ഫെബ്രുവരി 2016 ലക്കം
Cover image from hdimagelib.com
കവിത

ചിറകോട് ചിറകു ചേര്‍ന്ന്

ഗ്രീഷ്മ ജാലകങ്ങളില്‍
വിയര്‍ത്തിരിക്കുന്ന രണ്ടിണപ്പക്ഷികള്‍ നാം
നമുക്ക് ചുറ്റും ചുവന്ന മുളകിന്‍റെ പാടങ്ങള്‍
വൃത്തമില്ലാതെ വീശിപ്പോകുന്ന കാറ്റിന്‍റെ കവിത.

ഒറ്റയൊറ്റയായ് ഇലകള്‍ പെയ്തു തീരുമ്പോള്‍
നാം പിന്നിട്ട ചിറകു ദൂരങ്ങള്‍ കൊക്കിറുക്കങ്ങള്‍
ഒരുമിച്ചു പൂര്‍ത്തിയാക്കിയ കൂടൊരുക്കങ്ങള്‍
അതില്‍ വാ ചുവന്ന രണ്ടിളം വിശപ്പുകള്‍.

നാം നനവ്‌ തോര്‍ത്തിയ സങ്കടങ്ങള്‍
നുണഞ്ഞു നോക്കിയ മധുരമഞ്ഞകള്‍
നാവു നീലിച്ച ഞാവല്‍ച്ചവര്‍പ്പുകള്‍
നീയെന്ന് ഞാനെന്ന് പുറംതിരിഞ്ഞിരിപ്പുകള്‍.

തൂവല്‍ച്ചൂടു കൈമാറിയ രാത്രിപ്പുതപ്പുകള്‍
കൊക്കുരുമ്മിയ പ്രണയപ്പ്രഭാതങ്ങള്‍
വിശപ്പിലേയ്ക്ക് വിഷാദത്തിലേയ്ക്ക്

ഇഷ്ടങ്ങളിലേയ്ക്ക് പുതുജീവനിലേയ്ക്ക് തുഴഞ്ഞ
ചിറകനക്കങ്ങള്‍ എല്ലാമെല്ലാം
ഓര്‍മ്മകളില്‍ വട്ടമിട്ടു പറക്കുന്നു.

ഇന്നീ അന്തിസൂര്യന്‍ ബാക്കിവച്ച തങ്കനിറങ്ങളില്‍
ആരോ വരച്ചിട്ട ചിത്രം പോലെയാ ചില്ലയില്‍,
നമ്മുടെ പ്രണയത്തെ കാണുക
മരമതിനെ ഉയര്‍ത്തിപ്പിടിക്കുന്ന
ആ, ചന്തം കാണുക,
അത്രമേല്‍ അത്രമേല്‍ സുന്ദരമായ്‌
നാം നമ്മെ കാണുക.

അത്തിമരത്തിന്‍ കൈകള്‍ നിറയെ
പുതു അത്തിപ്പഴത്തിന്‍ വിരുന്നുണ്ട്‌
ജീവനെപ്പിരിയുവോളം രുചിക്കാന്‍
നാം ഹൃദയത്തില്‍ സൂക്ഷിക്കും
പ്രണയത്തിന്‍ വീഞ്ഞുമുണ്ട്.

ഇനിയും കാത്തുനില്‍ക്കുന്നതെന്തിന്
പ്രണയം രുചിക്കാനിതിലും നല്ലൊരു

നേരമില്ല ജീവനില്‍ സഖീ.

← ഉള്ളടക്കം
↑ top