ഫെബ്രുവരി 2016 ലക്കം

എഡിറ്റോറിയല്‍

പ്രണയം - പറഞ്ഞു പറഞ്ഞു പഴകിയ ഒന്നാണ്... കാലാന്തരങ്ങളോളം, ജന്മാന്തരങ്ങളോളം!

പ്രണയദിനങ്ങൾ നമുക്കാവശ്യമായി വരുന്നത്, കേരളത്തിന്‍റെ തലസ്ഥാന നഗരിയിൽ ചെറുപ്പക്കാരുടെ ഒരു കൂട്ടം മറ്റൊരു ചെറുപ്പക്കാരനെ തല്ലിക്കൊല്ലുന്ന സാഹചര്യത്തിലാണ് - എന്താണ് നമുക്ക് സംഭവിക്കുന്നത് എന്ന് ഓരോരുത്തരും കണ്ണാടിയിലെ പ്രതിബിംബത്തോട്‌ ചോദിക്കേണ്ട സമയം!

പ്രണയിക്കാൻ, സ്നേഹിക്കാൻ നമുക്ക് പഠിക്കാം - കാമുകനേയും, കാമുകിയേയും, ഭർത്താവിനേയും, ഭാര്യയേയും മാത്രമല്ല അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, അയൽക്കാരെയും, പശുവിനെയും, പൂച്ചയെയും, കാറ്റിനെയും, മഴയെയുമൊക്കെ നമുക്ക് സ്നേഹിക്കാൻ പഠിക്കാം.. മത-ദൈവ-രാഷ്ട്രീയ നിർവചനങ്ങൾ ഇല്ലാതെ നമുക്ക് അന്യോന്യം സ്നേഹിക്കാം.. പ്രണയദിനങ്ങൾ സ്നേഹദിനങ്ങളായി നമുക്ക് ആഘോഷിക്കാം!

"കൊതി തീരും വരെ ഇവിടെ
പ്രേമിച്ചു മരിച്ചവരുണ്ടോ...?"

എന്ന് മഹാകവി ചോദിച്ചത് പ്രണയമെന്ന വികാരത്തിന്‍റെ മാസ്മരികത കൊണ്ടാണ്, ഇന്ന് മുതൽ ചിന്തിക്കേണ്ടതും അതാണ് - സ്നേഹിച്ചു കൊതി തീരുമോ ആർക്കെങ്കിലും? കണ്ണടച്ച് തുറക്കും മുൻപ് പൊലിഞ്ഞു പോകാവുന്ന ഈ ജീവിതത്തിൽ എന്തിനു വേണ്ടി നമ്മൾ മത്സരിക്കണം? സ്നേഹിക്കാൻ /സ്നേഹിക്കപ്പെടാൻ മത്സരിക്കാം നമുക്ക്!

അഭിനയകലയുടെ വിവിധ ഭാവങ്ങളിലൂടെ നമ്മുടെ സ്വന്തം ആൾ എന്ന തോന്നലുണർത്തിയിരുന്ന ശ്രീമതി.കല്‍പ്പനയും, സ്വതസിദ്ധമായ ശൈലിയിലൂടെയും, ശബ്ദത്തിലൂടെയും മലയാളിയുടെ ജീവിതത്തിലേക്ക് 'കണ്ണാടി'യിലൂടെ കടന്നു വന്ന ശ്രീ. ടി.എൻ ഗോപകുമാറും അടുത്തടുത്ത ദിവസങ്ങളിൽ നമ്മളോട് വിട പറഞ്ഞു. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്‍റെയും, ഇ-മഷിയുടെയും ആദരാഞ്ജലിയും സ്നേഹവും രണ്ട് ആത്മാക്കൾക്കും സമർപ്പിക്കുന്നു....

ഈ ലോകവും, ഈ-ലോകവും പ്രണയമഴയിൽ നനയട്ടെ എന്ന ആഗ്രഹത്തോടെ,
എല്ലാവർക്കും ഇ-മഷിയുടെ 'പ്രണയദിന' ആശംസകൾ

സസ്നേഹം,
ഇ-മഷി എഡിറ്റോറിയൽ ടീം

← ഉള്ളടക്കം
↑ top