≡ ജനുവരി 2016 ലക്കം

രൂപാന്തരം

കവിത
നടാലിയ ഷൈൻ

ആരവങ്ങളൊഴിഞ്ഞ കലാപഭൂമിയില്‍
അന്ന് ഞാന്‍ തനിയേ -
ക്രൂശിതരുടെ നിലയ്ക്കാത്ത നാമപ്രവാഹത്തില്‍
എഴുതിചേര്‍ക്കാന്‍ വേരുകളില്ലാത്ത ഒരു വിപ്ളവകാരി.

ജീര്‍ണ്ണ വസ്ത്രങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന്
എന്‍റെ അനാഥമായ ആത്മാവിനെ നീ കണ്ടെത്തി.

സായാഹ്നങ്ങളില്‍ ഈ നിഷേധിയുടെ
വിലക്കപ്പെട്ട സങ്കേതത്തില്‍ വന്നെത്തി
നീ എനിക്ക് വെച്ചു നീട്ടുന്നു -
മോഷ്ടിച്ചെടുത്ത ചുംബനങ്ങള്‍,
നിറം മങ്ങിയ ശൈശവം,
ഒരു തുരുമ്പിച്ച പമ്പരം,
തേഞ്ഞു തീരാറായ കുറേ ഓര്‍മ്മകള്‍ ...!

നിന്‍റെ വാത്സല്യത്തിന്‍റെ മഹാപ്രവാഹത്തില്‍
എന്‍റെ തീക്ഷ്ണനൊമ്പരങ്ങള്‍ ഒലിച്ചു പോയി..
ഒരു യുഗംഅവസാനിച്ച്
മറ്റൊന്ന് തുടങ്ങും പോലെ-
പറഞ്ഞു തന്നു
യുദ്ധമുഖങ്ങള്‍ മായക്കാഴ്ചകളാണെന്ന്,
സീതായനങ്ങള്‍ കെട്ടുകഥകളാണെന്ന് !

ചുവപ്പിന്‍റെ താളുകളില്‍ നീ
പുതിയ സമവാക്യങ്ങള്‍ എഴുതി
അക്ഷരങ്ങള്‍ക്ക് പിന്നില്‍ നവസിദ്ധാന്തങ്ങള്‍
പദാവലിയിലെ വാക്കുകള്‍ക്ക് നൂതന നിര്‍വ്വചനങ്ങള്‍ ...

എന്‍റെ ചിന്തകളില്‍ നീ കടും നിറത്തിലുള്ള
ചായങ്ങള്‍ ‍വാരി വിതറി
മഴവില്ലിന്നററത്ത് നിധി കുംഭങ്ങളുണ്ടെന്ന് നീ പറഞ്ഞു
ഒരു വിപ്ളവകാരിക്ക് ഒരിക്കലും ചേരാത്ത കാല്പനികത!
എന്നിട്ടും ഞാനത് വിശ്വസിക്കുന്നു.

← ഉള്ളടക്കം