≡ ഏപ്രില്‍ 2017
മിനിക്കഥ

പിന്നെയും ജനിക്കുന്നവർ

കാതടപ്പിക്കുന്ന ഒരു ശബ്ദം, കൂടെ ആളുകളുടെ അലര്‍ച്ച, പിന്നെ ആരോ തള്ളിയിട്ട പോലെ നീലവെളിച്ചത്തിന്‍റെ ഒരു പളുങ്ക് കുഴലിലൂടെ അതിവേഗം എങ്ങോട്ടോ ഒരു യാത്ര! ഒറ്റ നിമിഷത്തില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു താന്‍. ചുറ്റും പലതരം യന്ത്രങ്ങള്‍, തന്നിലേക്ക് ഘടിപ്പിച്ച് പലതരം കുഴലുകളും വയറുകളും. തലയ്ക്കു മുകളില്‍ ഒരു യന്ത്രം ബീപ് ശബ്ദം ഉണ്ടാക്കി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, ചുറ്റും നീല കര്‍ട്ടന്‍ ഒരു മറ തീര്‍ക്കുന്നു.

നെറ്റി വിയര്‍ക്കുന്നതായി തോന്നി, ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു…. ഒരു ചെറിയ ഞരക്കം മാത്രം പുറത്ത് വന്നു, ഉടനെ ഒരു നേഴ്സ് ഓടി വന്നു കൈ ഒന്ന് പിടിച്ചു നോക്കി, മുകളില്‍ തൂക്കിയ കുപ്പിയുടെ കുഴലില്‍ റഗുലേറ്റര്‍ തിരിച്ച് അളവ് അല്‍പ്പം കുറച്ച ശേഷം ധൃതിയില്‍ പുറത്തേക്ക് പോയി, ഉടനെ തന്നെ മറ്റൊരാളുടെ കൂടെ തിരികെ വന്നു.

മധ്യവയസ്കന്‍ നീല ഷര്‍ട്ടിനു മുകളില്‍ വെള്ളക്കോട്ട് ധരിച്ചിരുന്നു, കയ്യില്‍ ഒരു സ്റ്റെതസ്കോപും ഉണ്ട്.

“മിസ്റ്റര്‍ രമേശ്‌, എങ്ങനെയുണ്ട് ഇപ്പോള്‍?”

എന്തൊക്കെയോ പറയാന്‍ വിചാരിച്ചെങ്കിലും ചില ശബ്ദങ്ങള്‍ അല്ലാതെ ഒന്നും പുറത്ത് വന്നില്ല.

“ഡോണ്ട് സ്ട്രൈന്‍, ഞാന്‍ പിന്നെ വരാം” എന്ന് പറഞ്ഞ് അയാള്‍ മുറി വിട്ടു പോയി.

പിന്നീട് കുറെ ദിവസങ്ങള്‍ ബോധത്തിനും അബോധത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഒരു പരിചയവുമില്ലാത്ത പലരും വരുന്നു, അടുത്തിരിക്കുന്നു, എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിക്കുന്നു, പിന്നെ സഹതാപത്തോടെ തിരിച്ചു പോകുന്നു… കൂട്ടത്തില്‍ നിറകണ്ണോടെ അച്ഛാ എന്ന് വിളിച്ച ഒരു പിഞ്ചുബാലനും ഉണ്ടായിരുന്നു.

കൈകള്‍ വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു, ഒരു 20 വയസ്സ് കൂടിയ പോലെ ചുളിവുകളും. ഒന്നര വര്‍ഷമായി ഈ കിടപ്പ് തുടങ്ങിയിട്ട് എന്ന് പലരുടെയും സംസാരത്തില്‍ നിന്നും മനസ്സിലായി, പക്ഷെ ചുറ്റും ഉള്ളവരില്‍ ഒരാളെപ്പോലും താന്‍ തിരിച്ചറിയുന്നില്ല. വേറെ പലരും, പലതും, പല സ്ഥലങ്ങളും സംഭവങ്ങളും മനസ്സില്‍ ചില വികല ചിത്രങ്ങള്‍ വരയ്ക്കുന്നു. പക്ഷെ ഒന്നും വ്യക്തമല്ല, താന്‍ ഇവിടെ എങ്ങനെ എത്തി എന്നോ, തനിക്ക് എന്ത് പറ്റി എന്നോ!

തന്നെ അച്ഛാ എന്ന് വിളിക്കുന്ന ഒന്‍പതാം ക്ലാസ്കാരിയോടോ, തന്നോട് ചേര്‍ന്നിരുന്നു വിശേഷങ്ങള്‍ പറയുന്ന എട്ടു വയസ്സുകാരനോടോ, എല്ലാ കാര്യങ്ങള്‍ക്കും തന്റെ കൂടെ നില്‍ക്കുന്ന, എന്നും മാറില്‍ കെട്ടിപ്പിടിച്ചു കിടന്നു സ്നേഹവചനങ്ങള്‍ ചൊല്ലുന്ന മധ്യ വയസ്കയോടോ തനിക്ക് ഒരു മമതയും തോന്നിയിരുന്നില്ല എന്ന് മാത്രമല്ല, ഒരു തരം ഭ്രാന്തമായ അവസ്ഥയില്‍ എന്ന പോലെ എത്രയും വേഗം അവിടെ നിന്നും രക്ഷപ്പെടാനാണ് തോന്നിയിരുന്നത്.

പ്രവീൺ കാരോത്ത്

മനസ്സില്‍ ഇടയ്ക്കിടെ തെളിയുന്നത് ചില ആളുകളുടെ ചിത്രം മാത്രം.

അരുണ്‍, നിസാര്‍, ശ്രുതി അങ്ങിനെ കുറെ അധികം പേര്‍. പിന്നെ താന്‍ ജോലി ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഓഫീസ്, അവിടുത്തെ ആളുകള്‍ അങ്ങിനെ പലതും. പക്ഷെ അതെല്ലാം വര്‍ഷങ്ങളുടെ പുറകില്‍ ആയ പോലെ! ഇവര്‍ പറയുന്ന ഒന്നര വര്‍ഷമല്ല, തന്‍റെ ശരീരം പറയുന്ന 20 വര്‍ഷം പുറകില്‍!

കര്‍ട്ടന്‍ മാറ്റി അകത്തേക്ക് വരുന്ന അമ്മയെക്കണ്ട് അയാളുടെ കണ്ണ് നിറഞ്ഞു, ചുണ്ടുകള്‍ വിതുമ്പി അതെ അമ്മ തന്നെ, അമ്മക്ക് ഒരു മാറ്റവും ഇല്ല...അതേ പോലെ തന്നെ. അമ്മയുടെ കണ്ണില്‍ നിറഞ്ഞു പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു കാര്‍മേഘം അയാള്‍ കണ്ടു.അയാള്‍ കൈകള്‍ നീട്ടി മെല്ലെ വിളിച്ചു,

“അമ്മേ….!”

ഒറ്റ നിമിഷത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ പുറത്തേക്ക് ഓടി.

പാവം, അവരുടെ ഒറ്റ മകനാണ് മരിച്ചത്, അവന്‍റെ ആശപോലെ തന്നെ ഇന്ന്‍ അവന്‍ പലരിലൂടെ ജീവിക്കുന്നു! പറയുമ്പോള്‍ ഭാര്യയുടെ കണ്ണും നിറഞ്ഞിരുന്നു.

↑ top