≡ ഫെബ്രുവരി 2017
പംക്തി

ബ്ലോഗുലകം

ഈ മാസം മുതൽ ഇ-മഷി ടീമിൽ നിന്നുമൊരു പുതിയ പംക്തി വായനക്കാർക്കായ് തുടങ്ങുന്നു - "ബ്ലോഗുലകം". വരൂ മടങ്ങാം, ബ്ലോഗിലേക്ക്! ഡിസംബറിലെ വായനയിൽ മുന്നിലെത്തിയ ചില ബ്ലോഗ് പോസ്റ്റുകൾ പരിചയപ്പെടുത്തുകയാണ് പ്രദീപ് നന്ദനം.

2016 ഡിസംബറിൽ പൊതുവെ ബ്ലോഗ് പോസ്റ്റുകൾ കുറവായിരുന്നു എന്ന് തന്നെ പറയാം. ശ്രദ്ധിക്കപ്പെട്ട ചില ബ്ലോഗ് പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്പ്രദക്ഷിണം

1. വേരുകള്‍ തേടി

അനിൽ നമ്പൂതിരിപ്പാട് / ബ്ലോഗ് - അനുഭവ പാഠങ്ങൾ

തന്‍റെ വേരുകള്‍ ആ പറമ്പിലാണ്, ആ പഴയ മണ്ണിലാണ്. അതില്ലാതാക്കുന്നത് സ്വന്തം വേരുകള്‍ അറുത്തു കളയുന്ന പോലെയാണ്! വേരുകള്‍ മനുഷ്യനും മരത്തിനും മണ്ണിലാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതോടെ ആ പഴയ മണ്ണില്‍ പുതിയ വീട് വെയ്ക്കാനുള്ള കണക്കുകൂട്ടലുകളുമായി രഘു നേരെ പോകുന്നത് മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കോണ്‍ട്രാക്ടറുടെ അടുത്തേയ്ക്കാണ്.

മലയാറ്റൂർ രാമകൃഷ്ണന്റെ "വേരുകൾ" എന്ന നോവലിലൂടെ അനിൽ നമ്പൂതിരിപ്പാട് നടത്തുന്ന യാത്ര. തനതായ ശൈലി കൊണ്ട് അനിൽ ഈ ബ്ലോഗ് പോസ്റ്റിനെ ഹൃദയഹാരിയാക്കുന്നു.

2. പുസ്തക പരിചയം : ഷാഹിദ് നാമ

അൻവർ ഹുസൈൻ / ബ്ലോഗ്: അൻവരികൾ

അൻവർ ഹുസൈൻ എന്ന ബ്ലോഗർക്ക് ദിവസം ഇരുപത്താറുമണിക്കൂറുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രണ്ടുമണിക്കൂറുകൾ വായനയ്ക്കായി മാത്രമെന്ന് സുഹൃത്തുക്കൾ.

ആഴവും പരപ്പുമുള്ള വായന മാത്രമല്ല, താൻ വായിച്ച പുസ്തകത്തെക്കുറിച്ച് "അൻവർ കുറിച്ച വരികൾ" അഥവാ"അൻവരികൾ" എന്ന ബ്ലോഗിൽ കുറിക്കുന്ന വായനക്കാരൻ കൂടിയാണ് അൻവർ ഹുസൈൻ. ഡിസംബർ മാസത്തെ ബ്ലോഗ് പോസ്റ്റായി ഓ. വി ഉഷയുടെ "ഷാഹിദ് നാമ" എന്ന നോവലിനെ അൻവർ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.

പലപുസ്തകങ്ങളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും അറിവ് തരുന്ന ബ്ലോഗാണ് അൻവറിന്റെ "അൻവരികൾ"എന്ന് ഈ ബ്ലോഗിന്റെ വായനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

3. ജിപ്സി

ഷിറാസ് വാടാനപ്പള്ളി / ബ്ലോഗ്: പ്രവാസിക്കവിതകൾ

"പ്രവാസം പലപ്പോഴും സ്വത്വത്തിന്‍റെ നിശ്ചലതയാണ്.. എവിടെയാണോ നാം ചെന്നെത്തുന്നത് അവിടം ജീവിതായോധനത്തിനു ശരീരം കൊണ്ട് സജ്ജമാകുമെങ്കിലും, ആത്മാവ് ജ്വലനം നഷ്ടപ്പെട്ട അഗ്നിയാകുകയാണ്...! "

ഷിറാസ് വാടാനപ്പള്ളിയുടെ "പ്രവാസിക്കവിതകൾ" എന്ന ബ്ലോഗിലെ കവിതകൾ പ്രവാസത്തിന്റെ നഷ്ടബോധങ്ങളെ വാക്കുകളുടെ ശില്പഭംഗിയാൽ നമ്മുടെ മനസ്സിനുള്ളിൽ കുടിയിരുത്തുന്നു. "ജിപ്സി" എന്ന കവിതയും വിളിച്ചോതുന്നത് മറ്റൊന്നല്ല.

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റൊരു രാജ്യത്തിന്റെ കടപ്പുറത്ത്‌ കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."

നീ പറഞ്ഞു.

"നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി.. "

4. ഷെഹര്‍ബാന മെഹബൂബിന് പറയാനുള്ളത്...

നസീമ നസീർ / ബ്ലോഗ്: തുമ്പി

ഈ വെളിപ്പെടുത്തലിന്റെ പരിണിതഫലങ്ങൾ എനിക്കും അവള്‍ക്കും താങ്ങാനാവാത്തതും, എന്റെ കുടുംബ, ഔദ്യോഗിക, സാമൂഹിക ബന്ധങ്ങളെ താറുമാറാക്കുന്നതാണെന്നും എനിക്കറിയാം. അർഹിക്കാത്ത സ്നേഹാദരങ്ങൾ കരസ്ഥമാക്കുന്നത് മന:സാക്ഷിക്ക് നിരക്കാത്തതും, ചുമക്കാൻ പറ്റാത്ത ഭാരവുമാണെന്നത് കൊണ്ട് ഇതൊക്കെ എനിക്ക് വെളിപ്പെടുത്തിയേ പറ്റൂ എന്ന് പറഞ്ഞത് അവളാണ്.. നിയമ വ്യവസ്ഥിതി ഏത് പുരസ്ക്കാരം തന്നാലും ഏറ്റ് വാങ്ങാൻ അവള്‍ തയ്യാറായിക്കഴിഞ്ഞു.

2016 നവംബർ 16 മുതൽ ഡിസംബർ 10 വരെ തുടർച്ചയായി സ്വന്തം മുഖപുസ്തകത്തിൽ ഇട്ട പോസ്റ്റുകളാണ് നസീമ നസീർ ബ്ലോഗ് പോസ്റ്റായി ഇട്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ടൈംലൈനിൽ വന്ന പോസ്റ്റുകളും കഥയുമായി ചേർത്ത് ഒരു വിഭ്രമാത്മകത സൃഷ്ടിക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്. വാക്കുകളെ വിന്യസിച്ചു കഥയുടെ ഉദ്വേഗനിമിഷങ്ങളെ വായനക്കാരിൽ പകർത്താൻ ഉപയോഗിച്ച രീതിക്ക് തീർച്ചയായും ഒരു പുതുമയുണ്ട്.

5. ദി ലണ്ടൻ പുലിമുരുഗൻ

മുരളിമുകുന്ദൻ / ബ്ലോഗ്: വഴക്കുപക്ഷി

ഒരുകൂട്ടം ബ്ലോഗറന്മാരുടെ കൂട്ടായ്‌മയായ "വഴക്കുപക്ഷി"യിൽ പ്രസിദ്ധീകരിച്ച മുരളീമുകുന്ദന്റെ ബ്ലോഗ്‌പോസ്റ് ആണ് "ദി ലണ്ടൻ പുലിമുരുകൻ".
" ബിലാത്തിപ്പട്ടണം " എന്ന ബ്ലോഗിലൂടെ വായനക്കാർക്ക് സുപരിചിതനാണ് മുരളീമുകുന്ദൻ. ജീവിതത്തിന്റെ വളവിലും തിരിവിലും കണ്ടുമുട്ടാറുള്ള ചില പുലിമുരുകന്മാരെപ്പറ്റി തന്റെ സ്വതസിദ്ധമായ ശൈലിയിൽ മുരളീമുകുന്ദൻ പറയുമ്പോൾ സുപരിചിതരെ ഓർത്ത് നാം ചിരിക്കുന്നു.

6. അപരിചിതർ

കൊളച്ചേരി കനകാംബരന്‍ / ബ്ലോഗ്: ഖരാക്ഷരങ്ങൾ

ഗ്രാമങ്ങൾ നഗരങ്ങളിലേക്ക് വളരുമ്പോൾ വഴിവക്കിൽ തള്ളപ്പെടുന്ന ജീവിതങ്ങൾ. എല്ലാവരും അപരിചിതരാകുകയാണ്. ഗ്രാമം നഗരമായും ഗ്രാമവാസികൾ ഭൂരിഭാഗംപേരും നഗരവാസികളായും ബാക്കിയുള്ളവർ അന്യരെപ്പോലെ ഉൾവലിഞ്ഞും പരിവർത്തനം സംഭവിക്കുകയാണ്.

"ഈ ലോകത്ത് നമ്മൾ തനിച്ചല്ലെടോ." എന്നുപറഞ്ഞ് രണ്ടു ദിവസങ്ങൾക്കുമുൻപാണ് അങ്ങനെയൊരു പിണക്കത്തിന് വിരാമമിട്ടുകൊണ്ട് കുഞ്ഞിരാമൻ അവരെ സമാധാനിപ്പിച്ചത്. "നമ്മളെപ്പോലെ എത്രയെത്രയാളുകൾ തമ്മിൽതമ്മിൽ കാണാനാവാതെ വിശേഷങ്ങളറിയാതെ കാലം കഴിച്ചുകൂട്ടുന്നുണ്ടെന്നറിയാമോ നിനക്ക്?"

"അതെയതെ. പണ്ടൊക്കെ നമ്മൾ സ്ഥിരമായി കാണാറുള്ള ആരെയും ഇപ്പോളെവിടെയും കാണാറേയില്ല" മാധവി പ്രതിവചിച്ചു.

അടുത്ത മാസത്തിലെ ബ്ലോഗുലകവുമായി ഞങ്ങളെത്തും വരെ വായനോത്സവാശംസകൾ പ്രിയരേ! #BackToBlog

↑ top