ഫെബ്രുവരി 2016 ലക്കം
കവിത

വാടാതെ ഈ പ്രണയപ്പൂ

ഒരു നൊമ്പരത്തിന്റെ മധുരമായ്
നീയെന്റെ കനവിലെക്കാലവും ചേർന്നിരുന്നു..
ഋതു തെറ്റിയണയുന്ന മഴപോലെ-
-യിരവിന്‍റെ മറവിലീ മിഴികളും പെയ്തിടുന്നു.

കളിവാക്കിനൊളി തീർത്ത ചിരികണ്ടു വിടരുന്ന
മുഖമന്നു മുഖമോടമർന്നതോർത്തെൻ
ഹൃദയത്തിലുടലിട്ട തിരമാല വിതറുന്ന
ചുടുകാറ്റിലുലയുന്നുവധരം ചിരം.

ഇരുതോളു കവിയുന്ന മുടി പിന്നിയുടലിന്നൊ-
-രഴകാക്കിയരികത്തു നീയിരിക്കെ
അടരുന്ന പരിതാപപദമൊക്കെയൊരു
ഗാഢപരിരംഭണം കൊണ്ടു നാമകറ്റി.

മഴനാരു പൊഴിയുന്ന മറവിന്‍റെ മധുരത്തി -
-ലിനിയെത്ര സ്വപ്‌നങ്ങൾ നാം രചിച്ചു
പറയാതെയൊരു മഞ്ഞുകണമായി നീയെന്തി-
-നമലേ, പ്രിയങ്കരീ മാഞ്ഞുപോയീ...?!

← ഉള്ളടക്കം
↑ top