≡ ജനുവരി 2016 ലക്കം

ഒരു വീട് സംസാരിച്ചു തുടങ്ങുന്നു

കവിത
ഷിറാസ്

ഒരു വീട് സംസാരിച്ചു തുടങ്ങുന്നു,.
മുൻവാതിൽ,
ഭർത്താവിന്റെ കാമുകിക്ക് വേണ്ടിയും
പിൻവാതിൽ,
ഭാര്യയുടെ കാമുകന് വേണ്ടിയും
തുറന്നു വെച്ച
ഒരു വീട് സംസാരിച്ചു തുടങ്ങുന്നു....!

അമ്മയുടെ കണ്ണുനീർ വീണ
അടുക്കളച്ചായ്പ്പും,
അച്ഛന്റെ മുറുക്കാൻ മണക്കുന്ന
വരാന്തക്കസേരയും
വീടിന്റെ മുറിഞ്ഞു പോയ സ്വപ്നമാണ്...

തെരുവിന്റെ ചതുരൻ ദൃശ്യങ്ങളെ
അടച്ചു വെച്ച ജാലകക്കൊളുത്തുകൾ
വീടിനു കുതിരക്കാഴ്ച നല്കുന്നു...
എന്നിട്ടും ഇരുള് വെന്ത മൗനം കൊണ്ട്
വീട് സംസാരിച്ചു തുടങ്ങുകയാണ്...!

ഒരു കോണിപ്പടവിൽ നിന്നാണ്
എല്ലാം എണ്ണിത്തുടങ്ങുന്നത്..
ഭൂമിയിലും ആകാശത്തിലുമല്ലാതെ
വീടുകൾക്ക് വേണ്ടി മാത്രമുള്ള
ഇടങ്ങളെ കുറിച്ച്,
വെയിലും മഴയും കാറ്റു കൊള്ളാനിരിക്കുന്ന
ഒരു ബാൽക്കണിയെ ക്കുറിച്ച്,
വീടല്ലാത്ത ഒരു വീടിനെ കുറിച്ച്
ഓർത്തെടുക്കുന്നത് തന്നെ ഒരു രസമാണ്...!

പക്ഷേ ,
രണ്ട് വീടുകൾക്കിടയിലെ അകലങ്ങൾ
രണ്ടാളിനേക്കാൾ അടുത്തായിട്ടും
രണ്ടു ലോകങ്ങൾ പോലെ വിഘടിച്ചു പോയ
ദുര്യോഗത്തെക്കുറിച്ച് കൂടി
വീട് സംസാരിച്ചു തുടങ്ങുന്നു...!

തൊടികളും, മരങ്ങളുമില്ലാത്ത
ശൂന്യതയിലെ ഒരൊറ്റ വീട്ടിൽ തന്നെ
രണ്ടു വീടുകൾ കിളിർക്കുന്നു;
രണ്ടു ലോകങ്ങളും...!!

ഫ്ലാറ്റെന്ന്‌ സ്വയം പേരു മാറ്റി വിളിച്ച്
വീട്,
മഴക്കാലത്തെ, പ്രളയമെന്നും
വേനൽക്കാലത്തെ, വരൾച്ചയെന്നും
പറഞ്ഞവസാനിപ്പിക്കുന്നു....!!!

← ഉള്ളടക്കം