ഫെബ്രുവരി 2016 ലക്കം
കവിത

അവനുദിക്കുന്നിടങ്ങൾ

പ്രേമത്തിന്റെ പുസ്തകം
ഏതോ കടൽക്കാലത്തിലേയ്ക്കു
പിറന്നു വീഴുന്ന
മഞ്ഞിനെ മധുരിച്ചും
മഴയിൽ ചിതറിയും
വേനലിൽ പൊള്ളിയും
ആർദ്രമായ കൈത്തലങ്ങളുടെ
അകലമില്ലാത്ത കുളിരിലൂടെ
മുള്ളുകൾകൊണ്ടു തീവ്രമാകുന്ന ഒന്നാണ്.

ചിലനേരം നിന്റെ കണ്ണുകളിൽ കുടുങ്ങി
എന്റെ ഹൃദയം,
ഇനിയും വരാനിരിക്കുന്ന
പ്രളയകാലത്തിന്റെ ഭീതിയിൽ,
പ്രണയം വീശിയടിക്കുന്ന
നിറമില്ലാ ജലാശയം പോലെ.

മറ്റുചിലപ്പോൾ,
ചുംബനപ്പുലരികളുടെ
തണുപ്പേറ്റൊഴുകുന്ന പുഴയിലെ
നിലാവു പോലെ.

നീയെന്റെ ആത്മാവിലേയ്ക്കു
നിന്നെ വച്ചെന്നെ നേടുന്ന
നോട്ടമെറിയുമ്പോൾ,
ഞാനൊഴുകുവാനാകാത്തൊരുറവയാകുന്നു,
പൈങ്കിളിക്കഥയിലെ പീലിയാകുന്നു,
പിന്നെയും പൂവിട്ടു വസന്തമാകുന്നു,
നീതൊടാ ഇലകൾ കൊഴിച്ച്
മണ്ണിൽ മരിയ്ക്കാത്ത ശിശിരമാകുന്നു,

പുനർജന്മമില്ലാത്ത
തടവറയിൽ നീയെന്നെ
പുണർന്നു ശപിക്കുമ്പോഴും,
ഓർമ്മയുടെ ലഹരിയിൽ,
നിന്റെ മുഖം നിറയെ ഞാൻ
വയലറ്റു പൂക്കൾ വരച്ചു വയ്ക്കുന്നു.

ആത്മാവിലെവിടെയോ
ശൂന്യതയുറങ്ങുന്ന മുറിയിൽ,
നിന്റെ മെഴുകുപേനകൾ
വിരലുകൾ പോലെന്നെ വരിഞ്ഞുകെട്ടുന്നു.
ചിറകുമറന്ന ശലഭമായ്
ചക്രവാളങ്ങളിൽ ഞാൻ
പറന്നു കയറുമ്പോൾ,
നീ എന്റെ കവിളിൽ വരയ്ക്കുന്ന
ഓരോ വരയിലും
ഹൃദയമെഴുതുന്ന കവിതയുടെ ഗന്ധം,
കരങ്ങൾ മുറുകുന്ന തീക്ഷ്ണതയുടെ വേദന!

ഇതുതന്നെയല്ലേ,
പെണ്ണിൽ പ്രണയം പിറക്കുന്നിടങ്ങൾ?
പെണ്ണിലവനുദിക്കുന്നിടങ്ങൾ?

← ഉള്ളടക്കം
↑ top