≡ ഫെബ്രുവരി 2017
ലേഖനം

വീഡിയോഡ്രോം എന്ന നമ്മുടെ ബോസ്സ്!

ഒരു കാലഘട്ടത്തില്‍ റേഡിയോ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു, ഇന്ന് ആ ഭാഗം ടീവിയും പിന്നെ ഇന്‍റര്‍നെറ്റും കൈ യ്യടക്കിയിരിക്കുന്നു.

വിനോദത്തിനും, വിജ്ഞാനത്തിനും റേഡിയോ നമ്മുടെ സഹയാത്രികനായി ഓരോ പടികളിലും കൂടെ നടന്നെങ്കിലും ടീവി വന്നപ്പോള്‍ അതിന്‍റെ തലം കുറെക്കൂടെ വിസ്തൃതമായി മാറി. റേഡിയോ കൂടെ നടക്കുന്ന ഒരു കൂട്ടുകാരന്‍ ആയിരുന്നെങ്കില്‍, ടീവി വഴികാട്ടിയായി മാറി. പിന്നീട് പലപ്പോഴും ടീവി, നമ്മള്‍ അറിയാതെ നമ്മളില്‍ സ്വാധീനം ചെലുത്തി നമ്മളെ നിയന്ത്രിക്കുന്ന ‘സ്ലേവ് മാസ്റ്റര്‍’ എന്ന നിലയിലേക്ക് പതുക്കെ മാറിക്കൊണ്ടിരുന്നു. നമ്മള്‍ എന്ത് കാണണം, എന്ത് കേള്‍ക്കണം, എന്ത് അറിയണം, എന്ത് വാങ്ങണമെന്ന് വരെ തീരുമാനിക്കാനുള്ള ശക്തി ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി നേടിയെടുത്തു, അല്ലെങ്കില്‍ നമ്മള്‍ കൊടുത്തു എന്ന് തന്നെ പറയാം. ഇന്ന് നമ്മള്‍ നോക്കുകയാണെങ്കില്‍ ഒരു രാഷ്ട്രത്തിന്‍റെ ഭാവി തീരുമാനിക്കാനുള്ള ശക്തി വരെ ടെലിവിഷന് ഉണ്ട്, അതുകൊകൊണ്ടാണല്ലോ പല രാജ്യങ്ങളും അതിനെ പല രീതിയിലും സെന്‍സര്‍ ചെയ്ത് വിടുന്നത്.

ടീവി അഡിക് ഷന്‍റെ സുവര്‍ണ്ണ കാലത്ത് റിലീസായ ചിത്രമാണ് Videodrome.

ഒരു ടീവി ചാനലിന്‍റെ എക്സിക്യൂട്ടീവിലൂടെ പ്രേക്ഷകരുടെ നിലവാരവും, ടീവി കാഴ്ചകള്‍ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും കൃത്യമായി വിശകലനം ചെയ്യുന്ന ഈ ചിത്രം, ഇന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട ചില ആശയങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഉദാഹരണത്തിന്, ചിത്രത്തിലെ കഥാപാത്രമായ പ്രൊഫസര്‍ ഒബ്ലിവിയന്‍ പറയുന്ന ഒരു വാചകമുണ്ട്.

"The television screen is the retina of the mind’s eye. Therefore, the television screen is part of the physical structure of the brain. Therefore, whatever appears on the television screen emerges as raw experience for those watching. Therefore, television is reality. And reality is less than television."

ഈ വാചകം ഞാനിവിടെ ടൈപ്പ് ചെയ്യുമ്പോള്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ വിജയത്തില്‍ മതിമറന്ന് ആനന്ദിക്കുന്ന അച്ഛന്‍റെയും അനുജത്തിയുടെയും ചിത്രമാണ് കണ്മുന്നില്‍. നമ്മള്‍ ആഗ്രഹിക്കുന്നത് തരാന്‍ മാത്രമല്ല, നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാനും, ആകാന്‍ കഴിയാത്ത വ്യക്തികള്‍ ആയിമാറാനും ടെലിവിഷന്‍ വഴിയൊരുക്കുന്നുണ്ട്. അതായത് സ്ക്രീനിലൂടെ ഇറങ്ങിവരുന്ന ചിത്രങ്ങള്‍, അവയടങ്ങുന്ന വെളിച്ചം ഇവയെല്ലാം നമ്മുടെയുള്ളില്‍ പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട് എന്ന് സാരം. ഈ മാറ്റങ്ങളാണ് വീഡിയോഡ്രോം എന്ന പ്രോഗ്രാമിലൂടെ ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്.

തന്‍റെ പ്രേക്ഷകര്‍ എന്ത് കാണണം എന്ന് തീരുമാനിക്കാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തി, അയാള്‍ ആദ്യമായി കാണുന്ന ഒരു പരിപാടിയില്‍ പതുക്കെ അയാള്‍ക്ക് താല്പര്യം ജനിക്കുന്നു. ആ താല്പര്യം ഒരു ഭ്രമമായി മാറാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല, വൈകാതെ തന്നെ ആ ഭ്രമത്തിന്‍റെ കൂടെ വിഭ്രാന്തിയും, മറ്റു ചില ശാരീരിക പ്രശ്നങ്ങളും തുടങ്ങുകയാണ്. അധികം താമസിയാതെ തന്നെ അയാള്‍ക്ക് വ്യക്തമാകുന്നു, മാസ് മീഡിയയെ കൈയ്യിലൊതുക്കി എന്ന് വിശ്വസിക്കുന്ന താന്‍ ഇപ്പോള്‍ അതിന്‍റെകൈയ്യിലെ കളിപ്പാവയായി മാറിയിരിക്കുകയാണ്. മീഡിയ നിയന്ത്രിക്കുന്ന മാസ്സിനെ പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തി മാത്രമാണിന്ന് അയാള്‍.

വീഡിയോഡ്രോം സത്യത്തില്‍ ഹെവി-വയലന്‍സ് മാത്രമുള്ള ഒരു പരിപാടിയാണ്, എന്നിട്ടും അയാള്‍ തന്‍റെ പ്രേക്ഷകര്‍ക്കായി ആ പരിപാടി പ്രക്ഷേപണം ചെയ്യാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അതിറങ്ങിയ കാലഘട്ടത്തില്‍ മാത്രമല്ല, ഇന്നും ലോക വാര്‍ത്താ ചാനലുകളില്‍ വയലന്‍സിന് ഒഴിച്ച് കൂടാനാകാത്ത സ്ഥാനമാണുള്ളത്. Graphic Contents, അല്ലെങ്കില്‍ viewer discretion advised എന്നെഴുതിക്കാണിച്ച് പ്രക്ഷേപണം ചെയ്യുന്ന അക്രമങ്ങളും, ക്രൈം-സീനുകളും, പോലീസ് ചേസുകളും, യുദ്ധങ്ങളും, ലഹളകളും സത്യത്തില്‍ പലര്‍ക്കും ഒരു വലിയ സംഭവമേയല്ല, സ്ഥിരമായി കണ്ട് കണ്ട് പലരും അത് ആസ്വദിക്കുന്ന തലത്തിലേക്കും എത്തിയിട്ടുണ്ടാകും എന്ന സത്യമാണ് വീഡിയോഡ്രോം വിളിച്ചു പറയുന്നത്. അത് കൊണ്ട് അത്തരക്കാരെയാണ് വീഡിയോഡ്രോം ലക്ഷ്യമിടുന്നതും. അതായത് വിഡ്ഢിപ്പെട്ടിക്ക്, വയലന്‍സ് പോലും ആസ്വദിക്കുന്ന തലത്തിലേക്ക് നമ്മളെ കൊണ്ട് എത്തിക്കാന്‍ സാധിക്കും.

വീഡിയോഡ്രോമിനെ കുറിച്ച് മറ്റൊരു കഥാപാത്രമായ മാഷ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

“It has something that you don’t have, Max. It has a philosophy. And that’s what makes it dangerous”.

പലപ്പോഴും ജങ്ക് ടീവി കാണുന്നവര്‍ക്ക് സ്വന്തമായി രാഷ്ട്രീയമോ, ആദര്‍ശങ്ങളോ കാണില്ല. സ്വയം അരാഷ്ട്രീയവാദികള്‍ എന്ന് വിളിക്കുന്നില്ലെങ്കിലും, വോട്ട് ചെയ്യുക, വിമര്‍ശിക്കുക, രോഷം കൊള്ളുക, എന്നിട്ടും വോട്ട് ചെയ്യുക എന്നത് തന്നെയാണ് ഭൂരിഭാഗം ജനങ്ങളുടെയും രീതി. പക്ഷേ അവര്‍ കാണുന്ന ചാനലുകളുടെ ഗതി അതായിരിക്കില്ല. സ്ഥിരമായി കാണുന്ന ചാനലിന്, അവരുടെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരിക്കും, അവരത് പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകളില്‍ പൊതിഞ്ഞ്, അവരറിയാതെ 24/7 ഉരുട്ടി ഊട്ടുന്നുമുണ്ടാകും. ഒരു ചാനലിന്‍റെ രാഷ്ട്രീയം പിടിച്ചില്ലെങ്കില്‍ ഉടനെ അടുത്തതിലേക്ക് പോകാമല്ലോ. ഫലത്തില്‍ അരാഷ്ട്രീയവാദികളായ പ്രേക്ഷകര്‍ക്കിടയില്‍ അദൃശ്യമായി പ്രചരണം നടത്തി, അവരുടെ താല്‍പര്യങ്ങളിലേക്ക് സ്വന്തം ആദര്‍ശങ്ങളെ കുത്തിക്കയറ്റും. ഈ വാദം സത്യമാണോ എന്നറിയാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ചാനലുകളുടെ എണ്ണം മാത്രം നോക്കിയാല്‍ മതി.

↑ top