും നടന്നു. ഡെയിസി ടീച്ചര്‍ അകത്തെ ഇരുട്ടിലെവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ യാത്ര പറഞ്ഞില്ല. പൈതഗോറസ് പുറത്തെ കാഴ്ചകളെ നിര്‍വികാരതയോടെ നോക്കി, ഒരു ജെയില്‍പുള്ളിയെപ്പോലെ കിടന്നു.

ലൈബ്രറി ഹാളിന്‍റെ മുന്‍വശം അവിശ്വസനീയമാംവിധം വിജനമായിരുന്നു. പകല്‍ നേരങ്ങളില്‍ പുറംചൊറിഞ്ഞും തല്ലുകൂടിയും രാത്രിയില്‍ മന്മഥലീലകളാടിയും അവിടെ കൂടാറുള്ള തെരുവുനായ്ക്കള്‍ മഴക്കുളിരില്‍ മറ്റേതോ സങ്കേതം കണ്ടെത്തിയിട്ടുണ്ട്. ഒരു വൃത്തിയുള്ള മേശവിരിപ്പ്, ഒരു ഫ്ലവര്‍വേസും പൂവും, നിലവിളക്ക്, എണ്ണ, തിരി, തീപ്പെട്ടി, വര്‍മ്മ സാറിനെ അണിയിക്കാനുള്ള പൊന്നാട എന്നിവ ലൈബ്രറി ഹാളില്‍ എത്രയുംവേഗമെത്തിക്കാന്‍ ദീപക് ആരെയോ ഫോണ്‍ ചെയ്തുപറഞ്ഞു. മൊബൈലില്‍ ഫേസ്ബുക്ക്‌ കണക്ഷന്‍ കിട്ടാത്തതില്‍ സതീഷിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. വലിയ ശബ്ദത്തില്‍ ഇടി മുഴങ്ങി. അഞ്ചുമിനിറ്റിനകം മഴപെയ്യുമെന്ന് ഒരു കാറ്റുവന്നു പറഞ്ഞിട്ടുപോയി. കൂടെ കറണ്ടും പോയി.

'അടുക്കളത്തോട്ടം എങ്ങനെ പരിപാലിക്കാം' എന്ന പുസ്തകം നൂറായിരം പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും വാസുദേവന്‍ സാര്‍ സന്തോഷപൂര്‍വ്വം കണ്ടെത്തി. വെള്ളിമലയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സിന്‍റെ മുന്നില്‍ നിന്നും മൂന്നാമത്തെ സീറ്റില്‍ ഏതോ ദിവാസ്വപ്നത്തില്‍ മുഴുകിയിരുന്ന വര്‍മ്മസാറിനെ, നെഞ്ചിന്‍റെ മധ്യഭാഗത്തുനിന്നും തുടങ്ങിയ ഒരു വേദന ഉണര്‍ത്തുകയും അതൊരു ഭാരം കണക്ക് വലിഞ്ഞു മുറുക്കിയപ്പോള്‍ ശരിക്കും ഉറങ്ങിപ്പോകുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളിയുടെ ത്വരണത്തില്‍ പ്രവേഗം നേടിയ ആനവണ്ടി, റോഡിലെ കുഴികളിലൂടെ ചീറിപ്പാഞ്ഞു അടുത്തൊരാശുപത്രിയുടെ മുന്നിലെത്തി കിതച്ചുകൊണ്ടുനിന്നു. ആകസ്മികമെങ്കിലും അര്‍ഹിക്കുന്ന സമയത്ത് ഓരോ ജീവിയേയും അണിയിക്കാനായി കാലം കരുതിവച്ചേക്കുന്ന ജീവിതത്തിന്‍റെ തിരശീല, ഒരു പൊന്നാടയെന്നോണം അപ്പോഴേക്കും അദ്ദേഹം അണിഞ്ഞുകഴിഞ്ഞിരുന്നെന്ന് സതീഷിനെ മൊബൈലില്‍ വിളിച്ചു വിവരമറിയിച്ചയാള്‍ പറഞ്ഞു.

അടുത്തുള്ള സ്വകാര്യസ്കൂള്‍ കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയില്‍ പണിചെയ്യുന്ന ബംഗാളികളെ കണ്ടപ്പോള്‍ 'ഹോ.. പെണ്ണുങ്ങളവിടെ എന്താക്കിയോ ആവോ' എന്നും പറഞ്ഞു വാസുദേവന്‍ സാര്‍ ലൈബ്രറിപൂട്ടി വേഗം വീട്ടിലേക്ക് നടന്നു. ഈ ആഴ്ചയിലെ ടോപ്‌ സ്കോറര്‍ വര്‍മ്മ സാര്‍ തന്നെയെന്ന് സതീഷ് മനസ്സിലെ ഡയറിയില്‍ കുറിച്ചിട്ടു. എഴുപത്തിരണ്ടു വയസ്സ്. സ്വിച്ചിടുമ്പോള്‍ ചുറ്റും വെളിച്ചം പരക്കുന്ന ലാഘവത്തോടെ അന്തരീക്ഷത്തെ ചെറുചെറു കഷ്ണങ്ങളായി കീറി മുറിച്ചുകൊണ്ട് നൂറായിരം മഴക്കമ്പികള്‍ പൊട്ടി വീണു. മഴതോരുമ്പോള്‍ പോയി രണ്ടു റീത്ത് വാങ്ങണമെന്നും ഒന്നില്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പിന്‍റെയും മറ്റേതില്‍ പി.എസ്.സി. ക്ലാസിന്‍റെയും പേരെഴുതണമെന്നും സതീഷും ദീപക്കും ആലോചിച്ചു തീരുമാനിച്ചു. രാവിലെ കണ്ട അതേ തെരുവുനായ ലൈബ്രറിക്കെട്ടിടത്തിലേക്ക് നനഞ്ഞുകുതിര്‍ന്ന ദേഹവുമായി ഓടിക്കയറി, ശരീരമാകെയൊന്നിളക്കിക്കുടഞ്ഞ ശേഷം ഇതികര്‍ത്തവ്യഥാമൂഢരായി നില്‍ക്കുന്ന രണ്ടിരുകാലികളെയും സഗൗരവം അവഗണിച്ച് ആ വരാന്തയില്‍ ചുരുണ്ടുകൂടിക്കിടന്നു. ഇതേസമയം ഫേസ്ബുക്കില്‍ 'JOOLI IS PREGNANT; YES, ITS HIM, THE GREEK WARRIOR' എന്ന അലോഷിയുടെ സ്റ്റാറ്റസില്‍ നൂറുലൈക്കും അമ്പത്തിരണ്ടഭിപ്രായങ്ങളുമായി സജീവമായ ചര്‍ച്ചനടക്കുകയായിരുന്നു.

← ഉള്ളടക്കം