≡ ഫെബ്രുവരി 2017

പ്രണയ നുറുങ്ങുകൾ

പ്രണയം വാക്കുകളായ് പൊഴിയുമ്പോൾ ... വായനക്കാർക്കായി മനോഹരമായ ചില പ്രണയ നുറുങ്ങുകളുമായി ഇതാ ഇ-മഷി പ്രണയമഴ...

❤ ഒന്ന് ❤

സാറ സൾക്കുന്റ

പ്രണയമൊരു ബ്ലിക്കോൺസുഡാഷ്യയാണ്.
ആരുമൊരിക്കലും പ്രണയത്തെ
വിളിച്ചിട്ടില്ലാത്ത പേര്.
ബ്ലിക്കോൺസുഡാഷ്യ എന്നാൽ
നമ്മെപ്പോലെ നാം മാത്രം,
എന്നാൽ നാം ദൂരങ്ങളിലാണ്
എന്നതിന്റെ വിളിപ്പേര്.
പ്രണയമെനിക്ക് ദൂരങ്ങളിൽ
മറഞ്ഞുനിൽക്കുന്ന നീയാണിന്നും

❤ രണ്ട് ❤

നവ്യ രാജ്

❤ 1 ❤

നീയില്ലാതെ ഞാനും
ഞാനില്ലാതെ നീയും
ഒരു നിശ്വാസത്തിനപ്പുറം
നമ്മളെന്ന സ്വപ്നം മാത്രം

❤ 2 ❤

എന്റെ മുഖത്തിലെ തിളക്കവും
കണ്ണുകളിലെ കവിതയും
അറിയാതെ വിടരുന്ന പുഞ്ചിരിയും
പറയാതെ പറഞ്ഞോരെൻ പ്രണയത്തെ!

❤ മൂന്ന് ❤

ഹര്‍ഷ ഗോപാലകൃഷ്ണന്‍

❤ 1 ❤


എന്നെ ഞാനായും
നിന്നെ നീയായും
ജീവിക്കാൻ വിടുമെന്നിരിക്കിലും ,
തമ്മിൽ കെട്ടുപിണഞ്ഞു
കിടക്കുന്ന നമ്മുടെ
വേരുകളാണ് പ്രണയം !

❤ 2 ❤

ചിതറിത്തെറിച്ചിട്ടും
ഓരോ നുറുങ്ങിലും
ഞാനെന്നെ കാണുന്നൊരു
കണ്ണാടിയാണ്
പ്രണയം .

❤ 3 ❤

ദിക്‌ഭേദങ്ങളില്ലാതെ
എല്ലാവരിലും ഒരേപോൽ
സംവേദിക്കും ഭാഷയിതു
പ്രണയം .

❤ 4 ❤

കടലാസുമാല പരസ്പരം ചാർത്തി ,
മയിൽപ്പീലിക്കുഞ്ഞുങ്ങളുണ്ടാവുമെന്ന് പറഞ്ഞ്
ഒന്നിലെ മലയാളം പാഠപുസ്തകത്തിൽ
നീയൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടുകളാണ്
നമ്മുടെ പ്രണയം .

❤ നാല് ❤

ഒലീന പറക്കാടൻ


സമയവും കാലവും സാക്ഷി..
നിശ്വാസം പോലെ നീ തന്ന ചിതറിയൊരോർമയും ബാക്കി
ചിന്തകൾ നിന്നിലുടക്കി പിടയുമ്പോൾ ഞാനറിയുന്നു,
നീ പകർന്ന എണ്ണയിൽ മുനിഞ്ഞും തെളിഞ്ഞും പുകഞ്ഞും
ഒരാന്തലോടെ ആളിപ്പടർന്നും കെടാതെ നിൽക്കും
തിരിയാണ് ഞാൻ എന്ന സത്യം..

❤ അഞ്ച് ❤

ദില്‍രുബ ശബ്നം

❤ 1 ❤

ഞാനും നീയും എന്ന
രണ്ടു വ്യത്യസ്തതകളെ
ഇത്രമേൽ
ഒന്നിപ്പിക്കുന്ന
ഏക മന്ത്രം,
എത്ര തൂത്തെറിഞ്ഞാലും
എങ്ങനെ മായ്ച്ചാലും
അടർന്നു പോവാത്ത,
പറിച്ചെറിയാൻ
കഴിയാത്ത,
വാക്കുകളിൽ പകർന്ന്
നിറയ്ക്കാൻ പറ്റാത്ത,
രക്തത്തിൽ കലർന്ന്
കോശങ്ങൾക്ക്‌
ഉയിരു പകരുന്ന
ജീവവായു പോൽ
അല്ലെങ്കിൽ
പ്രാണൻ പോൽ തന്നെയും
ഹൃദയത്തിൽ
ചേർന്നു നിൽക്കുന്ന
പ്രണയം മാത്രമാണ്‌.

❤ 2 ❤

നീ..
നിശബ്ദതയുടെ സംഗീതം..
ഹൃദയസ്പന്ദനം ശ്രുതിയിട്ട്‌
നിശ്വാസങ്ങൾ ഭാവമായി
വിരൽത്തുമ്പിലെ താളമായി
മിഴികളാലപിക്കുന്ന
പ്രിയഗീതം..
നീയെന്റെ മൗനരാഗം
നിന്നോട്‌ ചേരാൻ
തുടിയ്ക്കുന്ന നെഞ്ചിന്റെ
ഏകതാളം
എന്നിൽ നിറയുന്ന
ജീവരാഗം
എന്റെ
ഏകാന്തസംഗീതം.

❤ 3 ❤

കണ്ണിൽ പ്രതീക്ഷകൾ
നിറയുമ്പോഴാണ്‌
കവിളിൽ പൂക്കാലവും
കരളിൽ കുളിർകാലവും
മനസിൽ
പ്രണയത്തിന്റെ
നിറഞ്ഞ മഴക്കാലവും
ഉണ്ടാവുന്നത്‌..
പിന്നെ
ഉല്ലാസത്തിന്റെ
നനുത്ത നിമിഷങ്ങളും
ലഹരി നിറയുന്ന
യാമങ്ങളും..
സായാഹ്നങ്ങളിലെ
സാന്ധ്യശോഭ
ശരീരത്തിലേറ്റു വാങ്ങുന്നതും..

പിന്നെ
നീ ഞാനാവുന്നതും
ഞാൻ നീയാവുന്നതും
നമ്മളൊന്നാവുന്നതും
വീണ്ടുമെപ്പോഴോ
രണ്ടാവുന്നതും..
പ്രണയത്തിൻ
കടലാഴങ്ങളളന്നു
വാക്കിൻ നുര ചിതറുന്നതും
ഓർമ്മത്തിരയതു മായ്ക്കുന്നതും
പിന്നെയും തിരയും
തീരവും പ്രണയിക്കുന്നതും..

അത്‌ കടലറിയാതെ
പോവുന്നതും..
ഇപ്പോൾ
ഞാനെന്താണെന്നും
നീയെന്താണെന്നും
അറിയാതെ പോവുന്നതും
എന്തിനെന്ന്
ഓർക്കാതെ നിൽക്കുന്നതും
വീണ്ടും
പ്രണയിക്കാനായിരിക്കാം..

ഇനിയുമപരിചിതരാം
രണ്ടു പേർ
ഒരു നിമിഷത്തിന്റെ
മാന്ത്രികതയിൽ കുരുങ്ങുന്ന പോലെ..
പ്രണയിക്കാം നമുക്കു വീണ്ടും
കാലവും ദേശവും
നമ്മിൽ നിന്നും
മറയുന്നതു വരെ..
നമ്മളെ മറയ്ക്കുന്നതു വരെ.
നമ്മൾ നമ്മളിൽ നിറയുന്നതു വരെ..
വീണ്ടും നുര ചിതറും വരെ..
കടലറിയും വരെ.

❤ 4 ❤

അമാവാസിയില്ലാത്ത ഹൃദയാകാശങ്ങളിൽ
എന്നും പടരുന്ന
നീലനിലാവാണ്‌
എനിയ്ക്ക്‌ നിന്നോടുള്ള
പ്രണയം.

❤ ആറ് ❤

മിനി. സി. പി.

❤ 1 ❤

ഹൃദയച്ചെപ്പിലൊരു
മണൽത്തരിയായ് നീ കടന്നാദ്യം,
കാലംകഴിയവേ നീയതിൽ
അടരാത്തൊരു മണിമുത്തായ് തീർന്നു
നീയാം പ്രണയത്തിനെ
കാക്കുന്നു ഞാനതിലെന്നെന്നും

❤ 2 ❤

തീവ്രമാം ഹ്യദയ നൊമ്പരങ്ങളിലും
എന്നെ, വാടാതെ നനയ്ക്കുന്നുണ്ട്
നിൻ അലിവൂറും മിഴികളിലെ
പ്രണയമാം നനവുകൾ

❤ 3 ❤

എന്നരികിലറിയാതെ
വന്നെത്തുംനനുത്തകാറ്റിൻ
മൃദുവിരൽസ്പർശമാണു നീ.
ഹൃദയത്തിലെന്നും പുതയ്ച്ചു
വെക്കും പ്രിയസ്മൃതികളെ
തഴുകിയുണർത്തും കുസൃതിക്കാറ്റ്..

❤ 4 ❤

നീ തരാതെ പോയൊരാ പ്രണയത്തിൻ,
പൂർണ്ണതയ്ക്കായി, കാത്തിരുന്നു..
വിരഹകാലങ്ങളെത്ര കടന്നുപോയ്
മോഹങ്ങൾ തീരാതെ..

❤ 5 ❤

അന്നു തോരാതെ പെയ്ത മഴയിൽ
പ്രണയവും പെയ്യുകയായിരുന്നു
നമ്മളെയൊന്നാകെ നനച്ചു
ആർത്തലയ്ച്ചു പെയ്തൊഴിഞ്ഞു രാത്രിമഴ
പിന്നെ നമ്മിൽ പ്രണയമായ്
ചൂടു പകർന്നു
കുളിരും താപവുംപങ്കിട്ടു നാം
ഉരുകിയൊരാത്മായ് ലയിക്കുംവരെ..

❤ 6 ❤

പ്രണയംഅഗ്നിയായ്
സിരകളിൽ പടർന്നു
നാമിരുവരും ചിറകറ്റശലഭങ്ങളായ്
അതിൽ വീണു..
ഒന്നായ് ജ്വലിച്ചുയർത്തു..

❤ 7 ❤

നിൻ നീൾ മിഴികളിലൊരു മാത്ര നോക്കിയപ്പോൾ
കണ്ടു ഞാനൊരു തിരിവെട്ടം
പ്രണയമാം ജ്വാലയായ്
നീയതെന്നിലേക്ക് പകർന്നു
അണയാതെ,എന്നുള്ളിലെന്നെന്നുംഎരിയുന്നു..

❤ ഏഴ് ❤

സാറ


ഒരു നോട്ടം കൊണ്ടുപോലുമെന്നെ ചേർത്ത് നിർത്താതെ
നിന്റെ നെഞ്ചിൽ എനിക്കായൊരു കുരുക്കുണ്ടായിരുന്നു...

എന്റെ മരണത്തോളം പോന്നൊരു കുരുക്ക്..

ശ്വാസം മുട്ടി മരിക്കാൻ തുടങ്ങുമ്പോഴുമത്
നിന്റെ നെഞ്ചിലാണെന്നത് എന്നെയൊരു ഉന്മാദിനിയാക്കുന്നു...!!

മരണോന്മാദിനി...

❤ എട്ട് ❤

റൂളറ്റ്

കണ്ണില്ല കാതില്ല,
കാലമില്ല കോലമില്ല,
നിശ്ചലമല്ല ഒഴുകുന്നുമില്ല
ഇരുട്ടല്ല വെളിച്ചവുമല്ല,
പ്രണയം!

❤ ഒന്‍പത് ❤

ദീപ സൈറ

❤ 1 ❤

ജൂൺ മഴയിൽ നനഞ്ഞലിഞ്ഞ്
ആ ദിവസം…
എന്നെ തിരയുന്ന കണ്ണുകൾ
ആദ്യമായ് ഞാൻ കണ്ടു
ചാരത്തു തോളോട് തോൾ ചേർന്നിരിക്കുമ്പോൾ
കൈവിരലവനെന്റെ വിരലിൽ കൊരുത്തപ്പോൾ
മനസ്സ് മന്ത്രിച്ചത് എന്താണെന്നറിഞ്ഞീല,
നിന്റേതാണ് ഞാൻ എന്നാവാം!

തണുപ്പിന്നാവരണത്തിൽ
പകൽ മാഞ്ഞു സന്ധ്യയായി
കോടമഞ്ഞണിഞ്ഞ രാവായി
ആ കരവലയത്തിൻ
സുരക്ഷിതത്വത്തിൽ ആദ്യമായ്
രാവിന്റെ സൗന്ദര്യം ആവോളം നുകർന്നു ഞാൻ!

ഇനിയുള്ള ജന്മങ്ങൾ കൂടെയെന്നവനെന്റെ
ചെവിയിൽമന്ത്രിക്കവേ
പുളകിതയായി ഞാൻ ,
തരളിതയായി ഞാൻ
ഞാൻ പോലും അറിയാതെ
പ്രണയിനിയായി ഞാൻ!

❤ 2 ❤

നീ സ്വപ്നം കണ്ടു മയങ്ങുന്നത്
എന്റെ സ്നേഹത്തിൻ ആഴങ്ങളിലേക്കാവണം..
നീ കൺചിമ്മി ഉണരുന്നത്
എന്റെ പ്രണയത്തിലേക്കും....

നീ ഉറങ്ങുമ്പോൾ
നിന്റെ നെറ്റിയിൽ നീ പോലുമറിയാതെ
ഞാൻ നൽകുന്ന ചുംബനങ്ങൾ
എന്റെ സ്നേഹത്തിന്റെ ഉഷ്മളതയും,
നീ ഉണരുമ്പോൾ നിന്റെ ചുണ്ടിൽ
ഞാൻ നൽകുന്നതെന്റെ-
പ്രേമത്തിന്റെ ലഹരിയും തന്നെ...!!

❤ പത്ത് ❤

കൃപ അബ്രഹാം

❤ 1 ❤

ഇതു പ്രണയം
എന്നുമീ തടവറയിലെ പ്രണയിനി ഞാൻ
ഗാനഗന്ധർവനായ്‌ നീ വരുമ്പോൾ
അമൃതു ചൊരിയും ചുടുചുംബനത്തിനായ്‌
മിഴികൂപ്പി സമസ്തം മറന്നു നിൽക്കാൻ…

നീയെന്നെപുൽകുന്ന വേളയിൽ
നിൻമാറിലെ ചൂടേറ്റതിൻ
നിബിഡതയിലൊളിപ്പിക്കാൻ
നിന്നിലലിയാൻ വെമ്പുന്നു ഞാൻ…

ഒരു നഷ്ടസ്വപ്നമായ്‌ മായരുതീ മാധുര്യം,
വരൂ ജന്മജന്മാന്തര സാഫല്യമേകാൻ
പിന്നെയീ പ്രണയത്തിനാത്മശാന്തിയേകാൻ

❤ 2 ❤

പ്രണയത്തിൻ മഴ പ്രണയത്തിൻ വേനൽ
പൊലിഞ്ഞ ജന്മം പിന്നെ ത്യജിച്ച ജീവൻ
പ്രണയത്തിൻ വേദനയറിയട്ടെ ലോകം
എഴുതൂ പ്രണയത്തിൻ കാവ്യമെഴുതൂ..

❤ 3 ❤

പ്രണയപ്പൂമഴ
പ്രണയപ്പൊന്മഴ
പ്രണയപ്പെരുമഴ
അയ്യോ! മഴ മഴ സർവത്ര..!

പ്രണയക്കാറ്റ്‌
പ്രണയനിലാവ്‌
പ്രണയസുഗന്ധം
അയ്യോ! കുളിർമ സർവത്ര..!

പ്രണയാഗ്നി
പ്രണയച്ചൂട്‌
പ്രണയവായു
അയ്യോ! ചുടുന്നു സർവത്ര.!
.
പ്രണയാസക്തി
പ്രണയഭ്രാന്ത്‌
പ്രണയപീഡ
അയ്യോ! അന്ധത സർവത്ര ..!

പ്രണയം പ്രണയം സർവത്ര!

❤ പതിനൊന്ന് ❤

ഷംന അസ്മി

പ്രിയനേ....
എനിക്ക് പ്രണയമെന്നാൽ
പ്രാണനാണ്,
കണ്ണിലെ തിളക്കമാണ്,
പത്മരാജന്റെ സിനിമയാണ്,
സോനു നിഗാമിന്റ പാട്ടുകളാണ്,
ബാലചന്ദ്രന്റെ കവിതകളാണ്,
ബേപ്പൂർ സുൽത്താന്റെ പ്രണയലേഖനമാണ്,
എന്റെ കണ്ണിലെ തിളക്കവും
ചുണ്ടിലെ മുത്തവും
തേനൂറും വരികളും
നിനക്കെന്നും മിഥ്യയാവുന്നിടത്ത്
നിന്റെ ലിസ്റ്റിലെ പലരിലൊരാളാവുന്നിടത്ത്
നിനക്കെന്റ പ്രണയം ഉന്മാദം മാത്രമാവുന്നിടത്ത്,
നിന്റെ നോട്ടുകെട്ടുകളിലെ
എണ്ണം നോക്കി പുഞ്ചിരിക്കുന്ന അധരങ്ങളിൽ മാത്രം
നിന്റെ പ്രണയം അവസാനിക്കുന്നിടത്ത്,
എനിക്കെന്റെ പ്രണയം വേദനയാണ്,

തീരാവേദന!

❤ പന്ത്രണ്ട് ❤

പ്രിയങ്ക പിള്ള

❤ 1 ❤

നിൻ മുഖം മാത്രമെൻ മനസ്സിൽ കുറിച്ചിട്ടു
നിൻ സ്വരം മാത്രമെൻ കാതുകളിൽ
നിൻ നീല നയനങ്ങൾ മാത്രമെൻ കൺകളിൽ
നിൻ മനം മാത്രമെടുത്തില്ല ഞാൻ .

❤ 2 ❤

നിന്റെ ലോകത്തെക്കു മാത്രം തുറക്കുന്ന
ഒറ്റവാതിലായിരുന്നു എന്റെ പ്രണയം
താഴകന്നു ചിതലെടുത്തു വീഴാറായപ്പോഴും അറിയില്ലായിരുന്നു
നിന്റെ ഭ്രമണപഥത്തിനപ്പുറം
ഒരു ആകാശക്കീറെനിക്കായുണ്ടെന്ന്!
ചേർത്തു വായിക്കുക നീ
നക്ഷത്രങ്ങൾ മനോഹരങ്ങളത്രെ!

❤ 3 ❤

മഴയും നിഴലും നിലാവുമില്ലാതെ-
എഴുതാമോ പ്രണയം
തീച്ചൂടിനേക്കാൾ പൊള്ളലാണെങ്കിൽ
പ്രണയത്തിനും ഉച്ചവെയിലിൻ ചൂടല്ലേ!

❤ പതിമൂന്ന് ❤

ഹസി നാസ്

ഹാ പ്രണയമേ ,
എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
ഇനിയൊരു മരണപ്പിടച്ചിലോളം മാത്രം .
ഇന്നെന്നിലോരോ ശ്വാസത്തിലും ,
ഓരോ അണുവിലും നീ നിറഞ്ഞു നില്‍ക്കേ

കാലമെൻ പ്രണയം തിരിച്ചറിയാതിരിക്കുവതെങ്ങനെ?
ജന്മാന്തരങ്ങൾ നിന്നിലേക്കുള്ള പാതയും
അവിടെ എരിഞ്ഞു തീരുന്നൊരീ ജീവിതം
നിന്നിലേക്കുള്ള തപസ്യയുമാകുന്നു .
ഹാ മരണമേ ,
പുൽകയെന്നെ ,
അലിയട്ടെ ഞാനെന്നാത്മാവിൻ
ആഴങ്ങളിൽ ചേർന്നോരാ പ്രണയത്തുടിപ്പുകളിൽ !

❤ പതിനാല് ❤

നവീന്‍

"ചുവരെഴുത്ത്"

പ്രണയം ഒരു ചുവരെഴുത്താണ്.

അവനവൻ രക്തത്തിൽ കൈമുക്കിയന്യോന്യം,
ഹൃദയഭിത്തികളിലാഴത്തിലെഴുതും ചുവരെഴുത്ത്.

❤ പതിനഞ്ച് ❤

സോയ നായര്‍


ആദ്യമായി അവനെ കണ്ടതും
എന്റെ മനസ്സിന്റെ പ്രണയത്താഴ്‌
താനേ തുറന്നൂ
കാരണം,
അന്നു വരെ ആർക്കും തുറക്കാൻ പറ്റാതിരുന്ന
എന്റെ ഹ്യദയത്തിന്റെ താക്കോൽ
ഒളിച്ചിരുന്നത്‌
അവന്റെ കണ്ണുകളിലെ തിളക്കത്തിലായിരുന്നു ‌!

❤ പതിനാറ് ❤

അഞ്ജലി മാധവി ഗോപിനാഥ്

❤ 1 ❤

നീയെന്നാൽ നിന്നിലവസാനിക്കുന്നു
നിനക്കപ്പുറമൊരു നീയെനിക്കില്ല
നീയെന്നാൽ നീ ആണ്, നീ മാത്രമാണ്!

❤ 2 ❤

ഒന്നിൽ നിന്നും അടുത്തതിലേക്കുള്ള
നെഞ്ചിടിപ്പിന്റെ ദൂരത്തിൽ
നിനക്കൊരു ഞാനുണ്ട്.

❤ 3 ❤

കാട് പൂക്കുന്ന നേരം,
നിന്റെ കൈ പിടിച്ചു നടക്കണം
ഉള്ളിലേക്കുള്ളിലേക്ക്…,
പ്രണയത്തിന്റെ
ഉന്മാദത്തിനുള്ളിലേക്ക്.

❤ 4 ❤

പ്രണയത്തിനപ്പുറം
നീയെന്നാൽ എനിക്കൊരു
വീടുപോലായിരുന്നു.
അടച്ചുറപ്പുള്ള
നാലുചുവരുകൾ പോലെന്നെ
ചേർത്തു പിടിച്ചിരുന്നൊരു
ഒറ്റമുറി വീട്.

എനിക്ക് ഞാനാകാനും
നിന്റേതാകാനും
കഴിയുന്നൊരു കൊച്ചുവീട്.

ഇടിയും മിന്നലുമേൽക്കാതെ
പുതപ്പിനടിയിൽ
ചുരുണ്ടു കിടക്കുമ്പോൾ
ചൂടേകുന്നൊരു വീട്,
എനിക്ക് മാത്രമായി
ഒസ്യത്തെഴുതിയത്.

❤ 5 ❤

പ്രണയത്തിന്റെ പറുദീസയിൽ
ചുംബനങ്ങൾ
കെട്ടുപൊട്ടിയ പട്ടം പോലെ
പറക്കുന്നുണ്ടായിരുന്നു

❤ 6 ❤

എന്റേതും നിന്റേതും
മാത്രമായിരുന്ന ഇന്നലകൾ
തിരികെ വിളിക്കുന്നുണ്ട്...
പോകാം,നമുക്കൊന്നു കൂടി
നീയും ഞാനും ‘നമ്മളാ’യ
തുടക്കത്തിലേക്ക്.
ആകസ്മികമായ കണ്ടുമുട്ടലുകളെ
രസച്ചരടിൽ വീണ്ടും കോർത്തെടുക്കാം
നമ്മളിൽ ചെന്ന് നീയും ഞാനുമായി
തിരികെ വരാം,
ഒരിക്കൽക്കൂടിയെങ്കിലും..

പുതുക്കിയെടുത്ത ഓർമ്മകളെ ഞാൻ
ചെപ്പിലടച്ചു സൂക്ഷിക്കും,
ഓർമ്മകളിൽ ജീവനില്ലെന്നു
ശഠിക്കുന്ന നീയറിയാതെ...

❤ 7 ❤

എനിക്കും നിനക്കുമിടയിലുള്ളത്
ഒരു നക്ഷത്ര ദൂരമാണ്
കണ്ണ്‍ ചിമ്മും മാത്രയിൽ
ഒന്നിലേക്കൊന്ന് ഓടിയടുക്കുന്ന ദൂരം!

❤ 8 ❤

നമുക്ക് മുന്നിലെ
പരിചിതമല്ലാത്ത
കാട്ടുപാതയിൽ
നിനക്ക് മുൻപേ
ഞാൻ നടക്കാം .

മൂർച്ചയേറിയ വെള്ളാരം
കല്ലുകൾക്കു മേൽ
ആദ്യം പതിക്കുന്നതെന്റെ
കാലുകളാവട്ടെ,
എന്റെ കാലടികളാൽ
ഉരഞ്ഞുരഞ്ഞവ
മൂർച്ചയില്ലാതാകട്ടെ…

എന്റെ കാലിൽ
പിടഞ്ഞു കയറിയ
മുള്ളുകൾ മുനയൊടിഞ്ഞു
നിർജ്ജീവമായ് മാറട്ടെ ..

കുപ്പിവളക്കൈകളാൽ
വകഞ്ഞു മാറ്റപ്പെട്ട
ഈറ്റക്കാടിനിലകൾ
കൈയിൽ വരഞ്ഞു നീറുമ്പോഴും
നിണമൊഴുകുന്ന കാലടികൾ
നിന്റെ യാത്ര സുഗമമാക്കാനായ്
കാട്ടുപാതയിലത്രയും
വാകപ്പൂവു ചാർത്തിയ പോൽ
ചുവന്നു ചുവന്നു
വർണ്ണം വിരിയിക്കുകയാവും!

❤ 9 ❤

ജീവിതപുസ്തകത്തിലെ
മറക്കാനാവാത്തൊരേടിൽ
ഞാൻ വെച്ചൊരടയാളമാണ് നീ.

❤ 10 ❤

എന്റെ ഏകാന്തയാത്രകളത്രയും
നിന്നിലെത്തുമ്പോൾ
നിലച്ചു പോകുന്നവയായിരുന്നു.

❤ 11 ❤

എന്റെ പ്രണയം
വിഴുങ്ങിയൊരു മേഘം
മഴയായി നിന്നിൽ
പെയ്തിറങ്ങി .

❤ 12 ❤

ഞാനൊരു ചിത്രശലഭമാണ്,
ചോപ്പും മഞ്ഞേം
നീലേം ഒക്കെ
നിറങ്ങളുള്ളോരു
പെണ്‍ശലഭം ,
വിരിഞ്ഞ
ചിറകിനാൽ പാറിപ്പറന്നൊരു
കുഞ്ഞുശലഭം.

ശലഭങ്ങളുടെ ലോകത്ത്
ആണ്‍പെണ്‍ഭേദം
ഉണ്ടോ ആവോ !
ഉണ്ടെങ്കിൽ തന്നെ
മനുഷ്യരെപ്പോലാവില്ല!

കഴിഞ്ഞ
ജന്മത്തിൽ
വെള്ളാരം കണ്ണുകളോട്
കൂടിയൊരു
ഋതുമതിയായിരുന്നവൾ ഞാൻ,
സ്വപ്നങ്ങൾക്ക്
ചിറകു മുളക്കാൻ ഒരുങ്ങവേ
പൊലിഞ്ഞു വീണൊരു
നക്ഷത്രക്കുഞ്ഞ്!

ജനനമരണങ്ങൾക്കിടയിലെ
നൂൽപ്പാലത്തിൽ
നിന്നും വീഴ്ത്തപ്പെട്ടവൾ
പുനർജ്ജനിയിലൊരു
ലാർവയായി,
ശലഭമായി
വിരിഞ്ഞിറങ്ങിയപ്പോൾ,
ഞാനും കൊതിച്ചിരുന്നു
എന്റെ ശവക്കച്ചയിൽ
കുറിഞ്ഞിപ്പൂക്കൾ
വിരിച്ചിരുന്നെങ്കിൽ...!

മുജ്ജന്മത്തിലെ പെണ്ണേ
കൊതിതീർന്നിരു
-ന്നില്ലെനിക്ക് നീയായി
നിന്റെ മിഴിയായി,
നിന്നുടലായി .

ശലഭപ്പെണ്ണു ഞാനിന്നെങ്കിലും
ഓർമയിൽ വന്നു പോകുന്നുണ്ടിപ്പോഴും
നീ എന്നിൽ
ആരോരുമറിയാതെ,
ബാക്കി വെച്ച
സ്വപ്നങ്ങളുടെ
നിർവൃതിക്കായ്...

❤ 13 ❤

നിന്റെ ഓർമകളിലെ
മരിക്കാത്ത എന്നെയാണ്
ജീവിച്ചിരിക്കുന്ന
എനിക്കിന്നേറെയിഷ്ടം.

കാലത്തിന്റെ
ചക്രവ്യുഹത്തിലകപ്പെട്ട
ഞാനിന്ന് ഏകയാണ്,
ഒരു വിളിപ്പാടകലെ
നീയുണ്ടെങ്കിലും.

❤ 14 ❤

ഒരുമിച്ചൊരു യാത്ര പുറപ്പെട്ടവർ,
രണ്ടാമത്തെ ഇടവഴിയുടെ
അവസാനത്തിൽ
തമ്മിലറിയാതെ വഴിപിരിഞ്ഞവർ.
നഷ്ടങ്ങൾ തിരിച്ചറിയുമ്പോൾ,
പകരക്കാർ പരാജയപ്പെടുമ്പോൾ,
മൂന്നാമത്തെ ഇടവഴിയുടെ
ആദ്യത്തിലൊരുമിച്ചെത്തി
വീണ്ടും ഒന്നിച്ചു നടക്കുന്നു.

❤ 15 ❤

അടുക്കുന്തോറും അറിയാത്തൊരു നീയുണ്ട്.
അറിയാതറിയാതകന്നു പോകുന്നൊരു ഞാനും.
കൂട്ടിക്കെട്ടിച്ചേർക്കാനൊരു കിനാവള്ളി പോലുമില്ലാതെ.

❤ 16 ❤

എന്റെ മുടിയിഴകളിൽ
കെട്ടു പിണഞ്ഞു കിടന്നിരുന്ന
നിന്റെ നേർത്ത
വിരലുകളുടെ സാമീപ്യം
പ്രേമമൊഴികെയുള്ള മറ്റു
കെട്ടുപാടുകളെയെല്ലാം
വിസ്മരിപ്പിക്കുന്നു.

❤ 17 ❤

ഇനി നീ എന്നെ നോക്കൂ,
എനിക്ക് പറയാൻ കഴിയാത്തതെല്ലാം
നിനക്കെന്റെ മുഖത്തു നിന്നും
വായിച്ചെടുക്കാം.
ചലനമറ്റു തുടങ്ങിയ
എന്റെ ഹൃദയത്തിന്റെ
സംഗീതം അറിഞ്ഞവന്
നിർവികാരമായ എന്റെ
മൗനത്തിന്റെ സംഗീതം
എന്നെക്കാളേറെ അറിവുള്ളതാണ്.
എന്നെ നോക്കൂ.എന്നെ മാത്രം.

❤ 18 ❤

രാത്രിയേറെ വൈകിയിട്ടും
ജനലഴികളിലൂടെ നിലാവിനെ നോക്കിയിരുന്നപ്പോൾ
ഞാൻ നിന്റെ അടുത്താണിരുന്നത്,..,
വളരെയടുത്ത്, നിന്നോട് ചേർന്ന്.

നിന്റെ ചുണ്ടിൽ നിന്നും പുകച്ചുരുളുകൾ
ഉയർന്നു പറക്കുന്നുണ്ടായിരുന്നു.
മുറുകെപ്പിടിച്ചിരുന്ന നമ്മുടെ കൈകൾ
മൃദുലമായി വഴുതി വീഴുമെന്നായപ്പോൾ
പരിഭ്രമത്തിൽ അന്നും ഞാൻ ചോദിച്ചതിത്ര മാത്രമാണ്,
"ഇനി എന്നാണ് നമ്മൾ പിരിയുന്നത് .?"

↑ top