≡ ഫെബ്രുവരി 2017
പ്രണയകവിത

പ്രണയോന്മാദം

ഇനിയെങ്കിലും നീയിതു
തിരിച്ചറിയുന്നുണ്ടോ ?
നമുക്കിടയിൽ ഇനിയൊരു
നിഴലിനു പോലുമിടമില്ല.
പ്രണയം ഒരു കൊടുങ്കാറ്റു
പോലെ ആഞ്ഞടിക്കുന്നു,
ആവേശവും അഭിനിവേശവും
തെല്ലൊന്നടങ്ങി നമ്മൾ
പരസ്പരം ആവശ്യമായി
മാറിയിരിക്കുന്നു.

സ്പർശനങ്ങളുടെ,
ഉന്മത്താവസ്ഥക്കപ്പുറം
നിന്റെ കനമുള്ള കൈത്തണ്ടയുടെ
കരുത്തിനാലെനിക്ക്‌
സംരക്ഷിക്കപ്പെടണം
നിശ്ശബ്ദതയിലും ഞാൻ
നിന്റെ മാത്രം ശബ്ദം കേൾക്കുന്നു.
ആൾക്കൂട്ടങ്ങളിൽ കണ്ണുകൾ
നിന്നെ മാത്രം തിരയുന്നു.
താൽക്കാലികമായ ആശ്വാസങ്ങൾ
ജീവിതത്തെ അപ്പാടെ
പരവശതയിലാഴ്ത്തിയേക്കുമെന്നുള്ള ശങ്ക
കഴുത്തിൽ കയറു കുരുക്കിയെന്നെ
ഭയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

എന്റെ ഭാഗമെന്തെന്നാൽ
നീ എന്നെ എന്റെ മരണം വരെ
പിന്തുടരണം.
പിന്തിരിഞ്ഞു പോകണമെന്ന്
തോന്നിയാലടുത്ത നിമിഷം
എന്തിനെന്നു ചിന്തിക്കാൻ
പോലുമനുവദിക്കാതെയെന്നെ
ഇല്ലായ്‌മ ചെയ്യണം.
നീയില്ലായ്മക്കപ്പുറം മറ്റൊരു
ഇല്ലായ്മയെനിക്കില്ലെങ്കിലും…!

↑ top