ഫെബ്രുവരി 2016 ലക്കം
കവിത

മൗനഗീതം

പറയുവാനേറെയുണ്ടെങ്കിലും ഞാനെന്റെ
മൗനം നിനക്കായി പങ്കുവെയ്ക്കാം
പരിഭവമേറെയുണ്ടെങ്കിലും ഞാനെന്റെ
പ്രണയം നിനക്കായ് പകര്‍ന്നു നല്കാം

പ്രിയമാനസാ നിന്റെ പ്രണയ കടാക്ഷങ്ങള്‍
നറുനിലാപ്പാല്‍മഴ ചൊരിയുന്ന രാവിതില്‍
സ്വച്ഛമെന്‍ മനസ്സാകും പൊയ്കയിലേതോ
കുമുദിനി മന്ദഹസിക്കുന്നു ലജ്ജയാല്‍

നിന്നന്തരംഗമാം പൊന്‍മുളം തണ്ടിലെന്‍
നിശ്വാസമനുരാഗ മധുരഗീതം പാടും
നിന്‍വിരല്‍ത്തുമ്പൊന്നു തൊട്ടാലൊഴുകിടും
നാദ വിപഞ്ചികാ ഗാനമായ് മാറും ഞാന്‍

നിറയുമാസ്നേഹത്തിലലിയുവാനായ് വീണ്ടും
നിറദീപമായ് ഞാനെരിഞ്ഞു നില്‍ക്കാം
മറഞ്ഞൊരാ സന്ധ്യതന്‍ മൗനദുഃഖത്തില്‍ ഞാന്‍
മിഴിപൂട്ടി നിന്നെയും കാത്തിരിക്കാം

← ഉള്ളടക്കം
↑ top