ഫെബ്രുവരി 2016 ലക്കം
കവിത

ചെറിയമോഹം

അമ്മേ...,
ഇനിയെനിക്കധികം
ആയുസില്ലെന്നു ഡോക്ടറങ്കിള്‍
അച്ഛനോട് പറയുന്നത് ഞാന്‍ കേട്ടു

അമ്മേ...,
എനിക്ക് അച്ഛന്‍റെ മൊബൈലില്‍
ഒരുപാട് ഫോട്ടോകളെടുക്കണം
ഞാനും അച്ഛനും അമ്മയും അനിയനും
ചേര്‍ന്നിരിക്കുന്നവ
എന്‍റെ ക്ലാസിലെ കൂട്ടുകാരികളും
അയലത്തെ മുത്തശ്ശിയും
അമ്പിളിചേച്ചിയുടെ കുഞ്ഞുവാവയും
എല്ലാവരും വേണമമ്മേ

എനിക്ക് വാങ്ങിയ ഉടുപ്പും
കുപ്പിവളകളും മുത്തുമാലയും
കണ്മഷിയും മുല്ലപ്പൂവും
എല്ലാത്തിന്‍റെയും ഫോട്ടോ വേണമമ്മേ

അമ്മേ....,
എന്നിട്ട് കല്ലറ മൂടുമ്പോള്‍
മറക്കാതെ അച്ഛനോട് ആ ഫോണ്‍
എന്‍റെ നെഞ്ചില്‍ ചേര്‍ത്ത്
വെക്കാന്‍ പറയണം
കല്ലറയിലെ ഇരുട്ടില്‍ തനിച്ചു
കിടക്കാന്‍ എനിക്ക് ഭയമാണമ്മേ

← ഉള്ളടക്കം
↑ top