≡ ജനുവരി 2016 ലക്കം

ജവാന്‍

കവിത
പ്രവീൺ കാരോത്ത്

വെടി ആദ്യം കൊണ്ടത് നെഞ്ചത്താണ്
ഹൃദയം കഷ്ടി രക്ഷപ്പെട്ടു
ഉന്നം തെറ്റിയതാകും
വല്ലാതെ പിഴക്കാത്തത് ഭാഗ്യം

അടുത്തത് ചെവിയില്‍
അതെ, ഇടത്തേതില്‍ തന്നെ പറഞ്ഞുറപ്പിച്ച പോലെ
വലത്തുള്ള ആള്‍ പറയുന്നത് മാത്രമേ ഇനി കേള്‍ക്കേണ്ടൂ


മൂന്നാമത്തേത് കുറിക്കു തന്നെ
കാല്‍മുട്ടിന് തൊട്ടു മുകളില്‍
എല്ലും മാംസവും ചിതറി
കാല്‍ രണ്ടേ രണ്ടു ഞരമ്പില്‍ തൂങ്ങി
കണ്ണടക്കുന്നതിനു മുന്‍പ് കണ്ടു
കൂട്ടുകാരന്‍റെ ഹെല്‍മെറ്റില്‍
പറ്റിപ്പിടിച്ചൊരു ഇറച്ചിത്തുണ്ട്

നാളെ അമ്പലത്തില്‍ പോണം
ഒരു തുലാഭാരമുണ്ട് കദളിപ്പഴം കൊണ്ട്
അവളുടെ പ്രാത്ഥനയാണ്
അതിര്‍ത്തിയിലെ ഈ നശിച്ച
ജോലിയൊന്നു നിര്‍ത്തിത്തരണേ എന്ന്!

മൂന്നു റാത്തല്‍ ഇറച്ചി
ഡോക്ടര്‍ മുറിച്ചു കളഞ്ഞത് കൊണ്ടാ
കാശ് ലാഭമായി ഏതായാലും !
ഇനി നാട്ടുകാര് പറയുന്ന പോലെ
ഒന്ന് സുഖിക്കണം-
പെന്‍ഷനും കൂടെ കുപ്പിയും ഉണ്ടല്ലോ!

← ഉള്ളടക്കം