≡ ജനുവരി 2016 ലക്കം

എഡിറ്റോറിയല്‍

എഡിറ്റോറിയല്‍
ഇ-മഷി ടീം

2016 - ഒത്തിരി പ്രതീക്ഷകളും, ആഗ്രഹങ്ങളും, പ്രത്യാശകളും നമുക്കായി കരുതിവെച്ചു കൊണ്ട് ഒരു പുതുവര്‍ഷം കൂടി വരവായി.

2015 വിട പറഞ്ഞത് സംഭവബഹുലമായ ഒരു വര്‍ഷം നമുക്കൊക്കെ നല്‍കിക്കൊണ്ടാണ്... നല്ലതും ചീത്തയുമായ , ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ ഒട്ടനവധി സംഭവങ്ങള്‍ . ബഹിരാകാശ രംഗത്തുണ്ടായ കുതിച്ചു ചാട്ടം , ജൈവകൃഷിയോട് പൊതുജനങ്ങള്‍ക്കുണ്ടായ വര്‍ദ്ധിച്ച താല്പര്യം , ചെന്നൈ മഹാനഗരത്തില്‍ സംഭവിച്ച പ്രളയക്കെടുതികള്‍ , അസഹിഷ്ണുതയുടെ മേലങ്കിയണിഞ്ഞ ന്യായീകരിക്കാനാകാത്ത സംഭവങ്ങള്‍ അങ്ങനെ പല വര്‍ണ്ണങ്ങളിലൂടെയാണ് കഴിഞ്ഞ വര്‍ഷം നമ്മുടെ ഓര്‍മ്മകളില്‍ കാത്തു വെക്കപ്പെടുന്നത്.

ഓരോ വര്‍ഷവും കഴിഞ്ഞു പോകുമ്പോള്‍ നന്മയുടെ നല്ല നാമ്പുകള്‍ നമുക്കായി കരുതി വെക്കുക തന്നെ ചെയ്യും - ചെന്നൈയില്‍ നടന്ന പ്രകൃതി ദുരന്തത്തില്‍ പോലും ബാക്കിയാകുന്നത് സ്നേഹത്തിന്റേയും , സഹായ മന:സ്ഥിതിയുടേയും , മനുഷ്യത്വത്തിന്‍റെയും കഥകളാണ്. പക്ഷേ , ഒരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രമല്ല സഹജീവികളെ കുറിച്ചും , പ്രകൃതിയെ കുറിച്ചും ആലോചിക്കേണ്ടത് എന്ന തിരിച്ചറിവ് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.

ബ്ലോഗുലകത്തില്‍ താരതമ്യേന നല്ല വര്‍ഷമെന്ന് തന്നെ പറയാം 2015 - വായന മരിക്കുന്നു എന്ന് അലമുറയിടുന്നവരോട് , വായന മരിക്കുകയല്ല മറിച്ച് വായന അതിശയകരമായ വേഗങ്ങളിലേയ്ക്ക് കടക്കുന്നു എന്നാണ് പറയാനുള്ളത്. മലയാളം ബ്ലോഗേഴ്സ് എന്ന നമ്മുടെ ഈ ഫേസ്ബുക്ക്‌ കൂട്ടായ്മയ്ക്ക് അഭിമാനിക്കാം - സൗഹൃദങ്ങളില്‍ പലരും എഴുത്തിന്‍റെ പുതിയ മാനങ്ങളിലേയ്ക്ക് കടന്ന വര്‍ഷം കൂടിയാണ് കഴിഞ്ഞു പോയത്.

ബ്ലോഗ്‌ കൂട്ടായ്മകളിലൂടെ സൗഹൃദങ്ങളും, സ്നേഹവും പരസ്പരം പങ്കു വെയ്ക്കപ്പെട്ട കഥകള്‍ എന്നുമൊരു ഊര്‍ജ്ജം തന്നെയാണ്...

പുതിയ വര്‍ഷത്തില്‍ പുതുക്കിയ വായനയുടെ കാഴ്ച്ചവട്ടങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലേയ്ക്ക് രൂപവും ഭാവവും മിനുക്കി ഇ-മഷി കാഴ്ച വെക്കുകയാണ്‌ ... എല്ലാവര്‍ക്കും ഈ പുതുവത്സര സമ്മാനം ഇഷ്ടമാകും എന്ന പ്രതീക്ഷയില്‍,

ബ്ലോഗിങ്ങ് ലോകത്തെ എല്ലാ സൗഹൃദങ്ങള്‍ക്കും സ്നേഹവും, സമാധാനവും, നന്മയും നിറഞ്ഞ ഭാവനാസമ്പന്നമായ ഒരു പുതുവര്‍ഷം ആശംസിച്ചു കൊണ്ട്,

ഇ-മഷി എഡിറ്റോറിയല്‍ ടീം

← ഉള്ളടക്കം