ഫെബ്രുവരി 2016 ലക്കം
ലൈംലൈറ്റ്

പരസ്പരം പ്രണയിച്ച ബ്ലോഗുകൾ

പ്രണയകഥകൾ എന്നും മനസ്സിൽ കുളിർമ പകർത്തുന്നവയാണ്. അവയിൽ തന്നെ വേറിട്ട അനുഭവങ്ങൾ പകരുന്നവ നമുക്കെന്നും പ്രിയതരങ്ങളും. മലയാളബ്ലോഗെഴുത്ത് രംഗത്ത് അങ്ങനെ കടന്നു വന്ന ഒരു പ്രണയവും പ്രണയസാഫല്യവുമാണ് ഇവിടെ വിഷയം. ബ്ലോഗുകൾ പരസ്പരം പ്രണയിച്ച് ഒടുവിൽ അവയുടെ പിറകിലെ പ്രണയാതുരങ്ങളായ മനസ്സുകൾ ഒന്നുചേർന്ന് പ്രിയതരമാക്കിയ ഒരു പ്രണയകഥ.

ജീവിതത്തെ നർമ്മഭാവത്തിൽ കാണുകയും അവയെ തന്റേതായ ഒരു ശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു ബ്ലോഗറാണ് സുധി അറയ്ക്കൽ. 'ബ്ലോഗിന്റെ പുഷ്കലകാലത്ത്‌ ഇതിൽ എത്തിപ്പെടാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെ ബ്ലോഗിൽ എത്തപ്പെട്ട' ഒരു നിഷ്കളങ്കനാണ് സുധി. ആ നിഷ്കളങ്കൻ ബ്ലോഗുകളിലൂടെയുള്ള തന്റെ സ്ഥിരം യാത്രയിൽ ഒരു കാഴ്ച കണ്ട് ഒരിട നിന്നുപോയി. 'ഒരു പുതിയ ബ്ലോഗർ, അതും ഒരു സ്ത്രീ.. സധൈര്യം ബ്ലോഗുകളിലൂടെ ഓടിച്ചാടി നടന്ന് കമന്റ്‌ ചെയ്യുന്നത്‌ കണ്ട അറയ്ക്കൽ പുത്രൻ ജാഗരൂകനാകുകയും അവരെ ചേസ്‌ ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തു. ചേസ്‌ ചെയ്യുന്നതിനിടയ്ക്ക്‌ ഓടി ഒപ്പമെത്തി ഏറുകണ്ണിട്ട്‌ അവരുടെ പ്രൊഫൈലിൽ നോക്കി, കുഴപ്പമില്ല. മലയാളഭാഷ പള്ളിക്കൂടത്തിൽ വെച്ച്‌ മാത്രം പഠിച്ചിട്ടേയുള്ളൂ എന്ന് വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതി വെച്ചിരിക്കുന്നത്‌ കണ്ട്‌ ഉൾപ്പുളകം കൊണ്ടു.

'കല്ലോലിനി എന്ന തൂലികാനാമത്തിൽ "ഹൃദയകല്ലോലിനി" എന്ന ബ്ലോഗിൽ, "ചിന്തയുടെ നിറമാർന്ന പൂക്കൾ വീണൊഴുകുന്ന, സ്വപ്നങ്ങളുടെ ചെറുമീനുകൾ നീന്തിത്തുടിക്കുന്ന, കഥയുടെയും കവിതയുടെയും അലകളുയരുന്ന, മനസ്സിന്‍റെ മൗനസംഗീതം" കുറിക്കുന്ന ദിവ്യ ഇതൊന്നുമറിയുന്നില്ലായിരുന്നു. "ഞാൻ ദിവ്യ. എഴുത്തിന്‍റെ കാര്യത്തില്‍ ഇന്നും പിച്ചവയ്ക്കുന്നൊരു പെൺകിടാവ്. സ്കൂൾ തലത്തിൽ മാത്രം മലയാളഭാഷയെ അറിഞ്ഞിട്ടുള്ള വ്യക്തി. സാഹിത്യവും ചിത്രകലയും ഏറ്റവും വലിയ ഇഷ്ടങ്ങൾ. എങ്കിലും അതിൽ മുഴുകുവാനാകാതെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാനുള്ള തത്രപ്പാടിൽ വഴിമാറിയൊഴുകുന്നവൾ. അണയാത്ത പ്രണയമായ് അക്ഷരങ്ങളെയും നിറങ്ങളെയും തന്നിൽ അലിയിച്ചു ചേർത്തവൾ!"

നിഷ്കളങ്കൻ, പതിയെ ഹൃദയകല്ലോലിനിയിൽ എത്തി തിക്കും പൊക്കും നോക്കി കൃതികൾക്ക് കീഴെ കമന്റുകൾ ഇടാൻ തുടങ്ങി. വലിയ പ്രതികരണം ഒന്നുമില്ല. 'ആയതിന്റെ സങ്കടം നെടുവീർപ്പായും, അമർഷത്തെ ഹും ആയും ബഹിർഗ്ഗമിപ്പിച്ച്‌' തത്പരകക്ഷി, ഹൃദയകല്ലോലിനിയിൽ കയറി ചന്നംപിന്നം പെയ്യുന്ന വേനൽമഴ പോലെ കമന്റ്‌ ഇടാൻ തുടങ്ങി. എഴുത്തിനെക്കാൾ കൂടുതൽ വായനയിൽ ശ്രദ്ധ പതിപ്പിച്ചിരുന്ന സുധി തന്റെ വായനയുടെ ലിങ്കുകൾ കല്ലോലിനിയുമായി പങ്കിടാൻ തുടങ്ങി.

തിരിച്ചു മെയിലിൽ വന്നിരുന്ന നന്ദികൾ ചിട്ടയോടെ മനസ്സിൽ അടുക്കിയും വച്ചു. പരിചയം ബ്ലോഗ്‌ ലിങ്കുകൾ കൈമാറി വളർന്നതിനോടൊപ്പം അൽപം കൂടി വേഗതയുള്ള ഹാങ്ങൗട്ടിലേയ്ക്ക്‌ മാറി. "എന്റെ മനസ്സിൽ ആരാധന കലർന്ന അനുരാഗം മൊട്ടിട്ടു. അപ്പുറത്തും മൊട്ടിട്ടോ?" എന്നറിയാൻ പല മാർഗ്ഗങ്ങളും നോക്കി.

"സ്ഥിരമായിട്ട്‌ ലിങ്ക്‌ ഇട്ട്‌ തരാമോ, നമുക്ക്‌ ഒന്നിച്ച്‌ ബ്ലോഗ്‌ ചെയ്താലോ? എന്റെ ആദ്യപ്രണയം നഷ്ടസ്വപ്നമായി അവശേഷിയ്ക്കുന്നു, കല്യാണം കഴിയ്ക്കാൻ വീട്ടുകാർ നിർബന്ധിയ്ക്കുന്നു (ചുമ്മാ...) ഇങ്ങനെയുള്ള മൂന്തോടൻ പ്രയോഗങ്ങൾ വെള്ളത്തിലെ വര പോലെയായിത്തീരുന്നത്‌ നിസംഗതയോടെ നോക്കി നിൽക്കാൻ എനിയ്ക്ക്‌ കഴിഞ്ഞില്ല. അവസാനം സഹികെട്ട്‌ ഇഷ്ടതാരമായ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌,

"യൂ ആർ ദ്‌ ലൈറ്റ്‌ ഒഫ്‌ മൈ ലോൺലി ലൈഫ്‌; ലവ്‌ ഒഫ്‌ മൈ ഹാർട്ട്‌, ഡ്യൂ ഒഫ്‌ മൈ ഡെസർട്ട്‌, റ്റ്യൂൺ ഒഫ്‌ മൈ സോങ്ങ്‌, ക്വീൻ ഒഫ്‌ മൈ കിംഗ്ഡം, ആാാാാാാാൻഡ്‌ ഐ ലവ്‌ യൂ കല്യാാാാാാാാാണിക്കുട്ടീീീ" എന്ന സുപ്രസിദ്ധമായ ഡയലോഗ്‌ നാടൻ സ്റ്റൈലിൽ സുധീഷീകരിച്ച്‌, "യൂ ആർ മൈ ലവ്‌, യൂ ആർ മൈ ഹാർട്ട്‌, യൂ ആർ മൈ സോൾ, യൂ ആർ മൈ ഡെസർട്ട്‌, യൂ ആർ മൈ ഡെസ്റ്റിനി, യൂ ആർ മൈ ക്വീൻ ആാാാാാാൻഡ്‌ ഐ ലാാാാാാാാവ്‌ യൂ എന്റെ കല്യാണിക്കുട്ടീീീീീ" എന്ന് ഒറ്റ മെയിലങ്ങ്‌ കാച്ചി. രണ്ട്‌ ദിവസത്തേക്ക്‌ ഒരു അനക്കവുമില്ല. മൂന്നാം ദിവസം മെസേജ്‌ വന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട്‌ ഒരു കൊച്ച് ബ്ലോഗേഴ്സ്‌ മീറ്റ്‌ തൃശ്ശൂർ വടക്കുന്നാഥക്ഷേത്ര സന്നിധിയിൽ വെച്ച്‌ നടന്നു. ആണുകാണലും പെണ്ണുകാണലും ഒന്നിച്ച്‌!!!.

തിരിച്ചുവന്ന് പെണ്ണുകാണൽ ചടങ്ങിനെപ്പറ്റി വിശദീകരിച്ചപ്പോൾ സുധിയുടെ അമ്മി അത്ഭുതം കൂറി.

"സന്യസിക്കാൻ പോകുവാന്ന് പറഞ്ഞതാരാടാ?"

"ഞാൻ " (ദയനീയൻ)

"കാശിയ്ക്ക്‌ പോകുവാന്ന് പറഞ്ഞിരുന്നതാരാ?"

" ഞാനാ" (അവസ്ഥക്ക് മാറ്റമില്ല.)

"ഹിമാലയത്തിൽ പോകുവാന്ന് പറഞ്ഞിരുന്നതോ?"

"അതും ഞാനാ " (അതീവദയനീയൻ)

"ഹിമാലയത്തിൽ അറയ്ക്കൽ ഗുഹ ഉണ്ടാക്കി ധ്യാനിയ്ക്കാൻ പോകുവാന്ന് പറഞ്ഞിരുന്നത്‌?"

"ആ!!ആ!!ഓ!!ഓ!!! എല്ലാം ഞാൻ തന്നെ."

"ഹും!!! ഇപ്പോൾ വീട്ടുകാരറിയാതെ ഒരു പെണ്ണും കണ്ടേച്ച്‌ വന്നേക്കുന്നു. എന്നതായാലും മുൻസന്യാസിയ്ക്ക്‌ താടീം മുടീം കളഞ്ഞിട്ട്‌ ഒരു മനുഷ്യക്കോലത്തിൽ പോകാൻ മേലാരുന്നോ?"

കല്ലോലിനിയ്ക്ക് അത്രയും പ്രശ്നങ്ങൾ ഉണ്ടായില്ലായെന്നു താഴെപ്പറയും പ്രകാരം സുധിഭാഷ്യം.

"അച്ഛാ എനിയ്ക്കൊരു കല്യാണം കഴിക്കണം."

"പിന്നേ!! കഴിക്കാം. അതോ കഴിച്ചിട്ടാണോ വന്നിരിക്കുന്നത്‌.?"

"പോ അച്ഛാ. ഞാനങ്ങനെ ചെയ്യുമോ?"

"അതില്ല. എന്നാലും!!!!"

"ഒരെന്നാലുമില്ല."

"മോളാരേയേലും കണ്ട്‌ വെച്ചിട്ടുണ്ടോ?"

"ഉണ്ട്‌."

"നല്ല ദൂരെയാ?"

"അങ്ങ്‌ ദൂരെ കോട്ടയത്താ."

ചേച്ചിയെ തട്ടിക്കൊണ്ട്‌ പോകാൻ ഒരു ദുഷ്ടകശ്മലൻ അങ്ങ്‌ ദൂരെ കോട്ടയത്ത് നിന്നും എത്തിയിട്ടുണ്ടെന്ന ഗുരുതരമായ അവസ്ഥാവിശേഷം മനസ്സിലാക്കിയ അനിയനും അനിയത്തിയും രൂക്ഷമായ നോട്ടത്തോടെ ഹാജരായി.

"അമ്മേ ദേ ചേച്ചി ഒരു കോട്ടയംകാരനെ കണ്ടുപിടിച്ചിട്ട്‌ വന്നിരിക്കുന്നു. വേണേൽ വന്നു കണ്ടോ. നാളെ നേരം വെളുത്താൽ കാണാൻ പറ്റീന്ന് വരില്ല്യ!!."

അമ്മയെത്തി, "കോട്ടയംകാരനോ?"

കോട്ടയം എന്ന് കേട്ട അമ്മയുടെ മൂക്കത്ത്‌ വെച്ച വിരൽ വഴുതി.

"എന്നാലും ഇതെങ്ങനെയാ വെല്ല്യേച്ചീ? ഫേസ്ബുക്കാണോ??"

"അല്ലാന്നേ. ബ്ലോഗ്‌ വായിച്ചിട്ട്‌ വന്നതാ."

"ബ്ലോഗ്‌ വഴിയോ! നുണയാ അച്ഛാ. അത്‌ വഴി ആളൊന്നും വരത്തില്ല."

"അല്ലെന്നേ. ബ്ലോഗിൽ ലിങ്കിടാൻ ഒരാളെ സഹായിച്ചതാ."

"എന്തിടാൻ!!??" അമ്മ.

"ലിങ്ക്‌. അത്‌ ഇന്റർനെറ്റിലെ ഒരു സംഭവമാ അമ്മേ ".

"ശ്ശോ!! ഞാനങ്ങ്‌ നാണിച്ച്‌ പോയി." വീണ്ടും അമ്മ.

"എന്നാലും കോട്ടയമെന്നൊക്കെ പറഞ്ഞാൽ വലിയ ചൂടന്മാരും, ആക്രാന്തികളും ആണെന്നാ കേട്ടേക്കുന്നത്‌." അച്ഛനും ഒട്ടും പുറകോട്ടല്ല, "അല്ല. അവൻ കോട്ടയത്തെവിടെയാ?"

"പാലായ്ക്കടുത്താ. കിടങ്ങൂർ."

"ഓ!!പാലാക്കാരനാ!!! അവിടെയൊക്കെ നോട്ടെണ്ണുന്ന മിഷ്യനൊക്കെയുള്ള നാടാണല്ലൊ."?

"അങ്ങനെ ആയിരിക്കുമോ? ഏയ്‌. അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ."

"അത്‌ സാരമില്ല. പിന്നെ മനസ്സിലാക്കിക്കോളും."

"അങ്ങനെയൊന്നുമില്ല അച്ഛാ. പാവമാ. അക്ഷരനഗരി, അച്ചടിഭാഷ എന്നൊക്കെ കേട്ടിട്ടില്ലേ??"

"പിന്നേ അച്ചടിപാശ. എന്നാ, എന്നാത്തിനാ എന്നൊക്കെ പറയുന്നതാ അച്ചരനകരിക്കാര്. ഹും!!"

അനുരാഗനദിയെ ആർക്കും തടഞ്ഞുനിർത്താൻ കഴിയില്ലല്ലോ. അതും മലയാളം ബ്ലോഗുകളിൽ നിന്നും ഒഴുകിയെത്തി ശക്തിപ്രാപിച്ചതിനെ. അങ്ങനെ 'രണ്ടായിരത്തി എഴുന്നൂറു ഈ-മെയിലുകളുടേയും, ആയിരത്തിയഞ്ഞൂറ് ഹാങ്ങൗട്ട്‌ മെസേജുകളുടേയും, അൻപതിനായിരത്തിനടുത്ത വാട്സാപ്പ്‌ മെസേജുകളുടേയും, നൂറ്റിയെട്ട്‌ മണിക്കൂറുകളുടെ കോൾ ഡ്യൂറേഷന്റേയും പിൻബലത്തിൽ' ബ്ലോഗിൽ വെച്ച്‌ കണ്ടുമുട്ടിയ സുധിയും ദിവ്യയും പാലക്കാട്‌ തിരുമിറ്റക്കോട്‌ അഞ്ചുമൂർത്തീക്ഷേത്രത്തിൽ വെച്ച് സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 8 .35 നും 10.25 നും മധ്യേയുള്ള മുഹുർത്തത്തിൽ വിവാഹിതരായി, സുഹൃത്തുക്കളേ, വിവാഹിതരായി.

Sudhi weds Divya

രണ്ടായിരത്തിപ്പതിനഞ്ച് സെപ്തംബർ 22 ശനിയാഴ്ച കല്ലോല്ലിനി തന്റെ ബ്ലോഗിൽ ഇങ്ങനെ കുറിച്ചു.

"എന്‍റെ പ്രണയത്തെ ഞാൻ സുരക്ഷിതമായ ഒരു സ്നേഹപാനീയത്തിലിട്ട് ,
മൂടിയില്ലാത്തൊരു പാത്രത്തിൽ വെയിൽ കായാൻ വച്ച്,
കാക്കയും പൂച്ചയും കൊണ്ടു പോകാതെ
കാവലിരിക്കുകയായിരുന്നു...

അപ്പോൾ കുശലം ചോദിച്ചെത്തിയൊരു കുസൃതിച്ചെറുക്കൻ
എനിക്കതു തരുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടി കേട്ട്,
പിന്നെയും കളി പറഞ്ഞു പറ്റിക്കൂടി നിന്നെപ്പോഴോ,
ആ പ്രണയത്തെ കൈക്കുമ്പിളിൽകോരിയെടുത്തു കൊണ്ടോടിപ്പോയി..!!!

തിരികെത്തരാൻ പറഞ്ഞു പുറകെയോടിയെങ്കിലും,
അവനത് കൊണ്ടു പോയൊരു ചില്ലുപാത്രത്തിലിട്ടടച്ചു
വച്ചതിൻ ഭംഗി കണ്ടു
മതിമറന്നവിടെത്തന്നെയങ്ങു നിന്നുപോയി..!!!"

കവിതയ്ക്കൊടുവിൽ ഇങ്ങനെയും കുറിക്കാൻ കല്ലോലിനി മറന്നില്ല.

"കഥയുമല്ല കവിതയുമല്ലിത്, ജീവിതമാണ്.!!"

♥ ♥ ♥

ബ്ലോഗ്‌ കടപ്പാടുകൾ :

← ഉള്ളടക്കം
↑ top