ഫെബ്രുവരി 2016 ലക്കം
കഥ

പ്രണയശേഷം

അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് ഭാര്യ അവളുടെ വീട്ടിലേക്കു പോയിട്ട് അന്നേക്ക് മൂന്നു ദിവസം കഴിഞ്ഞിരുന്നു. ഫ്രിഡ്ജിലെ തണുത്തുറഞ്ഞ ബട്ടര്‍ ടോസ്റ്റ്‌ ചെയ്ത ബ്രഡില്‍ തേച്ച് അന്നും കഴിക്കാന്‍ അയാള്‍ക്ക്‌ മനസ്സുവന്നില്ല. ബൈപാസ്സ് റോഡരികില്‍ തന്‍റെ പഴയ സ്ഥിരം താവളമായിരുന്ന റെസ്റ്റോറന്‍റിനു മുന്‍പില്‍ അയാള്‍ തന്‍റെ കാര്‍ പാര്‍ക്ക്‌ ചെയ്തു. അവിടം അധികമൊന്നും മാറിയിരുന്നില്ല. അരിച്ചിറങ്ങുന്ന തണുപ്പിനൊപ്പം നനുനനുത്ത സംഗീതം, പഴയ ശരറാന്തല്‍ വിളക്കിനുള്ളില്‍ മങ്ങിയ വെളിച്ചം പൊഴിക്കുന്ന ബള്‍ബുകള്‍ ഘടിപ്പിച്ചുണ്ടാക്കിയ നിഴലില്ലാത്ത പ്രകാശം. പണ്ട് ഇവിടെ വരുമ്പോള്‍ അവളും അയാളോടൊപ്പം ഉണ്ടായിരുന്നു - നീലിമ.

നിന്‍റെ കണ്ണിന്‍റെ നിറം തന്നെയാണോ പേരായിട്ടത് എന്ന് സാഹിത്യം പറയുമ്പോള്‍, ചുണ്ട് കോട്ടി പുച്ഛം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അയാളുടെ പൊട്ട സാഹിത്യത്തിന്‍റെ ഏറ്റവും വലിയ പിന്തുണ അവള്‍ തന്നെ ആയിരുന്നു. വെറുതേ ഫോണില്‍ അവളുടെ നമ്പര്‍ പരതി. സ്വയമറിയാതെ കോള്‍ ബട്ടണില്‍ വിരലമര്‍ന്നു. ഒരുള്‍വിളികൊണ്ടെന്ന പോലെ പെട്ടെന്ന് കോള്‍ കട്ട് ചെയ്തു.

വെയിറ്റര്‍ വന്നു ഓര്‍ഡര്‍ എടുത്തു മടങ്ങി. പെട്ടെന്ന് ഫോണില്‍ ഒരു കോള്‍ - 'നീലേഷ് 2' – നീലിമയെ നീലേഷ് ആക്കി സേവ് ചെയ്യേണ്ടുന്ന ഗതികേടേ, നിന്‍റെ പേരാണ് സന്തുഷ്ട ദാമ്പത്യം!

“വിവേക്, നീ എവ്ടെ?”

തൃശ്ശൂര്‍ ചുവ കലര്‍ന്ന ശബ്ദം – യുഗങ്ങള്‍ക്കപ്പുറത്തുനിന്നെന്നപോലെ ചെവിയില്‍ മുഴങ്ങി.

“ഞാന്‍ നമ്മുടെ പഴയ റെസ്റ്റോറന്‍റില്‍ ഉണ്ട്... പെട്ടെന്ന് നിന്നെ ഓര്‍മ്മ വന്നു.”

“.......................” അപ്പുറത്തു മൌനം ഘനീഭവിച്ചു നിന്നു.

“സോറി, ഞാന്‍ തെറ്റായ സമയത്താണോ വിളിച്ചത്?”അയാളുടെ ശബ്ദം വിറച്ചു.

“അടിസ്ഥാനപരമായി നിനക്ക് മാറ്റമൊന്നും ഇല്ല. ടൂ ഫോര്‍മല്‍...”

അവള്‍ സംസാരത്തിലെ നൈസര്‍ഗ്ഗികത വീണ്ടെടുക്കുന്നത് അവനറിഞ്ഞു.

“നിന്‍റെ വിശേഷങ്ങള്‍ ഞാന്‍ ഫേസ്ബുക്കില്‍ കൂടി അറിയാറുണ്ട്... നിന്‍റെ മകന്‍ ആദിത്യ നിന്നെപ്പോലെ തന്നെ സുന്ദരനാണ്...”

അവള്‍ ഒന്ന് നിര്‍ത്തി, തുടര്‍ന്നു“ആ പേര് ഞാന്‍ കണ്ടെത്തിയതാണ് – നീ ഓര്‍ക്കുന്നോ?”

“ഉം...” മനസ്സില്‍ ഉരുണ്ടു കൂടിയ ഭാരത്തോടെ അയാള്‍ മൂളി.

ഒരു നിമിഷം കഴിഞ്ഞ് അയാള്‍ പറഞ്ഞു“നിന്‍റെ ഫേസ്ബുക് പേജ് മീനത്തിലെ നിള പോലെ വരണ്ടിരിക്കുന്നു... അപ്ഡേറ്റുകള്‍ ഒന്നുമില്ല...”

ഒരു നനുത്ത ചിരി ആയിരുന്നു മറുപടി.

“അതെ, മീനത്തിലെ നിള പോലെ വരണ്ടിരിക്കുന്നു – നിന്‍റെ സാഹിത്യം അന്നും ഇന്നും ഒരുപോലെ പരമ ബോറാണ്...”

ഇത്തവണ ഒരു പുഞ്ചിരി അയാളുടെ ചുണ്ടില്‍ വിരിഞ്ഞു.

“നീയൊഴികെ എല്ലാവര്‍ക്കും എന്‍റെ സാഹിത്യം ഇഷ്ടമാണ്”.

“ഞാന്‍ ഇഷ്ടപ്പെട്ടത് നിന്നെ ആണ്”

അവളുടെ ശബ്ദത്തില്‍ വേദന ഉണ്ടായിരുന്നുവോ?!

“നിന്‍റെ കുടുംബം?” അയാള്‍ ചോദിച്ചു.

“അച്ഛന്‍ കാമുകിമാര്‍ക്കൊപ്പം പൂനെയില്‍ തന്നെ- ഹീ ഈസ്‌ സ്റ്റില്‍ എ പ്ലേ ബോയ്... മമ്മി പുതിയ ഭര്‍ത്താവിന്‍റെ കൂടെ. ചേട്ടന്‍ വല്ലപ്പോഴും വിളിക്കാറുണ്ട്... പഴയ സ്ഥലത്ത് തന്നെ...”

“നീ... ഇപ്പോഴും...??? ”

“അതെ, ഒറ്റക്കാണ് – ഒരര്‍ത്ഥത്തില്‍ അതാണ്‌ നല്ലത്. നമുക്ക് പറ്റിയ ആളല്ലെങ്കില്‍ ജീവിതം എത്രമാത്രം തകര്‍ന്നു പോകും എന്നതിന് എന്‍റെ കുടുംബത്തില്‍ തന്നെ ഉദാഹരണങ്ങള്‍ ഉണ്ടല്ലോ. പറ്റിയ ആളെന്ന് എന്‍റെ മനസ് പറഞ്ഞവരൊക്കെ ഓള്‍റെഡി ബുക്ക്ഡ് ആയിരുന്നു... അവസാനം കണ്ടെത്തിയ ആള്‍ ആയിരുന്നു നീ... നിനക്ക് ശേഷം മറ്റൊരു ...”

അവളുടെ ശബ്ദം പാതിവഴിയില്‍ മുറിഞ്ഞു.നടുവിന് അടിയേറ്റ പാമ്പിനെപ്പോലെ അയാള്‍ പുളഞ്ഞു... അറിഞ്ഞുകൊണ്ടോ അറിയാതെയോ അവള്‍ തുടര്‍ന്നു,

“ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, എന്തിനായിരുന്നു നമ്മള്‍ പിണങ്ങിയത് എന്ന്. വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കാരണം പോലും മറന്നുപോയ ഒരു പിണക്കം... അല്ലേ?”

കാരണം ഓര്‍മയുണ്ട് – പക്ഷെ അതിലും എത്രയോ വലിയ കാരണങ്ങള്‍ താന്‍ തന്‍റെ ഭാര്യയോട് ക്ഷമിച്ചിരിക്കുന്നു അവള്‍ തന്നോടും – അയാള്‍ മനസ്സില്‍ കരുതി.

വെയ്റ്റര്‍ ഭക്ഷണം ടേബിളില്‍ എത്തിച്ചു... സൂപ്പിന്‍റെ പാത്രത്തില്‍ സ്പൂണിട്ട് പതിയെ ഇളക്കിക്കൊണ്ട് അയാള്‍ അവളുടെ ശബ്ദത്തിന് കാതോര്‍ത്തു.

“ഇപ്പോഴും പുകവലി ഉണ്ടോ? മാല്‍ബറോ?”

“ഇല്ല...”

അയാള്‍ പറഞ്ഞു. മനസ്സില്‍ ഒരു വിങ്ങല്‍ പടരുന്നത് അയാള്‍ അറിഞ്ഞു. ‘നിനക്കിഷ്ടമില്ലാത്തത് ഒന്നും ഇപ്പോള്‍ എന്നിലില്ല...പക്ഷെ നീ ഇപ്പോള്‍ എന്നോടൊപ്പമില്ല’

“നിന്‍റെ ഷര്‍ട്ടിനും തൂവാലക്കും പോലും ആ ഗന്ധമായിരുന്നു ...”

“മറന്നിട്ടില്ല അല്ലേ...”

തന്‍റെ ശബ്ദം പതറുന്നില്ല എന്നുറപ്പുവരുത്താന്‍ അയാള്‍ പാടുപെട്ടു.അവള്‍ വേദനയോടെ ചിരിച്ചു

“ഓര്‍മ്മകള്‍ നിധികളാണ് വിവേക്. പഴയ ഓര്‍മകളെ മൂടുവാന്‍ പുതിയതൊന്നും എനിക്ക് കിട്ടിയിട്ടില്ല...”

“ഞാന്‍ പിന്നെ വിളിക്കാം ...” അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

ബില്‍ കൊണ്ടുവരാന്‍ അയാള്‍ വെയ്റ്ററോട് ആംഗ്യം കാണിച്ചു.ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്‍റെ ബില്‍ തുകയും ടിപ്പും അയാള്‍ കൈമാറി.

“സാര്‍ ഒന്നും കഴിച്ചില്ല...” വെയ്റ്റര്‍ പറഞ്ഞു.

“മറ്റൊരു ദിവസം വരാം.”

അയാള്‍ മറുപടി പറഞ്ഞു പുറത്തേക്കിറങ്ങി. കാറിന്‍റെ അടുത്തെത്തിയപ്പോള്‍ അയാള്‍ അമ്പരന്നു... അവള്‍ - നീലിമ അവനെ കാത്തു നില്‍ക്കുന്നു...

“നിന്നെ ഒന്ന് കാണണമെന്നുണ്ടായിരുന്നു...”

“നീ എങ്ങനെ?...”

“നീ ഇവിടെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ കാറുമെടുത്തു പുറപ്പെട്ടതാണ്...”

അവള്‍ ചിരിച്ചു... അതേ ചിരി – സര്‍പ്രൈസ് തന്നിട്ട് തന്‍റെ അമ്പരന്ന മുഖഭാവം കണ്ട് വിജയിയുടെ ഭാവത്തില്‍ ഗൂഡമായ് ചിരിക്കുന്ന ആ പഴയ നീലിമ തന്നെ...

“നീ മാറിയിട്ടില്ല ...” അയാള്‍ മന്ത്രിച്ചു.

“പക്ഷെ നീ മാറി- നിന്‍റെ ബുള്‍ഗാന്‍ താടിയില്‍ അങ്ങിങ്ങ് വെള്ളി രോമങ്ങള്‍ കാണാം... കിളവന്‍.”

അവള്‍ ചിരിച്ചു. അവനും.

“നിനക്ക് നഷ്ടബോധം തോന്നുന്നുണ്ടോ?” അവള്‍ ചോദിച്ചു.

“അറിയില്ല... നഷ്ടബോധം എന്നൊന്നും പറയാനാവില്ല... ചിലപ്പോഴൊക്കെ നിന്നെ മിസ്സ്‌ ചെയ്യാറുണ്ട്...” അയാള്‍ പറഞ്ഞു.

“നീ പണ്ട് പറയുമായിരുന്നു – നഷ്ടമായ പ്രണയമാണ് അനശ്വരം എന്ന്... അത് എനിക്കിന്ന് മനസിലാകും. കാരണം പ്രണയം സഫലമാകുന്നതോടെ അവസാനിക്കുന്നു. പ്രണയിതാവിനെ സ്വന്തമാക്കുന്നതോടെ പ്രണയത്തിന്‍റെ തിരിച്ചൊഴുക്ക്‌ തുടങ്ങുന്നു. പിന്നെ ജീവിതത്തിലുടനീളം ചെറിയ വഴക്കുകള്‍ പോലും വന്‍ നിരാശയില്‍ എത്തിച്ചേരുന്നു ... എന്നാല്‍ നഷ്ട പ്രണയത്തില്‍, പ്രണയിച്ച ദിനങ്ങളിലെ മധുരസ്മരണകള്‍ മാത്രം ... പ്രണയിച്ചയാളിനെ ഒരിക്കലും വെറുക്കുന്നില്ലല്ലോ... ”

ഏതാനും നിമിഷങ്ങള്‍ അവര്‍ ഒന്നും മിണ്ടാതെ നിന്നു. അവള്‍ അവന്‍റെ കൈ കവര്‍ന്നു –

“ശുഭരാത്രി ... വിളിച്ചതില്‍ സന്തോഷം...”

“ഇപ്പോള്‍ നീ ഫോര്‍മല്‍ ആയിത്തുടങ്ങി...” അവന്‍ പറഞ്ഞു. അവള്‍ മൗനത്തില്‍ ചിരിച്ചു..

വീട്ടിലേക്കു ഡ്രൈവ് ചെയ്തുകൊണ്ടിരിക്കവേ അവന്‍ ഭാര്യയെ വിളിച്ചു. അമ്മയുടെ അസുഖവിവരം, മകന്‍ എന്തെടുക്കുന്നു ഒക്കെ അന്വേഷിച്ചു... അയാളുടെ ശബ്ദത്തിലെ മാറ്റം ശ്രദ്ധിച്ചു ഭാര്യ ചോദിച്ചു

“എന്തേ ജലദോഷം പിടിച്ചോ? ”

“ഇല്ല, നിനക്ക് തോന്നുന്നതാണ് ... ഒരു പഴയ സുഹൃത്തിനെ കണ്ടു സംസാരിക്കുക ആയിരുന്നു...”

“എന്തായിരുന്നു വിഷയം?”

“പ്രണയം...” അവള്‍ ചിരിച്ചു

“ഇന്ന് നല്ല റൊമാന്‍റിക് ആണല്ലോ...”

'അതെ, ഈ ജന്മത്തില്‍ ഇനിയുള്ള പ്രണയം നിനക്കായുള്ളതാണല്ലോ... '

← ഉള്ളടക്കം
↑ top