≡ ജനുവരി 2016 ലക്കം

മലയാള സിനിമ 2015: ഒരു തിരിഞ്ഞു നോട്ടം

സിനിമ
സംഗീത്. കെ

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകളോടെയും അതിലേറെ പ്രതീക്ഷകളോടെയുമാണ് 2015 കടന്നു പോയത്. 140 സിനിമകളാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. 2014-ൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തിൽ നിന്നും കേവലം 10 ചിത്രങ്ങളുടെ കുറവ് മാത്രമാണ് ഉണ്ടായത്. നിരവധി കൊമേഴ്സ്യൽ ചിത്രങ്ങൾ സാമ്പത്തിക വിജയം കൈവരിച്ചതും, മികച്ച ചില സമാന്തര സിനിമകൾക്ക് റിലീസിംഗിന് തിയേറ്ററുകൾ ലഭിച്ചതും ഈ വർഷത്തെ പ്രത്യേകതയാണ്. അന്യഭാഷാ ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മലയാള സിനിമകളെ അവഗണിച്ചിരുന്ന പ്രേക്ഷകരുടെയും തിയേറ്ററുടമകളുടേയും പ്രവണതയ്ക്കും ഒരു പരിധി വരെ മാറ്റം വന്നിരിക്കുന്നു എന്ന് വേണം പറയാൻ. 2015 - ലെ മലയാള സിനിമാ അവാർഡ് അടിമുടി വിമർശനത്തിനിടയാക്കി . തിരുവനന്തപുരത്ത് വെച്ച് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ 'ഒറ്റാൽ' എന്ന ചിത്രവും അതുവഴി ജയരാജ് എന്ന സംവിധായകനും മലയാളികളുടെ അഭിമാനം വാനോളമുയർത്തി. 'പ്രേമം' എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരുന്ന സമയത്ത് തന്നെ അതിന്റെ വ്യാജ പകർപ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതും, ആ ചിത്രം ക്യാമ്പസുകളിലും പുറത്തും സൃഷ്ടിച്ച അലയൊലികളും വൻ വിവാദത്തിന് തിരി കൊളുത്തി. വമ്പൻ വിജയങ്ങൾ നേടിയ ചിത്രങ്ങളിൽ പലതും കഥാപരമായി കാമ്പില്ലാത്തവയായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം സാങ്കേതികപരമായി മികച്ചു നിൽക്കുന്നവയായിരുന്നു പല ചിത്രങ്ങളും.

തണുപ്പൻ തുടക്കവുമായി ജനുവരി.

പതിനാല് സിനിമകളാണ് ജനുവരിയിൽ പുറത്തിറങ്ങിയത്. അതിൽത്തന്നെ റിലീസ് ചെയ്യപ്പെട്ടതായി ആളുകൾ അറിഞ്ഞ ചിത്രങ്ങളാവട്ടെ മറിയം മുക്ക്, മിലി, പിക്കറ്റ് 43, രസം എന്നിവ മാത്രമാണ്. ജനുവരി 23നാണ് ഇവ നാലും പുറത്തിറങ്ങിയത്. മലയാള സിനിമയിൽ 'ന്യൂ ജനറേഷന്' നാന്ദി കുറിച്ച ചിത്രം എന്നറിയപ്പെടുന്ന ട്രാഫിക്കിന്റെ സംവിധായകനായ രാജേഷ്‌ പിള്ളയുടെ രണ്ടാമത് ചിത്രമായിരുന്നു മിലി. അപകർഷതാബോധവും, ആത്മവിശ്വാസക്കുറവുമെല്ലാം വേട്ടയാടുന്ന തീർത്തും അന്തർമുഖിയായ ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ഒരു പരിധി വരെ റിയലിസ്റ്റിക്ക് സ്വഭാവം നിലനിര്‍ത്തുന്ന ഈ ചിത്രത്തിന് പോരായ്മകളുണ്ടെങ്കിലും ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ ഇത് കാണേണ്ട ചിത്രമാണിത്.

'പിക്കറ്റ് 43' നെ 'ലളിതമായ ഒരു പട്ടാളചിത്രം' എന്ന് വിശേഷിപ്പിക്കാം. മലയാള സിനിമ ഇന്നുവരെ കൈകാര്യം ചെയ്ത പട്ടാളസിനിമകളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്‌ ഈ ചിത്രം. ഏകാംഗ പോസ്റ്റ് ആയ 'പിക്കറ്റ് 43' യിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സൈനികന്റെയും പാക്കിസ്ഥാൻ സൈനികന്റെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ക്ലാസ്സ് മേറ്റ്സിന്റെ തിരക്കഥാകൃത്തായ ജെയിംസ് ആൽബർട്ട് ആദ്യമായി സംവിധായകവേഷമണിഞ്ഞ ഫഹദ് ഫാസിൽ ചിത്രമായ 'മറിയം മുക്ക്' റിലീസിംഗിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററിൽ ആളെക്കൂട്ടാൻ ആ ചിത്രത്തിനായില്ല. രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്ദ്രജിത്ത്, നെടുമുടി വേണു തുടങ്ങിയ വലിയൊരു താരനിരയെ അണിനിരത്തി പാചകം പ്രമേയമാക്കി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'രസം'. പക്ഷേ ചിത്രത്തിന് അതിനേക്കാൾ യോജിച്ചത് നീരസം എന്ന പേരാണെന്ന് ചിത്രം കണ്ട ഓരോരുത്തർക്കും തോന്നിയിട്ടുണ്ടാവണം. ഡോ.ബിജുവിന്റെ ദേശീയ അവാർഡ് നേടിയ 'പേരറിയാത്തവർ' ആണ് ജനുവരിയിൽ പുറത്തിറങ്ങിയ മറ്റൊരു ശ്രദ്ധേയ ചിത്രം. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഇതിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ഈ അഞ്ച് ചിത്രങ്ങളെക്കൂടാതെ സാന്റ് സിറ്റി, ആകാശങ്ങളിൽ, 6 , അറ്റ്‌ വണ്‍സ്, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, അമ്മയ്ക്കൊരു താരാട്ട്, മായാപുരി ത്രീഡി, വില്ലേജ് ഗയ്സ്, മഷിത്തണ്ട് എന്നീ ചിത്രങ്ങളും ജനുവരിയിൽ പ്രദർശനത്തിനെത്തി.

ആട് ഉണര്‍ത്തിയ ചിരിയും ആലിഫ് ഉയർത്തിയ ചിന്തകളും.

യുവസംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ പ്രഥമ സംവിധാനസംരംഭമായ 'ആട്' ആയിരുന്നു ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഒരു സാങ്കൽപ്പിക ഗ്രാമത്തിലെ ഒരാടിനെ ചുറ്റിപ്പറ്റിയുള്ള കഥയായിരുന്നു ഇത്. ആദ്യപകുതിവരെ ബോറടിപ്പിക്കാതെ പോയ ചിത്രം രണ്ടാം പകുതിയിൽ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു. എങ്കിലും ജയസൂര്യ, വിജയ്‌ ബാബു, സൈജു കുറുപ്പ് എന്നിവരുടെ കഥാപാത്രങ്ങൾ വ്യത്യസ്തത പുലർത്തി. ഒരു ടാങ്കർ ലോറി മറിയുന്നതിനെ തുടർന്ന് അവിടുത്തെ സെന്‍ട്രല്‍ ജയില്‍ ഒഴിപ്പിക്കേണ്ട ചുമതല വന്നു ചേരുന്ന മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള അഗ്നിശമനാസേനാംഗങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് 'ഫയർമാന്‍'. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥയിൽ 'തീ' ഉണ്ടായിരുന്നെങ്കിലും ദീപു കരുണാകരന്റെ സംവിധാനത്തിലെ പാളിച്ചകൾ ആ തീയണച്ചു.

ശ്യാമപ്രസാദിന്റെ അസോസിയേറ്റായിരുന്ന വിനോദ് സുകുമാരന്‍ രാധിക ആപ്തെയെയും ഫഹദ് ഫാസിലിനെയും നായികാനായകന്മാരാക്കി സംവിധാനം ചെയ്ത ഹരം പ്രേക്ഷകരോട് എന്തൊക്കെയോ സംവദിക്കാൻ ശ്രമിച്ച് ഒന്നിനും കഴിയാതെ പോയ ഒരു ചിത്രമായി മാറി. പതിവ് ഫഹദ് ഫാസിൽ ചിത്രങ്ങളിലെ ഫ്ലാറ്റും, ബർമുഡയും ബീപ്പ് ശബ്ദങ്ങളുമെല്ലാം ഈ ചിത്രത്തിലും ഉണ്ടായിരുന്നു. സണ്ണി വെയ്നിനെ നായകനാക്കി ഗോപാലൻ മനോജ്‌ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സാരഥി'. ഒരു ഡ്രൈവറുടെ കഥ പറഞ്ഞ ത്രില്ലർ ശ്രേണിയിൽപ്പെട്ട ഈ ചിത്രത്തിലെ ചില രംഗങ്ങൾ നന്നായെങ്കിലും ചിത്രം നിരാശപ്പെടുത്തി. എൻ.കെ.മുഹമ്മദ്‌ കോയ സംവിധാനം ചെയ്ത 'ആലിഫ്' എന്ന ചിത്രവും ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. സാമൂഹ്യപ്രതിബദ്ധത മുൻനിർത്തിയുള്ള ഈ ചിത്രം കൈകാര്യം ചെയ്ത പ്രമേയം കൊണ്ട് ശ്രദ്ധ നേടി. മൊഴി ചൊല്ലപ്പെട്ട ഒരു മുസ്ലീം യുവതിയുടെ ജീവിത ദുരിതങ്ങളുടെയും, ജീവിതവിജയത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

സിനിമ അറ്റ്‌ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, രാഗ് രംഗീല, 1000: ഒരു നോട്ട് പറഞ്ഞ കഥ, വൈറ്റ് ബോയ്സ്, കമ്പാർട്ട്മെന്റ്, നമസ്തേ ബാലി ഐലന്റ്, ഫ്രണ്ട്ഷിപ്പ്, മാണിക്യം, ഇരുവഴി തിരിയുന്നിടം എന്നീ ചിത്രങ്ങളും തിയേറ്ററുകൾ കയറിയിറങ്ങിയതായി പറയപ്പെടുന്നു.

സെല്ഫിയുമായി വടക്കോട്ടൊരു മാർച്ച്.

മാർച്ചിലെ താരം 'ഒരു വടക്കൻ സെൽഫി' ആയിരുന്നു. യുവത്വത്തെ പിടിച്ചിരുത്താൻ വേണ്ട ചേരുവകളെല്ലാം ചേർത്താണ് ചിത്രമൊരുക്കിയത് എന്നതുകൊണ്ട് തന്നെ നല്ലൊരു കഥയുടെ പിൻബലമില്ലാതിരുന്നിട്ടും 'സെൽഫി' ക്ലിക്കായി. എഞ്ചിനീയറിംഗ് കഴിഞ്ഞ് കൈ നിറയെ സപ്ലിയുമായി നടക്കുന്ന ഒരു യുവാവിന്റെ ജീവിതം ട്രെയിൻ യാത്രയ്ക്കിടെ ഒരു സെൽഫി കൊണ്ട് മാറിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 'ബാലൻ.കെ.നായരു'ടെയും 'ഷീല'യുടെയും പ്രണയകഥ പറഞ്ഞുകൊണ്ടാണ് '100 ഡേയ്സ് ഓഫ് ലൗ' തിയേറ്ററുകളിൽ എത്തിയത്. ഒരു പെണ്‍കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടുന്നതും അവളുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന ഒരു ക്യാമറ വഴി അവളെ കണ്ടെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ചില രംഗങ്ങൾ നന്നായി തോന്നിയെങ്കിലും തിരക്കഥയിലെ പാളിച്ചകൾ ചിത്രത്തിന്റെ മൊത്തത്തിലുള്ള ഭംഗിയെ സാരമായി ബാധിച്ചു എന്ന് പറയാതെ വയ്യ.

സത്യൻ അന്തിക്കാടിന് ഒരു പ്രത്യേകതയുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ സ്ഥിരം പാറ്റേണിൽ വർഷാവർഷം പടമെടുക്കും. മോഹൻലാലിനെയും മഞ്ജു വാര്യരെയും 17 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് വെള്ളിത്തിരയിലെത്തിച്ച 'എന്നും എപ്പോഴും' എന്ന ചിത്രവും ഈ ഗണത്തിൽ പെട്ട ചിത്രമായിരുന്നു. മോഹൻലാലിന്റെ ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ചിത്രം നിരാശ മാത്രമാണ് സമ്മാനിച്ചത്. മിക്കവാറും ന്യൂജനറേഷൻ ചിത്രങ്ങളിലെ അവിഭാജ്യ ഘടകങ്ങളായ അവിഹിതബന്ധങ്ങൾ, വഞ്ചന തുടങ്ങിയവെല്ലാം ആവോളം കുത്തിനിറച്ച ഒരു തട്ടുപൊളിപ്പൻ ചിത്രമായിരുന്നു 'യൂ ടൂ ബ്രൂട്ടസ്'.

ഈ ചിത്രങ്ങളെക്കൂടാതെ ഒന്നാം ലോക മഹായുദ്ധം, നെല്ലിക്ക, കല്ല്യാണിസം, ദി റിപ്പോർട്ടർ, ലൗ ലാന്റ്, എലഞ്ഞിക്കാവ് പി.ഓ, ഞാൻ നിന്നോട് കൂടെയുണ്ട് എന്നീ ചിത്രങ്ങളും മാർച്ചിൽ റിലീസ് ചെയ്തു.

മര്യാദക്കാരനും റാസ്ക്കലും തമ്മിൽ.

ഏപ്രിലിൽ ആകെ പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളാണ്. സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഭാസ്കർ ദി റാസ്കലും' , ദിലീപിനെ നായകനാക്കി പുതുമുഖസംവിധായകനായ സുരേഷ് ദിവാകർ സംവിധാനം ചെയ്ത 'ഇവൻ മര്യാദരാമനും'. രണ്ടും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ കൂടിയാണ്. 'ലേഡീസ് ആന്റ് ജെന്റിൽമാൻ' ആണ് ഇതിനു മുമ്പ് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം. അതിനേക്കാൾ മെച്ചമാണെങ്കിലും ഒരു മികച്ച സിനിമയൊന്നുമല്ല 'ഭാസ്കർ ദി റാസ്കൽ'. ഭാസ്കരപിള്ളയുടെ(മമ്മൂട്ടി) മകനായ ആദിയും, ഹിമയുടെ(നയൻതാര) മകളായ ശിവാനിയും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ആദിയും ശിവാനിയും ചേർന്ന് ഭാസ്കരപ്പിള്ളയെയും ഹിമയേയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കണ്ടിരിക്കുന്നാവുന്ന ആദ്യപകുതി, വിരസമായ രണ്ടാം പകുതി. സിനിമയെ മൊത്തത്തിൽ ഇങ്ങനെ വിലയിരുത്താം. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത് നാല് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട തെലുങ്ക് ചിത്രമായിരുന്നു 'മര്യാദ രാമണ്ണ'. ആ ചിത്രത്തിന്റെ മലയാളം റീമേക്ക് ആയിരുന്നു 'ഇവൻ മര്യാദരാമൻ' എന്ന ദിലീപ് ചിത്രം. നിലവാരം കുറഞ്ഞ കോമഡികളാലും ക്ലീഷേ കഥാസന്ദർഭങ്ങളാലും സമൃദ്ധമാണ്‌ ചിത്രം.

പ്രേമക്കടലിൽ മുങ്ങിയ കേരളം.

മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ച 'പ്രേമം' റിലീസ് ചെയ്തത് മെയ് മാസത്തിലായിരുന്നു. പല റെക്കോഡുകളും കടപുഴകുകയും പല വിവാദങ്ങളും സൃഷ്ടിക്കുകയും ചെയ്തു ഈ ചിത്രം. 'പ്രേമം'- ഒരു സിനിമ എങ്ങനെ വിജയിപ്പിക്കണം എന്ന് നന്നായറിയാവുന്ന അൽഫോണ്‍സ്‌ പുത്രൻ എന്ന സംവിധായകന്റെ സിനിമയാണെന്ന് നിസ്സംശയം പറയാം, കാരണം പ്രണയം, ആക്ഷൻ, നർമ്മം എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനാവശ്യമായ ഘടകങ്ങളെല്ലാം കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരുന്നു ഇത്. കഥാപരമായി നോക്കിയാൽ 'ഓട്ടോഗ്രാഫ്' എന്ന തമിഴ് ചിത്രവുമായി ഏറെ അടുത്തു നിൽക്കുന്നുണ്ട് ഈ ചിത്രം. ചിത്രമിറങ്ങി അധികം വൈകാതെ സോഷ്യൽമീഡിയയിലൂടെ ചിത്രം പ്രചരിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ചിത്രത്തിന്റെ വിജയത്തെ ബാധിച്ചതേയില്ല.

മലയാളിക്ക് അത്രയ്ക്ക് പരിചയമല്ലാത്ത ഒന്നാണ് സ്പൂഫ് ചിത്രങ്ങൾ. അത്തരത്തിലുള്ള ഒരു പരീക്ഷണമായിരുന്നു 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന ചിത്രം. 1994-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ 'അഴകിയ രാവണനി'ലെ നോവലിസ്റ്റായ അംബുജാക്ഷനിലൂടെയാണ് കഥയുടെ സഞ്ചാരം. മലയാള സിനിമയിലെ പല ക്ലീഷേകളേയും പൊളിച്ചടുക്കാൻ സന്തോഷ്‌ വിശ്വനാഥന് തന്റെ ആദ്യ ചിത്രത്തിലൂടെ കഴിഞ്ഞിരിക്കുന്നു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.

കുറച്ച് കാലമായി യുക്തിക്ക് നിരക്കാത്ത സിനിമകൾ മാത്രം ചെയ്തു വരുന്ന ദിലീപിന്റെ വഴി മാറി നടത്തമാണ് 'ചന്ദ്രേട്ടൻ എവിടെയാ?' എന്ന ചിത്രത്തിൽ നമുക്ക് കാണാനാവുക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത രണ്ടാമത് ചിത്രം കൂടിയാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലാൽ ജോസ് ചിത്രമായ 'നീ-ന' ചില രംഗങ്ങളിൽ മാത്രം പുതുമ സമ്മാനിച്ചു. ദീപ്തി സതിയുടെ സൗന്ദര്യം അഭിനയത്തിൽ പ്രതിഫലിച്ചില്ല. ആൻ അഗസ്റ്റിൻ തന്റെ കഥാപാത്രത്തോട് നീതി പുലർത്തി. കുറച്ചു കാലമായി ജോഷിയുടെ സിനിമകൾ പുറത്തിറങ്ങുമ്പോൾ സോഷ്യൽ മീഡിയകളിൽ നിറയെ 'ജോഷി ചതിച്ചാശാനേ' എന്ന പരിഹാസമാണ്. 'ലൈലാ ഓ ലൈലാ' എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോഴും മറിച്ചല്ല സംഭവിച്ചത്. 'ട്രൂ ലൈസ് 'എന്ന ജെയിംസ് കാമറൂണ്‍ ചിത്രവുമായി ഏറെ സാദൃശ്യമുണ്ടായിരുന്നു ഈ ചിത്രത്തിന്. സെർബിയൻ, കൊറിയൻ തുടങ്ങിയ ഭാഷകലെ സിനിമകളിൽ നിന്നുമുള്ള മോഷണങ്ങൾ വരെ പിടികൂടുന്ന മലയാളിയോട് ഈ ചതി ചെയ്ത ജോഷിയുടെ ധൈര്യത്തെ സമ്മതിച്ചേ മതിയാകൂ. 'സർ.സി.പി' എന്ന ജയറാം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആ ചിത്രത്തിന് പേരിടും മുമ്പ് സർ.സി.പി ആരാണെന്ന് ഒന്നോർക്കാമായിരുന്നു.

ജയസൂര്യയുടെ 'കുമ്പസാരം' മോശമല്ലാത്തൊരു സിനിമയാണ്. കാൻസർ രോഗിയായ മകന്റെ ജീവൻ നില നിർത്താനായി കഷ്ടപ്പെടുന്ന ഒരച്ഛൻ താൻ ചെയ്യുന്ന തെറ്റിന് നടത്തുന്ന കുമ്പസാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു. ശ്യാമപ്രസാദിന്റെ 'ഇവിടെ' നിരാശപ്പെടുത്തി. പൃഥ്വിരാജിന്റെ മികച്ച പ്രകടനം മാത്രമാണ് എടുത്ത് പറയാവുന്നത്. ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ ദൗർബല്ല്യങ്ങൾ കാണിച്ചു തന്ന സിനിമ കൂടിയായി ഈ ചിത്രം. ഒരു ബാറും അതുമായി ബന്ധപ്പെട്ട കുറച്ച് ആളുകളുടെയും കഥ പറഞ്ഞ ചിത്രമാണ് 'സ്വർഗത്തേക്കാൾ സുന്ദരം'. പേരിലെ സൗന്ദര്യമൊന്നും ചിത്രത്തിൽ ഇല്ല എന്നു മാത്രം. സജി സുരേന്ദ്രന്റെ 'ഷീ ടാക്സി'യിലെ യാത്ര തീർത്തും നിരാശാജനകമായി മാറിയപ്പോൾ 'ഒരു സെക്കന്റ് ക്ലാസ് യാത്ര' അൽപ്പം ഭേദമാണെന്ന് തോന്നി.

സിനിമകളുടെ പെരുമഴയുമായി ജൂണ്‍

ഈ വർഷം എറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങിയത് ജൂണ്‍ മാസത്തിലാണ്, 16 ചിത്രങ്ങൾ. പക്ഷേ അവയിൽ പ്രത്യേകത ഉണ്ടായിരുന്നത് അകെ രണ്ട് ചിത്രങ്ങള്‍ക്കാണ്- 'അസ്തമയം വരെ' , 'ക്രൈം നമ്പർ 89' എന്നിവയ്ക്ക് . സജിൻ ബാബുവിന്റെ ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു 'അസ്തമയം വരെ'. പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടില്ലാത്ത ഈ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരുമില്ല. 2014-ലെ മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യ ഗോൾഡ് എന്ന മത്സരവിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഐ എഫ് എഫ് കെ - 2014-ലെ മത്സരവിഭാഗത്തിലുള്ള രണ്ട് മലയാളചിത്രങ്ങളിൽ ഒന്നാണ് 'അസ്തമയം വരെ'. വെറും എണ്‍പത് മിനിറ്റ് മാത്രമാണ് സുദേവൻ സംവിധാനം ചെയ്ത 'ക്രൈം നമ്പർ 89' എന്ന ചിത്രത്തിന്റെ ദൈർഘ്യം. ആ സമയത്തിനുള്ളിൽ പറയാനുള്ളതെല്ലാം അദ്ദേഹം വൃത്തിയായി പറയുകയും ചെയ്തിരിക്കുന്നു. അർദ്ധരാത്രിയിൽ ഒരു ജീപ്പ് ബ്രേക്ക് ഡൌണ്‍ ആവുന്നിടത്ത് നിന്നാണ് കഥയുടെ തുടക്കം. ജീപ്പ് നന്നാക്കാൻ ഒരു മെക്കാനിക്ക് വരുന്നിടത്ത് നിന്നും ചിത്രം മറ്റൊരു സ്വഭാവം കൈവരിക്കുന്നു. ഈ ചിത്രവും ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയുണ്ടായി.

ആസിഫ് അലിയെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത 'നിർണ്ണായകം' ബോബി സഞ്ജയ്‌ ടീം 'ട്രാഫിക്ക്' സിനിമയുടെ ഹാംഗ് ഓവറിൽ എഴുതിയ ചിത്രമാണെന്ന് തോന്നി. ട്രാഫിക്കിൽ ഒരു പെണ്‍കുട്ടിയുടെ ജീവൻ ട്രാഫിക്ക് നിയന്ത്രണത്തിലെ വൈദഗ്ദ്യം കൊണ്ട് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കിൽ ഒരു രാഷ്ട്രീയപ്പാർട്ടി റോഡ്‌ ബ്ലോക്ക് ചെയ്ത് നടത്തുന്ന യോഗത്തെത്തുടർന്ന് ഒരു പെണ്‍കുട്ടി മരിക്കുന്നതുമായി ബന്ധപ്പെട്ട കഥയാണ് 'നിർണ്ണായകം' പറയുന്നത്. ജയസൂര്യ, മുരളി ഗോപി തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ 'ലുക്കാ ചുപ്പി' എന്ന ചിത്രം തീർത്തും വിരസമായിത്തോന്നി. കുറച്ച് മദ്യപാനികൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നതിലപ്പുറം ചിത്രത്തിൽ ഒന്നുമില്ല.

ആടിയും പാടിയും ജനങ്ങളെ ദ്രോഹിച്ചത് പോരാഞ്ഞിട്ടാവണം റിമി ടോമി ഈ പണിക്ക് ഇറങ്ങിയത് എന്ന് തോന്നിപ്പോയി 'തിങ്കൾ മുതൽ വെള്ളി വരെ' എന്ന ചിത്രം കണ്ടപ്പോൾ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലെത്തിയ 'സാമ്രാജ്യം-2 സണ്‍ ഓഫ് അലക്സാണ്ടർ' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന് മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ സാമ്രാജ്യത്തിന്റെ ഏഴയലത്ത് പോലുമെത്താനായില്ല. രചന നാരായണൻ കുട്ടിയെ നായികയാക്കി അജ്മൽ സംവിധാനം ചെയ്ത 'കാ‍ന്താരി' തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് ഉത്തമ ഉദാഹരണമായിത്തോന്നി.

അപ്പവും വീഞ്ഞും, 8th മാർച്ച്, 3 വിക്കറ്റിന് 365 റണ്‍സ്, കിഡ്നി ബിരിയാണി, ആശംസകളോടെ അന്ന, 32ആം അദ്ധ്യായം 23 ആം വാക്യം, ലാവന്റർ, സെന്റ്‌ മേരീസിലെ കൊലപാതകം, മണ്‍സൂണ്‍ എനിങ്ങനെ എന്തിനോ വേണ്ടി ചില ചിത്രങ്ങളും ജൂണ്‍ മാസത്തിൽ തിയേറ്ററുകളിലെത്തി.

മലയാളിയെ മധുരം കഴിപ്പിച്ച് ജൂലൈ.

മലയാളത്തിലെ ശ്രദ്ധേയനായ യുവസാഹിത്യകാരന്മാരിലൊരാളാണ്‌ പി .വി.ഷാജികുമാർ. അദ്ദേഹത്തിന്റെ '18+' എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 'കന്യകാ ടാക്കീസ്'. അഡൾട്ട്സ് ഓണ്‍ലി സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന ഒരു തിയേറ്റർ അടച്ചു പൂട്ടുകയും തുടർന്ന് ആ തിയേറ്റർ ഒരു പള്ളിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട കഥയാണ് 'കന്യക ടാക്കീസ്'. നർമ്മത്തിന്റെ മേമ്പൊടിയുള്ള തരക്കേടില്ലാത്ത ഒരു ചിത്രമാണ് സുഗീത് സംവിധാനം ചെയ്ത 'മധുരനാരങ്ങ'. തന്റെ ആദ്യ ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ടിനെയാണ് ഈ ചിത്രത്തിലും സംവിധായകൻ പരീക്ഷിച്ചിരിക്കുന്നത്. പേരിൽ മധുരമുള്ള മറ്റൊരു ജയസൂര്യ ചിത്രമാണ് 'ജിലേബി'. നഗരത്തിൽ ജീവിച്ചു വളർന്ന രണ്ട് കുഞ്ഞുങ്ങൾ നാട്ടിലെത്തുന്നതും അവരുടെ അമ്മാവനുമായി അടിപിടികളിലേർപ്പെടുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥാതന്തു. അധികം ബോറടിപ്പിക്കില്ല ഈ ജയസൂര്യ ചിത്രവും.

നല്ലൊരു എഴുത്തുകാരിയാണ് ശ്രീബാല.കെ.മേനോൻ. പക്ഷേ സംവിധായികയുടെ വേഷം അത്രകണ്ട് ഇണങ്ങുന്നില്ല എന്ന് തെളിയിക്കുന്ന ചിത്രമാണ് 'ലൗ 24x7'. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാതെ ചിത്രം മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന കുറേ കഥാസന്ദർഭങ്ങളോ, അഭിനയമുഹൂർത്തങ്ങളോ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. ദിലീപിന്റെ വളിപ്പ് തമാശകൾ തീരെയില്ല എന്നതായിരുന്നു എറ്റവും വലിയ ആകർഷണം. മമ്മൂട്ടിയെ നായകനാക്കി വിജേഷിന്റെ തിരക്കഥയിൽ ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത 'അച്ഛാ ദിൻ' എല്ലാം കൊണ്ടും ബുരാ ദിൻ ആയി മാറി. മുഹ്സിൻ പെരാരിയുടെ കന്നിച്ചിത്രമായ 'കെ.എൽ.10 പത്ത്' റിലീസിംഗിന് മുമ്പ് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും ആ പ്രതീക്ഷ സഫലമാക്കാൻ സിനിമയ്ക്ക് സാധിച്ചില്ല. പുതിയൊരു പരീക്ഷണത്തിന് മുതിർന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും മലപ്പുറത്തുകാരുടെ സംസാരശൈലി കേൾപ്പിക്കാൻ വേണ്ടി മാത്രമാണിതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയി. പദ്മരാജൻ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത 'അപരൻ' എന്ന സിനിമ കണ്ടതിന്റെ ഹാംഗ് ഓവറിൽ നിന്നും കൊണ്ട ഒരു ചിത്രമായിരിക്കണം 'അയാൾ ഞാനല്ല'. രഞ്ജിത്ത് ആണ് വിനീത് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി കഥയെഴുതിയത് എന്നതാണ് ഏറെ അവിശ്വസനീയമായ കാര്യം.

ഇവയെക്കൂടാതെ അവൾ വന്നതിനു ശേഷം, ലോകാ സമസ്താ, ഒരു ന്യൂ ജനറേഷൻ പണി, വണ്ടർഫുൾ ജേണി, പിക്കിൾസ്, പ്ലസ് ഓർ മൈനസ്, രുദ്രസിംഹാസനം, വിശ്വാസം അതല്ലേ എല്ലാം എന്നീ ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടതായി പറയപ്പെടുന്നു.

കുഞ്ഞിരാമന്റെ വാഴ്ചയും വലിയ രാമന്മാരുടെ വീഴ്ചകളും.

ബേസിൽ ജോസഫിന്റെ 'കുഞ്ഞിരാമായണം' ആയിരുന്നു ഓണച്ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു സങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന തീർത്തും സാങ്കൽപ്പികമായ ഒരു കഥയാണ് വിനീത് ശ്രീനിവാസൻ നായകവേഷത്തിലെത്തിയ ഈ ചിത്രം പറഞ്ഞത്. കഥയിൽ മേന്മയില്ലാതിരുന്നിട്ടും ചിത്രത്തിലുടനീളം ഉണ്ടായിരുന്ന നർമ്മം ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കി. രഞ്ജിത്തിനെ 'ലോഹം' എന്ന സിനിമ എടുപ്പിച്ചത് ഇന്ത്യൻ റുപ്പിയുടെ വിജയമായിരിക്കണം. 'ഇന്ത്യൻ റുപ്പി' പറഞ്ഞത് കള്ളനോട്ടിന്റെ കഥ ആയിരുന്നെങ്കിൽ ലോഹത്തിന് പറയാനുണ്ടായിരുന്നത് സ്വർണ്ണകള്ളക്കടത്തിന്റെ കഥ ആയിരുന്നു. ആക്ഷേപഹാസ്യം എന്ന ഉദ്ദ്യേശത്തോടെ ആയിരിക്കണം കമൽ മമ്മൂട്ടിയെ നായകനാക്കി 'ഉട്ടോപ്പിയയിലെ രാജാവ്' എന്ന സിനിമ സംവിധാനം ചെയ്തത്. പക്ഷേ എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്നല്ലാതെ പ്രേക്ഷകരിൽ വിരസതയുണർത്തുന്ന കുറേ രംഗങ്ങളല്ലാതെ മറ്റൊന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല.

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ 'ഡബിൾ ബാരലി'ന് വളരെ ചെറിയൊരു ന്യൂനപക്ഷത്തെ മാത്രമാണ് തൃപ്തിപ്പെടുത്താനായത്. പാശ്ചാത്യ സിനിമകളുടെ അനുകരണമായിരുന്നു ചിത്രത്തിൽ. പക്ഷേ സാങ്കേതികമായി ചിത്രം ഏറെ മുന്നിട്ടു നിൽക്കുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല. ഈ വർഷം ആടിന്റെ കഥ പറഞ്ഞ രണ്ടാമത്തെ ചിത്രമായിരുന്നു 'ജമ്നാ പ്യാരി'. ആ പേരിലുള്ള ഒരു ആടിനെ പരിചയപ്പെടുത്തി എന്നതൊഴിച്ചാൽ മറ്റൊരു പുതുമയും അവകാശപ്പെടാനില്ലത്ത ചിത്രമായിരുന്നു ഇത്. അജു വർഗീസ്‌, വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'റാസ്പുടിൻ' എന്നൊരു അറുബോറൻ ചിത്രവും ഈ മാസത്തിൽ റിലീസ് ചെയ്തു.

മുംബൈ ടാക്സി, ഹൈ അലർട്ട്, ഉത്തര ചെമ്മീൻ, ജസ്റ്റ് മാരീഡ്, താരകങ്ങളേ സാക്ഷി, കേരള റ്റുഡേ എന്നീ ചിത്രങ്ങളാണ് ആഗസ്റ്റിൽ പ്രദർശനത്തിനെത്തിയ മറ്റ് ചിത്രങ്ങൾ.

പ്രണയപ്പെരുമഴ തീർത്ത് മൊയ്തീനും കാഞ്ചനമാലയും.

സെപ്റ്റംബര്‍ മാസം 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന് അവകാശപ്പെട്ടതായിരുന്നു. പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്ത ഈ ചിത്രം മലയാളസിനിമയിലെ എറ്റവും വലിയ സമീപകാല ഹിറ്റുകളിൽ ഇടം നേടി. ഇരവഴഞ്ഞിപ്പുഴയിൽ മറഞ്ഞ മൊയ്തീന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന കാഞ്ചനമാലയുടെ കഥ അഭ്രപാളിയിലെത്തിച്ച ആർ.എസ് വിമലിന് ഒരു നവാഗതസംവിധായകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട് ഈ ചിത്രം. ചിത്രത്തിലെ ദൃശ്യങ്ങളും, സംഗീതവും, അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ചു നിന്നു.

ഒരാഴ്ചയുടെ ഇടവേളയിൽ മോഷണം പ്രമേയമാക്കിയ രണ്ട് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി എന്നതും ഈ മാസത്തിന്റെ പ്രത്യകതകളിൽ ഒന്നായിരുന്നു. 'ഉറുമ്പുകൾ ഉറങ്ങാറില്ല', 'കോഹിനൂർ' എന്നിവയായിരുന്നു ആ ചിത്രങ്ങൾ. അവയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് ജിജു അശോകൻ സംവിധാനം ചെയ്ത 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രമാണ്. വലിയൊരു താരനിര ഉണ്ടായിരുന്നിട്ടും ചിത്രം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. മെമ്മറീസ്, ദൃശ്യം എന്നീ ത്രില്ലർ ചിത്രങ്ങൾക്ക് ശേഷം 'ട്വിസ്റ്റില്ല, സസ്‌പെന്‍സില്ല, ഒരു ജീവിതം മാത്രം' എന്ന ടാഗ് ലൈനുമായാണ് 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രവുമായി ജിത്തു ജോസഫ് എത്തിയത്. ചിത്രത്തിൽ ജോസൂട്ടിയുടെ ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് എഡിറ്റർ ഉണ്ടായിരുന്നില്ലേ എന്ന് സംശയം തോന്നിയാലും കുറ്റം പറയാൻ പറ്റില്ല. ചില രംഗങ്ങളൊക്കെ അത്രയ്ക്ക് ഇഴഞ്ഞ് നീങ്ങുന്നവയായിരുന്നു.

ആരോടൊക്കെയോ തനിക്ക് പറയാനുള്ള മറുപടി എന്ന നിലയ്ക്കാണ് 'ഞാന്‍ സംവിധാനം ചെയ്യും' എന്ന്‍ ബാലചന്ദ്രമേനോൻ തന്റെ പുതിയ ചിത്രത്തിന് പേരിട്ടത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ആദ്യകാലത്ത് ഒരുപിടി നല്ല സിനിമകൾ സംവിധാനം ചെയ്ത ഒരാൾ ഈ വിധം തരം താഴുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ സ്വതന്ത്രമായി നിർമ്മിച്ച് ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചലച്ചിത്രമായ 'കളിയച്ഛനും' ഈ മാസം തിയേറ്ററുകളിൽ എത്തുകയുണ്ടായി. പി. കുഞ്ഞിരാമൻ നായർ രചിച്ച 'കളിയച്ഛൻ' എന്ന കാവ്യത്തിന്റെ വായനാനുഭവമാണ് ഈ ചലച്ചിത്രം. രചന നാരായണൻകുട്ടി, മുസ്തഫ എന്നിവരെ നായികാനായകന്മാരാക്കി സിദ്ധാർത്ഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത 'ഐൻ' എന്ന സിനിമയും ഇതേ മാസത്തിലാണ് റിലീസ് ചെയ്തത്.

ചിന്തയും ചിരിയും കരച്ചിലും സമ്മാനിച്ച് ഒക്ടോബർ.

ക്രൗഡ്‌ ഫണ്ടിംഗ് രീതിയിലൂടെ മലയാളസിനിമയിൽ ആദ്യമായി ചിത്രീകരിച്ച സിനിമയായ 'ഒരാള്‍പ്പൊക്കം' ഒക്ടോബർ മാസത്തിൽ തിയേറ്ററുകളിൽ എത്തി. 2012-ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'ഫ്രോഗി'ന്റെ സംവിധായകനും കവിയും ബ്‌ളോഗറുമായ സനൽകുമാർ ശശിധരന്റെ ആദ്യ ചലച്ചിത്രമാണ് 'ഒരാൾപ്പൊക്കം'. പ്രശസ്ത ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ മീന കന്ദസാമിയാണ് ചിത്രത്തിലെ നായിക. അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെയാണ് മീനയുടെ നായകന്‍. 2014ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് &ഫിപ്രസ്ക്കി പുരസ്ക്കാരം നേടിയ ചിത്രമാണിത്.

പ്രവാസിയുടെ ദുരിതങ്ങളും കുറേ നൊസ്റ്റാൾജിയയും തിരുകിക്കയറ്റി എടുത്തൊരു സിനിമ, 'പത്തേമാരി' എന്ന ചിത്രത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. 'മമ്മൂട്ടിയുടെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് 'എന്നൊക്കെയാണ് പത്തേമാരിയെ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ അഭിപ്രായങ്ങൾ പറഞ്ഞവർ ഒന്നുകിൽ മമ്മൂട്ടിയുടെ നല്ല കുറേ ചിത്രങ്ങൾ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ പ്രവാസജീവിതം പ്രമേയമാക്കി എടുത്ത പല ചിത്രങ്ങളും കണ്ടിട്ടുണ്ടാവില്ല. 'അമർ അക്ബർ അന്തോണി' ഇക്കൊല്ലത്തെ പണം വാരിപ്പടങ്ങളിൽ ഒന്നാണ്. നാദിര്‍ഷായുടെ ' ദേ മാവേലികൊമ്പത്ത് ' സീരിസിനെ ഓര്‍മ്മിപ്പികും വിധത്തിലുള്ളൊരു ചിത്രം - പൃഥ്വി , ഇന്ദ്രജിത്ത് , ജയസുര്യ എന്നിവരുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധ പിടിച്ചു പറ്റി .

കാനനസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരുന്നു അനിൽ രാധാകൃഷ്ണമേനോന്റെ 'ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി'. ഒരു ഡോക്യുമെന്ററിയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ചിത്രത്തിലെ പല രംഗങ്ങളും. അടുത്ത കാലത്ത് ഇറങ്ങിയ ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു 'റാണി പദ്മിനി' കഥാപരമായി ചിന്തിച്ചാൽ പോരായ്മകൾ ഉണ്ടെങ്കിലും ഇത് കാലഘട്ടത്തിന്റെ സിനിമയാണ്. വീട്ടിൽ ഒതിങ്ങിക്കൂടേണ്ടവളല്ല, മറിച്ച് എല്ലാ മേഖലയിലും പുരുഷനൊപ്പം നിൽക്കേണ്ടവളാണെന്ന് അടിവരയിട്ട് പറയുന്നുണ്ട് ചിത്രം. ഒരുപാടെന്തൊക്കെയോ പറയാൻ വന്ന് ഒന്നും കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ കഴിയാതെ പോയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി എം.പദ്മകുമാർ സംവിധാനം ചെയ്ത 'കനൽ'.

ഇവയെക്കൂടാതെ കഥയുള്ളൊരു പെണ്ണ്, സൈഗാൾ പാടുകയാണ്, നമുക്കൊരേ ആകാശം, വിദൂഷകൻ, നിക്കാഹ് തുടങ്ങിയ ചിത്രങ്ങളും ഈ മാസത്തിൽ പ്രദർശനത്തിനെത്തി.

സുധിയുടെയും ശന്തനുവിന്റെയും നവംബർ.

താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് വലിയ തോതിൽ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ'.‌ വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയെക്കുറിച്ചാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ വന്‍കാ എന്ന റഷ്യന്‍ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

പുണ്യാളൻ അഗർബത്തീസിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒരുമിച്ച ചിത്രമാണ് 'സു സു സുധി വാത്മീകം'. സുധി എന്ന വിക്കുള്ള കഥാപാത്രത്തിന്റെ നാല് വയസ്സ് മുതൽ നാൽപ്പത് വയസ്സുവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യയുടെ ഈ വർഷത്തെ എറ്റവും മികച്ച ചിത്രമാണിത്. 'ഹോംലി മീല്‍സ്' എന്ന ചിത്രത്തിന്റെ രചയിതാവും നായകനുമായിരുന്ന വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് 'ബെന്‍'. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നല്ലൊരു ചിത്രമാണിത്. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ്‌ രംഗത്ത്‌ ആഴക്കടല്‍ മുങ്ങല്‍ വിദഗ്‌ദ്ധനായ ശന്തനുവിന്റെയും ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറായ സക്കറിയയുടേയും ജീവിതകഥ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിച്ച ചിത്രമാണ്‌ 'അനാര്‍ക്കലി'. സച്ചി സേതു ടീമിന്റെ വേർപിരിയലിനു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം മോശമല്ലാത്ത ഒരു പ്രണയകഥയാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'രാജമ്മ അറ്റ് യാഹൂ' എന്ന ചിത്രവും ബിജുമേനോനെ നായകനായ 'സാൾട്ട് മാംഗോ ട്രീ' എന്ന ചിത്രവും ശരാശരിയിലും താഴെയായി.

ഇളംവെയിൽ, അക്കൽദാമയിലെ പെണ്ണ്, ആനമയിലൊട്ടകം,സുഖമായിരിക്കട്ടെ, തിലോത്തമ എന്നിവയും നവംബർ ചിത്രങ്ങളായെത്തി.

ചാർളിയുടെ മാജിക്കും ദിലീപിന്റെ മാറ്റവും.

ഈ ലേഖനം എഴുതുമ്പോൾ ചാർലി എന്ന ചിത്രം തിയേറ്ററുകളിൽ ആരവമുയർത്തുകയാണ്. ഉണ്ണി ആറിന്റെ കഥയും, മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനമികവും, ദുൽഖറും പാർവതിയും അടക്കമുള്ള അഭിനേതാക്കളുടെ ഗംഭീര അഭിനയവുമാണ് ചാർലി എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പ്രവചനാതീതമായ സ്വഭാവത്തിനുടമയായ ഒരു യുവാവിനെത്തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയിലൂടെ കഥ മുന്നേറുന്നത്.

ചിരിപ്പിയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ കോമഡികൾ അല്ല. മറിച്ച് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വമേധയാ ഉണ്ടായ കോമഡികളാണ് 'ടൂ കണ്‍ട്രീസ്'-ല്‍. അടുത്ത കാലത്ത് ദിലീപിന്റെ വളിപ്പ് കോമഡികള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് മനസ്സറിഞ്ഞ് ചിരിയ്ക്കാനുള്ള ഒരു ചിത്രമാണ് ടൂ കണ്‍ട്രീസ്. മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ്‌ സംവിധാനം ചെയ്ത ചിത്രമാണ് 'ജോ ആന്റ് ദി ബോയ്‌'. ചിത്രത്തിൽ മഞ്ജു വാരിയരും മാസ്റ്റർ സനൂപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രിസ്തുമസ് ചിത്രങ്ങളിൽ എറ്റവും മോശം ചിത്രമായി മാറി ഇത്. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, അജു വർഗ്ഗീസ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോണ്‍ വർഗീസ്‌ സംവിധാനം ചെയ്ത ചിത്രമാണ്. 'അടി കപ്യാരേ കൂട്ടമണി'. ഒരു മെൻസ് കോളേജിന്റെ ഹോസ്റ്റലില്‍ പെട്ടു പോവുന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. നല്ലൊരു കഥയുടെ പിൻബലം പോലും ഇല്ലെങ്കിലും പ്രേക്ഷകരെ ഏതുവിധേനയും ചിരിപ്പികുക എന്നുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമത്തിൽ അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു.

റോക്ക് സ്റ്റാർ, വലിയ ചിറകുള്ള പക്ഷികൾ, മൈ ഗോഡ്, കുക്കിലിയാർ, ജോണ്‍ ഹോനായ്, ഫീമെയിൽ ഉണ്ണികൃഷ്ണൻ, വണ്‍ ഡേ, ഓർമ്മകളിൽ ഒരു മഞ്ഞുകാലം, കരി എന്നീ ചിത്രങ്ങളും ഡിസംബർ മാസത്തിൽ തിയേറ്ററുകളിൽ എത്തിയതായി പറയപ്പെടുന്നു.

അഭിനയം തിരക്കഥ സംവിധാനം.

പൃഥ്വിരാജ്, നിവിൻ പോളി, പാർവതി എന്നിവരുടെ ഭാഗ്യവർഷമായിരുന്നു 2015 എന്ന് നിസ്സംശയം പറയാം. പിക്കറ്റ് 43, ഇവിടെ, ഡബിൾ ബാരൽ, എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി എന്നിങ്ങനെ ആറ് പൃഥ്വിരാജ് ചിത്രങ്ങളാണ് ഈ വർഷം പ്രദർശനത്തിനെത്തിയത്. ഇതിൽ 'ഡബിൾ ബാരലും' 'ഇവിടെ'യും മാത്രമാണ് പരാജയം രുചിച്ചത്. മറ്റ് നാല് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. 'എന്ന് നിന്റെ മൊയ്തീൻ' എറ്റവും നല്ല വിജയങ്ങളിലൊന്നായി മാറി. നാല് ചിത്രങ്ങളിൽ വേഷമിട്ട നിവിൻ പോളിയെക്കാത്തിരുന്നത് രണ്ട് സൂപ്പർഹിറ്റുകളാണ്- പ്രേമവും, വടക്കൻ സെൽഫിയും. എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നീ ചിത്രങ്ങളിലൂടെ പാർവ്വതി മികച്ച പ്രകടനം കാഴ്ച വെച്ച് മലയാളത്തിലെ മുൻനിര അഭിനേത്രികളുടെ ശ്രേണിയിലേക്ക് ഉയർത്തപ്പെട്ടു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ സൂപ്പർതാര ചിത്രങ്ങൾ പലതും തിയേറ്ററുകളിൽ പരാജയപ്പെടുകയും യുവതാരങ്ങളുടെ ചിത്രങ്ങൾ വിജയം കൈവരിക്കുകയും ചെയ്തു. ഈ വർഷം വളിപ്പ് തമാശകളാൽ സമൃദ്ധമായിരുന്ന ദിലീപ് ചിത്രങ്ങൾക്ക് സംഭവിച്ച മാറ്റവും എടുത്തു പറയേണ്ടതാണ്. സുധീർ കരമന, ചെമ്പാൻ വിനോദ്, മാധവ് തുടങ്ങിയവരും ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി.

ഉദയാസ്തമയങ്ങൾ.

ഒരുപാട് നവാഗത പ്രതിഭകൾ മലയാളസിനിമയിൽ ഉദയം കൊണ്ട വർഷമായിരുന്നു 2015. കന്യകാ ടാക്കീസ് എന്ന ചിത്രത്തിലൂടെ കെ.ആർ മനോജും ക്രൈം നമ്പർ 89 എന്ന സിനിമയിലൂടെ സുദേവനും ഒരാൾപ്പൊക്കം എന്ന ചിത്രത്തിലൂടെ സനൽകുമാർ ശശിധരനും മലയാളത്തിലെ നല്ല സിനിമാ സംവിധായകരുടെ ശ്രേണിയിലെത്തി. നടന്മാരായ സലിം കുമാർ (കമ്പാർട്ട്മെന്റ്), നാദിർഷാ (അമർ അക്ബർ അന്തോണി), വിനീത് കുമാർ( അയാൾ ഞാനല്ല) എന്നിവരും തിരക്കഥാകൃത്തുക്കളായ ജെയിംസ് ആൽബർട്ട് (മറിയം മുക്ക്) സച്ചി ( അനാർക്കലി) എന്നിവരും സംവിധായകരുടെ കുപ്പായമണിഞ്ഞു. മിഥുൻ മാനുവൽ(ആട്), ബേസിൽ ജോസഫ് (കുഞ്ഞിരാമായണം) സംവിധായകന്‍ കമലിന്റെ മകന്‍ ‍ജനുസ് മുഹമ്മദ് (100 ഡേയ്സ് ഓഫ് ലൗ) എന്നീ യുവസംവിധായകരെയുംമലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഈ വർഷമാണ്.

ആർ.എസ്‌ വിമൽ (എന്ന് നിന്റെ മൊയ്തീൻ), പ്രജിത്ത് (ഒരു വടക്കൻ സെൽഫി), സന്തോഷ് വിശ്വനാഥ് (ചിറകൊടിഞ്ഞ കിനാവുകള്‍) എന്നിവർ ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് ചിത്രങ്ങളൊരുക്കി വരവറിയിച്ചു. സുധിവാത്മീകം എന്ന ചിത്രത്തിൽ അഭിനയിച്ച സ്വാതി നാരായണനും പത്തേമാരി, ഉട്ടോപ്പ്യയിലെ രാജാവ് എന്നീ സിനിമകളിൽ വേഷമിട്ട ജുവൽ മേരിയും പുതുമുഖങ്ങളായിരുന്നു. ഒരു കാലത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മാള അരവിന്ദന്റെ ദേഹവിയോഗത്തിന് 2015 സാക്ഷ്യം വഹിച്ചു. ഗാനരചയിതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ യൂസഫലി കേച്ചേരി, അഭിനേതാവായ പറവൂർ ഭരതൻ, ഗായികയായ രാധിക തിലക് തുടങ്ങിയവരും നമ്മെ വിട്ട് പിരിഞ്ഞു.

2015 ബാക്കി വെയ്ക്കുന്നത്.

മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ വർഷമായിരുന്നു 2015 എന്ന് വേണം പറയാൻ. സമാന്തരസിനിമകൾക്ക് പലതിനും റിലീസിംഗിന് തിയേറ്ററുകൾ ലഭിച്ചതും അവയ്ക്ക് തിയേറ്ററുകളിൽ പതിവിൽ കവിഞ്ഞ സ്വീകാര്യത ലഭിച്ചതും നല്ല സൂചനയാണ്. പോയ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളുടെ എണ്ണത്തിലും വർദ്ധന കാണാം. സൂപ്പർതാരചിത്രങ്ങൾ മിക്കവയും അമ്പേ പരാജയപ്പെട്ടപ്പോൾ യുവാക്കൾ അഭിനയമടക്കമുള്ള പല മേഖലകളിലും അപ്രതീക്ഷിത വിജയം കൈവരിച്ചു. സാങ്കേതികപരമായും ഒട്ടേറെ മാറ്റങ്ങൾ ഈ വർഷം കാണാറായി. സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രം സാറ്റലൈറ്റ് റൈറ്റ്സ് നിശ്ചയിക്കാനുള്ള ചാനലുകാരുടെ തീരുമാനത്തിനും റിലീസ് ചെയ്ത സിനിമകളുടെ എണ്ണത്തെ കുറയ്ക്കാനായില്ല. നല്ല ഒരുപാട് ചിത്രങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

← ഉള്ളടക്കം