≡ ഫെബ്രുവരി 2017
പ്രണയകഥ

നീലക്കുറിഞ്ഞികള്‍ പെയ്തിറങ്ങുമ്പോള്‍

അന്നേ അവൾ മഴയുടെ പ്രണയിനിയായിരുന്നു!

സ്കൂൾ തുറന്ന ദിവസത്തിൽ ആർത്തു പെയ്ത മഴയിൽ വള്ളിച്ചെരുപ്പുമിട്ട്, കയ്യിൽ ഒരു ശീലക്കുടയുമായി അവൾ കുണുങ്ങിക്കുണുങ്ങി നടന്നപ്പോൾ മണ്ണിൽ മഴത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു..!

ചെമ്പകപ്പൂവിന്‍റെ നിറം, രണ്ട് വശത്തുമായി മെടഞ്ഞിട്ട ചെമ്പിച്ച മുടി, നെറ്റിയിലെ കുറുനിരകളിൽ നിന്ന് വെള്ളം ഇറ്റിറ്റ് വീണത്‌ കൊണ്ടാവാം ഭസ്മക്കുറി ആലില പോലെ വിടർന്നത്. വരാന്തയിൽ നിന്നും ഞാൻ അവളെ വീക്ഷിക്കുകയായിരുന്നു. കാപ്പിനിറപ്പാവാടയില്‍ പൂത്തിരി കത്തിച്ച പോലെ ചെളി തെറിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ, നാണം കൊണ്ട് ആ നുണക്കുഴികൾ ചിരിച്ചിറങ്ങിയത് എന്നിലേക്ക്‌ ആയിരുന്നു, എന്‍റെ മൗനത്തിലേക്കായിരുന്നു. നിറമുള്ള സ്വപ്നങ്ങളിലേക്കായിരുന്നു!

മാഷുമാരുടെ ചൂരൽ വടികൾ തന്ന ചുവന്ന പാടുകൾ മറക്കാൻ അവളുടെ സഹതാപം ഒഴുകുന്ന ഒരേ ഒരു നോട്ടം മതിയായിരുന്നു. അവളുടെ ഉച്ച നോമ്പ് എന്ന കള്ളത്തരം ആയിരുന്നു എന്‍റെ വിശപ്പ്‌ മാറ്റിയ അമൃതം. അവൾക്ക് ഇഷ്ട്ടപ്പെട്ട ഞാവൽപ്പഴവും ചെടച്ചിക്കായും സ്കൂൾ മൈതാനത്തു നിന്നും പെറുക്കിക്കൊടുത്ത് ഞാൻ കടം വീട്ടി.

ഞങ്ങൾ വലുതായപ്പോൾ അവളെ പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ അയച്ച് മാതാപിതാക്കൾ ഞങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രണയത്തിന് മുൾവേലി കെട്ടി. അവളോട് എനിക്ക് ഉണ്ടായിരുന്ന സൗഹൃദം ഒരു പ്രണയമഴയായി എന്നിലേക്ക്‌ ഒഴുകിയെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല.

അവളുടെ പ്രിയപ്പെട്ട പാട്ട്, " കുടജാദ്രിയിൽ കുട ചൂടുമാ കോടമഞ്ഞ് പോലെയീ പ്രണയം" എന്‍റേയും പ്രിയപ്പെട്ടതായി. അവൾക്കായ്‌ ഇറുത്തെടുത്ത ചെമ്പകം ഓർമ്മയിൽ മിന്നി മാഞ്ഞു. അവൾക്ക് ചൂടാൻ മാത്രം അമ്മയെ കൊണ്ട് മുടങ്ങാതെ വെള്ളം ഒഴിപ്പിച്ച മുല്ല! പന്ത്രണ്ട് മണിവരെ നിശാഗന്ധി വിരിഞ്ഞു കാണാൻ അവളുടെ വീടിന്‍റെ പിന്നാമ്പുറത്ത് കാത്തിരുന്നത്.

പൂക്കൾ ആയിരുന്നു അവളുടെ തോഴികൾ.

അവൾക്കു പ്രണയം കുന്നിൻ മുകളിൽ പെയ്യുന്ന മഴയോടാണെന്ന് അവൾ എത്ര വട്ടം എന്നോട് പറഞ്ഞിട്ടുണ്ട്. അവൾ പോയത്‌ കൊണ്ടാവും കൈതക്കുന്നിൽ മഴ എത്തി നോക്കാൻ വൈകുന്നത്. ഒരിക്കൽ അവൾ വരും നീലക്കുറിഞ്ഞി പൂക്കുന്ന കൈതക്കുന്നിലേക്ക്.അന്നെന്‍റെ പ്രണയം പ്രണയിക്കാൻ തുടങ്ങും!

↑ top