ഫെബ്രുവരി 2016 ലക്കം
പുസ്തകപരിചയം

നിലാച്ചോറ്

'നിലാച്ചോര്‍ ' എന്ന പുസ്തകം വാങ്ങിയിട്ടും വായന തുടങ്ങിയില്ലെന്നു എഴുതിയ ഷാബു കിളിത്തട്ടിലിനോട് ഞാൻ തിരുവനന്തപുരത്ത് വച്ച് നേരിൽ കണ്ടനാൾ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ഒന്നേ പറഞ്ഞുള്ളൂ.... ,

"മനു, അഞ്ചു മണിക്കൂറില്‍ ഒരു ജീവിത യാത്ര അത്രയേയുള്ളു" എന്നാണ് .

ശരിയാണ് 'ഉമാപ്രേമന്' എന്ന ഉമാജിയുടെ ഏകദേശം മുപ്പതു വർഷത്തെ ജീവിതം പച്ചയായി അഞ്ചു മണിക്കൂറുകള്‍ കൊണ്ട് മനസ്സിലാക്കിത്തരുന്നതില്‍ 'നിലാച്ചോര്‍' എന്ന ജീവച്ചരിത്രത്തിലൂടെ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു .

ഒരു പെണ്‍കുട്ടിയായ് ജനിച്ചാൽ സമൂഹത്തിൽ നേരിടേണ്ട എല്ലാ വെല്ലുവിളികളും നേരിടേണ്ടി വന്ന ഉമാജി ലോകത്തെ മുഴുവൻ സ്ത്രീ ജനങ്ങൾക്കും ഇവിടെ മാതൃകയാകുകയാണ്. അമ്മയെന്ന രണ്ടക്ഷരത്തിന്റെ അർത്ഥമറിയാത്ത ഒരു സ്ത്രിയുടെ വയറ്റിൽ അറിയാതെ പിറന്നു പോയതാണ് ഉമാജി ഈ ജീവിതത്തിൽ ചെയ്ത ഒരേ ഒരു തെറ്റ്. അപ്പോഴും സമാധാനിക്കാൻ നല്ലൊരു അച്ഛൻ ഉണ്ടല്ലോ എന്നതൊരു ആശ്വാസം ആണ് .

പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഈ ഭുമിയിൽ രണ്ടേ രണ്ടു വർഗമേയുള്ളൂ പണമുള്ളവനും പണമില്ലാത്തവനും. അതുകൊണ്ട് തന്നെ ഉമാജിയുടെ ഇപ്പോഴത്തെ ജീവിതം പഴയ വിഷമങ്ങൾ മറക്കുവാനായ് പാവപ്പെട്ടവർക്കു വേണ്ടി മാത്രമാണെന്നുള്ളത് മനസ്സിലായി. അതിനു പ്രചോദനമോ ഉമാജിയുടെ അച്ഛൻ തന്നെ.

ഈ പുസ്തകത്തിന്റെ ഒരു പോരായ്മയെങ്കിലും പറയാൻ ശ്രമിച്ചാൽ ഉമാജിയുടെ അച്ഛനെക്കുറിച്ച് എഴുതിയത് കുറഞ്ഞു പോയെന്നതു മാത്രമാണ്. അദ്ദേഹത്തെ കുറിച്ച് എന്തൊക്കയോ കൂടുതൽ അറിയാൻ ബാക്കിയുള്ളതുപോലെ. അദ്ദേഹത്തിന്റെ സേവന മനോഭാവം, അത് തന്നെയാണ് ഉമാജിയിൽ ഇപ്പോഴുള്ളതും.

ഉമാ ദേവിയിൽ നിന്നും ഉമാ പ്രേമനിലേക്കുള്ള യാത്ര, ഏതു നിമിഷവും എന്തും സംഭവിക്കുന്ന തരത്തിലായിരുന്നു. ജീവിതത്തിൽ ഒരു നിമിഷം പോലും സുഖമെന്തെന്നുള്ളത് അറിഞ്ഞിട്ടില്ലാത്ത ഉമാ ദേവി, ഉമാ പ്രേമനിൽ എത്തുമ്പോഴും പേരിൽ ദേവി എന്നിടത്ത് പ്രേമനിൽ കവിഞ്ഞൊന്നു നേടിയെങ്കിൽ അതൊരു മകനെ മാത്രമാണ് .

ഒരു പെണ്‍കുട്ടി പെങ്ങളായ്, മകളായ്, ഭാര്യയായ്, ബാല്യവും കൗമാരവും പിന്നിട്ടപ്പോൾ, അവൾ അനുഭവിച്ച വേദനകളെല്ലാം തന്നെ നിർമലമായ ജലം ഭക്ഷിച്ചു വേരുകൾ മണ്ണിലാഴ്ന്ന് അതിരുകളില്ലാത്ത ആകാശം മുട്ടെ പടർന്നു പന്തലിച്ച ഒരാൽമരം പോലെ വളർന്നു വലുതായിരിക്കുന്നു. അതിന്റെ തണലിൽ ഒരുപാട് പേരിന്നു വിശ്രമിക്കുന്നുമുണ്ട് ആ ആലിന്റെ വേരുകൾ ഇനിയും ആഴത്തിൽ ഭുമിയിൽ ഒരുപാട് ദൂരം സഞ്ചരിക്കട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു.

നിലാച്ചോറെന്ന ഈ പുസ്തകത്തിലൂടെ ഉമാജിയെ അടുത്തറിയാത്തവർക്ക് , അവരുടെ നിസ്വാര്‍ത്ഥമായ ജീവിതം എളുപ്പം മനസ്സിലാക്കിക്കൊടുക്കുവാൻ എഴുത്തുകാരൻ ഷാബു കിളിത്തട്ടിലിനു കഴിഞ്ഞിരിക്കുന്നു . അതിനു എഴുത്തുകാരന് നൂറിൽ നൂറു മാർക്കും കൊടുത്തുകൊണ്ട് നിർത്തട്ടെ . ഈ പുസ്തകം ഇതു വരെ വാങ്ങി വായിക്കാത്ത വായനക്കാർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വാങ്ങി വായിക്കാനും പറഞ്ഞു കൊള്ളട്ടെ.

← ഉള്ളടക്കം
↑ top