≡ ജനുവരി 2016 ലക്കം

ഒരു കോളേജ് യൂണിയൻ ഡേ

അനുഭവക്കുറിപ്പ്
ഷഹീം

കോളേജ് ഗേറ്റും കഴിഞ്ഞ് യൂണിയൻ ഡേ ആഘോഷം നടക്കുന്ന വേദിയിലേക്ക് പെണ്‍കുട്ടികൾ നടന്നു പോകുന്ന ആ വഴിയിൽ, കോളേജു കാന്റീനിന്റെ മതിലിനു മുകളിൽ കയറിയിരുന്ന്‍, അതിലൂടെ പോകുന്നവരെ നോക്കി, അവരോടു ഉറക്കെ കുശലം ചോദിച്ചും പറഞ്ഞും പതിവ് പോലെ വളരെ ജോലിത്തിരക്കിൽ ഇരിക്കുകയായിരുന്നു - എന്നും ഈ സമൂഹം 'അലവലാതികൾ' എന്ന് ഓമന പേരിട്ടു വിളിക്കാറുള്ള, 'വായിനോക്കികൾ 'എന്ന് സുന്ദരിമാർ പൊതുവെ വിശേഷിപ്പിക്കാറുള്ള- സൗന്ദര്യ ആരാധകർ / ആസ്വാദകർ / വിമർശകർ / പണ്ഡിതർ ആയ ഞങ്ങള്‍ .

പെട്ടെന്നാണ് എങ്ങുനിന്നോ ഓടിക്കിതച്ചെത്തിയ, BA സെക്കന്റ്‌ ഇയർ, കിച്ചു ആ ചൂടുള്ള വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തിച്ചത്...

"മൂന്നാം നിലയിലെ, അങ്ങ് മൂലയ്ക്കുള്ള ഒറ്റപ്പെട്ട ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സിൽ, അതും ആരും ഇല്ലാത്ത ഈ നേരത്ത്, ഓരോ അറ്റത്തെ ബെഞ്ചിലായി, മൂന്നു യുവ മിഥുനങ്ങൾ കുറെ മണിക്കൂറായി മുട്ടൻ പഞ്ചാരയടി നടത്തുന്നു.!"

ഇത്രയും ഞങ്ങളോട് വിങ്ങിയ ശബ്ദത്തിൽ പറഞ്ഞു തീര്‍ക്കുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.

ആ കോളേജു വർഷം മുഴുവൻ, ഫസ്റ്റ് ഇയർ സുവോളജി പെണ്‍ പിള്ളേരെ വായി നോക്കാനുള്ള അനുമതി , ഞങ്ങളുടെ വായിനോട്ട ഏരിയ റേഞ്ച് വിളിയിൽ, സുവോളജി ജാതി അടിസ്ഥാനത്തിൽ കടുത്ത മത്സരത്തോടെ കൈക്കലാക്കിയ ഫൈനൽ ഇയർ സുവോളജി സുഗുണൻ, ഈ ഞെട്ടിക്കുന്ന വാർത്ത കേട്ട് മതിലിൽ നിന്നും ചാടിയിറങ്ങി അവിശ്വസനീയതയോടെ ആരോടും ഒന്നും മിണ്ടാനാകാതെ തലയിൽ കൈ വെച്ചു സ്തംഭിച്ചു നിന്നു.

വായിനോട്ട ഗ്യാങ്ങിന്റെ രക്ഷാധികാരിയും, അക്കൊല്ലത്തെ പ്രസിഡന്റുമായ, ബീ.കോം ഫൈനൽ ഇയർ കട്ടച്ചിറ ബാബു സമചിത്തതയോടെ എല്ലാവരെയും സമാധാനിപ്പിച്ചു. നമ്മൾ തളര്‍ന്നു നിൽക്കേണ്ട നേരമല്ല ഇതെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ അവർ അവിടെ നിന്നും മുങ്ങും മുൻപ് ചെന്ന് കയ്യോടെ പൊക്കി, അവിടെ ഒരു വലിയ സീൻ ഉണ്ടാക്കി അവരെ വെറുപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകൾ ഞങ്ങൾ അണികൾ 'ജയ് ഹിന്ദ്' വിളിച്ചു പാസ്സാക്കി.

അടിയന്തരയോഗ തീരുമാനപ്രകാരം വൈസ് പ്രസിഡന്റ്‌ കെമിസ്ട്രി സെക്കന്റ്‌ ഇയർ കുരുട്ടു ബുദ്ധി കബീർ, ആ പ്രശ്നബാധിത ക്ലാസ്സിൽ ചെന്ന് നമ്മൾ അവരോടു ചെയ്യാൻ ഉദ്ദേശിക്കുന്ന അലമ്പിന്റെ ഒരു രൂപരേഖയുണ്ടാക്കാൻ തുടങ്ങി.

ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ദൈവവിശ്വാസിയായ, കോളേജ് ഔട്ട്‌ സൈഡർ സുബ്രു, ആ പയ്യന്മാർ അവരുടെ ആങ്ങളമായിരിക്കണേ ദൈവമേയെന്നും, അഥവാ അല്ലെങ്കിൽ അവിടെ അവിഹിതമായതൊന്നും സംഭവിക്കാതിരുന്നാൽ അമ്പലത്തിൽ 101 രൂപാ നേർച്ച ഇടാമെന്നും കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടിരുന്നു.

ഒടുവിൽ, ചില തിരുത്തലുകളോടെ കമ്മിറ്റി അംഗീകരിച്ച കബീറിന്റെ മാസ്റ്റർ പ്ലാൻ പ്രകാരം -

  • ക്ലാസിന്റെ പാതി ചാരിയിട്ട വാതിൽ ചവിട്ടി തുറന്നു നമ്മൾ ആ ക്ലാസ് മുറിയിൽ കടന്നു കയറുന്നു.

  • ഇവിടെ എന്താണ് കുറെ നേരമായി പരിപാടിയെന്നും, ഇതീ കോളേജിൽ നടക്കില്ലെന്നും, ഓഫീസിൽ നമ്മൾ അറിയിക്കുമെന്നും, ഒന്നിനെയും വെറുതെ വിടില്ലെന്നും പറഞ്ഞു, ഡെമോ കാണിക്കുന്നു.

  • അവർ കരഞ്ഞു കാലുപിടിക്കുമ്പോൾ, പയ്യന്മാരെ വിരട്ടി പറഞ്ഞു വിട്ടിട്ട്, കരയുന്ന പെണ്‍കുട്ടികളെ സ്നേഹത്തോടെ ഉപദേശിച്ചു നമ്മൾ അവരെ ഫ്രണ്ട്സ് ആക്കുന്നു.

എല്ലാരും അവരവരുടെ ഭാഗം ഡയലോഗുകളും, പറയാനുള്ള ടൈമിങ്ങും ഒക്കെ വേഗം പ്രാക്ടിസു ചെയ്തു , ഒരു നാടകം അവതരിപ്പിക്കുന്ന ഗൗരവത്തോടെ മൂന്നാം നിലയിലെ വാതിൽ തള്ളി തുറന്നു മാസ്റ്റർ പ്ലാൻ നടപ്പിലാക്കി തുടങ്ങി.

പയ്യന്മാരെ നല്ലോണം വിരട്ടി ക്ലാസ്സിന്റെ ഇടതു വശത്തും, കരയുന്ന പെണ്‍ കുട്ടികളെ വലതു വശത്തും നിർത്തി, സാമൂഹ്യ സദാചാര ഭാരതീയ സംസ്കാര മൂല്യങ്ങളെ പറ്റി വാചാലരായി കൊണ്ടിരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്, ഞങ്ങളുടെ സ്ക്രിപ്ടിലില്ലാതെ, ആ ക്ലാസിന്റെ വാതിൽ വീണ്ടും ആരോ ചവിട്ടി തുറന്നു.....

ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ, കോളേജ് പ്രിൻസിപ്പൽ, ഒരു കൂട്ടം അദ്ധ്യാപകർ, പിന്നെ കാഴ്ച കാണാൻ ഒരു വലിയ കൂട്ടം പിള്ളേർ!

അന്ന് വൈകിട്ട് കോളേജ്‌ നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രധാന അറിയിപ്പ് ....

"ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സ് മുറിയിൽ വച്ച്, ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തു കൊണ്ടിരുന്ന സിനിയർ വിദ്യാർത്ഥികളെ പതിനഞ്ചു ദിവസത്തേക്ക് സസ്പെന്റ് ചെയ്തിരിക്കുന്നു.

ആ സമയം, B.A സെക്കന്റ്‌ ഇയർ, കിച്ചു ഈ ചൂടുള്ള സസ്പെൻഷൻ വാർത്ത മറ്റുള്ളവരുടെ ചെവിയിൽ എത്തിക്കാൻ ഓടിക്കിതച്ചു നടക്കുന്നുണ്ടായിരുന്നു.

← ഉള്ളടക്കം