≡ ഫെബ്രുവരി 2017
കവിത

യക്ഷി

പുഴ മുറിച്ചുകടന്ന് അവൾ വരും.
നക്ഷത്രം പതിച്ച മൂക്കുത്തിയുടെ തിളക്കം കാണുമ്പോഴേ ആ വരവറിയാം.
മുറുക്കിയതിനു ശേഷം എന്റെ ചെണ്ടയിലേക്കൊരു നോട്ടമുണ്ട്..
മേളം മുറുകുന്തോറും അവൾ ലാസ്യത്തിന്റെ കെട്ടുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് താണ്ഡവ ചലനങ്ങളെ ഏറ്റുവാങ്ങും.
ചൂടുപിടിച്ചിരുന്ന മണൽത്തരികളെ വിട്ട് കാലടികൾ മേൽപ്പോട്ടുയരും..
ചെണ്ടപ്പുറത്ത് വിയർപ്പുതുള്ളികൾ വീഴുമ്പോഴേക്കും കൈയിലെ ഞരമ്പുകൾ ചുട്ടുപഴുത്തിട്ടുണ്ടാവും.
കെട്ടുകളഴിഞ്ഞ മുടി
കാവിനെ ലക്ഷ്യമാക്കി പറക്കും.
വിളറിയ നിലാവുതിർന്നുവീണ മണൽത്തിട്ടകൾ
എന്റെ ഭയം തിരിച്ചറിഞ്ഞ്
കാൽക്കീഴിലൊളിക്കും.
കൽവിളക്കിന്റെ ഉച്ചിയിലപ്പോഴും
പുളഞ്ഞുകത്തുന്ന ഒരു ദീപനാളം നാവുനീട്ടി
വിവശതയോടെ മുന്നോട്ടായുമ്പോൾ അവൾ പറയും,
"എന്റെ ഗന്ധർവ്വനാണത്;
എനിക്കായി ആ ജ്വാലക്കുളളിൽ നിന്ന്
നീയവനെ മോചിപ്പിച്ചു തരുമോ?"

↑ top