ഫെബ്രുവരി 2016 ലക്കം
Cover image from hiaks.mihanblog.com
കവിത

പാളങ്ങൾ

പാളങ്ങൾ....
അവളെ സ്വീകരിക്കാനായ്
നഗ്നരായ് നീണ്ടു നിവർന്നങ്ങനെ കിടന്നു.
വെള്ളി നിറത്തിൽ
വശ്യമായ് ചിരിച്ചും കൊണ്ട്...

ഇതും ഒരു സഹശയനമാണല്ലോ
എന്നാലോചിക്കെ
അവൾക്ക് ചിരി വന്നു.

ചൂട് -
തന്റെ പിൻകഴുത്തിലേക്കു
പകർന്ന നിമിഷം
അവൾ കണ്ണുകളടച്ചു.

പതിയേ,
ദൂരെ നിന്നുള്ള ഇരമ്പലിനൊപ്പം
പാളമൊരു പൊക്കിൾക്കൊടിയായി
മാറുന്നുവെന്നവൾ ഇക്കിളിപ്പെട്ടു.

അതിനറ്റത്ത്
അമ്മയൊളിച്ചിരിക്കുന്നുണ്ടാവണം.
ഒരൊളിച്ചുകളിയുടെ ഓർമ്മകളിലേക്കു
കണ്ണുകളിറുക്കിയടച്ച് അവളെണ്ണിത്തുടങ്ങി.
ഒന്ന്..
രണ്ട്...
മൂന്ന്....

← ഉള്ളടക്കം
↑ top