ഫെബ്രുവരി 2016 ലക്കം
ഓർമ്മക്കുറിപ്പ്

കല്‍പ്പന: നിറയെ ചൂടും വെളിച്ചവുമുള്ള പൊട്ടിച്ചിരി

വർഷങ്ങൾക്കു മുമ്പ്,ദൂരദർശൻ കേന്ദ്രത്തിലെ മേക്കപ്പ് റൂം.കുരീപ്പുഴ ശ്രീകുമാർ സാറിന്‍റെ 'കീഴാളൻ' എന്ന കവിതയുടെ നൃത്താവിഷ്ക്കാരമാണ് സന്ദർഭം. മേക്കപ്പ് റൂമിനു പുറത്ത് ഊഴം കാത്തു നിൽക്കുമ്പോൾ ഒരു പരിചിതമുഖം നിറഞ്ഞ ചിരിയോടെ തല കുലുക്കി കടന്നു പോയി.

'അയ്യോ കല്പന!' യെന്ന് ഹൃദയം വിളിച്ച വിളിയിൽ തിരിഞ്ഞു നോക്കി കൈവീശി പ്രിയ താരം.

തലസ്ഥാനത്തെ RJ ജോലിക്കിടയിൽ കല്പനചേച്ചിയുടെ ഇന്റർവ്യൂ വർഷങ്ങൾക്കിപ്പുറം നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യം. കൌതുകത്തിൽ ചോദിച്ചു,

"ചേച്ചി ഇടയ്ക്കെല്ലാം വിരലുകൾ കൊണ്ട് മേൽച്ചുണ്ടിലും താടിയിലും അമർത്തുന്നതെന്തിനാണ്?"

തുടുത്ത കവിളുകൾ ചുവക്കെ കല്പനച്ചേച്ചി പൊട്ടിച്ചിരിച്ചു.

"എല്ലാം മേക്കപ്പിന്റെ പൊറത്തല്ലെ മോളേ, അല്ലെങ്കിൽ ടിഫിൻ കാരിയർ അടുക്കി വച്ചപോലെ ഇരിക്കുന്ന ഞാനൊക്കെ എന്തോ ചെയ്യും?"പിന്നെയാ പഞ്ച് ഡയലോഗും, "ദൈവമേ, പാവത്തുങ്ങൾക്ക് ഇത്രേം സൗന്ദര്യം തരല്ലേ..."

ഇന്റർവ്യൂ അവസാനിപ്പിച്ച്‌ m -audio ഓഫ് ചെയ്യുമ്പോൾ ഹൃദയം നിറയെ സന്തോഷം , ചിരിയും ചിന്തയുമായി ഒരു ഇന്റർവ്യൂ കൊടുക്കാല്ലോയെന്നോർത്ത്.

കേരളാ കഫേ റിലീസായ സമയം വീണ്ടും ചേച്ചിയെ വിളിച്ചു. ഹാസ്യത്തിൽ നിന്നുള്ള ചുവടുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, "ഹാസ്യ നടിമാർക്കൊന്നും ഇപ്പം മാർക്കറ്റില്ല മക്കളേ "

ഇനി സീരിയസ് റോളുകളും പ്രതീക്ഷിക്കാമെന്ന വാഗ്ദാനത്തിൽ മനസ്സ് നിറഞ്ഞു സന്തോഷിച്ചു.

ഇടയ്ക്ക് ഒരു വനിതാ ദിനത്തിൽ വിളിച്ചു. പിന്നെ മാതൃദിനത്തിലും.എഫ് എം ടാഗ് ലൈൻ -"ടൺ കണക്കിന് ഫൺ " ഒടുവിൽ പറഞ്ഞേക്കണേ ചേച്ചീന്നു പറയുമ്പോൾ,

"ഞാൻ നാക്ക് വടിച്ചോന്നു നോക്കാനല്ലേ നിനക്ക്"
എന്ന് ചിരിമൊഴി, മറുമൊഴി !

പ്രൊഡ്യുസർ വിളിച്ചു നടിമാരുടെയും നടന്മാരുടെയും ബൈറ്റെടുക്കാൻ ആവശ്യപ്പെടുമ്പോൾ ആദ്യം ഡയൽ ചെയ്യുന്നത് കല്പന ചേച്ചിയുടെ നമ്പർ. എത്ര തിരക്കായാലും ചേച്ചി സൗമ്യമായി സംസാരിക്കും. ഷൂട്ടിനിടയിൽ വിളിച്ചാൽ,

"മോളേ ഷോട്ട് റെഡി ആയെടാ, ഞാൻ ഫ്രീ ആകുമ്പോ നിനക്ക് മെസ്സേജ് തന്നാൽ മതിയോ " എന്ന് മാന്യമായി പറയും.

ഒരിക്കൽ മാത്രം സംഭാഷണത്തിനിടയിൽ ക്ഷുഭിതയായി. ആസംഭവം ഇങ്ങനെ;

എറണാകുളം റെയിൽവേ സ്റ്റേഷനിൽ കല്പ്പന ചേച്ചി തിരുവനന്തപുരത്തിന് വരാനായി കാത്തുനില്ക്കുന്നു. ഒരു പയ്യൻ അടുത്ത് ചെന്ന് കുറേനേരം നോക്കി, പിന്നെ ചോദിച്ചു, "നിങ്ങളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് .ഓ ..നിങ്ങളേതോ ഒരു നടിയല്ലേ .., തമാശയൊക്കെ പറയുന്ന ...നിങ്ങടെ പേരെന്തായിരുന്നു ??"

അവന്റെ ഒപ്പം വന്ന പയ്യന്മാർ ദൂരെ മാറി നിന്ന് നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ചേച്ചി അവനോടു പറഞ്ഞു ,

"അയ്യോ, അനിയാ! അനിയന് ആള് മാറിപ്പോയതാ...ഞാൻ ജനിച്ചിട്ട്‌ ഇന്നാദ്യമായിട്ടാ വീടിനു പുറത്തിറങ്ങുന്നത് "

അവൻ പതുക്കെസ്കൂട്ടായി.

ക്ഷോഭം മറ്റൊന്നും കൊണ്ടല്ല. ഓൺ സ്ക്രീനിൽ കാണുന്ന ചേച്ചിയെ അല്ലാതെ കാണുന്നവർക്ക് ചിന്താക്കുഴപ്പം ഉണ്ടായേക്കാം. പക്ഷെ കൂട്ടുകാരുടെ മുന്നിൽ കളിയാക്കി ആളാവാൻ നോക്കിയത് സ്വതവേ സെൻസിറ്റിവ് ആയ ചേച്ചിക്ക് ഇഷ്ടമായില്ല.

'ബാലിക്കൊരു വരം കിട്ടിയിട്ടുണ്ട് , എതിരെ നിൽക്കുന്നയാളിന്റെ പാതി ശക്തി അദ്ദേഹത്തിന് കിട്ടും.' അമ്പിളിച്ചേട്ടൻ എന്ന് പറയുമ്പോഴെല്ലാം കല്പ്പന ചേച്ചി ഇത് പറയുമായിരുന്നു. പക്ഷേ, പലപ്പോഴും ബാലിയെപ്പോലെയാണ് കല്പ്പനയെന്ന അഭിനേത്രിയും എന്ന് അവരെ സ്നേഹിക്കുന്നവർ പറയുന്നു, കാരണം കല്പ്പന-ജഗതി കോമ്പിനേഷൻ സ്ക്രീനിൽ വരുമ്പോൾ ആ വരം ചേച്ചിക്കും കിട്ടിയിട്ടുണ്ടെന്ന് നമുക്ക് തോന്നിപ്പോകും.

ആർ ജെ പണി വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ച സമയത്താണ് ഒരു പുതുവർഷ ബൈറ്റെടുക്കാൻ കല്പ്പന ചേച്ചിയെ വിളിക്കുന്നത്‌. അന്ന് അതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ കുടുംബത്തോളം വലിയ സുരക്ഷ വേറെയില്ലെന്നും നല്ലൊരു കുടുംബിനിയാകാൻ കഴിയട്ടെ എന്നും ചേച്ചി ആശംസിച്ചു. 'പൊടിമോളെന്നു' വിളിക്കുന്ന അനിയത്തിയുടെ ജീവിതത്തകർച്ച അവരെ വിഷമിപ്പിച്ചിരുന്ന കാലമായിരുന്നു അത്.

"വിളിക്കുന്നോർക്കെല്ലാം ഒടുക്കം ചോദിക്കാൻ ഉർവ്വശിയുടെ കാര്യം , അവനവന്റെ നേർക്ക്‌ വരുമ്പഴേ ദെണ്ണം അറിയത്തൊള്ളൂ " എന്ന് ഒരിക്കൽ തിരോന്തരം സ്ലാങ്ങിന്റെ റാണി പറഞ്ഞു.

ഒന്നിച്ചു നിന്നൊരു ഫോട്ടോയെടുക്കാൻ ആഗ്രഹം പറഞ്ഞപ്പോൾ

"അതിനെന്താ മോളേ തിരുവനന്തപുരത്ത് വരട്ടെ" എന്ന് സമാധാനിപ്പിച്ചു കല്പ്പനച്ചേച്ചി.

പക്ഷേ, ആ ഫോട്ടോ ഒരിക്കലുമുണ്ടായില്ലയെന്ന സങ്കടം ബാക്കി.

കുടുംബം, ബന്ധങ്ങൾ ഇവയെക്കുറിച്ച് വാചാലയായ കല്പ്പനച്ചേച്ചിക്കും അത്തരം പ്രശ്നങ്ങളെ നേരിടേണ്ടി വന്നപ്പോൾ അതിശയം തോന്നിപ്പോയി. ഒപ്പം അതിനെയെല്ലാം അതിജീവിച്ചു, പോകുന്നിടത്തെല്ലാം ഊർജ്ജ കിരണമാകാനുള്ള ആ കഴിവിൽ അഭിമാനവും തോന്നി.

തമാശ മാത്രമായിരുന്നില്ല, ചേച്ചിയുമായുള്ള എന്റെ സംഭാഷണങ്ങളെ ജീവസ്സുറ്റതാക്കിയിരുന്നത്.ഓരോ വാചകത്തിലും പടരുന്ന പോസിറ്റീവ് ചിന്താഗതിയും നമ്മുടെ ജീവിത വീക്ഷണത്തെ പരിശോധിപ്പിക്കാനുള്ള ചേച്ചിയുടെ മിടുക്കുമായിരുന്നു.

"ഒരിക്കലും ആരുടേയും മുന്നിൽ കരയില്ല ഞാൻ,എന്റെ അമ്മയുടെയും ദൈവത്തിന്റെയും മുന്നിലൊഴികെ"

എന്ന് ആ അഭിനേത്രി ഒരു പ്രോഗ്രാമിൽ പറയുന്നത് കേട്ടിരുന്നപ്പോൾ സമാനമായ പഴയ ചില ഫോൺ സംഭാഷണങ്ങൾ ഹൃദയമോർത്തെടുത്തു .

വെജിറ്റെറിയൻ ഭക്ഷണം ഇഷ്ടപ്പെട്ട,ചോറിന്റെ ആരാധികയായ,ചുവന്ന ചായ ഊതിക്കുടിക്കുമ്പോഴാണ് ഏറ്റവും സുഖം എന്ന് പറഞ്ഞു ചിരിച്ചിരുന്ന, അമ്മയരച്ച ചമ്മന്തിയുടെ രുചി പറഞ്ഞു കൊതിപ്പിച്ച, അടിപൊളിപ്പാട്ടുകൾ കേട്ട് താളം പിടിച്ച,അമ്മ ..ശ്രീമയി ഈ രണ്ടു വ്യക്തികളിലാണെന്റെ ജീവൻ എന്നാവർത്തിച്ച, വിളിക്കുമ്പോഴൊക്കെയും ജീവിതത്തിൽ പോസിറ്റീവ് ആയിരിക്കണം എന്നുപദേശിച്ച ...., പ്രിയപ്പെട്ട കല്പ്പനച്ചേച്ചി !

നിറയെ ചൂടും വെളിച്ചവുമുള്ള വ്യക്തിയാവുക എന്നത് എളുപ്പമല്ലെന്നിരിക്കിലും എന്നും എപ്പോഴും അതായിരുന്നു കല്പ്പന, എന്തിനും ഏതിനും സമയമുണ്ടെന്ന് വിശ്വസിച്ചിരുന്നയാൾ.

ആ ആയുസ്സിന്റെ പുസ്തകം എന്നെന്നേയ്ക്കുമായി അടയ്ക്കപ്പെട്ടെങ്കിലും ഉള്ളിലെ സ്നേഹയറയിൽ ചില ഓർമ്മകളിട്ടു പൂട്ടി ഹൃദയം ആവർത്തിച്ചു പറയുന്നു, "ഒരു ഹൃദയം അളക്കപ്പെടുന്നത് എത്രമാത്രം അത് സ്നേഹിക്കുന്നു എന്നതിലൂടെയല്ല മറിച്ച്, എത്രമാത്രം അത് സ്നേഹിക്കപ്പെട്ടു എന്നതിലൂടെയാണ്‌".

മലയാളത്തിന്റെ പ്രിയ അഭിനേത്രിയ്ക്ക് ...സ്നേഹത്തോടെ വിട.... !

← ഉള്ളടക്കം
↑ top