ഫെബ്രുവരി 2016 ലക്കം
കവിത

ബാക്കിപത്രം

ഓർമ്മകൾ മറക്കാൻ ശ്രമിച്ച
പ്രണയത്തിലേക്ക്
അയാൾ തിരിച്ചു നടന്നു
ക്ഷുബ്ധ ഹൃദയങ്ങളും പെയ്തൊഴിഞ്ഞ മേഘങ്ങളും
അനാഥപ്പെട്ടു കിടക്കുന്നു!

അപക്വമായ ആശയങ്ങളും ആർത്തിയും
ദഹിക്കാതെ ആവാസങ്ങളിൽ
തന്നെ ഞെരിഞ്ഞമർന്നു.

ഒരു ധിക്കാരിയുടെ നിഷേധക്കുറിപ്പും
നിഷേധിയുടെ താന്തോന്നിത്തവും
അവിടെ നിന്ന് ഇന്നും മാഞ്ഞു പോയിട്ടില്ല.

താൽപര്യങ്ങളുടെ സന്ധിയും
കാർക്കശ്യത്തിന്റെ സമാസവും
സ്വപ്നങ്ങളുടെ ലജന്റുകളായി ബാക്കി നിന്നു.

എഴുതി മുഴുമിക്കാത്ത ആ കവിതയോടൊപ്പം
തന്ത്രികൾ പൊട്ടിയ കളിവീണയും അനാഥമായി.

← ഉള്ളടക്കം
↑ top