≡ ജനുവരി 2016 ലക്കം

ഒരു ഗുമസ്തന്റെ മരണം - ആന്റോണ്‍ ചെക്കോവ്

വിവര്‍ത്തനം
പ്രദീപ്‌ നന്ദനം

ഒരു ഗുമസ്തന്റെ മരണം - ആന്റോണ്‍ ചെക്കോവ്

(1883 ജൂലൈ )

ഒരു നല്ല സായാഹ്നത്തിൽ, അത്രയും തന്നെ നല്ല ഒരു ഓഫീസ് മാനേജരായ ഐവാൻ ദിമിത്രിച്ച് ഷെർവിയാക്കൊവ് (1) ആ പ്രദർശനശാലയിലെ രണ്ടാമത്തെ വരിയിൽ ഇരുന്ന് ഓപ്പറ ഗ്ലാസ്സ് വഴി 'കോണെവില്ലിലെ മണികൾ(2) ' കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കണ്ടുകൊണ്ടിരിക്കെ താൻ അനുഭൂതിയുടെ ഉച്ചസ്ഥായിയിലെത്തിയതായും അയാൾക്ക് അനുഭവപ്പെട്ടു.

പക്ഷെ പെട്ടെന്ന് - ഈ പെട്ടെന്ന് എന്ന വിശേഷണം കഥകളിൽ മിക്കവാറും കടന്നു വരാറുണ്ട്,.ഈ എഴുത്തുകാർ പറയുന്നത് ശരിയാണ്: ജീവിതം നിറയെ അപ്രതീക്ഷിതങ്ങളായ കാര്യങ്ങളാണ്! -പക്ഷെ പെട്ടെന്ന് അയാളുടെ മുഖം ചുളിഞ്ഞു, കണ്ണുകൾ വട്ടം കറങ്ങി...അയാളുടെ ശ്വാസം നിലച്ചു...അയാൾ ആ ഓപ്പറ ഗ്ലാസ് താഴെ വച്ചു , മുൻപോട്ടൊന്നാഞ്ഞു , പിന്നെ...ആഹ് -ച്ചൂ...!! നിങ്ങൾ വിചാരിച്ചപോലെ തന്നെ, അയാൾ തുമ്മി.

തുമ്മൽ ആർക്കും എവിടെയും നിരോധിച്ചിട്ടില്ല. പട്ടിണിപ്പാവങ്ങൾ തുമ്മും , പോലീസ്എമാന്മാർ തുമ്മും,എന്തിന് പ്രിവി കൗണ്‍സിലന്മാർ വരെ തുമ്മും. എല്ലാവരും തുമ്മും.

ഷെർവിയാക്കൊവ് ഒട്ടും തന്നെ ലജ്ജിക്കാതെ തന്റെ തൂവാല കൊണ്ട് മൂക്ക് തുടച്ചു. വളരെ വിനയം നിറഞ്ഞവനായതുകൊണ്ട് തന്റെ തുമ്മൽ മറ്റാരെയെങ്കിലും ആലോസരപ്പെടുത്തിയോ എന്ന് ചുറ്റും നോക്കി. അപ്പോഴാകട്ടെ അയാൾക്ക് ചമ്മലുമുണ്ടായി. അവിടെ ഒന്നാം നിരയിൽ ഇരിക്കുന്ന വൃദ്ധൻ എന്തോ പിറുപിറുത്തുകൊണ്ട് തന്റെ കഷണ്ടിത്തലയും കഴുത്തും കയ്യുറ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ തുടയ്ക്കുന്നത് അയാൾ കണ്ടു. ആ വൃദ്ധൻ ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ജനറൽ ബ്രിഷലോവ് (3) ആണെന്ന് ഷെർവിയാക്കൊവ് തിരിച്ചറിഞ്ഞു.

"അദ്ദേഹത്തിന്റെ ദേഹത്തെല്ലാം തെറിച്ചു, " ഷെർവിയാക്കൊവ് വിചാരിച്ചു. "അദ്ദേഹം എന്റെ മേലധികാരിയൊന്നുമല്ല. വേറൊരു സ്ഥലത്താണ് ജോലി. എന്നാലും മോശമായിപ്പോയി. ക്ഷമ ചോദിക്കണം."

ഷെർവിയാക്കൊവ് ചെറുതായി ഒന്ന് ചുമച്ചു, മുൻപോട്ടാഞ്ഞ് ജനറലിന്റെ ചെവിയിൽ മന്ത്രിച്ചു:

"ക്ഷമിക്കണേ എക്സലെൻസി ..ഞാൻ താങ്കളുടെ ദേഹത്തേയ്ക്ക് തുമ്മി. ഞാൻ പെട്ടെന്നറിയാതെ..."

"കാര്യമാക്കണ്ട..കാര്യമാക്കണ്ട.."

"ദൈവത്തെയോർത്ത് എന്നോട് ക്ഷമിക്കൂ. ഞാൻ മനപ്പൂർവമല്ല.."

"ഹാ, അവിടിരിക്കെന്നേ ..ഞാൻ അത് കേൾക്കട്ടെ ..."

ഷെർവിയാക്കൊവ് ചമ്മി ഒരു വിഡ്ഢിച്ചിരിയുമായി അരങ്ങത്തേയ്ക്ക് നോക്കിയിരിക്കാൻ തുടങ്ങി. അങ്ങനെ നോക്കിയിരുന്നെങ്കിലും അയാൾക്ക് പിന്നെയൊട്ടും തന്നെ ആ അനുഭൂതി ലഭ്യമായില്ല. ആകാംഷ അയാളെ മഥിക്കാൻ തുടങ്ങി, ഇടവേളയിൽ അയാൾ ബ്രിഷലോവിന്റെ അടുക്കലെത്തി തന്റെ നാണത്തെ അതിജീവിച്ച് മന്ത്രിച്ചു.

"ഞാൻ താങ്കളുടെ ദേഹത്തേയ്ക്ക് തുമ്മി, എക്സലെൻസി ..എന്നോടു ക്ഷമിക്കണേ..ഞാൻ.. ഞാൻ മനപ്പൂർവമല്ലാ.."

"ശ്ചെ..!! , എന്തായിത്..!! ഞാനത് അപ്പോഴേ മറന്നതായിരുന്നു, നിങ്ങൾ പിന്നേം അതും കൊണ്ട് നടക്കാതെ.." ജനറൽ അക്ഷമയോടെ തന്റെ കീഴ്ച്ചുണ്ട് വക്രിച്ച് പറഞ്ഞു..

"മറന്നു, പക്ഷെ അദ്ദേഹത്തിൻറെ കണ്ണുകളിൽ വിദ്വേഷമുണ്ട്,"

ഷെർവിയാക്കൊവ് ജനറലിനെ സംശയദൃഷ്ടിയോടെ നോക്കി വിചാരിച്ചു.

"അദ്ദേഹത്തിനു സംസാരിക്കാൻ പോലും താത്പര്യമില്ല. ഞാൻ ഒട്ടും വിചാരിച്ചില്ല എന്ന് അദ്ദേഹത്തോട് വിശദീകരിക്കണം....തുമ്മൽ, അതൊരു പ്രകൃതിനിയമമാണെന്ന്..അല്ലെങ്കിൽ അദ്ദേഹം വിചാരിക്കും ഞാൻ മനപ്പൂർവം തുമ്മിയതാണെന്ന്. ഇപ്പോൾ അങ്ങനെ വിചാരിച്ചില്ലെങ്കിലും അദ്ദേഹം പിന്നീടങ്ങനെ കരുതും.."

വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഷെർവിയാക്കൊവ് തന്റെ ഭാര്യയോട് തന്റെ കഠോരതയെപ്പറ്റി പറഞ്ഞു. ആ സംഭവത്തെ വളരെ നിസ്സാരമായാണ് തന്റെ ഭാര്യ കണ്ടതെന്ന് അയാൾക്ക്‌ തോന്നി. ആദ്യം ചെറുതായി ഒന്ന് ഭയപ്പെട്ടെങ്കിലും ബ്രിഷലോവ് മറ്റൊരു വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്നറിഞ്ഞതോടെ അവൾ ശാന്തയായി.

"എന്നാലും പക്ഷെ നിങ്ങൾ പോയി ക്ഷമ ചോദിക്കണം," അവൾ പറഞ്ഞു, "പൊതുസ്ഥലത്ത് എങ്ങനെയാണ് പെരുമാറേണ്ടതെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടാന്നു അദ്ദേഹം കരുതും !"

"അത് തന്നെ ! ഞാൻ ക്ഷമ പറഞ്ഞെങ്കിലും അദ്ദേഹം എന്തോ വല്ലാതെയിരുന്നു...അര്‍ത്ഥമുള്ള ഒരൊറ്റ വാക്കും പറഞ്ഞില്ല..പക്ഷെ ഒന്നും പറയാനുള്ള സമയവുമുണ്ടായിരുന്നില്ല."

അടുത്ത ദിവസം മുടിയൊക്കെ വെട്ടി പുതിയ യൂണിഫോമുമൊക്കെ അണിഞ്ഞ് ഷെർവിയാക്കൊവ് , ബ്രിഷലോവിനടുക്കൽ വിശദീകരണത്തിനായി പോയി...ജനറലിന്റെ സ്വീകരണമുറിയിൽ എത്തിയപ്പോൾ അവിടെ ഒരുപാട് പരാതിക്കാരെ അയാൾ കണ്ടു. അവരുടെയിടയിൽ തന്നെയിരുന്ന് ജനറൽ പരാതികൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. കുറെയേറെ പരാതിക്കാരോടു സംസാരിച്ചശേഷം ഷെർവിയാക്കൊവിനു നേരെ ജനറൽ തന്റെ ദൃഷ്ടികൾ ഉയർത്തി.

"ഇന്നലെ ആർക്കെഡിയയ്യിൽ വച്ച് , താങ്കൾക്ക് ഓർമ കാണും," ആ ഓഫീസ് മാനേജർ പറഞ്ഞു തുടങ്ങി." ഞാൻ തുമ്മി.. അബദ്ധത്തിൽ താങ്കളുടെ ദേഹത്തേയ്ക്ക്..ക്ഷമി..."

"കൊച്ചു കാര്യങ്ങൾ...ദൈവത്തെയോർത്ത്.!! നിങ്ങൾക്ക് എന്റെ എന്ത് സഹായമാണ് വേണ്ടത്?" ജനറൽ അടുത്ത പരാതിക്കാരനോട് തിരിഞ്ഞ് ആരാഞ്ഞു.

"അദ്ദേഹത്തിന് എന്നോടു സംസാരിക്കാൻ താത്പര്യമില്ല ! "

വിളറിക്കൊണ്ട് ഷെർവിയാക്കൊവ് വിചാരിച്ചു, "അതിന്റെയർഥം അദ്ദേഹത്തിനു ദേഷ്യമുണ്ടെന്നാണ് ....ഇല്ല, ഇതിങ്ങനെ വിട്ടാൽ പറ്റില്ല....ഞാൻ അദ്ദേഹത്തോട് വിശദീകരിക്കും...."

ജനറൽ തന്റെ അവസാനത്തെ പരാതിക്കാരനോടും ചർച്ച ചെയ്തു കഴിഞ്ഞ് അകത്തെ മുറികളിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ഷെർവിയാക്കൊവ് അദ്ദേഹത്തെ പിന്തുടർന്നു ചെന്ന് മന്ത്രിച്ചു:

"എക്സലൻസി ! ബുദ്ധിമുട്ടിക്കുകയാണെങ്കിൽ ക്ഷമിക്കണേ, ശരിക്കും പറഞ്ഞാൽ ഒരു പശ്ചാത്താപത്തിൽ നിന്നാണ്... ഞാനത് മനപ്പൂർവമല്ല, അത് താങ്കൾക്കു തന്നെ അറിയാമല്ലോ, സർ !"

ജനറൽ സങ്കടം നിറഞ്ഞ മുഖഭാവത്തോടെ തന്റെ കൈകൾ വീശി.

"നിങ്ങൾ തമാശ പറയുകയായിരിക്കും, അല്ലേ സർ !"

അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം വാതിൽ കടന്നു അപ്രത്യക്ഷനായി.

"അതെന്ത്‌ തമാശയാണ്?" ഷെർവിയാക്കൊവ് ചിന്തിച്ചു." ഇതൊരു തമാശയേയല്ല..!!. ഒരു ജനറലാണത്രെ, എന്നിട്ടും അദ്ദേഹത്തിനു മനസ്സിലാകുന്നില്ല ! ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഈ തലക്കനക്കാരനോടു ഇനി ഞാൻ മാപ്പ് പറയുന്നില്ല ! പിശാചു കൊണ്ട് പോകട്ടെ. ഞാൻ അയാൾക്കൊരു കത്തെഴുതും, പക്ഷെ ഇനി ഇങ്ങോട്ടേയ്ക്കില്ല !! ദൈവത്തിനാണെയില്ല.!"

വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഷെർവിയാക്കൊവ് അങ്ങനെ ചിന്തിച്ചു. അയാൾ പക്ഷെ ജനറലിനു കത്തൊന്നും എഴുതിയില്ല. ചിന്തിച്ച് ചിന്തിച്ച് അയാൾക്ക് അങ്ങനെയോരു കത്ത് എഴുതാൻ കഴിഞ്ഞില്ല. അതുകൊണ്ട് അടുത്ത ദിവസം വീണ്ടും അവിടെപ്പോയി വിശദീകരിക്കേണ്ടതായി വന്നു.

"ഞാനിന്നലെയും താങ്കളെ ബുദ്ധിമുട്ടിച്ചു, എക്സലൻസി."

ജനറൽ തന്റെ കണ്ണുകൾ ഉയർത്തി അയാളെ നോക്കിയപ്പോൾ അയാൾ മന്ത്രിച്ചു , " താങ്കൾ പറഞ്ഞപോലെ അതൊരു തമാശയായിരുന്നില്ല. തുമ്മിയതിനും താങ്കളുടെ ദേഹത്തേയ്ക്ക് തെറിപ്പിച്ചതിനും ഞാൻ മാപ്പ് പറയുകയായിരുന്നു, സർ ... ഒരു തമാശയായി ഞാൻ ഒരിക്കലും കരുതിയിട്ടു പോലുമില്ല. താങ്കളോടു ഞാൻ തമാശ പറയാൻ ധൈര്യപ്പെടുമോ? നമ്മൾ പരസ്പരം തമാശ പറയാൻ തുടങ്ങിയാൽ വ്യക്തികൾ തമ്മിൽ പരസ്പരം ആദരവേ പെട്ടെന്നില്ലാതാകും..."

"പുറത്തു പോ !!" ജനറൽ പെട്ടെന്ന് വിറച്ചുകൊണ്ട് നീലനിറം പൂണ്ട് അലറി.

"എന്താ, സർ ?" ഷെർവിയാക്കൊവ് ഭയപ്പെട്ടു മന്ത്രിച്ചു.

"പുറത്തു പോകാൻ !!" ജനറൽ കാലുകൾ തറയിൽ ചവിട്ടി വീണ്ടും അലറി.

ഷെർവിയാക്കൊവിന്റെ വയറ്റിൽ എന്തോ പൊട്ടിത്തകർന്നു. ഒന്നും കാണാതെ, ഒന്നും കേൾക്കാതെ,അയാൾ വാതിൽക്കലേയ്ക്ക് തിരിച്ചു നടന്നു. പിന്നെ തന്റെ ഭാരമേറിയ കാലുകളെ വലിച്ചിഴച്ചു നടന്നു... യാന്ത്രികമായി വീട്ടിലെത്തി, തന്റെ യൂണിഫോം അഴിച്ചു മാറ്റാതെ, സോഫയിലേയ്ക്ക് കിടന്നു.. പിന്നെ അന്തരിച്ചു.
വിവർത്തനം - പ്രദീപ്‌ നന്ദനം

അടിക്കുറിപ്പുകൾ

  1. ഷെർവിയാക്കൊവ് എന്ന പേര് ഷെർവിയാക് (പുഴു) എന്ന റഷ്യൻ വാക്കിൽ നിന്നും ഉണ്ടായത്.

  2. ഫ്രഞ്ച് കമ്പോസർ ആയ റോബർട്ട് പ്ലാൻങ്ക്വെറ്റിന്റെ (1843-1903) പ്രശസ്തമായ ഒരു ഓപ്പറ.

  3. ബ്രിഷലോവ് എന്ന പേര് ബ്രൈസ്ഗാറ്റ് (ചീറ്റിത്തെറുപ്പിക്കുക) , ബ്രിയൂഷാറ്റ് (പിറുപിറുക്കുക) എന്നീ റഷ്യൻ വാക്കുകളുടെ സങ്കരത്തെ സൂചിപ്പിക്കുന്നു.
← ഉള്ളടക്കം