ഫെബ്രുവരി 2016 ലക്കം
പ്രണയലേഖനം

പ്രണയലേഖന മത്സരം - രണ്ടാം സ്ഥാനം

മലയാളം ബ്ലോഗേഴ്സ് നിങ്ങള്‍ക്കായി ഒരുക്കിയ പ്രണയലേഖന മത്സരഫലം ഇതാ ഇവിടെ... പ്രണയിച്ചിട്ടുള്ളവര്‍ക്ക്, പ്രണയിക്കുന്നവര്‍ക്ക്, ഇനി പ്രണയിക്കാന്‍ ആഗ്രഹികുന്നവര്‍ക്ക്.. പറയാന്‍ കൊതിച്ച ആ വാക്കുകള്‍ ,കേള്‍ക്കാന്‍ കൊതിക്കുന്ന ആ പ്രിയതരമായ രഹസ്യങ്ങള്‍ ഇതാ വരികളിലൂടെ....
തിരഞ്ഞെടുക്കപ്പെട്ട മൂന്നു പ്രണയലേഖനങ്ങള്‍ നിങ്ങള്‍ക്കായി..

ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന് അറിയാത്തത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. അതെ, ഒരിക്കലും നിന്റെ കയ്യിൽ എത്തില്ലന്ന് എനിക്കുറപ്പുള്ള എഴുത്ത്...

എന്താണ് ഈ കാത്തിരിപ്പിന് അർത്ഥം, കുറെ ദുഖങ്ങൾ പേറാം എന്നതോ... വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്ന ഞാനും മൗനം ശീലിച്ചിരിക്കുന്നു. അല്ല കാലം ശീലിപ്പിച്ചിരിക്കുന്നു. അല്ലങ്കിൽ പറയുന്നതല്ലാം വിങ്ങലുകൾ സമ്മാനിക്കുമെന്ന സത്യം എന്നെ മൗനിയാക്കിടുന്നു.

ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്. എന്നെ തനിച്ചാക്കി നീ അകലങ്ങൾ തേടിയതെന്തിനാണ്. പഠിക്കാൻ വേണ്ടിയായിരുന്നു നിന്റെ യാത്ര എങ്കിലും ആ യാത്ര എന്റെ പഠനവും ഉറക്കവും മുടക്കിയിരിക്കുന്നു. എന്തിനായിരുന്നു ഈ യാത്ര. എന്നെ തനിച്ചാക്കാൻ മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്, നിന്റെ സമ്മതമില്ലാതെ നിന്നെ ഇഷ്ടപെട്ടതാണോ ഞാൻ ചെയ്ത തെറ്റ്. എന്റെ എല്ലാ ദിനങ്ങളിലും എന്റെ കണ്ണുകളുടെ മുന്നിലേക്ക് ഒരു മാലാഖയെ പോലെ നീ വന്നത് ആരുടെ തെറ്റാണ്.

അല്ലങ്കിലും നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... ഒരു തവണ പോലും നീ നിന്റെ പ്രണയം സമ്മതിച്ചതുമില്ല.

നിനക്ക് എന്നെ ഇഷ്ടമായിരുന്നില്ലേ..! അല്ലങ്കിൽ പിന്നെന്തിനാണ് ഇഷ്ടമല്ലന്ന് പറയുമ്പോഴും എന്നെ നോക്കി പുഞ്ചിരിച്ചത്. നിന്റെ കണ്ണുകളിൽ നിന്ന് നിന്റെ ഇഷ്ടത്തെ ഞാൻ വായിച്ചിട്ടുണ്ട്, ഒന്നല്ല ഒരുപാട് തവണ. എന്റെ കാഴ്ച്ചയിൽ നിന്ന് മറയേണ്ടതിന് പകരം എന്റെ കണ്ണുകളിലേക്ക് നീ നീങ്ങി നിന്നിരുന്നത് എന്തിനാണ്... കൂടെ നടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത് നീ കണ്ടിരുന്നില്ലെ..! കണ്ടിട്ടും കാണാത്ത പോലെ നീ നടിച്ചിരുന്നില്ലെ..! എന്റെ ചോദ്യങ്ങളുടെ ഉത്തരം മൗനം മാത്രം ആണന്ന് ആ ഇടവഴികളിൽ നിന്ന് നീ എന്നെ പഠിപ്പിച്ചു. മൗനം ഇത്രത്തോളം വാചാലമാണന്ന് എന്നെ പഠിപ്പിച്ചത് നീ തന്നെ ആയിരുന്നു.

പക്ഷെ ഞാൻ ആരികിലുണ്ടായിരിക്കെ മറ്റൊരുത്തൻ ഇഷ്ടം പറയാൻ വന്നപ്പോൾ നീ എന്തിനാണ് വാ തോരാതെ എന്നോട് സംസാരിച്ചത്... ഞാൻ ചോദിക്കാതെ പോലും നീ എനിക്ക് ഉത്തരങ്ങൾ നൽകി കൊണ്ടിരുന്നു... എന്തിനായിരുന്നു അത്... പിറ്റെ ദിവസം നീ വീണ്ടും മൗനം നിന്റെ ആയുധമാക്കിയില്ലെ...

എന്നെ കാണാത്ത ദിവസങ്ങളിൽ നിൻ മിഴികൾ എന്നെ തിരഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നു.. കാണുമ്പോൾ പിന്നെയും കണ്ടില്ലന്ന് നടിച്ചിരുന്നത് എന്തിനാണ്...

അറിയുമോ നിന്നോട് ഇഷ്ടം പറഞ്ഞതിന് ഇന്നലത്തോടെ മൂന്ന് വർഷം തികഞ്ഞിരിക്കുന്നു.. ഓർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ട നാൾ... എന്റെ കൂട്ടുകാരൻ എന്നെ പരിഹസിച്ചുണ്ടാക്കിയ ഫലിതത്തിൽ നീയും ചിരിച്ചത് കൊണ്ടല്ലെ ഞാൻ നിന്നെ ആ ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടത്... ഞാൻ കയറിയ ബസിൽ നീയും കയറിയപ്പോൾ നീ കാൽവെച്ചത് എന്റെ ഹൃദയത്തിലേക്കായിരുന്നു. ആ യാത്ര മുഴുവൻ ഞാൻ നിന്നെ കണ്ട് കൊണ്ടിരുന്നു. ലക്ഷ്യം തെറ്റിച്ച് നീ ഇറങ്ങിയ സ്റ്റോപ്പിൽ ഞാനും ഇറങ്ങിയത് നീ ആരാണന്ന് അറിയാനായിരുന്നു.

പക്ഷെ തിരക്കിനിടയിലേക്ക് നീ മറഞ്ഞപ്പോൾ ആരുമല്ലാതിരുന്നിട്ടും എനിക്ക് തോന്നിയ വല്ലായ്മ എന്തിനായിരുന്നുവെന്ന് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്... എന്തിനായിരുന്നു നീ എന്റെ മുന്നിലേക്ക് കടന്ന് വന്നത്..? അതിവേഗം മറയാനായിരുന്നങ്കിൽ...

മറവി ഒരു അനുഗ്രഹമായത് കൊണ്ട് വീണ്ടും മാസങ്ങൾ സൃഷ്ടിച്ച ഇടവേളകളിൽ നിന്നെ ഞാൻ മറന്നിരുന്നു... മറക്കുകയല്ലാതെ ഞാൻ എന്ത് ചെയ്യും... ആരാണന്ന് പോലും ചൊല്ലാതെ ഒരു മിന്നായം പോലെ നീ വന്ന് എന്റെ ഖൽബും കൊണ്ട് നീ മടങ്ങിയില്ലെ.

വീണ്ടും നാം കണ്ടുമുട്ടിയപ്പോൾ നിന്റെ തട്ടത്തിന്റെ മറവിൽ ഞാൻ കണ്ട നിൻ മിഴികൾ മാത്രം മതിയായിരുന്നു... അത് നീയാണെന്ന് എനിക്ക് തിരിച്ചറിയാൻ.... കാരണം ആദ്യ കാഴ്ച്ചയിൽ തന്നെ നിന്റെ മിഴികളെ ഞാൻ ഹൃദയത്തിലേറ്റിയിരുന്നു.. അത്രയും കാലം അകലങ്ങളിൽ നിന്നെ തേടുമ്പോഴും അരികിൽ നീ ഉണ്ടായിരുന്നത് എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയി ... തെറ്റുകൾ തിരുത്തി നിന്റെ അരികിലേക്ക് ഞാൻ വന്നപ്പോൾ നിന്റെ മനസ്സിന് മുന്നിൽ നീ ഒരു മറ തീർത്തിരുന്നു.. എന്തിനായിരുന്നു അത്...?

നിന്റെ ഉപ്പയേ പേടിച്ചിട്ടാണോ..?
അതോ എന്നെ വിശ്വാസമില്ലാഞ്ഞിട്ടോ..?
ഇന്നും അതിന് ഉത്തരം കണ്ടെത്താൻ എനിക്കായിട്ടില്ല..

ഒരു പെണ്ണിനോട് ഇഷ്ടം പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല...
അന്ന് വരെ ഒരു പെണ്ണിനോടും പറഞ്ഞിട്ടുമില്ല. നിന്നോടല്ലാതെ അതിന് ശേഷവും...
പക്ഷെ നീ നഷ്ട്ടപ്പെടുമോ എന്ന ഭയമായിരിക്കാം എനിക്ക് നിന്നോട് ഇഷ്ടം പറയാൻ ധൈര്യം തന്നത്...

ആദ്യമായി നിന്നോട് ഇഷ്ടം ചെല്ലുമ്പോൾ ഉണ്ടായിരുന്ന എന്റെ മാനസികാവസ്ഥ വേറെ ഒരു സമയത്തും ഞാൻ അനുഭവിച്ചിട്ടില്ല...

നിന്റെ പേര് ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ പേര് നീ പറഞ്ഞങ്കിലും അത് മതിയായിരുന്നു എനിക്ക്....

പിന്നെയുള്ള രണ്ട് വർഷം അകലം പാലിച്ച് കൊണ്ടൊണങ്കിലും നീ സമ്മാനിച്ച നിമിഷങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്. എനിക്ക് കിട്ടിയ ആ രണ്ട് വർഷങ്ങൾ മതി നിനക്ക് വേണ്ടി ഒരു 20 വർഷങ്ങൾകൂടി കാത്തിരിക്കാൻ...

നീ അറിയുന്നില്ലങ്കിലും നിന്നെ ഞാൻ ഇടക്കിടെ കാണാറുണ്ട്... ചിലപ്പോൾ പതിവായും... കിനാക്കളിലാണങ്കിൽ പോലും... നീ ഒരു കിനാവിൽ വന്ന് എന്നോട് പറഞ്ഞ പരിഭവങ്ങൾക്ക് മറുപടി തരാൻ എനിക്ക് കഴിയുന്നില്ല...


എന്താണ് ഞാൻ മറുപടി പറയുക...
നിന്നെ കാണാൻ വരാത്തതിലുള്ള വിഷമം നീ എന്നോട് പറയുന്നു...
കാണാൻ കഴിയാത്തതിലുള്ള വിഷമം ഞാൻ ആരോട് പറയും....

എന്റെ കണ്ണീർ വറ്റി തുടങ്ങിയിരിക്കുന്നു... ഉല്ലസിച്ച് നടന്നിരുന്ന എന്നെ നീ വിഷാദമെന്തന്ന് പഠിപ്പിച്ചു. ചിരിച്ച് കൊണ്ടും മറച്ച് കൊണ്ടും കണ്ണീർ പൊഴിക്കാതെയും ഞാൻ കരയാൻ പഠിച്ചിരിക്കുന്നു. അല്ലങ്കിൽ കണ്ണീർ തുള്ളികൾ ഒന്നിനും പരിഹാരമല്ലന്ന് ഞാനറിഞ്ഞിരിക്കുന്നു.

നിന്നെ കാണുന്നതിന് മുമ്പ് ഞാൻ കണ്ട പ്രകൃതിക്ക് ഇല്ലാത്ത ഒരു സൗന്ദര്യം ഇന്ന് ഞാൻ കാണുന്നു.. അന്നില്ലാത്ത സംഗീതത്തിന്റെ മാധുര്യം ഇന്ന് ഞാൻ ആസ്വദിക്കുന്നു.. അന്ന് എനിക്ക് കഴിയാത്ത അമ്പിളി മാമനോടുള്ള സംസാരം ഇന്ന് എനിക്ക് വശമാണ്.. അകലെ ഇരുന്നു ആ അമ്പിളി നിന്നെ നോക്കി നിന്റെ കാര്യങ്ങൾ എനിക്ക് പറഞ്ഞ് തരാറുണ്ട്.

എന്തിനായിരിക്കും കാലം നമ്മെ അകറ്റി നിർത്തുന്നത്... ഒരു നല്ല കാലത്തിനെ സീകരിക്കാനുള്ള ഒരുക്കമോ... അതോ ദുഖങ്ങൾ പേറി ഓർമ്മകളെ താലോലിച്ച് സ്വപ്നങ്ങൾ നെയ്ത് കുട്ടി അവയല്ലാം തനിച്ചാക്കി ഏകനായി മരണം വരിക്കാനോ.. !

ഈ ദുഖങ്ങൾ പേറുമ്പോൾ നിന്നെ കണേണ്ടിയിരുന്നില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്.. പക്ഷെ നിന്നെയെങ്ങാനും ഞാൻ കണ്ടിരുന്നില്ലങ്കിൽ, നീ അന്ന് ചിരിച്ചിരുന്നില്ലങ്കിൽ, ഓർക്കാൻ കൂടി എനിക്ക് വയ്യ....

നിനക്കറിയുമോ... ?
2015 വിടപറഞ്ഞിരിക്കുന്നു, വലിയ ഒരു ദുഖ ഭാരവും പേറി.....
ഈ വർഷത്തിലെ ഒരു ദിനവും എന്നോട് കനിഞ്ഞിട്ടില്ല നിന്നെ ഒന്ന് കാണാൻ... വിദൂരതയിൽ നിന്നങ്കിലും നിന്നെ ഒന്ന് കണ്ടാൽ മതിയായിരുന്നു... നീ അരികിലുണ്ടായിരുന്ന രണ്ട് വർഷങ്ങൾ... അതിലെ എല്ലാ നിമിഷങ്ങളും ഇന്ന് ഞാൻ ഓർക്കുന്നു... കണ്ണീരിന്റെ ആണങ്കിലും ആഹ്ലാദത്തിന്റെ ആണങ്കിലും ആ ഓർമ്മകളാണ് ഈ ഒരു വർഷത്തിൽ എന്നെ ജീവിപ്പിച്ചത്. ഇന്നും ഞാൻ ജീവിക്കുന്നതും അത് കൊണ്ടാണ്.

നീ ഇഷ്ടമല്ലന്ന് ചൊല്ലിയ നാളുകൾ പോലും എന്നെ ഇത്ര കണ്ണീരണിയിപ്പിച്ചിട്ടില്ല കാരണം നീ അരികിലിണ്ടന്ന ആശ്വാസമായിരുന്നു എനിക്ക്... നീ വന്നിരുന്നതും ആ ഇടവഴിയെ പതിവാക്കിയതും എനിക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എനിക്കറിയാം...

നമ്മൾ കണ്ട് മുട്ടിയിരുന്ന ആ ഇടവഴിയിലേക്ക് ഞാൻ വീണ്ടും പോയിരുന്നു. ആ ഇടവഴികൾ വീണ്ടും കാണുമ്പോൾ ഒരു നോവ് തോന്നാറുണ്ട്. അവിടത്തെ ഓരോ മൺതരികളും ഇലകളുമെല്ലാം നമ്മുടെ ഓരോ കഥകൾ എന്നെ ഓർമ്മപ്പെടുത്തുന്നു. നിന്നെയും കൂട്ടി പതിവായി നിന്നെ കണ്ടിരുന്ന ആ ഇടവഴിയിൽ പോയി ഇരിക്കാൻ ഇന്ന് എനിക്ക് ഒരുപാട് മോഹമുണ്ട്. നീ എന്റേതു മാത്രമാണന്ന് എനിക്ക് അവിടെ ഇരുന്ന് ഈ ലോകത്തോട് വിളിച്ച് പറയണം...

നിന്റെ ഓർമ്മകളും കോർത്തിണക്കി ഞാൻ ജീവിക്കുകയാണ്... ഒരു നിരാശ കാമുകനായിട്ടല്ല.. ഒരു ചെറിയ യാത്ര പോയ പ്രിയ പ്രേയസി തിരിച്ച് വരുന്നതും കാത്ത്.... ഇന്ന് എനിക്ക് ആഗ്രഹം നിന്നെ ഒന്ന് കാണാനല്ല, നീ എന്റെ ജീവിതത്തിലേക്ക് എന്നേക്കുമായി വരുന്ന ദിനങ്ങളേയാണ്...


പ്രതീക്ഷയോടെ തന്നെ...
ഞാൻ കാത്തിരിക്കുകയാണ്...
സഖീ...
വൈകാതെ നീ വരില്ലേ...

← ഉള്ളടക്കം
↑ top