ഫെബ്രുവരി 2016 ലക്കം
കഥ

പ്രിയേ നിനക്കായ്

നീളന്‍ വരാന്തയുടെ അവസാനത്തിലാണ് എന്റെ കിടക്ക. മുഷിഞ്ഞ വിരികള്‍ ആരോ വന്നു മാറ്റി വിരിച്ചു. വീണ്ടും അതിലേക്കു ഞാന്‍ ചാഞ്ഞു. സ്വപ്‌നങ്ങള്‍ ഇപ്പോള്‍ കടന്നു വരാന്‍ മടിക്കുന്നത് പോലെ. പഴയ ഡയറി തലയിണയുടെ അടിയില്‍ നിന്നും താഴേക്ക് വീണു.വളരെ പ്രയാസപ്പെട്ടു ഞാന്‍ അത് എടുത്തു. എന്റെ മനസ്സിനെ എഴുതി തീര്‍ക്കുവാന്‍ എനിക്ക് ആവുന്നില്ല ഇപ്പോള്‍ .പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ഞാന്‍. അവിടെ നിന്റെ മുഖം വ്യക്തമായി കണ്ടു.ആലോചനക്കു ഭംഗം വരുത്തിയെന്നോണം ഒരു നേഴ്സിന്റെ വിളി കേട്ടു.സമയത്തുള്ള ഈ കുത്തിവെപ്പുകള്‍ അവരുടെ ജോലിയുടെ ഭാഗം. ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു അവര്‍ക്കും എനിക്കുമറിയാം. ഈ തണുത്ത സൂചി മാംസത്തില്‍ തറച്ചു കയറുന്ന വേദന അസഹനീയം.

വീണ്ടും ഞാന്‍ എന്റെ പുതപ്പിന്റെ ഉള്ളിലേക്ക് കയറി.പഴയ ഡയറിയുടെ മുഷിഞ്ഞ താളുകളില്‍ വീണ്ടും എഴുതാന്‍ ബാക്കിയായത് കുറെ സ്വപ്‌നങ്ങള്‍. .ദുഖമില്ലാത്ത ഒരു സൃഷ്ടിക്കു എന്റെ പേനയും കടലാസ്സും ദാഹിക്കുന്നു.എങ്ങനെ ഞാന്‍ എഴുതും? മനസ്സിന്റെ നെരിപ്പോടില്‍ എന്റെ നിണം മുക്കി എഴുതുകയല്ലേ? നീയാണ് പെണ്ണേ എന്നെ എഴുതാന്‍ പഠിപ്പിച്ചത്. രാത്രി മഴ പോലെ എന്നില്‍ പെയ്തിറങ്ങിയ കുളിരാണ് നിന്റെ പ്രണയം.പൂക്കളെയും നീലാകാശത്തെയും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്ന് മുതലാണ്‌ ഈ ഡാര്‍വിന്റെയും ഐന്‍സ്ടീന്റെയും സിദ്ധാന്തങ്ങളുടെ പിന്നാലെ പാഞ്ഞത്. മാറ്റങ്ങള്‍ തുടങ്ങിയത് എവിടെ? പ്രണയം പൂര്‍ണ്ണത കൈവരിക്കുന്നത് വിവാഹത്തിലെന്ന് വിശ്വസിച്ച വിഡ്ഢി. പലതവണ നീ പറഞ്ഞിരുന്നു എന്നും കൂടെ ഉണ്ടായിരിക്കുമെന്ന്. ഇന്ന് നീ എവിടെ? ആശുപത്രി വരാന്തയിലെ ഓരോ പദനത്തിലും നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തു കിടന്നത് നീ അറിഞ്ഞില്ലേ? ഇടയ്ക്കിടെ ഈ തണുപ്പ് എന്റെ തലയിലൂടെ കടന്നു പോകുമ്പോള്‍ അറിയാതെ ഞാന്‍ അലറിക്കരഞ്ഞു പോകുന്നു.അവരെനിക്കു വലിയ സൂചികളില്‍നിറച്ച തണുത്ത മരുന്നുകള്‍ നല്‍കുമ്പോള്‍ വീണ്ടും ഒരു ഉറക്കം.ഉണരുമ്പോള്‍ ഈ മുഷിഞ്ഞ പുതപ്പു മാത്രം കൂട്ടിന്.

നാടന്‍ സങ്കല്‍പ്പങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍ എങ്ങനെ നിന്നെ സ്നേഹിച്ചു സംസാരപ്രിയനല്ലാത്ത ഞാന്‍ നിന്റെ സംസാരം ഒരുപാട് കേട്ടിരുന്നു. അലസമായ നിന്റെ മുടി കണ്ണിലേക്ക് വീഴുന്നതും ഒട്ടും നിരയല്ലാത്ത പല്ലുകള്‍ കാട്ടി നീ ചിരിക്കുന്നതും നാണം കൊണ്ട് മുഖം പൊത്തുന്നതും ഒക്കെ നീയറിയാതെ ഞാന്‍ ആസ്വദിച്ചിരുന്നു. നീ എന്റേതെന്നു ആ കാതില്‍ ഞാന്‍ നൂറുതവണ പറഞ്ഞതല്ലേ.പിന്നെ എന്നെ ഒഴിവാക്കിയൊരു യാത്ര നിനക്കെങ്ങനെ സാധിച്ചു? നീ ഒരുപാട് ഇഷ്ടപെട്ട മാധവിക്കുട്ടി മുസ്ലിം ആയതിനെ എതിര്‍ത്ത എന്നോട് നീ പരുഷമായിസംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നു."പ്രിയേ നിനക്കായ്‌ " എന്ന പുസ്തകം ലോകം നെഞ്ചിലേറ്റിയപ്പോള്‍ നിനക്കെഴുതിയത് വാങ്ങാന്‍ നീ മാത്രം വന്നില്ല. ആരാധകരുടെ ഇടയില്‍പ്പോലും ഞാന്‍ തേടിയത് നിന്നെയായിരുന്നു.

പോസ്റ്റ്‌മാന്‍ കൊണ്ട് വന്ന കവറില്‍ നിന്റെ കയ്യക്ഷരം കണ്ടു ഞാന്‍ ആവേശത്തോടെയാണ് അത് പൊട്ടിച്ചത്. അതില്‍ എന്റെ പുസ്തകം.ഞാന്‍ നിനക്കെഴുതിയ അതില്‍ ...നീ എനിക്കെഴുതിയത് വാങ്ങാന്‍ തിടുക്കമായിരുന്നു എനിക്ക് . ആദ്യ പേജില്‍ നിന്റെ എനിക്കായുള്ള അക്ഷരങ്ങള്‍........ ... ഹൃദയം ധൃതഗതിയില്‍ ഇടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു." നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ പൂക്കളിലും ..പുഴകളിലും ....മഴയിലുമധികം...വിട പറഞ്ഞതിന് കാരണം ഒന്ന് മാത്രം. വേര്‍പാട് മരണത്തിലൂടെ ആകുന്നതു നിന്നെ ഒരുപാട് വേദനിപ്പിക്കുമെന്ന് ഞാന്‍ അറിയുന്നു..അതെനിക്കാവില്ല...ഈ ആശുപത്രിക്കിടക്കയിലും നിന്നെ ഞാന്‍ സ്നേഹിക്കട്ടേ ..."അവള്‍ക്കു വേണ്ടി ഞാന്‍ നല്‍കിയ അക്ഷര കൂട്ടങ്ങളില്‍ എന്റെ കണ്ണുനീര്‍ വീണു ചിതറി. പ്രിയേ നിനക്കെന്നില്‍ മരിച്ചു കൂടായിരുന്നോ , ഇതിലെത്രയോ ഭേദം.....!

ഉണര്‍ന്നപ്പോള്‍ ചുറ്റും നോക്കി...എനിക്കെന്തോ ഇന്ന് തണുപ്പില്ല.എന്റെ ചുമലില്‍ ഒരു ചൂടുള്ള കൈ. നിന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത്...പക്ഷെ തിരിച്ചറിഞ്ഞു ഞാന്‍............... ...അവനാണ് വന്നത് ...ഒരിക്കലുമിനി നിന്നെ കാണാന്‍ അനുവദിക്കാതെ നിതാന്തമായ തണുപ്പിലേക്ക് എന്നെ കൊണ്ട് പോകുവാന്‍ വന്ന മരണം .....വീണ്ടും ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു ഞാന്‍ ...എന്റെ മുഷിഞ്ഞ പുതപ്പു കെട്ടിപിടിച്ചു കരയുന്ന നിന്നെ ...ഒന്ന് ചിരിച്ചു കൊണ്ട് ഞാന്‍ ഓര്‍ത്തു

വൈകിപോയി പ്രിയേ നീ ഒരുപാട് വൈകി.

← ഉള്ളടക്കം
↑ top