ഫെബ്രുവരി 2016 ലക്കം
പ്രണയലേഖനം

പ്രണയലേഖന മത്സരം - ഒന്നാം സ്ഥാനം

മലയാളം ബ്ലോഗേഴ്സ് നിങ്ങള്‍ക്കായി ഒരുക്കിയ പ്രണയലേഖന മത്സരഫലം ഇതാ ഇവിടെ... പ്രണയിച്ചിട്ടുള്ളവര്‍ക്ക്, പ്രണയിക്കുന്നവര്‍ക്ക്, ഇനി പ്രണയിക്കാന്‍ ആഗ്രഹികുന്നവര്‍ക്ക്.. പറയാന്‍ കൊതിച്ച ആ വാക്കുകള്‍ ,കേള്‍ക്കാന്‍ കൊതിക്കുന്ന ആ പ്രിയതരമായ രഹസ്യങ്ങള്‍ ഇതാ വരികളിലൂടെ....
തിരഞ്ഞെടുക്കപ്പെട്ട മൂന്നു പ്രണയലേഖനങ്ങള്‍ നിങ്ങള്‍ക്കായി..

പ്രിയപ്പെട്ട മഴക്കുട്ടിക്ക്...

അങ്ങനെ വിളിക്കുന്നത് നിനക്ക് വളരെ ഇഷ്ടമായിരുന്നു. അങ്ങനെ വിളിക്കാന്‍ എനിക്കും... എന്നും സംസാരിച്ചിരുന്ന നമുക്കിടയില്‍ ഇപ്പോള്‍ ഇങ്ങനെ കുറച്ചു അക്ഷരങ്ങള്‍... മനസ്സില്‍ ഒരായിരം തവണ പറഞ്ഞു കൂട്ടിയ കാര്യങ്ങളാണ് ഇതൊക്കെയും... എന്നിരുന്നാലും.... നേരിട്ട് പറയാനുള്ള മടിയാകാം ഈ അക്ഷരങ്ങള്‍ക്ക് പിന്നില്‍...

കാമ്പസിലെ വെറും പരിചയക്കാരില്‍ നിന്നും ഏറ്റവും അടുത്ത സുഹൃത്തുക്കളായി നമ്മള്‍ മാറുവാന്‍ കാമ്പസ് കാലം തന്നെ കഴിയേണ്ടി വന്നു... ഓര്‍ക്കുന്നോ പെണ്ണേ നീ, നമുക്കിടയിലെ സൗഹൃദത്തിന്റെ മഴ പെയ്തിരുന്ന ആ ദിവസങ്ങള്‍...? നിന്നോട് സംസാരിച്ചിരിക്കുമ്പോഴൊക്കെയും ഇടയ്ക്കിടെ എത്തിനോക്കുന്ന മഴയെ ഞാന്‍ എപ്പോഴാണ് സ്നേഹിച്ചു തുടങ്ങിയത്? പിന്നീടെപ്പൊഴോ നമുക്കിടയിലും മഴ കടന്നു വന്നപ്പോള്‍ എത്ര വേഗമാണ് നമുക്കിടയിലെ ഇഷ്ടങ്ങള്‍ പങ്കു വെക്കപ്പെട്ടത്... മഴയെ പോലെ എന്നോട് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന നിന്നെ മഴക്കുട്ടി എന്നല്ലാതെ എന്ത് വിളിക്കാനാണ്?? ചിലപ്പോഴൊരു കൗമാരചിന്തയുടെ തോന്നലുകലാകാം.. എനിക്ക് നീ ഒരു മഴ തന്നെയായിരുന്നു. അന്നൊക്കെ വാക്കുകള്‍ കൊണ്ട് എത്ര നനഞ്ഞിരുന്നു നമ്മള്‍...

നഷ്ടപ്രണയത്തിന്റെ കഥകള്‍ പറഞ്ഞു നമ്മള്‍ ഒരിക്കലും പരസ്പരം ബോറടിപ്പിച്ചിരുന്നില്ല.. നമുക്ക് എന്നും പറയാന്‍ പുതിയ കഥകള്‍ ഉണ്ടായിരുന്നു... വാക്കുകളിലൂടെ... അക്ഷരങ്ങളിലൂടെ, കവിതകളിലൂടെ... നമ്മുടെ സൗഹൃദം വേരാടുന്ന കാലം.. പെട്ടെന്ന് വന്നൊരു മാറ്റം ആയിരുന്നില്ല അത്.. നിള അതിന്റെ ഒഴുക്കിലൂടെ, കൂര്‍ത്ത കല്ലുകളെ നല്ല മിനുസ്സമുള്ള വെള്ളാരം കല്ലുകള്‍ ആക്കുന്ന പോലെ, നിന്റെ സാന്നിദ്ധ്യം എന്നില്‍ ഞാന്‍ പോലുമറിയാതെ ഒരു പ്രണയം ജനിപ്പിക്കുകയായിരുന്നു... നിന്റെ വരികളില്‍ എന്നും തെളിഞ്ഞിരുന്ന അജ്ഞാത കാമുകനില്‍ നീ അറിയാതെ എന്ന് മുതലാണ്‌ ഞാന്‍ എന്നെ തിരഞ്ഞു തുടങ്ങിയതെന്ന് ഇന്നും എനിക്കറിയില്ല..... പിന്നീട് നീ മിണ്ടാതിരിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ അനുഭവിച്ചിരുന്ന "ഏകാന്തതയെ" നിന്നോട് പോലും പറയാതെ ഒരു കുസൃതിയോടെ ഉള്ളില്‍ സൂക്ഷിക്കാറുണ്ടായിരുന്നു.. നീ പറയും പോലെ ചില വട്ടുകള്‍... ചില സുഖങ്ങള്‍...

നീ ഓര്‍ക്കുന്നോ... നമുക്കിടയിലെ മൗനത്തിന്റെ ഇരുണ്ട കാലത്തെ പറ്റി?... മത്സരിക്കാതെ തോല്‍പ്പിക്കപ്പെടാമെന്നും, ആയുധമില്ലാതെ ആഴത്തില്‍ മുറിവേല്‍ക്കാമെന്നും, ചോര പൊടിയാതെ തന്നെ വേദനിക്കപ്പെടാമെന്നും ഞാന്‍ അറിഞ്ഞ നാളുകള്‍... നിന്റെ മൗനത്തിന്റെ കറുത്ത കോട്ടകള്‍ താണ്ടാനാവാതെ ഞാന്‍ ഈ ലോകത്തില്‍ ഒറ്റപ്പെട്ടു പോയ നാളുകള്‍.. മറക്കുവാന്‍ ആഗ്രഹിക്കുന്ന കാലമാണ് അത്... ഒരിക്കല്‍ പോലും നിന്നെ അറിയിക്കാതിരുന്ന ദിനങ്ങള്‍...

നല്ലൊരു സുഹൃത്താണ് നീ.. എന്ത് കാര്യവും അതിന്റെതായ നിലയില്‍ എടുക്കാന്‍ നിനക്ക് കഴിയുന്നുണ്ട്... അതാകും ഞാന്‍ നിന്നില്‍ കണ്ട ഏറ്റവും പ്രിയപ്പെട്ട കാര്യം.. നീ "നീ" തന്നെയാവുക... മറ്റൊരാള്‍ക്ക് വേണ്ടി ഒരിക്കലും നിന്റെ ഇഷ്ടങ്ങളെ, കഴിവുകളെ ബലി കൊടുക്കാതെ, "നീ" തന്നെയാവുക.. എന്നും എന്റെ ഏറ്റവും പ്രിയ സുഹൃത്താവുക... ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ... ഈ സൗഹൃദം... "നീ എന്ന ഈ സൗഹൃദം"... എനിക്ക് വേണം... എന്റെ ജീവിതകാലം മുഴുവനും... എന്റെ മാത്രം സ്വന്തമായി... "ഉണ്ടാകുമോ നീ എന്റെ കൂടെ.... നമ്മളിലോരാള്‍ ഈ ഭൂമി വിട്ടു പിരിയുംവരെ?"

ഇതെഴുതുന്ന രാത്രിയിലെ ആകാശം നീ കണ്ടിരുന്നോ? നിലാവ്‌ പെയ്യുന്ന ഈ രാത്രിയില്‍.... നിന്നെക്കുറിച്ചല്ലാതെ ഞാന്‍ മറ്റെന്ത് ഓര്‍ക്കുവാനാണ്? എന്റെ മനസ്സിനെ പകര്‍ത്തിയെഴുതാന്‍ ഇതിലും നല്ല ഒരു ദിവസമുണ്ടാകില്ല.... എനിക്കറിയാം.. നീ ഇപ്പോള്‍ മാനത്തെ അമ്പിളിയെ നോക്കി നില്‍ക്കുന്നുണ്ടാകും... നാളെ പറയാന്‍ ഒരുപാട് വിശേഷങ്ങളും ഉണ്ടാകും... പിന്നെ നീ അറിഞ്ഞോ?.. നമ്മുടെ മയില്‍‌പീലി പെറ്റു കൂട്ടിയിട്ടുണ്ട്... നൂറ്റൊന്നു കുഞ്ഞുങ്ങളെ.... നീ എന്ത് പേരാണ് അവയ്ക്ക് വേണ്ടി കണ്ടു വെച്ചിരിക്കുന്നത്? ഞാനും ഒരു പേര് കണ്ടു വെച്ചിട്ടുണ്ട്.. നീ എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന പേര്..

"നമ്മുടെ മയില്‍പീലിക്കുഞ്ഞുങ്ങള്‍ക്ക് ആ പേര് ഞാന്‍ ഇട്ടോട്ടെ?"....

ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ട്.... ഒരുപക്ഷെ പറഞ്ഞതില്‍ കൂടുതലും..... ഈ അക്ഷരങ്ങള്‍.. ഇത് നിനക്ക് ഞാന്‍ നല്‍കുമോ എന്നുപോലും ഉറപ്പില്ല.... ഒരുപക്ഷെ എന്നത്തേയും പോലെ, ആരും കാണാതെ കുഞ്ഞുകുഞ്ഞു കടലാസ് കഷണങ്ങളായി ആകാശത്ത് പറക്കാനാകും ഇതിനും യോഗം.... എന്നിരുന്നാലും...ഞാന്‍ കാത്തിരിക്കും...

നീ എല്ലാം അറിയുന്ന നിമിഷത്തിനായ്.....

നീ എന്നിലെക്കെത്തുന്ന നിമിഷത്തിനായ്...

സ്വന്തം.....

← ഉള്ളടക്കം
↑ top