ഫെബ്രുവരി 2016 ലക്കം
ഓര്‍മ്മക്കുറിപ്പ്‌

മുല്ലപ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി

സന. അതായിരുന്നു അവളുടെ പേര്. അമ്മയുടെ കൂട്ടുകാരിയുടെ മകള്‍ എന്നതായിരുന്നു അവളിലേക്കുള്ള എന്‍റെ ദൂരം. എന്നെ ഏറെ മോഹിപ്പിച്ച നീണ്ട, വെളുത്ത കൈവിരലുകള്‍ ഉള്ള മെലിഞ്ഞ സുന്ദരി. കൈവിരലുകളില്‍ അതിലേറെ നീണ്ട, പല കളറില്‍ മുങ്ങി നിവര്‍ന്ന ഭംഗിയുള്ള നഖങ്ങളുണ്ടായിരുന്നു അവള്‍ക്ക്. ചിരിക്കുമ്പോള്‍ മെഴുകു പോലെ തോന്നിക്കുന്ന പല്ലുകള്‍ അവളുടെ മാത്രം പ്രത്യേകത ആയി, പ്രേമതീക്ഷ്ണമായ അക്കാലങ്ങളില്‍ എനിക്ക് തോന്നിയിരുന്നതു സ്വാഭാവികം.

ഇഷ്ടമുള്ളത് എന്തൊക്കെയോ തിരയുന്നതുപോലെ തിരക്ക് പിടിച്ചു ഓടിക്കളിക്കുന്ന കറുപ്പില്‍ തിളങ്ങുന്ന മിഴിയിണകളായിരുന്നു അടുത്ത ആകര്‍ഷണം. പിന്നിയിട്ട നീളന്‍ തലമുടി തുള്ളിക്കുമാറ് ഇടയ്ക്കിടെ തല വെട്ടിച്ചുള്ള നടത്തം. അമ്മയുടെ കൂട്ടുകാരിയുടെ മകള്‍ എന്ന അകലം കുറഞ്ഞു കുറഞ്ഞു എന്‍റെ പ്രിയപ്പെട്ടവള്‍ എന്ന ചെറിയ ദൂരത്തിലേക്ക് അവള്‍ പോകെപ്പോകെ മാറികൊണ്ടിരുന്ന കാലം.

അവളുടെ പിറന്നാളിനു അവളാല്‍ ക്ഷണിക്കപ്പെട്ട് ഞാനും അമ്മയും ആദ്യമായി അവളുടെ വീട്ടില്‍ ചെന്ന ദിവസം മുതലാണ്‌ കാര്യങ്ങള്‍ ശരിക്കും മാറിത്തുടങ്ങിയത്. പെണ്ണുകാണല്‍ ചടങ്ങിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവള്‍ ഞങ്ങളെ ചായ തന്നു സ്വീകരിച്ചത്. അവളുടെ അമ്മയും എന്‍റെ അമ്മയും തെല്ലത്ഭുതത്തോടെ, എന്നാല്‍ സംശയിച്ച് ഒളികണ്ണിട്ടു പരസ്പ്പരം നോക്കുന്നത് ഞാന്‍ മിന്നായം കണ്ടു. എന്നോടവള്‍ രഹസ്യമായി കാണിച്ച അതിരുകടന്ന താല്‍പ്പര്യം അവള്‍ക്കൊഴികെ ബാക്കി എല്ലാവര്‍ക്കും പരസ്യമായ രഹസ്യമായിരുന്നു. സ്നേഹം മധുരിക്കുന്ന കേക്ക് മുറിച്ചപ്പോള്‍, അവള്‍ ആ സ്നേഹത്തിന്‍റെ കഷ്ണം ആദ്യം എനിക്ക് തന്ന് അവളുടെ അച്ഛനെയും അമ്മയേയും പൊന്നാങ്ങളയെയും പിന്നെ എന്‍റെ പുന്നാര അമ്മയേയും ഒരുപോലെ ഞെട്ടിച്ചു.

"മോളെ അച്ഛനാദ്യം...!"

അവളുടെ അമ്മ തിരക്ക് പിടിച്ചു ഓര്‍മ്മപ്പെടുത്തി.

"അച്ഛന് എല്ലാവര്‍ഷവും ആദ്യം കൊടുക്കുന്നതല്ലേ അമ്മേ... ഒരു പുതുമയൊക്കെ വേണ്ടേ... മാത്രമല്ല അഥിതി ദേവോ ഭവ എന്നല്ലേ..."

എല്ലാവരെയും ഉള്ളാലെ പിന്നെയും ഞെട്ടിച്ചു കൊണ്ട് അവള്‍ നല്ലൊരു കമന്റിട്ടു.

എന്നാല്‍ ‘അഥിതി ദേവോ ഭവ’ എന്ന പ്രമാണത്തിന്‍റെ ദാക്ഷിണ്യം എന്‍റെ അമ്മയ്ക്ക് അവളില്‍ നിന്നു ലഭിച്ചില്ല. എന്‍റെ അമ്മയോട് ഒരു വാക്ക് പോലും മിണ്ടാന്‍ അവള്‍ മിനക്കെട്ടില്ല. എന്നെയും കൂട്ടി വീടിന്‍റെ പരിസരം ചുറ്റിനടന്നു കാണിച്ച്, വാതോരാതെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ ഞാനും അവളും ഫുഡ്‌ കഴിച്ച പ്ലേറ്റുകള്‍ മാത്രമെടുത്ത് കിച്ചണിലേക്ക് പോയി വീണ്ടും ഒരിക്കല്‍ കൂടി അവള്‍ എല്ലാവരുടേയും നീരസം പിടിച്ചു പറ്റി.

പിരിയാന്‍ നേരം സ്പടികം പോലെ വെട്ടിത്തിളങ്ങുന്ന കണ്ണുനീര്‍ കണങ്ങള്‍ കണ്ണുകളില്‍ നിറച്ച് എന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇളിഭ്യനാക്കാനും അവള്‍ മറന്നില്ല.

"സന അല്‍പ്പം ഓവറാ... നിന്നെ ഞാന്‍ കുടുംബകോടതിയില്‍ കയറ്റി വിസ്തരിക്കും.... ഓര്‍ത്തോ..."

പൊന്നാങ്ങള അര്‍ത്ഥം വച്ച് എല്ലാവരും കേള്‍ക്കെ മുന്നറിയിപ്പ് നല്‍കി. മറ്റാരും ഒരു പ്രശ്നമല്ലാത്തതു പോലെയായിരുന്നു അവളുടെ പെരുമാറ്റം. തിരികെ പോരുമ്പോള്‍ അമ്മയ്ക്ക് മുഖം കൊടുക്കാതെ മുന്‍പില്‍ നടന്നു. ഒരാഴ്ച തികയുന്നതിനു മുന്‍പ് ഇല്ലാത്ത കാരണം ഉണ്ടാക്കി അവള്‍ അവളുടെ അമ്മയെയും കൂട്ടി എന്‍റെ വീട്ടിലേക്കു വന്നു. അന്നും അവള്‍ എന്‍റെ അമ്മയെ മൈന്‍ഡ് ചെയ്തില്ല. മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നിറയെ പൂക്കളുള്ള കുറ്റിമുല്ലചെടിയേയും പിന്നെ എന്നെയും വലംവെച്ച്, തലവെട്ടിച്ചു കറങ്ങി നടക്കാന്‍ മാത്രം ഇഷ്ടപ്പെട്ടു.

പൂക്കളിറുത്ത് കണ്ണുകളിറുക്കിയടച്ച്, ആസ്വദിച്ച് മണത്തു, തലയില്‍ തിരുകി അന്നും നിര്‍ത്താതെ ഓരോരോ ഭാവികാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു അവള്‍. എന്‍റെ അമ്മയാകട്ടെ അവളുടെ അമ്മയോട് സംസാരിക്കുന്നതിനിടയിലും ചുളിഞ്ഞ നെറ്റിയുമായി ഞങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

"മുല്ലച്ചെടിക്ക് എന്നും വെള്ളം ഒഴിക്കണം. ഞാന്‍ വരുന്ന വരെ വാടാതെ നോക്കണം. എനിക്കെന്നും ചൂടാനുള്ളതാണ്..."

എല്ലാം സ്വയം തീരുമാനിച്ചുറച്ചപോലെ അവള്‍ എനിക്ക് നിര്‍ദേശം നല്‍കി.

കവിളുകളിലൂടെ പളുങ്ക് മണികളൊഴുക്കികാട്ടി അന്നും അവള്‍ യാത്ര പറഞ്ഞു പോയി.

"വല്ല്യ ഇളക്കം വേണ്ട... ഞാന്‍ സമ്മതിക്കില്ല.... എനിക്കവളെ ഇഷ്ടമല്ല... വേണ്ടാത്ത മോഹങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ ഇപ്പോഴേ ഉപേക്ഷിച്ചേക്ക്...." ചോദിക്കാതെ തന്നെ അമ്മ തീര്‍ത്തു പറഞ്ഞു.

"അമ്മേ... അവള്‍....!" "എടാ... സ്വന്തം അമ്മയേയും അച്ഛനെയും സൗകര്യം പോലെ മറക്കുന്ന ഒരുവളെ എങ്ങനെ വിശ്വസിക്കും..? ഇത്ര ദിവസമായിട്ടും അവള്‍ എന്‍റെ നേരെ നോക്കി ഒന്ന് ചിരിക്കുകപോലും ചെയ്തിട്ടില്ല... അറ്യോ നിനക്ക്... പൊക്കോ എന്നെകൊണ്ടൊന്നും പറയിക്കരുത്‌..."

അമ്മ അടുക്കുന്ന മട്ടു കണ്ടില്ല. അവള്‍ അകലുന്ന മട്ടും.

"കല്ല്യാണം ആലോചിക്കുന്നു.... എന്തെങ്കിലും ഉടനെ ചെയ്യണം....."

അധികനാള്‍ ചെല്ലുന്നതിനു മുന്‍പ് ഒരിക്കല്‍ ധൃതിപ്പെട്ടു അവള്‍ വിളിച്ചപ്പോള്‍ ഇങ്ങേത്തലയ്ക്കല്‍ ഫോണ്‍ എടുത്തത് എന്‍റെ അമ്മ തന്നെ ആയിരുന്നു. "നീ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍... അവനിവിടില്ല.. ഞാന്‍ അവന്‍റെ അമ്മയാണ്" എന്ന് അമ്മ കെഞ്ചി പറഞ്ഞിട്ടും അവള്‍ സമ്മതിച്ചില്ല. ശബ്ദം മാറ്റി പറ്റിക്കുന്നതാണെന്നായിരുന്നു അവളുടെ കണ്ടു പിടുത്തം. ഒരവസരം കിട്ടിയിട്ടും അമ്മയോട് കാര്യങ്ങള്‍ പറയാനോ അമ്മയുടെ സുഖവിവരം അന്വേഷിക്കുവാനോ അവള്‍ തയ്യാറായില്ല എന്ന് അമ്മ പിന്നീടെപ്പഴോ പരാതി പറയുന്നത് കേള്‍ക്കുകയുണ്ടായിട്ടുണ്ട്.

കടുത്ത വേനലില്‍ കുറ്റിമുല്ല ഉണങ്ങി ചുരുണ്ട് നിന്ന നാളുകളിലൊന്നില്‍ ഒരിക്കല്‍ കൂടി അവളുടെ ഫോണ്‍വിളി എന്നെ തേടി എത്തി. "കല്യാണം ഉറപ്പിച്ചു.... അടുത്ത പത്തൊന്‍പതാം തീയതി ആണ് കല്ല്യാണം.... ഞാന്‍ എന്താ ചെയ്യേണ്ടത്...?"
പ്രതീക്ഷ അസ്തമിച്ച സ്വരമായിരുന്നു അത്. "കല്യാണം ഉറപ്പിച്ചിട്ടാണോ വിളിക്കുന്നത്‌...? ഉറപ്പിച്ച കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഇപ്പോള്‍ ഓടി നടക്കുന്ന നിന്നെ കെട്ടാന്‍ പോകുന്ന ആ പാവം ചെക്കന്‍ എന്ത് തെറ്റ് ചെയ്തു...?" അവളുടെ സ്വരത്തിലെ നിരാശ കണാത്ത മട്ടില്‍ ഞാന്‍ തിരികെ ദേഷ്യപ്പെട്ടു.

"നേരത്തെ അറിയിച്ചപ്പോള്‍ സ്വരം മാറ്റി എന്നെ പറ്റിക്കുകയല്ലേ ചെയ്തത്...?" "ആരു പറ്റിച്ചു.... തോന്ന്യാസം പറയരുത്...." കാര്യത്തിന്‍റെ കിടപ്പ് വശം മനസ്സിലാക്കാതെ അന്ന് ഞാന്‍ കത്തിക്കയറി.

"എന്നെ ഒന്ന് മനസ്സിലാക്കൂ... ഈ കല്യാണം ഉറപ്പിച്ച ശേഷം വീട്ടുതടങ്കലിലെന്ന പോലെയാണ് ഞാന്‍. അയല്‍പക്കത്തെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ വിളിക്കുന്നത്... എല്ലാവരും എന്നെ ഉപേക്ഷിച്ച മട്ടാ.. അതിനും മാത്രം ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നാണു എനിക്ക് മനസ്സിലാകാത്തത്..."

അവളോട്‌ പറയാന്‍ ഒരു മറുപടി കിട്ടാതെ ഞാന്‍ നിശബ്ദനായി..

"പത്തൊമ്പതാം തീയതി ആണ് കല്യാണം... ഇനി അധിക ദിവസമില്ല. അതിനെപ്പറ്റി എന്താണ് പറയാനുള്ളത്... ?" അവള്‍ ഒരു അവസാന ശ്രമം കൂടി നടത്തിനോക്കി.

"നല്ല കാര്യമല്ലേ... നടക്കട്ടെ! " എന്ന് പറയാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്. അമ്മയുടെ കറ പുരണ്ട മുഖമായിരുന്നു മനസ്സു നിറയെ. അതിലേറെ നിരാശയും. പിന്നീട് ലാന്‍ഡ്‌ഫോണിന്‍റെ നേര്‍ത്ത ഇരമ്പല്‍ മാത്രമായിരുന്നു കാതില്‍. അവള്‍ ഫോണ്‍ കട്ട്‌ ചെയ്യാനായി മനസ്സില്ലാ മനസ്സോടെ, നിശബ്ദനായി ഞാന്‍ ഏറെ നേരം കാത്തുനിന്നു. കാത്തിരിപ്പിനൊടുവില്‍ ഫോണിലെ നേര്‍ത്ത ഇരമ്പല്‍ അവസാനിക്കുന്നതിനു തൊട്ട് മുന്‍പായി നിയന്ത്രണം വിട്ടു വന്ന ഒരുകൂട്ടം തേങ്ങലുകള്‍ എന്നെ കടന്നു പോകുമ്പോള്‍ ആദ്യ പ്രണയം വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പെയ്തൊഴിയുകയായിരുന്നു. പിന്നീട് ഒരുപാട് വേനലുകള്‍ മാറിമാറി വന്നു. കാലം തനിക്കു ചേര്‍ന്ന വിധം അവളെ മാറ്റിയെടുത്ത് പുത്തന്‍ രൂപഭാവങ്ങളും വേഷവും നല്‍കി, എന്നില്‍ നിന്ന് ഏറെ ദൂരെ ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി, പുതിയ ജീവിതം നല്‍കി. അതിനിടയില്‍ ഞാനും അമ്മയും മാറി. കുറ്റിമുല്ല കുറെ വര്‍ഷക്കാലത്തേയ്ക്ക് പൂക്കള്‍ പൊഴിച്ച്, സൌരഭ്യം സുഗന്ധവും പകര്‍ന്ന് മുറ്റത്തിനരുകില്‍ അവളുടെ ഓര്‍മ്മകളുടെ സാന്നിദ്ധ്യമറിയിച്ചിരുന്നു. പിന്നെടെപ്പഴോ പൂക്കള്‍ പൊഴിഞ്ഞു തീര്‍ന്ന് തണ്ടുകളും വേരുകളും ഉണങ്ങി എന്നെന്നേക്കുമായി അപ്രത്യക്ഷ്യമായതിനും ഞാനും കാലവും സാക്ഷിയായി.

← ഉള്ളടക്കം
↑ top