ഫെബ്രുവരി 2016 ലക്കം
Cover Image from goodskins.com
കവിത

പ്രണയവഴികള്‍

പ്രണയത്തിന്റെ നാവികൻ എന്നെ
നങ്കൂരത്തിൽ കെട്ടിത്താഴ്ത്തുന്നു,
കടലൊച്ചു തിന്നാതിരിക്കാൻ
വേരുകൾ ഞാൻ നിന്നിലേക്ക്‌ ആഴ്ത്തുന്നു.

'മീനൊന്നു കണ്ടാൽ
കടലാകെ കഥയറിയും',
നീ വേരുകൾ ഓരോന്നായി
മൗനം കുടിച്ചു കൊണ്ടടർത്തുന്നു.

നിന്നിലെക്കിനി വഴികളേതുമില്ലെന്ന്
ഒരു കവിത വാതിൽ കൊട്ടിയടയ്ക്കുന്നു,
'അന്യന് പ്രവേശനമില്ലെ'ന്ന പലകയ്ക്കടിയിൽ
എന്‍റെ ഓർമ്മഞരമ്പുകൾ വിങ്ങുന്നു.

മൂന്നാംനാൾ പൊങ്ങിയ ഞാൻ
മാനത്ത് ഒരു കാക്കയെ തിരയുന്നു,
അടുത്തടിയാൻ കരയുണ്ടോ
എന്ന വർദ്ധിച്ച ഉത്കണ്ഠയോടെ...

ആയിരം പ്രണയ കവിതകളെഴുതി നീ
അപ്പോഴേക്കും അമരനാകുന്നു,
പ്രണയത്തിൽ ഒടുങ്ങിയ എന്റെ കഥ
തോട്ടികൾ വെട്ടി കുഴിച്ചു മൂടുന്നു...!!!

← ഉള്ളടക്കം
↑ top