≡ ഏപ്രില്‍ 2017
കഥ

യാത്രകൾ അവസാനിക്കുന്നയിടം

"നയന, നീ കണ്ണുകളടച്ചാൽ മുറിയിലെ വെളിച്ചംകെട്ട പോലെയാണ്.. നിന്‍റെ കണ്ണുകളിലാണ് മുഖത്തെ പ്രകാശം.."

തിരിച്ചുള്ള യാത്രക്ക് സീറ്റിൽ ചാരി കണ്ണടച്ചിരുന്ന എന്നോടവൾ പറഞ്ഞു. കണ്ണ് തുറക്കാതെ ഞാൻ ചിരിച്ചു, നനവ് പടർന്ന കണ്‍പീലികൾ, ഉപ്പ് പടർന്ന കവിൾച്ചാലുകൾ..!

"ഈ യാത്ര വേണമായിരുന്നോ നയന?” ഡ്രൈവിംഗ് സീറ്റിൽ അമർന്നിരുന്ന് അവളെന്നോട് ചോദിച്ചു.

"വേണമായിരുന്നില്ലേ..??"

"വേണ്ടായിരുന്നു എന്ന് തോന്നുന്നു. നിന്നെയിങ്ങനെ കാണാനൊരു ബുദ്ധിമുട്ട്.."

"പോകാം..?''

"തിരികെ പോകാം?"

"അല്ല.. പള്ളിക്കുന്നിലേക്ക്!”

"ഇനിയെന്താ അവിടെ..?"

"നിനക്കെന്‍റെ അമ്മയെ കാണണ്ടേ... ഇതിപ്പോ അമ്മൂമ്മയും അച്ഛനും ചേച്ചിയും മാത്രമല്ലെ ആയിട്ടുള്ളു.. നീ ആദ്യമായാവുമല്ലേ ഇങ്ങനെയുള്ള വീടൊക്കെ കാണുന്നേ? മണ്ണാണ് ചുമരുകളൊക്കെ. ഒറ്റ മുറിയും ചായ്പ്പും, പുറകിലെ ചായിപ്പായിരുന്നു അടുക്കള.. വളരെ കുറച്ചു നാളേ ഞാനിവിനിടെ താമസിച്ചിട്ടുള്ളു. ഒൻപത് വയസ്സ് വരെയൊക്കെ..അത്രയൊക്കെ ഓര്‍മ്മകളേയുള്ളൂ, അമ്മൂമ്മയുണ്ടായിരുന്നു അന്ന്... അമ്മയെ കാണണ്ടേ നിനക്ക്..?"

"ഉം.. പോകാം"

"വഴി അറിയില്ല.. ചാല കവലയിലെത്തിയിട്ടു വഴി ചോദിക്കാം?"

മങ്ങിപ്പോകാത്ത കുറച്ച് ഓർമ്മകൾ കൂടിയുണ്ട്. അവളോടിപ്പോൾ പറയാൻ തോന്നാത്തത്. പേടി മണക്കുന്നൊരു രാത്രി, അന്നത്തെ കയ്പ്പുള്ള, ആറിയ കഞ്ഞി.. ചോരയിൽ കുതിർന്നൊരു കത്താൾ, മുടി അഴിച്ചിട്ട അമ്മ, പച്ച നിറമുള്ള ആശുപത്രി വിരിപ്പ്, വെള്ളയിൽ പൊതിഞ്ഞ രണ്ടു ശരീരങ്ങൾ.... അമ്മൂമ്മ വിരുന്നു പോയതിൽ പിണങ്ങി ഞാൻ കഴിക്കാതെ ബാക്കി വെച്ച ആറിയ കഞ്ഞിയിൽ എന്‍റെ ബാക്കി ജീവിതം കൂടെയുണ്ടായിരുന്നു..!!

നീണ്ട ചിന്ത.. നീണ്ട മൗനവും..! അവള്‍ തന്നെ മുറിച്ചു.

"ഇപ്പോളാ വീട്ടിലാരാ നയന താമസിക്കുന്നേ..? ആളില്ലാത്തതായി തോന്നുന്നേയില്ല.."

"അതീയിടക്ക് ഞാൻ വന്നു കുടുംബശ്രീക്കാരോട് പറഞ്ഞേല്പിച്ചതാ. അവർ വൃത്തിയാക്കിയിടും.. അച്ഛനും ചേച്ചിക്കും വിളക്കും വയ്ക്കും. നീയവിടെ നിർത്തിയേ, വഴി ചോദിക്കാം.."

കവലയെന്നു തോന്നിപ്പിക്കുന്ന ഒരിടത്തു നിർത്തി.

കണ്ണൂർ ടൗണിൽ എത്തി, പുതിയതെരുവ് വഴി, പയ്യന്നുർ തളിപ്പറമ്പ് റൂട്ട് പോയാൽ മതിയെന്നു കേട്ടു.. നല്ല യാത്രയുണ്ടാവും..

"അമ്മയിതെവിടെയാ പെണ്ണേ... നല്ല ദൂരമുണ്ടല്ലോ കേട്ടിട്ട്..?"

"ഉണ്ട്.?"

"ഇതെവിടെയാ.??"

"വനിതാ ജയിലിൽ."

ഞാൻ കണ്ണുകൾ വഴിയരികിലേക്ക് അയച്ചിട്ടാണ് മറുപടി പറഞ്ഞത്. ഒരു ഞെട്ടലാണ് പ്രതീക്ഷിച്ചത്.. പക്ഷെ മൗനമാണ് അവൾ തന്നത്...

"'അമ്മ എന്‍റെ അച്ഛനെ വെട്ടിക്കൊന്നു. ചേച്ചിക്കും എനിക്കും വിഷം തന്നു... ഞാൻ കഴിച്ചില്ല... അന്നത്തെ കഞ്ഞി ആറിയിരുന്നു..കയ്‌പ്പുണ്ടായിരുന്നു.. പിന്നെ അമ്മൂമ്മ വിരുന്നു പോയ സങ്കടവും! കുറച്ചു കഴിച്ച എന്നെ ആശുപത്രിക്കാർക്ക് രക്ഷിക്കാൻ പറ്റി.. ചേച്ചി മരിച്ചു.. അമ്മക്ക് ജീവപര്യന്തം കിട്ടി.. അമ്മ ആരോടും ഒന്നും പറഞ്ഞില്ല.. മിണ്ടാതെ നിന്ന് കുറ്റം ഏറ്റു.. ശിക്ഷ സ്വീകരിച്ചു... ഇപ്പോഴും ആളുകൾക്ക് എന്‍റെ അമ്മ ഭ്രാന്തിയാണ്.. പക്ഷെ എനിക്കറിയാം.. അമ്മ എന്തിനങ്ങനെ ചെയ്തു എന്ന്"

മൗനം!

"നിനക്കെന്നോട് വെറുപ്പ് തോന്നുന്നില്ലേ..??"

"ഇല്ല സ്നേഹമാണ് ... കൂടുകയാണ്..."

"എന്നാൽ അമ്മയെന്തിന് അത് ചെയ്തു എന്നറിയുമ്പോൾ വെറുപ്പ് കൂടും.."

"പറയ്‌ .."

"ഞാൻ അച്ഛന് എന്‍റെ ചേച്ചിയിൽ ഉണ്ടായതാണ് - എന്‍റെ അച്ഛന് എന്‍റെ ചേച്ചിയിലുണ്ടായത്..!! എന്നാലും എന്‍റെ അമ്മ എന്നെ സ്നേഹിച്ചു... അമ്മയുടെ മകളായിത്തന്നെ വളർത്തി! ആരും ഒന്നുമറിയാതെ സൂക്ഷിച്ചു.. പക്ഷെ എന്‍റെ അച്ഛൻ എന്നെയും കാമത്തിന് നിരന്തരമായി ഉപയോഗിച്ചപ്പോൾ..ഒൻപതു വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടപ്പോൾ എന്‍റെ അമ്മയ്ക്ക് ഒന്നുകൂടെ ചിന്തിക്കാനോ ചോദിക്കാനോ നിൽക്കേണ്ടി വന്നില്ല. സ്വന്തം മകളിൽ ഉണ്ടായ സ്വന്തം മകളെയും അയാളുപയോഗിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ.. അമ്മ കൊന്നു... എന്‍റെ മുന്നിലിട്ടാണ് - വിഷം ചേർത്ത കഞ്ഞി കൊടുത്ത് വെട്ടി വെട്ടിക്കൊന്നു.."

മൗനം!

"നീ നിന്‍റെ ഏട്ടനോട് പറയണം.. നിങ്ങളുടെ വീട്ടിലേക്ക് വരാൻ യോഗ്യത ഇല്ലാത്ത കാരണമാണ് ഒഴിഞ്ഞു മാറിയതെന്ന്. അമ്മയുടെ മരുമകളാവാൻ, നിന്‍റെ ഏട്ടത്തിയമ്മയാവാൻ.. ഒന്നിനും എനിക്ക് അർഹതയില്ല. അർഹതയില്ലാത്തത് കയ്യിലിരിക്കുന്നതാണ് ഏറ്റവും സങ്കടം..! പറഞ്ഞു മനസിലാക്കിക്കുന്നതിനേക്കാൾ നിന്നെ കാണിച്ചു തരുന്നതാണ് നല്ലതെന്ന് തോന്നി... നീ പറയില്ലേ ലച്ചു?"

"ഉം.."

"നമ്മളെത്തുമ്പോഴേക്കും സന്ദർശന സമയം കഴിയും ലച്ചു... എന്ത് ചെയ്യും?"

"തിരിച്ചു പോകാം നയന?"

"ഇല്ല.. എന്‍റെ യാത്രകൾ അവസാനിക്കുന്ന ഇടമുണ്ടിവിടെ.. ഒൻപതു വയസ്സുമുതൽ ഞാൻ വളർന്ന മഹിളാമന്ദിരം..എന്നെ അവിടെയാക്കണം. അവിടെയാണ് ഞാൻ ഉള്ളത്. എന്നിലെ ഞാൻ ഉള്ളത്..! ഇനി ഞാൻ അവിടെയാണ് വേണ്ടത്. നീയെന്നെ അവിടെയാക്കണം. എന്നിട്ട് വീട്ടിൽ പോകണം, ഏട്ടനോടും അമ്മയോടും എല്ലാം പറയണം.. ഇനി എന്നെ അന്വേഷിച്ചു വരരുത്..!"

"ഞാൻ നയനയെ അവിടെയാക്കാം."

മഹിളാമന്ദിരത്തിന്‍റെ മുറ്റം എത്തുന്ന വരെയും മൗനമായിരുന്നു. മഞ്ഞ വെളിച്ചമുള്ള മുറ്റത്തേക്ക് ഇറങ്ങുമ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ചരലിട്ട മുറ്റത്തിന്‍റെ കോണിൽ കെട്ടിയ അരമതിലിൽ ചാരിയിരുന്നു മുഖം മുട്ടിലമർത്തി കരയാൻ തോന്നി, പഴയത് പോലെ...

"നയന...എല്ലാം പറഞ്ഞിട്ടും എന്‍റെ ഏട്ടൻ വന്നാൽ..??"

മൗനം…!

"മറുപടി വേണ്ട.. ഞാൻ വീണ്ടും വരും. എന്‍റെ ഏട്ടത്തിയമ്മയെക്കൊണ്ട് പോകാൻ. ഇപ്പൊ പൊയ്ക്കോ."

ആദ്യമായി...ആ മുറ്റത്ത്, സ്നേഹിക്കപ്പെടുന്നുയെന്ന അറിവിൽ ഞാൻ നിന്നു.

യാത്രകൾ അവസാനിക്കുന്നയിടം ഇവിടെയാണ്!

↑ top