≡ ഫെബ്രുവരി 2017

എഡിറ്റോറിയല്‍

പ്രിയപ്പെട്ടവരേ,

പ്രണയദിനം - നമ്മളെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് പ്രണയം! പ്രണയത്തിനെ ആഘോഷിക്കാന്‍ ഒരു ദിനം. ഏതു തരം സ്നേഹവും ഒരു പോസിറ്റീവ് എനര്‍ജി ആണെന്നിരിക്കേ, കാമുകനേയും, കാമുകിയേയും, ഭർത്താവിനേയും, ഭാര്യയേയും മാത്രമല്ല, അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, അയൽക്കാരെയും, പശുവിനെയും, പൂച്ചയെയും, കാറ്റിനെയും, മഴയെയുമൊക്കെ നമുക്ക് സ്നേഹിക്കാൻ പഠിക്കാം. മത-ദൈവ-രാഷ്ട്രീയ നിർവചനങ്ങൾ ഇല്ലാതെ നമുക്ക് അന്യോന്യം സ്നേഹിക്കാം. പ്രണയദിനങ്ങൾ സ്നേഹദിനങ്ങളായി നമുക്ക് ആഘോഷിക്കാം!

പ്രണയിച്ചും, പ്രണയിക്കപ്പെട്ടും കൊതി തീരില്ല എന്ന തിരിച്ചറിവാണ് പ്രണയമെന്ന വികാരത്തിന്‍റെ മാസ്മരികത. നാം അവസാനിക്കുമ്പോള്‍ ലോകം അവസാനിക്കുന്നില്ല - നമ്മുടെ ലോകം മാത്രമേ അവസാനിക്കുന്നുള്ളൂ. ലോകം പ്രകാശപൂരിതമാകട്ടെ... നമ്മുടെ ലോകങ്ങള്‍ സന്തോഷപൂരിതമാകട്ടെ!

പലപ്പോഴും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആയതിനാല്‍ ഈ ലോകത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒക്കെയും സംഭവിക്കപ്പെടേണ്ടവ തന്നെയാണ്. അമേരിക്കയിലുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികളെ / ഇന്ത്യാക്കാരെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ഉണ്ടെങ്കിലും മാറ്റം നല്ലതിനാണ് എന്ന് ഇ-മഷിയും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നു.

ഈ ലോകവും, ഈ-ലോകവും പ്രണയമഴയിൽ നനയട്ടെ എന്ന ആഗ്രഹത്തോടെ,

എല്ലാവർക്കും ഇ-മഷിയുടെ 'പ്രണയദിന' ആശംസകൾ

സസ്നേഹം,
ഇ-മഷി എഡിറ്റോറിയൽ ടീം

ഇ-മഷിയിലേക്ക് നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം: editor@@@@###emashi.###in

↑ top