ഫെബ്രുവരി 2016 ലക്കം
വിവർത്തനം

രാപ്പാടിയും റോസാപ്പൂവും - ഓസ്കാർ വൈൽഡ്

book cover

— 1 —

"അവൾക്കു വേണ്ടി ചുവന്ന റോസാപ്പൂ കൊണ്ടു ചെല്ലുകയാണെങ്കിൽ എന്നോടൊപ്പം നൃത്തം ചെയ്യാമെന്ന് അവൾ പറഞ്ഞിരുന്നു."

യുവാവായ ആ വിദ്യാർത്ഥി സങ്കടപ്പെട്ടു; "പക്ഷേ, എന്റെ പൂന്തോട്ടത്തിൽ ചുവന്ന റോസാപ്പൂവില്ല."

ഓക്ക് മരത്തിലെ തന്റെ കൂട്ടിലിരുന്ന് രാപ്പാടി അവൻ പറയുന്നത് കേട്ടു. അവൾ ഇലകൾക്കിടയിലൂടെ അവനെ നോക്കി അതിശയിച്ചു.

"എന്റെ പൂന്തോട്ടത്തിൽ ഒരൊറ്റ ചുവന്ന റോസാപ്പൂവുമില്ല."

അവൻ വിലപിച്ചു, അവന്റെ മനോഹരങ്ങളായ കണ്ണുകൾ നിറഞ്ഞു.

"എന്തുമാത്രം ചെറിയ കാര്യങ്ങളെയാണ് സന്തോഷം ആശ്രയിക്കുന്നത്. അറിവുള്ളവർ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്, തത്വദർശനങ്ങളുടെ രഹസ്യങ്ങൾ എല്ലാം എനിക്കറിയാം, പക്ഷേ, ഒരു ചുവന്ന റോസാപ്പൂവിന്റെ ഇല്ലായ്മയാൽ എന്റെ ജീവിതം ദയനീയമായല്ലോ.."

"ഒടുവിലിതാ ഒരു യഥാർത്ഥ കാമുകൻ," രാപ്പാടി പറഞ്ഞു.

"അവനെ എനിക്കറിയില്ലെങ്കിലും രാത്രികൾ തോറും ഞാൻ അവനുവേണ്ടി പാടി, രാത്രികൾ തോറും അവന്റെ കഥ ഞാൻ നക്ഷത്രങ്ങളോട് ചൊല്ലി, ദാ ഇപ്പൊള്‍ ഞാനവനെ അറിയുന്നു. ഹയ്സിന്ത് പൂക്കളെപ്പോലെ അവന്റെ മുടി ഇരുണ്ടതാണ്. അവന്റെ അധരങ്ങൾ അവന്റെ തൃഷ്ണയുടെ റോസാപ്പൂ പോലെ ചുവന്നതാണ്. പക്ഷേ, അഭിനിവേശംകൊണ്ട് അവന്റെ മുഖം വിളറി വെളുത്തിരിക്കുന്നു. വിഷാദം അവളുടെ അടയാളം അവന്റെ പുരികത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു."

"രാജകുമാരൻ നാളെ രാത്രി ഒരു വിരുന്നു നല്കുന്നു", യുവാവ് മന്ത്രിച്ചു, "അവിടെ എന്റെ പ്രണയിനിയും ഉണ്ടാവും. അവൾക്ക് വേണ്ടി ഒരു ചുവന്ന റോസാപ്പൂ ഞാൻ കൊണ്ടു ചെല്ലുകയാണെങ്കിൽ നേരം വെളുക്കും വരെ അവൾ എനിക്കൊപ്പം നൃത്തം വയ്ക്കും. അവൾക്ക് വേണ്ടി ഒരു ചുവന്ന റോസാപ്പൂ ഞാൻ കൊണ്ടു ചെല്ലുകയാണെങ്കിൽ അവളെ എനിക്കെന്റെ കരങ്ങളിൽ ചേർത്തുപിടിക്കുവാൻ കഴിയും. അവൾ അവളുടെ ശിരസ്സ്‌ എന്റെ ചുമലിൽ ചേർത്തുവയ്ക്കും. അവളുടെ കരങ്ങൾ എന്റെ കരങ്ങളാൽ ആശ്ലേഷിക്കപ്പെടും. പക്ഷേ, എന്റെ പൂന്തോട്ടത്തിൽ ചുവന്ന റോസാപ്പൂവില്ല. അതുകൊണ്ട് ഞാൻ ഏകനായി ഇരിക്കേണ്ടി വരും. അവൾ എന്നെ കടന്നു പോകും. അവൾ എന്നെ ശ്രദ്ധിക്കുകയേയില്ല, എന്റെ ഹൃദയം തകരുകയും ചെയ്യും."

"ഇതാ ഇവിടെയാണ്‌ ഒരു യഥാർത്ഥ കാമുകൻ," രാപ്പാടി പറഞ്ഞു.

"ഞാൻ പാടിയാൽ അവന് വേദനിക്കും. എനിക്ക് സന്തോഷം പകരുന്നത് അവനു വേദനയാണ്. പ്രണയം തീർച്ചയായും അതിശയം നിറഞ്ഞതാണ്‌. അത് മരതകക്കല്ലിനേക്കാൾ വിലപിടിച്ചതാണ്‌, സ്ഫടികത്തേക്കാൾ പ്രിയമുള്ളതാണ്. മുത്തുകൾ കൊണ്ടോ മാതളം കൊണ്ടോ അത് വാങ്ങാൻ കഴിയില്ല. അത് ചന്തയിൽ വിൽക്കപ്പെടാൻ വച്ചിട്ടുള്ളതുമല്ല. കടക്കാരിൽ നിന്നും വാങ്ങാനും കഴിയില്ല, സ്വർണം കൊണ്ട് തുലാഭാരം നടത്താനും കഴിയില്ല."

— 2 —

"സംഗീതജ്ഞന്മാർ ഗാലറിയിൽ ഇരുന്നു പാട്ടുകൾ പാടും."

യുവാവായ ആ വിദ്യാർത്ഥി പറഞ്ഞു,

"അവർ അവരുടെ തന്ത്രിവാദ്യങ്ങൾ മീട്ടും. ഹാർപ്പിന്റെയും വയലിന്റെയും ശബ്ദത്തിനൊപ്പം എന്റെ പ്രണയിനിയും നൃത്തം ചെയ്യും. അവൾ തറയിൽ കാലുകൾ സ്പർശിക്കാത്തവണ്ണം മൃദുവായി നൃത്തം ചെയ്യും. മോടിയായി വസ്ത്രം ധരിച്ച കാണികൾ അവളുടെ ചുറ്റും തിക്കിത്തിരക്കും. പക്ഷെ അവൾ എനിക്കൊപ്പം നൃത്തം വയ്ക്കില്ല, അവൾക്കു നൽകാൻ എന്റെ കയ്യിൽ ചുവന്ന റോസാപ്പൂ ഇല്ലല്ലോ..!"

അവൻ പുൽത്തകിടിയിലേയ്ക്ക് വീണു കിടന്ന് തന്റെ കൈകളിൽ മുഖം പൊത്തി വിതുമ്പി.

"അവനെന്തിനാണ്‌ കരയുന്നത്?"

ഒരു കുഞ്ഞ് പച്ചയോന്ത് തന്റെ വാല് അന്തരീക്ഷത്തിൽ പൊക്കിപ്പിടിച്ചു അവനരികിലൂടെ ഓടുന്നതിനിടയിൽ ചോദിച്ചു.

"അതെ, എന്തിനാണ്?" ഒരു സൂര്യകിരണത്തിനു ചുറ്റും തുടിച്ചുപറക്കുകയായിരുന്ന പൂമ്പാറ്റയും ചോദിച്ചു.

"അതെ, എന്തിനാണ്?" ജമന്തിപ്പൂവ് അവന്റെ അയൽക്കാരനോട് സ്വരം താഴ്ത്തി മൃദുവായി ചോദിച്ചു.

"അവൻ ഒരു ചുവന്ന റോസാപ്പൂവിനു വേണ്ടിയാണ് കരയുന്നത്!" രാപ്പാടി പറഞ്ഞു.

"ഒരു ചുവന്ന റോസാപ്പൂവിനോ!" അവർ അതിശയിച്ചു , " മണ്ടത്തരം!"

ഏതാണ്ടൊരു ദോഷൈകദൃക്കായ ആ കുഞ്ഞ് ഓന്ത് പൊട്ടിച്ചിരിക്കുകയും ചെയ്തു. പക്ഷേ, രാപ്പാടിയ്ക്ക് അവന്റെ വ്യഥയുടെ രഹസ്യം അറിയാമായിരുന്നു. അവൾ ഓക്ക് മരത്തിലിരുന്ന് പ്രണയത്തിന്റെ നിഗൂഢതയെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് അവൾ തന്റെ തവിട്ടു നിറമാർന്ന ചിറകുകൾ വിരിച്ചു പറന്നുയർന്നു. അവൾ ആ തോട്ടത്തിനു മുകളിലൂടെ ഒരു നിഴൽ പോലെ പറന്നു, ഒരു നിഴൽ പോലെ അവൾ ആ പൂന്തോട്ടത്തിനു കുറുകെ പറന്നു. പുൽത്തകിടിയുടെ നടുക്ക് മനോഹരമായ ഒരു റോസാച്ചെടി നിന്നിരുന്നു. അതുകണ്ടപ്പോൾ അവൾ അതിനരികെ പറന്നു ചെന്ന് ഒരു കമ്പിൽ ഇരുന്നു.

"എനിക്കൊരു ചുവന്ന റോസാപ്പൂ തരാമെങ്കിൽ," അവൾ പറഞ്ഞു, "നിനക്ക് വേണ്ടി ഞാനെന്റെ ഏറ്റവും മധുരമായ ഒരു പാട്ടുപാടാം."

പക്ഷേ, റോസാച്ചെടി വിസമ്മതത്തോടെ തലയാട്ടി.

"എന്റെ റോസാപ്പൂവ് വെള്ളയാണ്"

അത് പറഞ്ഞു, "സാഗരത്തിരയുടെ നുരപോലെ വെളുത്തത്, പർവതശൃംഗങ്ങളിലെ മഞ്ഞിനേക്കാൾ വെളുത്തത്. പക്ഷെ ആ പഴയ സൂര്യഘടികാരത്തിനരികിലുള്ള എന്റെ സഹോദരനെ സമീപിക്കൂ, ചിലപ്പോൾ അവൻ നിനക്ക് വേണ്ടത് തരുമായിരിക്കും."

— 3 —

അങ്ങനെ രാപ്പാടി ആ പഴയ സൂര്യഘടികാരത്തിനു ചുറ്റും വളരുന്ന റോസാച്ചെടിയുടെ അരികിലെത്തി.

"എനിക്കൊരു ചുവന്ന റോസാപ്പൂ തരാമെങ്കിൽ," അവൾ പറഞ്ഞു, "നിനക്ക് വേണ്ടി ഞാനെന്റെ ഏറ്റവും മധുരമായ ഒരു പാട്ടുപാടാം."

പക്ഷേ, റോസാച്ചെടി വിസമ്മതത്തോടെ തലയാട്ടി.

"എന്റെ റോസാപ്പൂവ് മഞ്ഞയാണ്" അത് പറഞ്ഞു, "കുന്തിരിക്കം കൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്ന ജലകന്യകയുടെ മുടി പോലെ മഞ്ഞയായത്, പുല്ലരിയുന്നവൻ തന്റെ അരിവാളുമായി എത്തും മുൻപേ മൈതാനത്ത് വിരിഞ്ഞു വരുന്ന ഡാഫോഡിൽ പൂക്കളേക്കാൾ മഞ്ഞ നിറമാർന്നത്. പക്ഷേ, ആ വിദ്യാർത്ഥിയുടെ ജനലിനു താഴെ വളരുന്ന എന്റെ സഹോദരനെ സമീപിക്കൂ, ചിലപ്പോൾ അവൻ നിനക്ക് വേണ്ടത് തരുമായിരിക്കും."

അങ്ങനെ രാപ്പാടി ആ വിദ്യാര്‍ത്ഥിയുടെ ജനലിനു താഴെ വളരുന്ന റോസാച്ചെടിയുടെ അരികിലെത്തി.

"എനിക്കൊരു ചുവന്ന റോസാപ്പൂ തരാമെങ്കിൽ." അവൾ പറഞ്ഞു, "നിനക്ക് വേണ്ടി ഞാനെന്റെ ഏറ്റവും മധുരമായ ഒരു പാട്ടുപാടാം."

പക്ഷേ, റോസാച്ചെടി വിസമ്മതത്തോടെ തലയാട്ടി.

"എന്റെ റോസാപ്പൂവ് ചുവന്നതാണ്" അത് പറഞ്ഞു, "ഒരു പ്രാവിന്റെ കാലുകൾ പോലെ ചുവന്നത്, കടലിടുക്കിൽ തന്റെ വലിയ ചിറകുകൾ വീശി വീശി നിൽക്കുന്ന പവിഴപ്പുറ്റിനെക്കാൾ ചുവന്നത്. പക്ഷെ ശൈത്യം എന്റെ സിരകളെ മരവിപ്പിച്ചിരിക്കുന്നു. എന്റെ പൂമൊട്ടുകളെ ഹിമകണങ്ങൾ നുള്ളിയെടുത്തിരിക്കുന്നു. കൊടുങ്കാറ്റ് എന്റെ ചില്ലകളെ ഒടിച്ചെടുത്തിരിക്കുന്നു. ഈ വർഷം എനിക്കിനി റോസാപ്പൂക്കളേ ഉണ്ടാവില്ല."

"എനിക്കൊരൊറ്റ ചുവന്ന റോസാപ്പൂ മതി," രാപ്പാടി അപേക്ഷിച്ചു, "ഒരെണ്ണം മാത്രം! അതിനൊരു വഴിയുമില്ലേ?"

"ഒരു വഴിയുണ്ട്," റോസാച്ചെടി പറഞ്ഞു; "പക്ഷെ അത് നിന്നോട് പറയാൻ പോലും എനിക്ക് ധൈര്യം പോരാ, അത്രയും ഭീകരമാണത്."

"എന്നോട് പറയൂ" രാപ്പാടി പറഞ്ഞു, "എനിക്ക് ഭയമില്ല."

റോസാച്ചെടി പറഞ്ഞു , "നിനക്ക് ഒരു ചുവന്ന റോസാപ്പൂ വേണമെങ്കിൽ, നീയത് നിലാവെളിച്ചത്തിൽ സംഗീതത്തിൽ നിന്നും സൃഷ്ടിക്കണം, അതിനെ നിന്റെ ഹൃദയരക്തം കൊണ്ട് ചുവപ്പിക്കണം. നിന്റെ നെഞ്ച് ഒരു മുള്ളിനോട് ചേർത്തുവച്ച് എനിക്കായി നീ പാടണം. രാത്രി മുഴുവൻ നീ പാടണം, ആ മുള്ള് നിന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങണം, നിന്റെ ജീവരക്തം എന്റെ സിരകളിലേയ്ക്ക് ഒഴുകിയിറങ്ങണം, അതെന്റേതാകണം."

— 4 —

"ഒരു ചുവന്ന റോസാപ്പൂവിന് വേണ്ടി നൽകാവുന്ന ഏറ്റവും മഹത്തരമായ വിലയാണ് മരണം."

രാപ്പാടി പറഞ്ഞു," ജീവിതം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഹരിതാഭയാർന്ന കാനനത്തിൽ ഇരുന്ന് സ്വർണരഥത്തിലെ സൂര്യനെയും പവിഴരഥത്തിലെ ചന്ദ്രനേയും വീക്ഷിക്കുന്നത് സന്തോഷകരമാണ്. റോസയുടെ മണം മധുരമനോഹരമാണ്. താഴ്‌വാരത്തിൽ ഒളിച്ചിരിക്കുന്ന കോളാമ്പിപ്പൂക്കളും മനോഹരമാണ്, മലമുകളിലെ ഹീതർച്ചെടികളും അങ്ങനെ തന്നെ. പക്ഷെ പ്രണയം ജീവിതത്തെക്കാൾ മേലെയാണ്, മാത്രവുമല്ല, ഒരു മനുഷ്യ ഹൃദയവുമായി തട്ടിച്ചു നോക്കിയാൽ ഒരു പക്ഷിയുടെ ഹൃദയം എന്താണ്?"

അങ്ങനെ വിചാരിച്ച് അവൾ തന്റെ തവിട്ടു നിറമാർന്ന ചിറകുകൾ വിരിച്ചു പറന്നുയർന്നു. അവൾ ആ തോട്ടത്തിനു മുകളിലൂടെ ഒരു നിഴൽ പോലെ പറന്നു, ഒരു നിഴൽ പോലെ അവൾ ആ പൂന്തോട്ടത്തിനു കുറുകെ പറന്നു.

യുവാവായ ആ വിദ്യാർത്ഥി അപ്പോഴും രാപ്പാടി പറന്നകന്ന സമയത്തേതുപോലെ തന്നെ ആ പുൽത്തകിടിയിൽ കിടക്കുകയായിരുന്നു, അവന്റെ മനോഹരങ്ങളായ കണ്ണുകളിൽ അപ്പോഴും കണ്ണുനീർ വറ്റിയിരുന്നില്ല.

"സന്തോഷമായിരിക്കൂ" രാപ്പാടി പറഞ്ഞു, "സന്തോഷമായിരിക്കൂ, നിനക്ക് നിന്റെ ചുവന്ന റോസാപ്പൂ ലഭിക്കും. ഞാനത് നിലാവെളിച്ചത്തിൽ സംഗീതത്താൽ സൃഷ്ടിച്ച് എന്റെ ഹൃദയരക്തം കൊണ്ട് ചുവപ്പിക്കും. പകരം ഞാൻ നിന്നോട് ആവശ്യപ്പെടുന്നത് നീ ഒരു ആത്മാർത്ഥ കാമുകൻ ആവണമെന്ന് മാത്രമാണ്. കാരണം ജീവിതദർശനങ്ങൾ ജ്ഞാനം നിറഞ്ഞതെങ്കിലും പ്രണയം അവളെക്കാൾ ജ്ഞാനിയാണ്, അധികാരം മഹത്തരമെങ്കിലും പ്രണയം അവനെക്കാൾ മഹത്തരമാണ്. അവന്റെ ചിറകുകൾ അഗ്നിവർണം പൂണ്ടതാണ്, അവന്റെ ശരീരമോ അഗ്നിവർണമാണ്. അവന്റെ അധരങ്ങൾ തേൻ പോലെ മധുരം നിറഞ്ഞതാണ്‌. അവന്റെ ശ്വാസമാകട്ടെ കുന്തിരിക്കം മണക്കുന്നതും."

ആ വിദ്യാർത്ഥി പുൽത്തകിടിയിൽ കിടന്നു മുകളിലേയ്ക്ക് നോക്കി ശ്രദ്ധിച്ചു. പക്ഷെ രാപ്പാടി അവനോടു പറയുന്നതൊന്നും തന്നെ അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം അവനു പുസ്തകങ്ങളിൽ എഴുതപ്പെട്ടവ മാത്രമേ അറിയാമായിരുന്നുള്ളൂ.

പക്ഷേ, ഓക്ക് മരത്തിനു അത് മനസ്സിലായി, കാരണം തന്റെ മരച്ചില്ലയിൽ കൂടുകെട്ടിയ ആ കുഞ്ഞു രാപ്പാടിയെ അതിനു വലിയ ഇഷ്ടവുമായിരുന്നു.

"എനിക്കുവേണ്ടി അവസാനമായി ഒരു പാട്ട് പാടൂ." അത് മന്ത്രിച്ചു. "നീ പോയിക്കഴിഞ്ഞാൽ എനിക്ക് അങ്ങേയറ്റം ഏകാന്തത അനുഭവപ്പെടും"

അങ്ങനെ രാപ്പാടി ഓക്ക് മരത്തിനു വേണ്ടി പാടി, അവളുടെ സ്വരം ഒരു വെള്ളിപ്പാത്രത്തിൽ നിന്നും വെള്ളം നുരയിട്ട്‌ ഒഴുകും പോലെയായിരുന്നു.

— 5 —

അവൾ അവളുടെ പാട്ട് പാടിത്തീർന്നപ്പോൾ ആ വിദ്യാർഥി എഴുന്നേറ്റ് തന്റെ പോക്കറ്റിൽ നിന്നും ഒരു ബുക്കും പെൻസിലും പുറത്തെടുത്തു.

"അവൾക്ക് തനതായ ഒരു രൂപമുണ്ട്,"

അവൻ പൂന്തോട്ടത്തിലൂടെ നടന്നു പോകുമ്പോൾ സ്വയം പറഞ്ഞു, "അത് നിഷേധിച്ചുകൂടാ . പക്ഷെ, വികാരങ്ങൾ? അതില്ലാ എന്ന് ഞാൻ ഭയക്കുന്നു. ശരിക്കും പറഞ്ഞാൽ മറ്റെല്ലാ കലകാരന്മാരെയുംപോലെ അവൾക്കും സ്വന്തമായ ഒരു ശൈലിയുണ്ട്, പക്ഷെ ആത്മാർത്ഥതയില്ല. അവൾ മറ്റുള്ളവർക്ക് വേണ്ടി ആത്മത്യാഗം ചെയ്യില്ല. അവൾ സംഗീതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു, കല സ്വാർത്ഥമാണെന്ന് എല്ലാവർക്കുമറിയാം. എന്നാലും അവളുടെ സംഗീതത്തിൽ മനോഹരമായ ചില സംഗതികൾ ഉണ്ടെന്നുള്ള കാര്യം സമ്മതിക്കണം. പക്ഷെ അതുകൊണ്ട് ഒന്നും അർഥമാകുന്നില്ല, അതിനു പ്രായോഗികമായ ഒരു നന്മയുമില്ല. എന്നത് സങ്കടകരം തന്നെ."

അവൻ തന്റെ മുറിയിലെത്തി തന്റെ കിടക്കയിൽ കിടന്ന് തന്റെ കാമുകിയെപ്പറ്റി ചിന്തിക്കാൻ തുടങ്ങി, പിന്നെ അൽപസമയത്തിനുശേഷം ഉറങ്ങുകയും ചെയ്തു.

അങ്ങനെ സ്വർഗത്തിൽ നിലാവുപരന്ന സമയം രാപ്പാടി ആ റോസ് ചെടിയുടെ അരികിലേയ്ക്ക് പറന്നു ചെന്നു . അവളുടെ നെഞ്ച് ആ മുള്ളിനോട് ചേർത്തുവച്ചു. രാത്രിമുഴുവൻ തന്റെ നെഞ്ച് ആ മുൾമുനയിൽ വച്ച് അവൾ പാടി. തണുത്തുറഞ്ഞ ചന്ദ്രനാകട്ടെ താഴേയ്ക്ക് നോക്കി അത് ശ്രവിച്ചു.

അവളുടെ ജീവരക്തം അവളിൽ നിന്നും സാവധാനം പുറത്തേയ്ക്കൊഴുകി. അവളാദ്യം ഒരു ആൺകുട്ടിയുടെയും ഒരു പെൺകുട്ടിയുടെയും ഹൃദയത്തിൽ പ്രണയം ജനിച്ചതിനെപ്പറ്റിയാണ് പാടിയത്. പാട്ടുകൾക്ക് പിന്നാലെ പാട്ടുകൾ ഒഴുകവേ ആ റോസാച്ചെടിയുടെ ഏറ്റവും മുകളിലെ കൊമ്പിൽ ഒരു മനോഹരമായ റോസാപ്പൂവ് ഇതളുകൾക്ക്‌ പിറകെ ഇതളുകളായി വിരിഞ്ഞു വന്നു. നദിയുടെ മുകളിൽ പരന്നു കിടക്കുന്ന മഞ്ഞു പോലെ അത് ആദ്യം വിളറിയിരുന്നു - പ്രഭാതത്തിന്റെ കാൽപ്പാടുപോലെ മങ്ങിയിരുന്നു, ഉദയത്തിന്റെ ചിറകുകൾ പോലെ വെള്ളിനിറമാണ്ടിരുന്നു. ഒരു വെള്ളിക്കണ്ണാടിയിലെ റോസ് നിറമാർന്ന നിഴൽ പോലെ, ഒരു ജലാശയത്തിലെ റോസ് നിറമാർന്ന നിഴൽ പോലെ, അങ്ങനെയായിരുന്നു ആ റോസാച്ചെടിയുടെ മുകളിലത്തെ കൊമ്പിൽ വിരിഞ്ഞ ആ റോസാപ്പൂ.

ആ മുള്ളിലേയ്ക്ക് കൂടുതൽ ചേർന്നിരിക്കാൻ ആ റോസാച്ചെടി രാപ്പാടിയോട് അപേക്ഷിച്ചു. "കൂടുതൽ ചേർന്നിരിക്കൂ എന്റെ രാപ്പാടീ," ചെടി പറഞ്ഞു. "അല്ലെങ്കിൽ റോസാപ്പൂവ് മുഴുവൻ വിടരും മുൻപ് പ്രഭാതമാകും".

അങ്ങനെ രാപ്പാടി ആ മുള്ളിനോട് കൂടുതൽ ചേർന്ന് അമർന്നിരുന്നു. അവളുടെ പാട്ട് കൂടുതൽ കൂടുതൽ ഉച്ചസ്ഥായിയിലായി. കാരണം ഒരു യുവാവിന്റെയും യുവതിയുടെയും ആത്മാവിൽ അഭിനിവേശം ജന്മം കൊള്ളുന്നതിനെപ്പറ്റിയായിരുന്നു അവൾ അപ്പോൾ പാടിക്കൊണ്ടിരുന്നത്.

— 6 —

അങ്ങനെ ഒരു മങ്ങിയ പിങ്ക് നിറം ആ റോസാപ്പൂവിന്റെ ഇതളുകളിൽ പരന്നു തുടങ്ങി. വധുവിന്റെ ചുണ്ടുകളിൽ ചുംബനം അർപ്പിക്കുമ്പോൾ വരന്റെ കവിളുകളിൽ പരക്കുന്ന നാണം പോലെ. പക്ഷേ, ആ മുള്ള് അപ്പോഴും അവളുടെ ഹൃദയത്തിൽ എത്തിയിരുന്നില്ല, അത് കാരണം ആ റോസാപ്പൂവിന്റെ ഹൃദയം വെളുത്തു തന്നെയിരുന്നു. ആ രാപ്പാടിയുടെ ഹൃദയരക്തത്തിന് മാത്രമേ അതിനെ ചുവപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. റോസാച്ചെടി വീണ്ടും രാപ്പാടിയോടു അവളുടെ നെഞ്ചകം ആ മുള്ളിനോട് കൂടുതൽ അമർത്താൻ അപേക്ഷിച്ചു.

"കൂടുതൽ അമർത്തൂ രാപ്പാടീ" റോസാച്ചെടി അപേക്ഷിച്ചു, "അല്ലെങ്കിൽ ഈ റോസാപ്പൂ മുഴുവനാകും മുൻപേ പകലോൻ ഇങ്ങെത്തും."

അങ്ങനെ രാപ്പാടി ആ മുള്ളിനോട് കൂടുതൽ ചേർന്നു, ആ മുള്ള് അവളുടെ ഹൃദയത്തെ സ്പർശിച്ചു. ഒരു കഠിനമായ വേദന അവളുടെ ശരീരത്തിലൂടെ പാഞ്ഞുപോയി. കഠിനം, അതി കഠിനമായിരുന്നു ആ വേദന. അതോടൊപ്പം തന്നെ അവളുടെ സംഗീതവും ഉച്ചസ്ഥായിയിലായി, കാരണം അവൾ അപ്പോൾ പാടിയത് മൃത്യു കൊണ്ട് പരിപൂർണമാകുന്ന പ്രണയത്തേക്കുറിച്ചായിരുന്നു, ശവക്കല്ലറയിൽ മരിക്കാത്ത പ്രണയത്തെക്കുറിച്ചായിരുന്നു. കിഴക്കൻ ആകാശത്തിലെ റോസാപ്പൂ പോലെ ആ മനോഹരമായ റോസാപ്പൂവ് അങ്ങനെ രക്താഭമായി. ഇതളുകൾ രക്താഭമായി. പത്മരാഗം പോലെ അതിന്റെ ഹൃദയം രക്താഭമായി.
പക്ഷെ ആ രാപ്പാടിയുടെ ശബ്ദം മങ്ങി മങ്ങിവന്നു, അവളുടെ കുഞ്ഞിച്ചിറകുകൾ വിറയ്ക്കാൻ തുടങ്ങി, അവളുടെ കണ്ണുകളിൽ ഒരു മറ വന്നുവീണു. അവളുടെ പാട്ട് മങ്ങി മങ്ങി വന്നു, അവളുടെ കണ്‍ഠത്തിൽ എന്തോ വന്നു തടഞ്ഞു ശ്വാസം മുട്ടിക്കുംപോലെ അവൾക്ക് അനുഭവപ്പെട്ടു.

പിന്നെ അവളിൽ നിന്നും ആ പാട്ടിന്റെ അവസാന പൊട്ടിച്ചിതറൽ ഉണ്ടായി. വെളുത്ത ചന്ദ്രൻ അതുകേട്ടു. അവൻ പ്രഭാതത്തെ മറന്ന് ആകാശത്തു തന്നെ ചുറ്റിപ്പറ്റി നിന്നു. ആ ചുവന്ന റോസാപ്പൂ അതുകേട്ടു. ഒരു ഉന്മാദത്തിന്റെ മൂർദ്ധന്യതയിൽ തുള്ളിവിറച്ച് അത് കുളിർമയുള്ള പ്രഭാതത്തിലെ മന്ദമാരുതനിലേയ്ക്ക് തന്റെ ഇതളുകൾ തുറന്നു. ആ പാട്ടിന്റെ പ്രതിധ്വനി കുന്നുകളിലെ ചുവന്ന ഗുഹകളിൽ അലയടിച്ചു. ഉറങ്ങിക്കിടന്ന ആട്ടിടയന്മാരെ അത് അവരുടെ സ്വപ്നങ്ങളിൽ നിന്നും ഉണർത്തി. നദിയുടെ ഓളങ്ങളിലൂടെ പൊങ്ങിയൊഴുകി അവയുടെ സന്ദേശം സാഗരത്തിലെത്തിച്ചു.

"നോക്കൂ, നോക്കൂ.." റോസാച്ചെടി ഉറക്കെപറഞ്ഞു, "ആ റോസാപ്പൂ മുഴുവനുമായി."
പക്ഷേ, ആ രാപ്പാടി ഒന്നും മറുപടി പറഞ്ഞില്ല. കാരണം അവൾ ഹൃദയത്തിൽ ഒരു മുള്ളുമായി ആ പുൽത്തകിടിയിൽ മരിച്ചു കിടക്കുകയായിരുന്നു.

ഉച്ചസമയമായപ്പോൾ ആ വിദ്യാർത്ഥി തന്റെ ജനൽ തുറന്നു പുറത്തേയ്ക്ക് നോക്കി.

— 7 —

"ങേ! എന്തൊരു സൗഭാഗ്യം" അവൻ ഉറക്കെപ്പറഞ്ഞു, "ഇതാ ഒരു ചുവന്ന റോസാപ്പൂ! ഇതുപോലൊരു റോസാപ്പൂ എന്റെ ജീവിതത്തിൽ ഇത് വരെ ഞാൻ കണ്ടിട്ടില്ല. ഇത്രയും മനോഹാരിതയുള്ളതുകൊണ്ടുതന്നെ തീർച്ചയായും ഇതിനു ദൈര്ഘ്യമേറിയ ഒരു ലാറ്റിൻ പേരുമുണ്ടാകും."

അവൻ മുൻപോട്ടാഞ്ഞ് ആ പൂ നുള്ളിയെടുത്തു. പിന്നെ അവൻ തന്റെ തൊപ്പിയുമണിഞ്ഞ് ആ റോസാപ്പൂവുമായി പ്രൊഫസ്സറുടെ വീട്ടിലേയ്ക്കോടി. പ്രൊഫസ്സറുടെ മകൾ വാതിൽക്കൽ തന്നെ നീല പട്ടുനൂല് ഒരു തിരിവട്ടത്തിൽ ചുറ്റിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. അവളുടെ ചെറിയ നായ അവളുടെ കാൽക്കൽ കിടപ്പുണ്ടായിരുന്നു.

"നിനക്ക് ഞാനൊരു ചുവന്ന റോസാപ്പൂ കൊണ്ടുതരുകയാണെങ്കിൽ നീ എന്നോടൊപ്പം നൃത്തം ചെയ്യാം എന്ന് പറഞ്ഞിരുന്നില്ലേ?" ആ വിദ്യാർഥി പറഞ്ഞു. "ഇതാ ലോകത്തിലെ ഏറ്റവും അരുണാഭമായ റോസാപ്പൂ. ഇന്ന് രാത്രി നീ ഇത് നിന്റെ ഹൃദയത്തോട് ചേർത്തണിയും. നമ്മൾ ഒരുമിച്ചു നൃത്തം ചെയ്യുമ്പോൾ നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നുവെന്നു അത് നിന്നോട് പറയും"

എന്നാല്‍ ആ പെൺകുട്ടി തന്റെ മുഖം ചുളിച്ചു.

"പക്ഷേ , അത് എന്റെ വസ്ത്രത്തിനു ചേരുകയില്ല എന്ന് ഞാൻ ഭയപ്പെടുന്നു."

അവൾ മറുപടി പറഞ്ഞു, "മാത്രവുമല്ല, ചേംബർലൈനിന്റെ അനന്തിരവൻ കുറച്ചു രത്നങ്ങൾ എനിക്ക് തന്നു, പൂക്കളേക്കാൾ രത്നങ്ങൾ വില പിടിപ്പുള്ളതാണെന്നു എല്ലാവർക്കുമറിയാം.

"ഛേ, നീ എന്തും മാത്രം നന്ദി കെട്ടവളാണ്, "ആ വിദ്യാർത്ഥി ക്ഷോഭത്തോടെ പറഞ്ഞു. പിന്നെ ആ റോസാപ്പൂ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു. അത് വെള്ളച്ചാലിലേയ്ക്ക് വീണു, അതിന്റെ മുകളിലൂടെ ഒരു കുതിരവണ്ടിയുടെ ചക്രം കയറിയിറങ്ങി.

"നന്ദിയില്ലാത്തവൻ !" പെൺകുട്ടി പറഞ്ഞു, "നീ ഒട്ടും മര്യാദയില്ലാത്തവനാണ്. മാത്രവുമല്ല, നീ ആരാണ്? വെറും ഒരു വിദ്യാര്‍ത്ഥി! ആ ചേംബർലൈനിന്റെ അനന്തിരവന്റെ ഷൂസിന്റെ വെള്ളിക്കൊളുത്തു പോലും നിന്റെ കയ്യിൽ ഉണ്ടെന്നു ഞാൻ കരുതുന്നില്ല."

അവൾ കസേരയിൽ നിന്നും എഴുന്നേറ്റ് വീടിനകത്തേയ്ക്ക് പോയി.

"പ്രണയം എന്തൊരു മണ്ടത്തരമാണ്..." തിരിച്ചു പോകുമ്പോൾ ആ വിദ്യാര്‍ത്ഥി വിചാരിച്ചു.

"യുക്തിയുടെ പകുതി പോലും പ്രയോജനം അതുകൊണ്ടില്ല, കാരണം അതൊന്നും തന്നെ നിർണയിക്കുന്നില്ല. മാത്രവുമല്ല, ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളിൽ ചിലവ മാത്രമാണ് അത് എല്ലായ്പ്പോഴും പറയുന്നത്, സത്യമല്ലാത്ത കാര്യങ്ങളാണ് അത് ഒരാളെ വിശ്വസിപ്പിക്കുന്നത്. യഥാർഥത്തിൽ അത് അപ്രായോഗികമാണ്, ഇക്കാലത്ത് പ്രായോഗികതയാണ് എല്ലാമെല്ലാം. ഞാൻ തത്വചിന്തയിലെയ്ക്ക് തന്നെ തിരിച്ചു പോവും, തത്വമീമാംസ പഠിക്കുകയും ചെയ്യും."

— 8 —

അങ്ങനെ അവൻ തന്റെ മുറിയിലേയ്ക്ക് മടങ്ങിപ്പോകുകയും പൊടി പിടിച്ച ഒരു വലിയ പുസ്തകമെടുത്തു വായിക്കാൻ തുടങ്ങുകയും ചെയ്തു.

← ഉള്ളടക്കം
↑ top