ഫെബ്രുവരി 2016 ലക്കം
image from Galleryhip
അനുഭവം

ഒരു ഞായറാഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്‌

എന്‍റെ കൗമാരകാലത്തെ പുസ്തകവായനക്കിടയിൽ അച്ഛന്റെ ബുക്ക്‌ഷെൽഫിൽ നിന്നും തപ്പിയെടുത്തതായിരുന്നു “ഒരു ഞായറാഴ്ച്ചയുടെ ഓർമ്മയ്ക്ക്‌.” ശ്രീ കെ.കെ.സുധാകരന്‍റെ പ്രണയനിർഭരമായ ഒരു നോവൽ. അതിലെ കേന്ദ്ര കഥാപാത്രമായ “ശ്യാമ” ഒരേ സമയം ധൈര്യവും പൈങ്കിളിയും വിഭ്രാന്തിയും ഒക്കെ നിറഞ്ഞ ഒരു പിടിയും കിട്ടാത്ത പെൺകുട്ടിയായിരുന്നു. അവളെപ്പോലെ ഹോസ്റ്റലിൽ താമസിച്ചു വീട്ടിൽ വിരുന്നുകാരിയെപ്പോലെ വരണം എന്നൊക്കെയായിരുന്നു അന്നത്തെ ആഗ്രഹം. കത്തുകളോട് വല്ലാത്ത ഒരു ആരാധനയായിരുന്നു ശ്യാമക്ക്. അവളുടെ കാമുകനായിരുന്ന ഹാഫിസിന്റെ കത്തുകളുമായി വാരാന്ത്യങ്ങളിൽ ബെഡ്ഡിൽ ചടഞ്ഞുകൂടിയിരിക്കുന്ന ശ്യാമയെ ഞാൻ സങ്കല്‍പ്പിച്ചിരുന്നു. ഹാഫിസിനെപ്പോലെ മനോഹരമായി കത്തുകൾ എഴുതാൻ അന്നൊന്നും എനിക്കാരുമുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. രാത്രിയിൽ ഉറക്കമിളച്ചിരുന്നു ഹോസ്റ്റൽ മുറിയിലെ ആരും അറിയാതെ വളർത്തിയിരുന്ന നിശാഗന്ധിക്ക് വെള്ളം നനക്കുന്ന ശ്യാമയായി ഞാനെപ്പോഴോക്കെയോ മാറിയിരുന്നു. അവളുടെ സാരിയുടുക്കൽ, പുസ്തകങ്ങൾ, വർത്തമാനം എന്ന് വേണ്ട എനിക്ക് ഒരു “obsession” ആയിരുന്നു ആ കഥാപാത്രം വർഷങ്ങളോളം.

പിൽക്കാലത്ത് “നീയെത്ര ധന്യ” എന്ന പേരിൽ ഈ നോവൽ ചലച്ചിത്രം ആയെങ്കിലും വളരെക്കാലം കഴിഞ്ഞാണ് ഞാൻ കാണുന്നത്. ശ്യാമയെ സിനിമയിൽ അവതരിപ്പിച്ചത് കാർത്തിക ആയിരുന്നു. മുരളിയായിരുന്നു ഹാഫിസ് ആയത്. അതിനു ശേഷം ശ്യാമയെ ഓർക്കുമ്പോൾ കാർത്തിക ആയിരുന്നു മനസ്സിലേക്ക് ഓടിയെത്തിയിരുന്നത്. പക്ഷേ, ഹാഫിസായി മുരളിയെ സങ്കൽപ്പിക്കാൻ തീരെ മനസ്സനുവദിക്കുന്നില്ല ഇന്നും. നോവലിലെ കഥാപാത്രവുമായി മുരളിയുടെ ശരീരഭാഷക്ക് നല്ല അന്തരമുണ്ടായിരുന്നു. അന്ന് നോവൽ വായിക്കുമ്പോൾ അനുഭവപ്പെട്ട ചില കല്ലുകടികൾ സിനിമ കണ്ടപ്പോൾ മാറിപ്പോയി. അവിശുദ്ധ ബന്ധങ്ങളുടെ നേർക്കാഴ്ചകൾ പുസ്തകത്തിൽ ധാരാളമായി വിവരിച്ചിരുന്നു. എന്നിലെ കൗമാരക്കാരിക്ക് അന്നത് ദഹിക്കാനുള്ള മനക്കരുത്ത് ഉണ്ടായിരുന്നില്ല എന്നതാവും കൂടുതൽ ശരി.

സിനിമയിലെ “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന ഗാനം ചെറുപ്പക്കാർക്കിടയിൽ ഏറെ ചർച്ചാവിഷയമായി. ആ പാട്ട് മൂളാത്ത യുവാക്കൾ ഉണ്ടോയെന്നു സംശയം ആണ്. എന്തുകൊണ്ടോ എനിക്കതിലെ മറ്റൊരു ഗാനമായ കാർത്തിക അഭിനയിച്ച, മാധുരി പാടിയ “ഭൂമിയെ സ്നേഹിച്ച ദേവാംഗന ഒരു പൂവിന്‍റെ ജന്മം കൊതിച്ചു....” എന്ന പാട്ടാണ് കൂടുതലിഷ്ടം.

ഇതിലെ പ്രണയത്തിനൊരു പ്രത്യേകത ഉണ്ടായിരുന്നു. നോവലിലെ ഹാഫിസ് അവിവാഹിതനും സിനിമയിൽ അയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. എന്നാൽ ഭാര്യയുമായി അകന്നു ജീവിക്കുന്ന ആളാണ്. ഹാഫിസിനെ ജീവനെ പോലെ സ്നേഹിക്കുന്ന ശ്യാമ അയാളോട് ഒരിക്കലും ആ സ്നേഹം സമ്മതിച്ചു കൊടുക്കുന്നില്ല. അയാൾക്ക് പിടി കൊടുക്കാതെ എപ്പോഴും വഴുതിപ്പൊക്കൊണ്ടേയിരിക്കുന്നു. അവളുടെ ജീവിതത്തിലെ “ഒരു ദിവസം" മാത്രം അയാൾക്ക് നൽകിക്കൊണ്ട് വേറുമൊരോർമ്മ മാത്രമായി അയാളിൽ നിന്ന് യാത്ര പറയാനായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. താൻ അമ്മയാകാൻ പോകുന്നതറിഞ്ഞു കൂട്ടുകാരിയുടെ നിർബന്ധപ്രകാരമാണ് ഹാഫിസിനെ കാണാൻ പോകുന്നതെങ്കിലും അയാൾക്ക് ജീവിതം തിരിച്ചു കിട്ടിയ സാഹചര്യത്തിൽ കാര്യങ്ങൾ തുറന്നു പറയാതെ മരണത്തിലേക്ക് നിശ്ശബ്ദം ശ്യാമ നടന്നു പോകുന്നതായിരുന്നു ക്ലൈമാക്സ്‌. മറ്റേതൊരു പ്രണയം പോലെയും പ്രണയം, വിവാഹം എന്നീ നാട്ടുനടപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഉപാധികളില്ലാതെ പ്രണയിച്ച കഥാപാത്രങ്ങളായിരുന്നു ശ്യാമയും ഹാഫിസും. ജീവന് തുല്യം സ്നേഹിച്ചിട്ടും വിട്ടുകൊടുക്കുക എന്ന ത്യാഗം ഇന്നുള്ള ബന്ധങ്ങളിൽ ഉണ്ടോ എന്ന് സംശയം ആണ്. ജീവിതത്തിലേക്ക് കടന്നു വന്ന പല മുഖങ്ങളിലും ഹാഫിസിനെ എനിക്ക് കണ്ടെത്താനായില്ല. എനിക്ക് കിട്ടാതെ പോയ ഞാൻ അറിയാതെ പോയ പ്രണയമാണ് ഹാഫിസ് എന്നുമെനിക്ക്. അന്നും ഇന്നും ഡയറിത്താളുകളിൽ സ്ഥിരം എഴുതുന്ന നാലുവരികൾ ഈ നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

AND THE SUNLIGHT CLASPS THE EARTH
AND THE MOON BEAM KISSES THE SEA
WHAT ARE ALL THESE KISSINGS WORTH
IF THOUGH KISS ME NOT?

ഷെല്ലിയുടെ ഈ നാലുവരിയെക്കാൾ പ്രണയം തുളുമ്പുന്ന വരികൾ ഞാൻ വായിച്ചിട്ടേ ഇല്ല. സൂര്യൻ ഭൂമിയെ ചുറ്റി മുറുക്കുന്നു. ചന്ദ്രൻ കടലിനെ ഉമ്മ വക്കുന്നു. നീ എന്നെ ചുംബിച്ചില്ലെങ്കിൽ ഈ ചുണ്ടുകോർക്കലുകൾക്കൊന്നും ഒരു വിലയുമില്ല......!!!!!!! എന്‍റെ കൗമാരകാലത്തെ പ്രണയ സങ്കൽപ്പങ്ങളിൽ ശ്യാമക്കും ഹാഫിസിനും ഉള്ള പങ്കു വളരെ വലുതാണ്. പിൽക്കാലത്ത് ഹോസ്റ്റലിൽ താമസമായപ്പോൾ അവളെപ്പോലെ എനിക്കുമുണ്ടായിരുന്നു കത്തുകളുടെ ഒരു ശേഖരം. വായിച്ചു വായിച്ചു കാണാപ്പാഠമായ എഴുത്തുകൾ പിന്നെയും പിന്നെയും കൊതി തീരാതെ ഞാൻ വായിച്ചു കൊണ്ടിരുന്നു. വർഷങ്ങൾക്കിപ്പുറം ചിതലരിച്ചു പോയ കുറെ ഗൃഹാതുരസ്മരണകളുടെ കൂട്ടത്തിൽ ഈ കത്തുകളുമുണ്ടായിരുന്നു. പ്രണയമെന്നോ സൗഹൃദമെന്നോ തിരിച്ചറിയാത്ത മട്ടിൽ ആരെയൊക്കെയോ ജീവിതത്തിന്‍റെ ഭാഗമായപ്പോഴൊക്കെ ഞാൻ അവരിലൊക്കെ ഹാഫിസിനെ തിരഞ്ഞിരുന്നു. ഞാൻ ശ്യാമയല്ലാഞ്ഞതുകൊണ്ടാവും എനിക്കിതുവരെ ഹാഫിസിനെ കണ്ടെത്താനാവാഞ്ഞത്. എന്‍റെ കോളേജ് പഠനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ നാളുകളിൽ ഒരിക്കൽ അമ്മ എന്നോട് ചോദിച്ചു.

“നീയെന്തെങ്കിലും മറന്നു വച്ചിട്ടാണോ കോളേജിൽ നിന്ന് തിരിച്ചുവന്നത്?”

ഞാന്‍ മറുപടി പറയാതെ നിന്നപ്പോൾ അമ്മ മെല്ലെ അടുത്തേക്ക് വന്നിട്ട് ചേര്‍ത്ത് പിടിച്ചു. എന്‍റെ മനസ്സിലപ്പോൾ ഒരു തീവണ്ടി പതുക്കെ മാഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു..... അതിന്റെ വാതിൽക്കൽ നിന്ന് ഒരാൾ അലക്ഷ്യമായി ഒരു സിഗരറ്റ്‌കുറ്റി വലിച്ചെറിയുന്നതും കുടയില്ലാതെ അന്നത്തെ ചാറ്റൽ മഴയിൽ കണ്ണ് നിറഞ്ഞു കാഴ്ച മറഞ്ഞു ഞാൻ നടക്കുന്നതും ഒരു തീവണ്ടിയാത്രയിൽ തുടങ്ങി വേറെ ഏതോ തീവണ്ടിയിൽ അവസാനിച്ച പേരറിയാത്ത ഒന്ന്, ഒരു വെറും കൈ വീശലിൽ മാത്രം ഒടുങ്ങിപ്പോയതും, വെറുതെ വെറുതെ ഞാൻ ഓർത്തുനിന്നു.......!!!!!!!

← ഉള്ളടക്കം
↑ top